Tuesday, March 24, 2015

ഗോവധനിരോധന നിയമത്തിന്റെ വരും‌വരായ്കകൾ


മഹാരാഷ്ട്രാ സർക്കാരിന്റെ ഗോവധ നിരോധനത്തിന്റെ ചുവടുപിടിച്ച് രാജ്യത്താകമാനം ഗോവധനിരോധന നിയമം കൊണ്ടൂവരാൻ കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചതായി വാർത്തകൾ പുറത്തുവരുന്നു.  ഇന്ത്യയൊട്ടാകെ ഗോവധനിരോധന നിയമം നടപ്പിലാക്കണമെന്നത് സംഘപരിവാർ സംഘടനകളുടെ ഏറെകാലത്തെ ആവശ്യമാണു. മോഡിസർക്കാർ അധികാരത്തിലിരിക്കുന്നതുകൊണ്ടു തന്നെ ഗോവധനിരോധനം കർശനമായി നടപ്പിലാക്കുവാൻ സാധിക്കുമെന്നു സംഘപരിവാര സംഘടനകൾ കണക്കുകൂട്ടുന്നു.

അതെ സമയം കേന്ദ്രസർക്കാരിനെ സമ്പന്ധിച്ചിടത്തോളം ഗോവധനിരോധനം പൊലുള്ള നടപടികൾ അനിവാര്യമാകുന്നത് ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുവാനുള്ള ആത്മാർത്ഥമായ ശ്രമമെന്നതിനേക്കാളുപരി മോഡിസർക്കാരിന്റെ എട്ടുമാസത്തെ ഭരണത്തെ കുറിച്ച് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നുയർന്നുവരുന്ന അസന്തുഷ്ടി നിറഞ്ഞ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണു എന്ന് വിലയിരുത്തേണ്ടിവരും. കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ട് സംഘപരിവാർ തൊഴിലാളി സംഘടനയായ ബി‌എം‌എസ് കഴിഞ്ഞ ദിവസങ്ങളിലാണു രംഗത്തുവന്നത്. മോഡി സർക്കാർ പാവപ്പെട്ട ജനങ്ങളെ മറന്നും അവഗണിച്ചുകൊണ്ട് വിദേശ-സ്വദേശ കുത്തകപ്രീണനനയമാണു നടപ്പിലാക്കുന്നതെന്ന് ബി‌എം‌എസ് തുറന്നടിച്ചത് മോഡിസർക്കാരിനു തെല്ലൊന്നുമല്ല ക്ഷീണം ഉണ്ടാക്കിയിരിക്കുന്നത്. മൻ‌മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ തുടർച്ചമാത്രമാണു മോഡിസർക്കാരെന്ന വിലയിരുത്തൽ രാജ്യത്ത് ശക്തിപ്പെട്ടുവരുന്നുണ്ട്. പ്രതിപക്ഷത്തിരുന്നുകൊണ്ട നാളിതുവരെ വിമർശിച്ചിരുന്ന നയങ്ങളും നടപടികളും തന്നെയാണു മോഡി സർക്കാരും പിന്തുടരുന്നത്. എന്നുമാത്രമല്ല മൻ‌മോഹൻ സിംഗ് സർക്കാർ തുറക്കാൻ മടിച്ചിരുന്ന പ്രതിരോധമേഖലയ്ടക്കമുള്ള വാതിലുകൾ വിദേശകുത്തകകൾക്ക് മുന്നിൽ മലർക്കെ തുറന്നിട്ടുകൊണ്ട് സംഘപരിവാരസംഘടനകളുടെ അടിസ്ഥാനനയങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണു മോഡിഭരണകൂടം.

ജനങ്ങൾക്കും സംഘപരിവാര അനുയായികൾക്കുമിടയിൽ രൂപപ്പെട്ട അസംതൃപ്തി മറനീക്കി പുറത്തുവന്നതാണു ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഡെൽഹി നിയമസഭതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ വലിയ തിരിച്ചടി. മോഡി ഭരണത്തിന്റെ നേട്ടങ്ങൾ എടുത്തുകാട്ടി ഡെൽഹിയിലെ ജനങ്ങളെ സമീപിക്കാം എന്ന വിലയിരുത്തലിന്റെയടിസ്ഥാനത്തിലാണു ഡെൽഹി തെരഞ്ഞെടുപ്പ് ഇത്രയും നീട്ടിക്കൊണ്ടുപോയത്. പക്ഷെ ഈ നടപടി വിപരീതഫലമാണു ഉണ്ടാക്കിയതെന്നു ഡെൽഹി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
ഈ പശ്ചാത്തലത്തിലാണു സംഘപരിവാര മേഖലയെ സർക്കാരിനനുകൂലമായി ഉറപ്പിച്ചുർനിർത്തുകയെന്ന ലക്ഷ്യത്തോടെ ‘ജനപ്രിയ’ ഹിന്ദുത്വ അജണ്ടകളുമായി രംഗത്തുവരുവാൻ മോഡി സർക്കാർ തയ്യാറാകേണ്ടിവരുന്നത്. ഗോവധനിരോധനം പോലുള്ള വിഷയങ്ങൾ പ്രധാനചർച്ചയാകുമ്പോൾ രാജ്യത്ത് വർഗ്ഗീയമായ ചേരിതിരിവ് രൂപപ്പെടുകയും സ്വാഭാവികമായും മോഡിസർക്കാരിന്റെ കുത്തകപ്രീണന ജനവിരുദ്ധനയങ്ങൾ വിസ്മൃതിയിലാകുമെന്നും മോഡിസർക്കാരിനു ഉത്തമബോധ്യം ഉണ്ട്. മാത്രമല്ല ഗർ‌വാപസി പോലുള്ള സംഘപരിവാർ പരിപാടികളുമായി ഹിന്ദുത്വ സംഘടനകളും പ്രകോപനകരമായ പ്രസ്ഥാവനകളുമായി സുബ്രഹ്മണ്യസ്വാമിയടക്കമുള്ള ബിജെപി ജനപ്രതിനിധികളും സജീവമായി രംഗത്തുണ്ട്. ഭരണവൈകല്യങ്ങൾ മറച്ചുപിടിക്കാനും ഹിന്ദുത്വവ്വൊട്ടുബാങ്ക് ഉറപ്പിച്ചുനിർത്താൻ ഇതൊക്കെ ധാരാളം.

