Thursday, September 18, 2014

സംഘപരിവാര-ബാലഗോഗുലം ശോഭയാത്ര: സിപിഎമ്മിന്റെ ഗതികേടും, ലീഗ് പ്രവർത്തകരുടെ മതേതരനാട്യവും

കേരളത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം വിശിഷ്യാ ഈഴവസമൂഹം ദശാബ്ദങ്ങളായി  സിപിഎമ്മിന്റെ ജനകീയ അടിത്തറയാണു.. സിപിഎമ്മിന്റെ സമുന്നതനേതാക്കളിൽ ഒരു വിഭാഗത്തെ മുതൽ താഴേക്കിടയിലുള്ള പ്രവർതകരെയും ബഹുഭൂരിഭാഗം വരുന്ന പാർട്ടി രക്തസാക്ഷികളെയും പ്രതിനിധാനം ചെയ്യുന്നത് ഈഴവ സമൂഹമാണു. ഈ സമൂഹത്തെ സിപിഎമ്മിന്റെ കൊടിക്കീഴിൽ അണിനിരത്തിയതാകട്ടെ മതനിരപേക്ഷത എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലുമാണ്. അതായത് മതത്തെ നിരാകരിക്കുന്ന നിലക്കുള്ള ആശയത്തിന്റെ വക്താക്കൾ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വേരൂന്നിയ സാമൂഹിക പശ്ചാത്തലം സവർണ്ണ മേൽക്കായ്മയുടെയും പീഡനങ്ങളുടെയും ഇരകളെന്ന നിലക്ക് തങ്ങൾ ഇരകളാകുന്ന/ പീഡിതരാകുന്ന സവർണ്ണമേൽക്കായ്മയുള്ള മതവൃത്തത്തെ തള്ളിപ്പഞ്ഞുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവെക്കുന്ന വർഗ്ഗസിദ്ധാന്തത്തിന്റെ വക്താക്കളാകുന്നതിൽ ഈഴവ സമൂഹത്തിനു മടിയുമുണ്ടായില്ല. സിപിഎമ്മിന്റെ മേലെക്കിടയിലുള്ള നേതാക്കൾ മുതൽ ഏരിയാ ലോക്കൽ സെക്രട്ടറിമാർ നെതാക്കളും അണികളും അടങ്ങുന്ന വലിയൊരു ശതമാനവും സിപിഎം മുന്നോട്ടു വെക്കുന്ന അടിസ്ഥാനമുദ്രാവാക്യമായ മതനിരപേക്ഷതയുടെ പ്രയോക്താക്കളായിരുന്നു അടുത്തകാലം വരെയും.

ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ സംഘാടനമായ സംഘപരിവാരം ഉത്തരേന്ത്യയിൽ നിന്നു കേരളത്തിലേക്ക് പ്രവർത്തനം ആരംഭിച്ചിട്ടും കേരളത്തിന്റെ ഹൈന്ദവ സമൂഹത്തിനിടയിൽ സ്വാധീനം ലഭിക്കാതിരിക്കാനുള്ള അടിസ്ഥാന കാരണവും ബഹുഭൂരിപക്ഷം വരുന്ന ഈഴവ സമൂഹത്തിന്റെ ഈ മതനിരപേക്ഷത അടിത്തറയാണു. കേരളത്തിനു പരിചിതമാല്ലാത്ത മതാചാരങ്ങളുടെ പ്രയോക്താക്കളായി ഈഴവ സമൂഹത്തെ മാറ്റിയെടുത്തെങ്കിൽ മാത്രമേ സംഘപരിവാരത്തിന്റെ അടിസ്ഥാന രാഷ്ട്രീയമായ ഹിന്ദുത്വത്തിലേക്ക് ഈഴവസമൂഹത്തെ അടുപ്പിച്ചു നിർത്താൻ സാധിക്കൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പിൽകാലങ്ങളിൽ പല ഘട്ടങ്ങളിലായി രാമായണമാസം, രക്ഷാബന്ധൻ, ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭയാത്രകൾ, ഗണേഷോത്സവങ്ങൾ, വിവേകാനന്ദജയന്തിയുമൊക്കെ സംഘടിതമായും ആസൂതൃതമായും സംഘപരിവാരം വിവിധ പോഷകസംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിതുടങ്ങിയത്.
ആദ്യഘട്ടത്തിൽ തീർത്തും ഒറ്റപ്പെട്ടതും സംഘപരിവാര പ്രവർതകരുടെ മാത്രം സാന്നിദ്ധ്യവും മാത്രം ഉണ്ടായിരുന്ന ഇത്തരം ആഘോഷങ്ങൾക്ക് സ്വാധീനവും ആൾബലവും ഗതിവേഗവും വർദ്ധിച്ചത് തൊണ്ണൂറുകളിലെ ബാബരീ മസ്ജിദിന്മേലുള്ള ഹിന്ദുത്വ അവകാശവാദങ്ങളുടെ പശ്ചാതലത്തിൽ സമൂഹത്തിൽ രൂപംകൊണ്ട വർഗ്ഗീയ ചേരിതിവിലൂടെയാണു. സിപിഎമ്മിന്റെയും മതനിരപേക്ഷതയുടെയും വക്താക്കളായിരുന്ന ഈഴവസമൂഹം സംഘടിതമായും കൂട്ടംകൂട്ടമായും സംഘപരിവാര പാളയത്തിൽ എത്തുന്നത് ഈ ഘട്ടത്തിലാണു. ഈ ഗതിമാറ്റങ്ങൾക്ക് അടിസ്ഥാന ശിലകളായി വർത്തിച്ചതിൽ സംഘപരിവാരം നടത്തുന്ന രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള  ഇത്തരം മതാഘോഷങ്ങൾ വഹിച്ച പങ്കു വലുതാണു.