ഗോവധനിരോധനം എന്തുകൊണ്ടാണു ഹിന്ദുത്വ സംഘടനകളുടെ പ്രധാന വിഷയമായി മാറുന്നത് എന്ന ചോദ്യം പ്രസക്തമാണു. സംഘപരിവാരം ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന പശുവിന്റെ മതപരമായ പ്രാധാന്യത്തിന്റെ പൊള്ളത്തരം ഹൈന്ദവ വേദപണ്ഡിതർ തന്നെ പൊളിച്ചെഴുതിയിട്ടും ഗോവധനിരോധനത്തിനു വേണ്ടി ഹിന്ദുത്വർ മുറവിളികൂട്ടുന്നതെന്തുകൊണ്ട്?. സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവ സമൂഹത്തിനു എന്തെങ്കിലും നിലക്കുള്ള ഗുണങ്ങൾ ഗോവധനിരോധനം കൊണ്ട് ലഭിക്കുമൊ? ഗോവധനിരോധനം കൊണ്ട് ഹൈന്ദവ സമൂഹത്തിനു ഒരു ഗുണവുമില്ല, എന്നുമാത്രമല്ല ദോശവുമുണ്ട് എന്നതാണു വസ്തുത. പിന്നെ എന്തുകൊണ്ടാണു ഗോവധനിരോധനത്തിനു വെണ്ടി ഹിന്ദുത്വ മുറവിളികൂട്ടുന്നതെന്ന ലളിതമായ ചോദ്യത്തിനുത്തരം സംഘപരിവാരം ശത്രുപക്ഷത്തു നിർത്തുന്ന മതവിഭാഗങ്ങളുടെ ജീവിതവുമായി ഗോവധനിരോധനം നേരിട്ടും അല്ലാതെയും ഏറെ ബാധിക്കുമെന്നതാണു.

വ്യക്തമായി പറഞ്ഞാൽ മുസ്ലിം ക്രൈസ്തവ സമൂഹങ്ങളുടെ പ്രധാനഭക്ഷണമെന്നതിലുപരി ലക്ഷക്കണക്കിനു പേരാണു ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. നിരോധനം നിയമമാക്കിയ മഹാരാഷ്ട്രയിൽ തന്നെ ലക്ഷക്കണക്കിനു പേർ മാട്ടിറച്ചി വില്പന നടത്തിയും മാട്ട്തോൽ സംസ്ക്കരിച്ചും ഉപജീവനം നടത്തുന്നുണ്ട്. പ്രധാനമായും ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ഈ മേഖല  ഇല്ലാതാക്കുക എന്നത് സംഘപരിവാര സംഘടനകളുടെ പ്രധാനലക്ഷ്യമാണു. ഈ ദൌത്യമാണു ഗോവധനിരോധനത്തിലൂടെ ഹിന്ദുത്വഭരണകൂടം സമർത്ഥമായി പൂർത്തീകരിക്കുവാൻ ശ്രമിക്കുന്നത്.

അതെസമയം മഹാരാഷ്ട്രയിൽ ഇപ്പോൾ നടപ്പിലാക്കിയ നിരോധനത്തിനു മറ്റൊരു മാനം ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ചതു പോലെ മാട്ടിറച്ച് വിപണനവുമയി ബന്ധപ്പെട്ടു ചെറുകിട മേഖലയിൽ ന്യൂനപക്ഷങ്ങളും ദലിതരുമാണു തൊഴിലെടുക്കുന്നത് എങ്കിൽ രാജ്യത്തെ ഏറ്റവും വലിയ മാട്ടിറച്ചി കയറ്റുമതിക്കാർ അൽ‌കബീർ പോലെ പ്രശസ്തരായ ബ്രാൻഡുകളിൽ അറിയപ്പെടുന്ന ഹൈന്ദവരാണു. വിദേശരാജ്യങ്ങളിൽ ഏറെ പ്രശസ്തമായ നാലു ബ്രാൻഡുകളും ഹൈന്ദവ ഉടമസ്ഥതയിലുള്ളതാണു എന്നാണു വാർത്തകളിൽ നിന്നു വ്യക്തമാകുന്നത്. ഗോവധ നിരോധനത്തിന്റെ പേരിൽ ഇത്തരം വൻ‌കിട കയറ്റുമതിക്കാരെ പിണക്കാൻ സംഘപരിവാർ സർക്കാർ തയ്യാറാകുമെന്നു തോന്നുന്നില്ല. ഇവിടെയാണു ഈ നിരോധനത്തിനു മറ്റുലക്ഷ്യങ്ങളിലേക്ക് വിരൽ ചൂണ്ടപ്പെടുന്നത്. മാട്ടിറച്ചി നിരോധനം കർശനമാക്കുകയും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു പേർ നിരോധനം ഭയന്നു മാട്ടിറച്ചി വില്പനയിൽ നിന്നു പൂർണ്ണമായും മാറിയെന്നു ഉറപ്പുവരുത്തുകയും ചെയ്താൽ കയറ്റുമതിയുടെ പേരു പരഞ്ഞുകൊണ്ട് ഗോവധനിരോധനത്തിൽ ഇളവു നൽകുകയും അതിന്റെ ഗുണം പൂർണ്ണമായും സംഘപരിവാര ബന്ധമുള്ള വൻ‌കിട സ്ഥാപനങ്ങൾക്ക് മാത്രം ലഭ്യമാക്കുക  നിലയിലേക്ക് ഗോവധനിരോധനം വഴിതിരിച്ചുവിട്ടാൽ അത്ഭുതപ്പെടേണ്ടതില്ല.

ചുരുക്കിപ്പറഞ്ഞാൽ ഒരേ സമയം ന്യൂനപക്ഷങ്ങളുടെ പ്രധാന ഭക്ഷണം നിഷേധിക്കൽ. മാട്ടിറച്ചി വില്പനയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ നിന്നു ന്യൂനപക്ഷ ദലിതരെ അകറ്റുക. പകരം സംഘപരിവാര തല്പര്യക്കാരായ കുത്തകകളെ കുടിയിരുത്തുക എന്നിങ്ങനെയുള്ള ബഹുമുഖലക്ഷ്യം ഗോവധനിരോധനത്തിനു പിന്നിൽ ഉണ്ടെന്നു ന്യായമായും സംശയിക്കാം.

ഇതിനേക്കാൾ പ്രധാനമാണു ഗോവധനിരോധനം മൂലം കർഷകര് നേരിടാൻ പോകുന്ന പ്രതിസന്ധിയും പരിസ്ഥിതി ജൈവ ഭീഷണികളും. ഇന്ത്യയിൽ മാട്ടിറച്ചിക്കായി ഉപയോഗിക്കുന്ന മാടുകൾ വ്യാവസായിക ലക്ഷ്യത്തോടെ പ്രത്യേകം വളർത്തി സംസ്ക്കരിക്കുന്നവയല്ല. ഇന്ത്യയിലെ കോടിക്കണക്കിനു കർഷകരുടെ കറവ വറ്റിയതും പ്രായാധിക്യം കൊണ്ട് ഉപയോഗക്ഷമത നഷ്ടപ്പെട്ട കാലികൾ ആണു മാട്ടിറച്ചി വിപണിയിലേക്ക് ദിനേന എത്തുന്നത്. ഈ വില്പന  കർഷകരുടെ പ്രധാന വരുമാനമാർഗ്ഗവുമാണു. ഗോവധം നിരോധിക്കുന്നതിലൂടെ ഈ വിപണനം ആണു ഇല്ലാതാകുക. അത് കർഷകരുടെ വരുമനത്തെ ഇല്ലാതാക്കുന്നു എന്നു മാത്രമല്ല ഉദ്പാദനക്ഷമതയില്ലാത്ത കറവവറ്റിയ കാലികൾ വാങ്ങുവാനാളില്ലാത വരുന്ന സാഹചര്യത്തിൽ അനിവാര്യമായും ഇവയെ സംരക്ഷിക്കേണ്ട അതികബാധ്യത കർഷകർക്കുണ്ടാകുന്നു. ഉത്തരേന്ത്യയിൽ നിന്നു നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കാർഷികമേഖലയുടെ തകർച്ചക്കും ആക്കം കൂട്ടുവാനും കർഷക‌ആത്മഹത്യയിലേക്കുമായിരിക്കും ഈ സാഹചര്യം കൊണ്ടുചെന്നെത്തിക്കുക.

ഇതിനെ മറികടക്കാൻ കർഷകർക്ക് ഒരേയൊരു പോംവഴിമാത്രമാണുള്ളത്. കാലികളെ തെരുവിൽ ഉപേക്ഷിക്കുക. ഇപ്പോൾ തന്നെ ഉത്തരേന്ത്യൻ റോഡൂകളിൽ കാലികൾ കൂട്ടം‌കൂട്ടമായി അലഞ്ഞുതിരിയുന്നത് നിത്യകാഴ്ചയാണു. ഗോവധനിരോധന നിയമം കർശനമാകുമ്പോൾ ഈ തെരുവിലേക്ക് തന്നെയാണു ഉദ്പാദനക്ഷമതയില്ലാത്ത കാലികൾ കൂടുതലായും ഉപേക്ഷിക്കപ്പെടുന്നത്. തെരുവുകൾ പൂർണ്ണമായും കാലികൾ കയ്യടക്കുന്ന സ്ഥിതിവീശേഷത്തിലേക്കാണു ഇത് ചെന്നെത്തുക.  ഇപ്പോൾ തന്നെ റോഡുകളിൽ കൂട്ടം‌കൂട്ടമായി നടക്കുന്ന കാലികൾ ഉണ്ടാക്കുന്ന ഗതാഗതസ്തംഭനം ചെറുതല്ല. മാത്രമല്ല അവരുടെ വിസ്സർജ്യങ്ങളും റോഡിൽ തന്നെയാണു അടിഞ്ഞുകൂടുന്നത്. ചുരുക്കത്തിൽ മനുഷ്യരുടെ ഗതാഗതത്തിനു വേണ്ടി നിർമ്മിച്ച പൊതുനിരത്തുകളിൽ നിന്നു മനുഷ്യൻ അകറ്റപ്പെടുകയും പകരം നാൽകാലികൾ മേയുകയും ചെയ്യുന്ന അവസ്ഥയാണു ഉണ്ടാകാൻ പോകുന്നത്.
ഇതിനേക്കാൾ അപകടകരമായതാണു ഗോവധനിരോധനത്തിലൂടെ രൂപപ്പെടുന്ന ജൈവപരമായ വെല്ലുവിളി. പത്തൊൻപതാം നൂട്ടാണ്ടിലും ഇരുപതാം നൊട്ടാണ്ടിന്റെ ആദ്യ ദശകത്തിലും കാട്ടുമുയലുകളുടെ ആധിക്യം കൊണ്ട് ആസ്ത്രേലിയ അഭിമുഖീകരിച്ച പാരിസ്ഥിതിക ദുരന്തം ആധുനികലോകത്തെ തന്നെ വലിയ ഉദാഹരണമായി മുന്നിൽ ഉണ്ട്. ആസ്ത്രേലിയയുടെ വലിയൊരു ഭാഗം പച്ചപ്പാണു യൂറൊപ്പിൽ നിന്നു കൊണ്ടുവന്നു പെട്ടുന്നു പെറ്റുപെരുകിയ കാട്ടുമുയലുകൾ തിന്നുനശിപ്പിച്ചത്. കാട്ടുമുയലുകളുടെ ഈ കടന്നാക്രമണത്തിൽ ആസ്ത്രേലിയയുടെ ജൈവവൈവിദ്ധ്യം തന്നെ തകിടം മറിയുകയുണ്ടായി. പുതിയ പ്രദേശങ്ങൾ മുയലുകളുടെ കൂട്ടത്തോടെയുള്ള കടന്നാക്രമണത്തിൽ നിന്നു സംരക്ഷിക്കാൻ ആസ്ത്രേലിയൻ ഭൂഖണ്ഡത്തെ കീറീമുറിച്ചുകൊണ്ട് ആയിരക്കണക്കിനു കിലോമീറ്റർ നീളത്തിലാണു മുയൽ കടക്കാത്ത മതിൽ നിർമ്മിച്ചതു. അവസാനം തെക്കെ അമേരിക്കയിൽ നിന്നു കൊണ്ടുവന്ന പ്രത്യേക വൈറസ് ഉപയോഗിച്ച് മുയലുകളെ കൂട്ടക്കൊല ചെയ്തുകൊണ്ടാണു മുയൽ ഭീഷണിയിൽ നിന്നു ആസ്ത്രെലിയ കരകയരിയത്.