തീർത്തും മതാഘോഷമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇത്തരം ആഘോഷങ്ങളിൽ നിശ്കളങ്കമായി പങ്കാളികളാകുന്നവരുടെ മനസ്സുകളെ പോലും ഹിന്ദുത്വമായി സ്വാധീനിക്കുകയും കീഴടക്കുകയും ചെയ്യുന്നനിലക്കുള്ള രാഷ്ട്രീയ ചിഹ്നങ്ങളാണു ഈ ആഘോഷങ്ങളുടെയെല്ലാം പ്രത്യേകഥകൾ. കാവിത്തുണിയും വെള്ള ഷർട്ടും ധരിച്ച സ്വയം സേവകരാണു മുന്നണിയിലും പിന്നണിയിലും ഉണ്ടാകുക. ഘോഷയാത്രകളുടെ കൊടി സംഘപരിവാരത്തിന്റെ പതാകയുമായിരിക്കും. ശ്രീകൃഷ്ണ / രാമായണ/ വിവേകാനന്ദ ജപത്തിനൊപ്പം തന്നെ സംഘപരിവാര മുദ്രാവാക്യമായ ഭാരത് മാതാ കീ ജയ് വിളിയും ഇത്തരം ആഘോഷങ്ങളുടെ പ്രത്യേകഥയാണു. ചുരുക്കത്തിൽ തീർത്തും മതാചാരം എന്ന നിലക്കോ പുണ്യം ലഭിക്കാവുന്ന മതഘോഷയാത്ര എന്ന നിലക്കോ ഇത്തരം ആഘോഷങ്ങളിൽ ഒരിക്കലെങ്കിലും പങ്കാളികളാകുന്നവരിൽ അറിഞ്ഞുമറിയാതെയും ഹിന്ദുത്വ രാഷ്ട്രീയം മുന്ന്ട്ടുവെക്കുന്ന ചില ചിഹ്നങ്ങൾ, ചില മുദ്രാവാക്യങ്ങൾ തന്ത്രപരമായി നിക്ഷേപിക്കാൻ സാധിക്കുന്നു എന്നിടത്താണു ഇത്തരം ആഘോഷങ്ങളുടെ വിജയം. ഇതുതന്നെയാണു സംഘപരിവാരം ലക്ഷ്യമിടുന്നതും.