ഇത്തരം സ്ഥിതിവിശേഷത്തിലേക്ക് തന്നെയാണു രാജ്യത്തെ ഗോവധനിരോധനം കൊണ്ടുചെന്നെത്തിക്കുക എന്ന ആ‍ശങ്ക പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി മാടുകളെ ഉപയോഗിക്കാത്ത പക്ഷം കാലികളുടെ നിലനില്പിനു പ്രക്രിതി വലിയ വിലകൊടുക്കേണ്ടിവരും.  ഭൂമിയുടെ പച്ചപ്പ് മാറി ഊഷരമേഖലയായി രാജ്യത്തിന്റെ വലിയൊരുവാഭവും മാറുവാൻ അധികംകാലം കാത്തിരിക്കേണ്ടിവരില്ല എന്നു ചുരുക്കം.


ചുരുക്കത്തിൽ തീർത്തും വർഗ്ഗീയലക്ഷ്യത്തോടെ രാജ്യത്ത് സംഘപരിവാര സർക്കാർ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗോവധനിരോധന നിയമം ന്യൂനപക്ഷങ്ങളുടെ ഭക്ഷണത്തെയും തൊഴിൽ മേഖലയെ മാത്രമല്ല തകിടം മറിക്കുക, ആത്യന്തികമായി കർഷകർക്കും ഭൂമിക്കുമാണു നാശം വരുത്തുവാൻ പോകുന്നത്. ഇതിനിടയിൽ ബിജെപി നേതൃത്വം നൽകുന്ന ഗോവ സർക്കാർ ഗോവധനിരോധനത്തെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തിയതും ശ്രദ്ധിക്കപ്പെടാതെ പോകരുത്.

Monday, February 9, 2015

പിന്നെയവർ കൃസ്ത്യാനികളെ തേടിയെത്തി.


“ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഹൈന്ദവ സംസ്‌കാരവും ഭാഷയും ഉള്‍ക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാൻ പഠിക്കുകയും ഹിന്ദു സംസ്‌ക്കാരത്തെയും വംശത്തെയും ആദരവോടെ സാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിന്റെതല്ലാത്ത മറ്റൊരു നിലനില്‍പ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുന്‍ഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴില്‍ കഴിയാം, ഒരു പൗരന്റെ അവകാശം പോലും ലഭിക്കാതെ  1939 ൽ പുറത്തിറങ്ങിയ 'നമ്മൾ, അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു' എന്ന പുസ്തകത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘിന്റെ (ആര്‍.എസ്.എസ്) താത്വികാചാര്യനായ എം.എസ് ഗോൾവാൾക്കർ ‘വിദേശ സംസ്ക്കാരം’ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ രാജ്യത്ത് വര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് വിവരിക്കുന്നതിങ്ങനെയാണു.

സ്വാതന്ത്ര്യത്തിനു മുൻപും സ്വാതന്ത്ര്യത്തിനു ശേഷവും ആർ‌എസ്‌എസിന്റെ ഒരേയൊരു അജണ്ട ബ്രാഹ്മണിസത്തിലധിഷ്ടിതമായ ഹിന്ദുത്വ അജണ്ട രാജ്യത്ത് അടിച്ചേൽ‌പ്പിക്കുക എന്നത് മാത്രമായിരുന്നു. ബ്രിട്ടീഷ് രാജിനെതിരെയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജാതിമതവർണ്ണവർഗ്ഗഭാഷാഭേതമെന്യേ രാജ്യത്തെ ജനങ്ങൾ ഒറ്റകെട്ടായി ജീവനും ജീവിതവും സമർപ്പിചു സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായപ്പോൾ ഇതിലൊന്നും പങ്കെടുക്കാതെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ ദുരൂഹമായ സായുധ സംഘാടനം നടത്തുകയായിരുന്നു ആർ‌എസ്‌എസ്. മുസ്ലിംകൾ കംയൂണിസ്റ്റുകൾ കൃസ്ത്യാനികൾ ഇവരൊക്കെ ‘വിദേശവംശങ്ങളും’ മദ്ധ്യേശ്യയിൽ നിന്നു ഇറക്കുമതി ചെയ്യപ്പെട്ട ആര്യനിസം  അഥവ ബ്രാഹ്മണിസം‘സ്വദേശിയുമായി’ പുനർനിർവചിക്കപ്പെടുന്ന ഹിന്ദുത്വ ദെശീയതക്ക് കീഴിലെ സായുധ സംഘാടനം.

സ്വാതന്ത്ര്യ ലബ്ദിയോടനുബന്ധിച്ച് ഇന്ത്യാ പാക്കിസ്ഥാൻ വിഭജനവുമായി ബന്ധപ്പെട്ട രാജ്യത്തുണ്ടായ വർഗ്ഗീയ കലാപം മുതൽ ഇന്നും അഭംഗുരം തുടരുന്ന വംശഹത്യകളിലൂടെയും കലാപങ്ങളിലൂടെയും ഭരണകൂട ഭീകരതയിലൂടെയും ഹിന്ദുത്വ ദേശീയതയെന്ന ലക്ഷ്യത്തിലേക്കുള്ള വഴിയിലൂടെ മുന്നോട്ടു പോകുകയാണു ആർ‌എസ്‌എസ്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം  1992 വരെയുള്ള കാലയളവിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം പതിനാലായിരത്തോളം വർഗ്ഗീയകലാപങ്ങൾ ആണു രാജ്യത്ത് അരങ്ങേറിയിട്ടുള്ളത്. ബാബരീ മസ്ജിദ് ധ്വംസനത്തിനു ശേഷം ഗുജറാത്തിലും ബൊംബെയിലും ഒറീസയിലും അരങ്ങറിയ ഏകപക്ഷീയമായ വംശഹത്യകൾ ഇതിനു പുറമെയാണു. ഈ കലാപങ്ങളിലെല്ലാം തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ആർ‌എസ്‌എസിന്റെ പങ്കു കലാപങ്ങളെ കുറിച്ച് അന്വേഷിച്ച വിവിധ ജുഡീഷൽ കമ്മീഷനുകൾ തന്നെ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്.
രാജ്യത്തെ ന്യൂനപക്ഷസമൂഹങ്ങളെ പ്രത്യേകം ലക്ഷ്യവെച്ചായിരുന്നു ഈ വംശഹത്യകളെല്ലാം അരങ്ങേറിയത്. വിഭജനത്തോടുകൂടി രാജ്യത്തിന്റെ മുഖ്യധാരയിൽ നിന്നു അകറ്റപ്പെട്ട ന്യൂനപക്ഷങ്ങൾ സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും ഉയിർത്തെഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ ബൊധപൂർവമായ കലാപങ്ങളിലൂടെ അവരുടെ സമ്പത്തും സാംസ്കാരിക ചിഹ്നങ്ങളും നശിപ്പിക്കപ്പെട്ടു.. സ്ത്രീകൾ വ്യാപകമായ മാനഭംഗത്തിന്നിരയക്കപ്പെട്ടു. ആയിരക്കണക്കിനു പേർക്ക് ജീവഹാനി സംഭവിച്ചു. ഗുജറാത്തിലും മുംബൈയിലും- മുസാഫർ നഗറിലുമൊക്കെ അടുത്ത കാലങ്ങളിൽ വരെ ഈ ലക്ഷ്യത്തോടെ കലാപങ്ങൾ അരങ്ങേറി.

രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളും ഇടതുപക്ഷ മതേതര ചേരിയും ഹിന്ദുത്വം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് ബോധവാന്മാരാണെങ്കിൽ ‘വിദേശവംശം‘ എന്നും ‘വൈദെശിക സംസ്ക്കാരം‘ എന്നും ഹിന്ദുത്വർ എണ്ണിപ്പറഞ്ഞ കൃസ്ത്യൻ ന്യൂനപക്ഷ സമൂഹത്തിന്റെ നിലപാടുകൾ ഇതിൽ നിന്നു തീർത്തും വ്യത്യസ്ഥണു എന്നു പറയേണ്ടിയിരിക്കുന്നു. രാജ്യത്തെ സാംസ്കാരിക വൈചാത്യങ്ങൾക്കെതിരെ ന്യൂനപക്ഷങ്ങളുടെ അസ്ഥിത്വത്തിനെതിരെ ഹിന്ദുത്വ ഭീകരത ഉയർത്തുന്ന ഭീഷണിയെ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, ഹിന്ദുത്വ ഫാസിസത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിനും ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ കടന്നുകയറുവാൻ പാകത്തിൽ ചുവപ്പ്പരവതാനി വിരിച്ചു സ്വീകരിക്കുയാണു ക്രൈസ്തവ നേതൃത്വ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിശ്വസ്യതക്ക് മങ്ങലേൽ‌പ്പിച്ച 1992 ഡിസംബർ 6 ലെ ബാബരീ മസ്ജിദ് ധ്വംസനം കൃസ്ത്യാൻ നേതൃത്വത്തെ സമ്പന്ധ്ച്ചിടത്തോളം കേവലം മുസ്ലിംകളും ഹിന്ദുക്കളും അല്ലെങ്കിൽ മുസ്ലിംകളും സംഘപരിവാരവും തമ്മിലുള്ള തർക്കം മാത്രമായിരുന്നു. നരേന്ദ്രമോഡീ ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലിരിക്കെ രാജ്യം കണ്ട് ഏറ്റവും വലിയ ന്യൂനപക്ഷഹത്യയും കൃസ്ത്യൻ നേതൃത്വത്തിനു ഗൌരവവിഷയമായില്ല. രാജ്യം മുഴുവനും ഹിന്ദുത്വ ഭീകരതക്കെതിരെ നിലപാടെടുത്തപ്പോഴും കൃസ്ത്യൻ സമൂഹം ബോധപൂർവമായ മൌനം പാലിച്ചു. ഇതിനിടയിൽ ഒറീസയിൽ ഹിന്ദുത്വർ ക്രിസ്ത്യൻ സമൂഹം അക്രമിക്കപ്പെടുകയും കന്യാസ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും ഇത് തങ്ങളെ കൂടി ബാധിക്കുന്ന ഭീഷണിയാണെന്ന പരമാർത്ഥം ഗ്രഹിക്കുവാനും അനുയോച്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുവാനും കൃസ്ത്യൻ നേതൃത്വം തയ്യാറായില്ല. ഹിന്ദുത്വം ഉയർത്തുന്ന ഭീഷണിക്കെതിരെ മുഖം‌തിരിച്ചുപിടിച്ചുകൊണ്ട് ഫാസിസ്റ്റുകളുമായി രാജിയാകാനുള്ള ശ്രമത്തിലായിരുന്നു കൃസ്ത്യൻ മത-രാഷ്ട്രീയ നേതൃത്വം.