ഒരു പാർട്ടി എന്ന നിലക്ക് സിപിഎം ഇന്ന് ചരിത്രപരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ദേശീയപാർട്ടി എന്ന നിലക്കുള്ള പ്രാധാന്യവും ശക്തിയും ഇല്ലാതായി വരുന്നു. ചുകപ്പ് ഉരുക്കുകോട്ടയായിരുന്ന ബംഗാളിൽ നിന്നു തിരിച്ചടിയുടെ വാർത്തകൾ മാത്രമാണു വരുന്നത്. സിറ്റിംഗ് സീറ്റുകളിൽ പോലും നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന സാഹചര്യം. സമാനമായി ബിജെപി ഈ ഇടം കയ്യേറുകയും ചെയ്യുന്നു. കേരളത്തിലാകട്ടെ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലക്ക് സിപിഎമ്മിന്റെ ഏറ്റവും ദുർബലമായ വർഷങ്ങളാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഐക്യജനാധിപത്യമുന്നണിയുടെ ദുർഭരണത്തിനെതിരെ നടത്തുന്ന ജനകീയ സമരങ്ങൾ കാൽഭാരം പിന്നിടുംപോഴേക്കും പിൻവലിക്കാൻ നിർബന്ധിതരാകുന്നു. ഇതിനിടയിലാണു ടീപി വധക്കേസ്, ഫസൽ വധക്കേസ്, ഷുക്കൂർ വധക്കേസുകളിലെ പാർട്ടി ബന്ധങ്ങൾ മുൻപെങ്ങുമില്ലാത്ത വിധത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതു. ഒരു കേഡർ ഘടന എന്ന നിലക്കുള്ള അടച്ചുറപ്പും എണ്ണയിട്ട യന്ത്രം പോലെയുള്ള പാർട്ടി മെഷിനറിയും ഇന്ന് ഇല്ലാതായിവരുന്നു. പാർട്ടിയുടെ നെടും കോട്ടക്ൾ വരെ എതിരാളികൾ തെരഞ്ഞെടുപ്പ് വിജ്ജയം നേടുന്നു. 

ഇതിനേക്കാളുപരി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് പാർട്ടിയുടെ എക്കാലത്തെയും വലിയ ജനെകീയ അടിത്തറയായിരുന്ന ഈഴവ സമൂഹം കൂട്ടംകൂട്ടമായി സംഘപരിവാര പാളയത്തിലേക്ക് എത്തപ്പെടുന്നതാണു. അതിനൊപ്പം തന്നെ സംഘപരിവാരം മുന്നോട്ടു വെക്കുന്ന പ്രചരണങ്ങളുടെയും ആഘോഷങ്ങളുടെയും പ്രചാരകരും പ്രയോക്തക്കളായും സിപിഎം അണികൾ മാറിക്കൊണ്ടിരിക്കുന്നു. ആർഎസ്എസ് പരിപാടികളിൽ സിപിഎം നേതാക്കളും അണികളും പങ്കെടുക്കുന്നു. ചുരുക്കത്തിൽ പാർട്ടി എക്കാലവും ഉയർത്തിപ്പിടിച്ചിരുന്ന മതനിരപേക്ഷത എന്ന മുദ്രാവാക്യത്തെ മറികടന്നുകൊണ്ട് ഹിന്ദുത്വ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയു മറവിൽ സിപിഎമ്മിന്റെ അണികളെ സ്വാധീനിക്കുന്നതിൽ സംഘപരിവാരം തന്ത്രപരമായി വിജയിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെയാണു സിപിഎം അനിവാര്യമായ നിലപാട് മാറ്റത്തിനു നിർബന്ധിതരാകുന്നത്. ഒറ്റനോട്ടത്തിൽ സിപിഎമ്മിന്റെ അടിസ്ഥാന ആശയങ്ങളിൽ നിന്നുള്ള വ്യതിചലനമായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ഹൈന്ദവ ആഘോഷങ്ങളുടെ മറവിൽ സിപിഎം അണികളെ സമർത്ഥമായി ഹിന്ദുത്വവാഹകരാക്കുക എന്ന സംഘപരിവാര തന്ത്രത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണു സിപിഎം പ്രാദേശിക ഘടങ്ങളും പോഷക സംഘടനകളും രക്ഷാബന്ധൻ, ശ്രീകൃഷ്ണജയന്തി, ഗണേഷോത്സവങ്ങൾ ഒക്കെ സ്വയം സംഘടിപ്പിക്കാൻ നിർബന്ധിതരാകുന്നതു..