ആർ‌എസ്‌എസ് വേദികളിൽ മുഖ്യപ്രഭാഷകരുടെ വേഷത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെ സാംസ്കാരത്തെ വണങ്ങിയും ബഹുമാനിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകത രാജ്യത്തെ ന്യൂനപക്ഷങ്ങളെ കൃസ്ത്യൻ പുരോഹിതരും രാഷ്ട്രീയക്കാരും ഓർമ്മിപ്പിക്കുന്നു.. ഗുജറാത്ത് വംശഹത്യയുടെ കറയുമായി രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തപ്പെട്ട നരേന്ദ്രമോഡിയിൽ ഇന്ത്യയുടെ പുതിയ രക്ഷകനെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണു കൃസ്ത്യൻസഭകൾ

രാജ്യത്തെ മുസ്ലിം ന്യൂനപക്ഷവും ഇടതുമതേതരചേരിയും ഹിന്ദുത്വം ഉയർത്തുന്ന ഭീഷണിക്കെതിരെ നിലപാടെടുക്കുമ്പൊഴും ഹിന്ദുത്വർ ലക്ഷ്യം വെച്ച  കൃസ്ത്യൻ  സമൂഹവും അവരുടെ മതരാഷ്ട്രീയനേതൃത്വവും എന്തുകൊണ്ട് ഫാസിസത്തിനെതീരെയുള്ള ബോധവൽക്കരണത്തിനും അനിവാര്യമായ രാഷ്ട്രീയ നിലപാടുകൾക്കും തയ്യാറാകാതെ ഹിന്ദുത്വവുമായി രാജിയാകാൻ ശ്രമം നടത്തുന്നു എന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ കൃസ്ത്യൻ മത-രാഷ്ട്രീയ നേതൃത്വത്തിന്റെ സാമ്പത്തിക സ്ഥാപന രാഷ്ട്രീയ താല്പര്യങ്ങളാണു ഇത്തരം നിലപാടുകളുടെ പിന്നിലെ പ്രധാനകാരണമെന്നു മനസ്സിലാക്കേണ്ടിവരുന്നു. ന്യൂനപക്ഷ സംരക്ഷണമെന്നത് കൃസ്ത്യൻ മതനേതൃത്വത്തിനു സഭകൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സംരക്ഷണം മാത്രമാണു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ‘ഉപയോഗപ്പെടുത്തി’ സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളുടെ നിലനില്പും സുരക്ഷിത്വവും. ഈ സ്ഥാപനങ്ങളുടെ ‘സുഖമവും, ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്തതുമായ നടത്തിപ്പിനെ‘ ബാധിക്കുന്ന നിലക്കു സർക്കാർ ഇടപെടലുകൾ ഉണ്ടാകുമ്പോൾ മാത്രമാണു ന്യൂനപക്ഷ സംരക്ഷണം എന്ന വാക്കുപോലും കൃസ്ത്യൻ സഭകൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഉപയോഗിക്കുന്നത്. സർക്കർ സഹായത്തോടെ നിലനിൽക്കുന്ന ഈ സ്ഥാപനങ്ങളുടെ നടത്തിപ്പുമയി ബന്ധപ്പെട്ടു ഒരുനിലക്കും സർക്കാർ നിയന്ത്രണങ്ങളൊ നിരീക്ഷണങ്ങളോ പാടില്ലെന്നും അങ്നിനെ ഉണ്ടാകുന്ന നിരീക്ഷണവും നിയന്ത്രണവുമൊക്കെ ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂനപക്ഷ സംരക്ഷണത്തിനെതിരെയെന്ന വാദം ഉയർത്തി ക്രിസ്ത്യൻ സഭകൾ പ്രതിരോധിക്കും. ഇതിനപ്പുരം കൃസ്ത്യൻ സമൂഹമുൾപ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സാംസ്ക്കാരികമായ അസ്ഥിത്വത്തെ ബാധിക്കുന്ന ജൈവപരമായ സുരക്ഷിതത്തെ ബാധിക്കുന്ന പ്രതിസന്ധികൾ രൂപപ്പെടുമ്പൊഴൊന്നും ന്യൂനപക്ഷസംരക്ഷണ മുദ്രാവാക്യം ഉയർത്തി മുന്നോട്ടുവരുവാൻ ക്രൈസ്തവ സഭകൾ നാളിതുവരെ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണു.