അപ്പോഴും സിപിഎം ശ്രദ്ധിക്കുന്നത്  സംഘപരിവാരം നടത്തുന്ന ആഘോഷങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുവാനൊ, അതിൽ പങ്കെടുക്കുവാനോ സിപിഎം അണികളെ അനുവധിചുകൊണ്ടല്ല.(ഒറ്റപ്പെട്ട സംഭവങ്ങൾ പ്രാദേശികമായി ഇല്ലെന്നല്ല) മറിച്ചു സംഘപരിവാര സംഘടനകൾ ഹിന്ദുത്വ രാഷ്ട്രീയലക്ഷ്യം വെചു നടത്തുന്ന പരിപാടില്ലുടെ ഭാഗമാകുന്നതിനു പകരമായി താല്പര്യമുള്ളവർക്കു സ്വയം തന്നെ ഇത്തരം പരിപാടികൾ സഘടിപ്പിക്കാം എന്ന നിലപാടാണു. ഒരെ സമയം പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകളിൽ നിന്നുള്ള തിരിച്ചുപോക്കും ഒപ്പം തന്നെ നിലനില്പ് രാഷ്ട്രീയത്തിന്റെ അനിവാര്യതയും ആയി മാറുന്നത് ഈ പശ്ചാതലത്തിലാണു.

ലീഗിന്റെ ശോഭായാത്ര ഐക്യദാര്‍ഡ്യം 

അതെ സമയം സംഘപരിവാര പോഷകസംഘടനായ ബാലഗോഗുലം നടത്തുന്ന ശോഭയാത്രക്ക് ആശംസ അർപ്പിച്ചും മധുരം വിളമ്പിയും ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്ന മുസ്ലിം ലീഗ് കാരണമായി പറയുന്നത് മതേതര ഐക്യദാർഢ്യമാണു. എന്നാൽ സംഘപരിവാര ആഘോഷങ്ങൾക്ക് മധുരം വിളമ്പിയത് കൊണ്ട് മതേതരത്വം നിലവിൽ വരുമോ അതോ ഹിന്ദുത്വ രാഷ്ട്രീയത്തിനു സ്വീകാര്യത ലഭിക്കുമോ എന്ന ചോദ്യത്തിനു പ്രസക്തി ഉണ്ട്. വാസ്തവത്തിൽ ലീഗ് പ്രവർതകരുടെ ഈ സംഘപരിവാര ഐക്യദാർഡ്യം ആത്യന്തികമായി സഹായിക്കുന്നത് ഹിന്ദുത്വ സംഘടനകളെയും അവരുടെ മുദ്രാവാക്യങ്ങളെയും അവരുടെ സ്വാധീനത്തെയുമാണു. ഹൈന്ദവ സമൂഹത്തിന്റെ പ്രതീകമായി ഇവിടെ സംഘാപരിവാരത്തെ ലീഗ് പ്രതിഷ്ടിക്കുകയാണു ചെയ്യുന്നത്. നിശ്കളങ്കമായി ഇത്തരം ആഘോഷങ്ങളുടെ ഭാഗമാകുന്നവരെ ആ ആഘോഷങ്ങളിലും അതുവഴി സംഘാടകർ മുന്നോട്ടു വെക്കുന്ന ആശയങ്ങളിലും തുടർന്നും നിലനിർത്തുവാൻ മാത്രമേ ഈ മധുരപലഹാര വിതരണം കൊണ്ടും പച്ചക്കൊടി വീശിയുമുള്ള ഐക്യദാഋഡ്യം കൊണ്ടും കാരണമാകൂ.

മുസ്ലിം ലീഗ് പ്രവർത്തകർ അവകശപ്പെടും പോലെ മതേതര ഐക്യദാർഢ്യം ആണു ലക്ഷ്യമെങ്കിൽ സംഘപരിവാര പ്രചരണപരിപാടികൾക്ക് അശംസ അർപ്പിക്കാതെയും മധുരം വിളമ്പാതെയും ഈ ദൗത്യം ഭംഗിയായി നിർവഹിക്കാൻ സാധിക്കും. അത്തരം മതേതര ഐക്യപ്പെടലിനു ലീഗിനു സാധിക്കുന്നുണ്ടോ എന്നു പരിശോധിക്കുമ്പോഴാണു മതേതര ഐക്യദാർഢ്യമല്ല സംഘപരിവാര സേവനമാണു ഇത്തരം ഐക്യപ്പെടലിനു കാരണമാകുന്നത് എന്ന മനസ്സിലാക്കേണ്ടതു. 