മറ്റൊന്നു രാഷ്ട്രീയ താല്പര്യമാണു. കേരളത്തിൽ ഇടതു-വലതുമുന്നണി മന്ത്രിസഭകളിൽ കൃസ്ത്യൻ സഭകളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിൽ കാലാകാലങ്ങളായി ക്രൈസ്തവസഭകൾ വിജയിച്ചുകൊണ്ടിരിക്കുന്നു. ഇരുപത്തിരണ്ട് കൊല്ലം കൂടെ നടന്നിട്ടും മതപശ്ചാത്തലത്തിന്റെ പേരിൽ ഐ‌എൻ‌എലിനു ഇടതുമുന്നണിയിൽ  ഇനിയും പ്രവെശനം ലഭിക്കാതിരിക്കെ ബിജെപി സഖ്യകക്ഷിയായിരുന്ന, തിരഞ്ഞെടുപ്പ് വേളയിൽ മാർപ്പാപ്പയുടെ ചിത്രം ഉപയൊഗിച്ച വോട്ടുചോദിച്ചു സ്വന്തം മതപ്രതിബദ്ധത തെളിയിച്ച കേരള കോൺഗ്രസ് നേതാവ് പിസി തോമാസിനെ ഉൾകൊള്ളാൻ മതനിരപേക്ഷ ഇടതുമുന്നണിക്ക് വൈമനസ്യം ഉണ്ടായില്ല എന്നത് കേരളത്തിലെ കൃസ്ത്യൻ രാഷ്ട്രീയത്തിന്റെ സ്വാധീനമാണു വ്യക്തമാക്കുന്നത്. കോൺഗ്രസും ഇടതുപക്ഷവും ദേശീയതലത്തിൽ ദുർബലമാകുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ പുതിയ അധികാരശക്തിയെ കൂട്ടുപിടിച്ചു സഭാതാല്പര്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യം ഹിന്ദുത്വ രാഷ്ട്രീയവുമായി കൂട്ടുകൂടാനുള്ള കൃസ്ത്യൻ രാഷ്ട്രീയത്തിന്റെ നീക്കങ്ങൾക്ക് പിന്നിൽ ഉണ്ട്. ബിജെപിക്കു ഇനിയും കടന്നുകയറാൻ സാധിക്കാത്ത കേരളത്തിൽ അനുകൂല രാഷ്ട്രീയം രൂപപ്പെടുത്തുവാനുള്ള രാഷ്ട്രീയ സഖ്യത്തിനു സംഘപരിവാര ശക്തികൾ താല്പര്യത്തോടെ ഉറ്റുനോക്കുന്നത് കേരളത്തിലെ ക്രൈസ്തവ മേധാവിതമുള്ള പാർട്ടികളെയാണ. ഈ പാർട്ടികളാകട്ടെ ഒരവസരം കിട്ടിയാൽ മതേതര ചേരിയെ ഉപേക്ഷിച്ചു ഹിന്ദുത്വ ചേരിയുടെ ഭാഗമാകുമെന്ന സൂചനകൾ പരസ്യമായിതന്നെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനപ്പുറം ഹിന്ദുത്വ ഫാസിസത്തോട് രാജിയാകുവാനും നരെന്ദ്രമോഡിയടക്കമുള്ള നേതാക്കളിൽ രക്ഷകനെ കണ്ടെത്തുവാനുമുള്ള കൃസ്ത്യൻ സമൂഹത്തിന്റെ നിലപാടുകൾക്ക് പുറകിൽ മതപരവും സാർവദേശീയവുമായ മാനങ്ങളും ഉണ്ട്. മദ്ധ്യകാലഘട്ടത്തിലെ കുരിശുയുദ്ധ സ്മരണങ്ങൾ ഇന്നും മനസ്സിൽ വെച്ചു നടക്കുന്ന ചെറുതല്ലാത്തെ വിഭാഗം കൃസ്ത്യൻ സമൂഹത്തിൽ ഉണ്ട്. നരേന്ദ്രമോഡിക്കും ആർ‌എസ്‌എസിനു മാത്രമേ മുസ്ലിംകളെ പഠം പടിപിക്കാൻ സാധിക്കൂ എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ ‘ശത്രുവിന്റെ ശത്രു മിത്രമാകുന്ന’ തന്ത്രം. ഗുജറാത്ത വംശഹത്യയടക്കമുള്ള ഹിന്ദുത്വരുടെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളോടും നരേന്ദ്ര മോഡിയുടെ കടന്നുവരവിനെയും സോഷ്യൽ മീഡിയയുൾപ്പെടെ ഒരുവിഭാഗം ക്രിസ്ത്യൻ പ്രതികരണങ്ങളിൽ നിന്നു ഈ നിലപാട് പ്രകടവുമണു. മുസ്ലിംകൾക്ക് അർഹിച്ചതാണു ഗുജറാത്ത കലാപത്തിലൂടെ ലഭിച്ചതെന്ന് പരസ്യമായി പങ്കുവെക്കാൻ പലർക്കും മടിയുണ്ടായില്ല. മാത്രമല്ല ഫലസ്ഥീനു ജനതക്ക് മേലെയുള്ള ഇസ്രായേൽ കടന്നുകയറ്റം, മുസ്ലിം രാജ്യങ്ങളിലെ അമേരിക്കൻ അധിനിവേശം ഇവയിലൊക്കെ തന്നെ കൃസ്ത്യൻ നിലപാടുകളും ഹിന്ദുത്വ നിലപാടുകളും സമരസപ്പെട്ടുപോകുന്നത് കാണാൻ സാധികും. ചുരുക്കത്തിൽ ഹിന്ദുത്വ ചേരിയുമായി കൂട്ടുകൂടാനുള്ള ക്രൈസ്തവ സഭകളുടെ നീക്കങ്ങൾക്ക് പുറകിൽ സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ ഉണ്ടെന്നു വ്യക്തം.

അതെസമയം കൃസ്ത്യൻ നേതൃത്വം എകപക്ഷീയമായി നീട്ടുന്ന സൌഹൃദഹസ്തത്തിനു നേരെയുള്ള ഹിന്ദുത്വ പ്രതികരണം എങ്ങിനെയാണു? ക്രൈസ്തവ സഭകൾ നീട്ടിയെറിഞ്ഞ സഹായഹസ്തത്തിനു മറുപടിയായി ഹിന്ദുത്വർ അവരുടെ പ്രഖ്യാപിത കൃസ്ത്യൻവിരുദ്ധ അജണ്ടകൾ തിരുത്തുവാനോ കൃസ്ത്യൻസമൂഹത്തെ ഉൾക്കൊള്ളാനും തയ്യറായിട്ടുണ്ടൊ എന്ന ചോദ്യം പ്രസക്തമാണു. വാസ്തവത്തിൽ ഹിന്ദുത്വശക്തികളെ സമ്പന്ധിച്ചിടത്തോളം കേരളമടക്കമുള്ള ചില മേഖലകളിൽ കടന്നുകയറുവാനുള്ള ഒരു പിടിവള്ളി മാത്രമാണു സംഘടിത കൃസ്ത്യൻ വൊട്ടുബാങ്കുമായുള്ള സൌഹൃദം. അതിനപ്പുറം ഒരു പ്രസക്തിയും സംഘപരിവാര സൌഹൃദ നീക്കങ്ങൾക്ക് പിന്നിൽ ഇല്ല. കൃസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള ഹിന്ദുത്വ സമീപനം എന്താണെന്നു ഇനിയും മനസ്സിലാകാത്ത മട്ടിൽ കണ്ണടച്ചിരിക്കുന്നവർക്ക് പോലും  വ്യക്തമക്കും വിധമാണു ഡെൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കൃസ്ത്യൻ വിരുദ്ധകലാപം അരങ്ങേറീയത്. വ്യാപകമായ നാശനഷ്ടങ്ങൾ രിപ്പോർട്ട് ചെയ്യപ്പെട്ട കലപത്തിൽ കൃസ്ത്യൻ സമൂഹത്തിന്റെ ആരാധനാലയങ്ങളും വ്യാപകമായി അഗ്നിക്കിരയാക്കപ്പെടുകയുണ്ടായി. മാത്രമല്ല  നരേന്ദ്രമൊഡി അധികരത്തിലെത്തിയതിനു ശേഷമുള്ള അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ഹിന്ദുത്വ ശക്തികൾ രാജ്യമൊട്ടാകെ നടത്തിക്കൊണ്ടിരിക്കുന്ന ‘ഗർ‌വാപസി’ പരിപാടി ലക്ഷ്യമിടുന്നതു പ്രധാനമായും കൃസ്ത്യൻ മതപരിവർത്തന ശ്രമങ്ങളെയാണു. ഇതിനകം തന്നെ ദശക്കണക്കിനു പരിവർത്തിത കൃസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് തിരികെയെത്തിക്കുവാൻ ഹിന്ദുത്വശക്തികൾക്ക് കഴിഞ്ഞു. കൃസ്ത്യൻ സഭകൾക്ക് നിർണ്ണായക സ്വാധീനമുള്ള കേരളത്തിൽ പോലും ഗർ‌വാപസിക്ക് കീഴിൽ ദലിത് കൃസ്ത്യാനികളെ ഹിന്ദുമതത്തിന്റെ ഭാഗമാക്കിക്കൊണ്ടിരിക്കുകയാണു വി‌എച്പി അടക്കമുള്ള സംഘടനകൾ.

അതായത് ഹിന്ദുത്വ അജണ്ടകൾക്കും ലക്ഷ്യങ്ങൾക്കും വ്യതിയാനമൊന്നും സംഭവിവിച്ചിട്ടില് എന്നു വ്യക്തം., നാളിതുവരെ ഇടതു-വലതുമുന്നണികളെ നിയന്ത്രിച്ചുനിർത്തി സഭയുടെ രാഷ്ട്രീയ-സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിച്ചിരുന്നത് പോലെ സംഘപരിവാരത്തെയും ഉപയോഗിക്കാം എന്ന കൃസ്ത്യൻ മത-രാഷ്ട്രീയ നേതൃത്വത്തിന്റെ കണക്ക്കൂട്ടലുകളാണു പിഴച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വ ശക്തികൾ ലക്ഷ്യം വെക്കുന്ന ചാതുർവർണ്യത്തിലധിഷ്ടിതമായ ഏകമുഖ സംസ്ക്കാരത്തിൽ കൃസ്ത്യാനികളടക്കമുള്ള സമൂഹങ്ങളുടെ വ്യക്തിത്വത്തിനും സംസ്ക്കാരങ്ങൾക്കും പ്രസക്തിയില്ല എന്ന് തിരിച്ചറിയുകയും ഇന്ത്യയിലെ സാംസ്കാരിക വൈവിധ്യങ്ങൾ നിലനിർത്തുന്നതിനാവശ്യമായ പൊരാട്ടങ്ങളിൽ രാജ്യത്തെ ഇതര ന്യൂനപക്ഷ മതേതര സമൂഹങ്ങൾക്കൊപ്പം അണിചേരുവാനും കൃസ്ത്യൻ സമൂഹം ഇനിയും തയ്യാറായിട്ടില്ലെങ്കിൽ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങളോടും കൃസ്ത്യൻ സമൂഹത്തോടും കൃസ്ത്യൻ മത-രാഷ്ട്രീയ നേതൃത്വം ചെയ്യുന്ന വലിയ അപരാധമായിരിക്കും അത്.

പി.കെ നൌഫൽ