ഉദാഹരണമായി മുസ്ലിം ലീഗിനു രാഷ്ട്രീയ അപ്രമാതിത്യമുള്ള കോഴിക്കോട് ജില്ലയിലെ നാദാപുര മേഖലയിലെ വർഗീയ അസ്വസ്ഥതകൾ തന്നെ. മുസ്ലിം സമൂഹം ലീഗിന്റെ ചിറകിലും ഹൈന്ദവ സമൂഹം സിപിഎം ചിറകിലും വർഗ്ഗീയമായി സംഘടിച്ചുകൊണ്ട് നിരന്തരം ഏറ്റുമുട്ടൽ നടക്കുന്ന മേഖല. ഇത്തരം ഏറ്റുമുട്ടലുകൾക്ക് പിന്നിൽ പല കാരണങ്ങളും ഉള്ളതിനൊപ്പം പ്രസക്തമായ ഒരു കാരണം നാദാപുരം മേഖലയിലെ ഒരുവിഭാഗം വരുന്ന ലീഗ് അണികളുടെയും നേതാക്കളുടെയും സവർണ്ണ മനസ്ഥിതിയാണ്. പിന്നോക്ക ജനതയായ ഈഴവരിലെ പ്രായമായവരെ പെരു ചൊല്ലിവിളിച്ചും മറ്റും ആ സമൂഹത്തിൽ രൂപപ്പെട്ട അസ്വസ്ഥതയും ദശാബ്ദങ്ങളായി നാദാപുരത്ത് തുടരുന്ന സിപിഎം-ലീഗ് സംഘർഷത്തിനു പിന്നിൽ ഉണ്ട്. പത്രദ്വാരാ വിലയിരുത്തും പോലെ ഈ തർക്കങ്ങളും സംഘർഷങ്ങളുടെയും മൂലകാരണം രാഷ്ട്രീയമല്ല, മറിച്ച് സാമുദായികതയാണ് എന്ന കാര്യത്തിൽ മേഖലയെ കുറീച്ചറിയുന്നവർക്ക് സംശയം ഉണ്ടാകാൻ തരമില്ല. 

ഇവിടെ മുസ്ലിം ലീഗ് പ്രവർത്തകർ അവകാശപ്പെടും പോലെ മതസൗഹാർദ്ദമാണു ലക്ഷ്യമെങ്കിൽ ചുരുങിയത് ലീഗിനു അപ്രമാതിത്യം ഉള്ള സ്ഥലങ്ങളിലെങ്കിലും ഇതര സമൂഹവുമായി ഐക്യപ്പെടുവാനും സമാധാനത്തോടെ ജീവിക്കുവാനുമുള്ള സാഹചര്യം ഉണ്ടാക്കുകയാണു വേണ്ടത്. അതല്ലാതെ സംഘപരിവാര പ്രചരണങ്ങൾക്കും ആഘോഷങ്ങൾക്കും പച്ചക്കൊടി വീശുകയല്ല.

സംഘപരിവാരം അധികാരത്തിൽ വന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനു മുതൽകൂട്ടാക്കാൻ ലക്ഷ്യമിട്ടുള്ള ആഘോഷങ്ങൾ അത് മതഘോഷയാത്ര എന്ന പെരിട്ടു വിളിച്ചാൽ തന്നെയും അതിനോട് ഐഖ്യദാർഡ്യം പ്രകടിപ്പിക്കുന്നതിലൂടെ സമരസപ്പെടുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തൊട് തന്നെയാണ്. 

പുലരി

2 comments:

  1. >>ചുരുങിയത് ലീഗിനു അപ്രമാതിത്യം ഉള്ള സ്ഥലങ്ങളിലെങ്കിലും ഇതര സമൂഹവുമായി ഐക്യപ്പെടുവാനും സമാധാനത്തോടെ ജീവിക്കുവാനുമുള്ള സാഹചര്യം ഉണ്ടാക്കുകയാണു വേണ്ടത് << സ്വന്തം സമുദായത്തിലുള്ളവരുമായി സമാധാന ജീവിതം സാധ്യമാക്കാ‍ാത്തവരോടുള്ള ഉപദേശം കൊള്ളാം.. ലീഗിന്റെ പേരിനു പകരം സ്വന്തം പാർട്ടിയുടെ പേരും അവിടെ യോജിക്കും എന്ന് കൂടി ഓർമ്മപ്പെടുത്തട്ടെ

    ReplyDelete
  2. ലീഗ് ഉള്ളിടത് മറ്റു സമൂഹങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ല എന്നാണോ പറഞ്ഞു വരുന്നത് ???ഇത് യാഥാര്‍ത്ഥമാണോ??

    ReplyDelete