Wednesday, September 24, 2014

പശ്ചിമേഷ്യൻ സംഘർഷം; പുതിയ വഴിത്തിരിവിലേക്ക്

ഇറാഖിന്റെ കുവൈത്ത് അക്രമണത്തോടെ പശ്ചിമേഷ്യയെ വരിഞുമുറുക്കിയ പാശ്ചാത്യ അധിനിവേശങ്ങൾക്കും അതിനെതിരെയുള്ള ചെറുത്തുനില്പുകൾക്കും വ്യത്യസ്ഥമായ മാനം നൽകിക്കൊണ്ട് മേഖലയിൽ പുതിയ പോരാട്ടവേദികൾ രൂപപ്പെടുകയാണു.  ഒരു ദശകം മുന്നെ പശ്ചിമേശ്യൻ സംഘർഷങ്ങളുടെ മൂലകാരണമായി ഗണിച്ചിരുന്നത് അറബ് ദേശീയതയായിരുന്നഉവെങ്കിൽ ഇപ്പോൾ നടക്കുന്ന പോരാട്ടങ്ങളിൽ അറബ് ദേശീയതയെക്കാളുപരി മതവും വിഭാഗീയതയും വംശീയതയും മുഖ്യകാരണങ്ങളായിമാറിയിക്കുന്നു. 

ഇറാഖിന്റെ കുവൈത്ത് അക്രമണം അതിനു ശേഷമുണ്ടായ  ഒന്നും രണ്ടും ഗൾഫ് യുദ്ധങ്ങൾ, ഉസാമ ബിൻ ലാദന്റെ പേരു പറഞ്ഞുകൊണ്ടു ആഫ്ഘാനുമേലുള്ള അമേരിക്കൻ അധിനിവേശം, ഇവിടെയൊക്കെ സംഘർഷങ്ങളിലെ പ്രത്യക്ഷ ഗൂഢാലോചകരും ഗുണഭൊക്താക്കളുമായി അമേരിക്കൻ സാമ്രാജ്യത്വത്തെ ഗണിക്കാമെങ്കിലും ഈ സംഘർഷങ്ങളിലെല്ലാം തന്നെ കൈനനയാതെ മീൻ പിടിച്ചത് ഇറാഖുമായും ആഫ്ഘാനുമായും അതിർത്തികൾ പങ്കിടുന്ന ഇസ്ലാമിക് റിപ്പപ്ലീക് ഓഫ് ഇറാൻ ആണെന്നു വിലയിരുത്തിയാൽ അതിശയോക്തിയാകില്ല.  1979ൽ  ഇറാനിൽ നടന്ന ഇസ്ലാമിക വിപ്പ്ലവത്തിൽ പരിഭ്രാന്തി പൂണ്ട് അമേരിക്കയുടെയും ഗൾഫ് രാഷ്ട്രങ്ങളുടെയും പിന്തുണയോടെ ഇറാനുമേൽ സദ്ദാം ഹുസൈന്റെ ഇറാഖ് നടത്തിയ അക്രമണത്തോടെ മേഖലയിൽ ഒറ്റപ്പെട്ടു പോയ ഇറാന് അതിശക്തമായി തിരിചുവരവിനു ലഭിച്ച അവസരങ്ങളാണു ഒന്നും രണ്ടും ഗൾഫ് യുദ്ധങ്ങളും അമേിക്കയുടെ ആഫ്ഘാൻ അധിനിവേശവും. ഈ തിരിച്ചുവരവിനും മേഖലയിലെ അധിപത്യത്തിനും നിമിത്തമായതും കൃത്യമായ കരുക്കൾ നീക്കിയതും ഇറാനെ തെമ്മാടിരാഷ്ട്രമായി എഴുതിത്തള്ളിയ അമെരിക്കയും ഗൾഫ് രാജ്യങ്ങളുമാണെന്നത്  വിരോധാഭാസമാകാം. സദ്ദാമാനന്തര ഇറാഖിലും താലിബാനു ശേഷമുള്ള ആഫ്ഘാനിലും അമേരിക്ക അധീശത്വത്തിൽ നിലവിൽ വന്ന പാവസർക്കാരുകൾ അമേരിക്കയേക്കാൾ ഇറാന്റെ താല്പര്യങ്ങളുടെ വിജയമായിരുന്നു എന്നു വിലയിരുത്തുന്നതിൽ തെറ്റില്ല. ഈ രണ്ട് ഭരണകൂടത്തോടുമുള്ള ഇറാന്റെ നിലപാടുകൾ ഈ താല്പര്യങ്ങളെ അരക്കിട്ടുറപ്പിക്കുന്നതുമാണു..

ഒന്നാം ഗൾഫ് യുദ്ധ ശേഷവും സദ്ദാം ഹുസൈൻ എന്ന രാഷ്ട്രതലവന്റെ സമഗ്രാധിപത്യം ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാഖിൽ തുടർന്നിരുന്നുവെങ്കിൽ രണ്ടാം ഗൾഫ് യുദ്ധത്തിൽ വ്യക്തിപരമായി സദ്ദാം ഹുസൈൻ എന്ന ഭീഷണിയെ എന്നേന്നെക്കുമായി ഇല്ലാതാക്കുന്നതിനു പിന്നിലെ പ്രധാന ആസൂത്രകർ ഇറാൻ പിന്തുണയുള്ള ശിയാ ഭരണകൂടമായിരുന്നു എന്നതും പ്രസക്തമാണു.. അതൊടൊപ്പം തന്നെയാണു മുല്ലപ്പൂ വിപ്പ്ലവത്തെ തുടർന്നു സിറിയയിൽ ബഷാർ അൽ അസാദിന്റെ അലവി സർക്കാരിനെതിരെയുള്ള തദ്ദശീയ ജനതയുടെ ജനകീയ സമരവും ഈ സമരത്തെ ക്രൂരമായി അടിച്ചമർത്തിയതിനെ തുടർന്നു രൂപപ്പെട്ട സായുധ സംഘർഷവും ഇവിടെയൊക്കെ ബഷറുൽ ആസാദ ഭരണകൂടത്തിനു നിരുപാധിക പിന്തുണ നൽകിക്കൊണ്ടുള്ള ഇറാന്റെ നീലപാടുകളെയും നീക്കങ്ങളെയും നോക്കികാണേണ്ടത്. ചുരുക്കത്തിൽ ഒന്നും രണ്ടും ഗൾഫ് യുദ്ധങ്ങൾ, ആഫ്ഘാനിനെ അമേരിക്കൻ അധിനിവേശം, സിറിയൻ സംഘർഷം ഇതിന്റെയെല്ലാം കണക്കെടുപ്പ് കഴിയുമ്പോൾ അമെരിക്കൻ താല്പര്യങ്ങൾക്കൊപ്പം തന്നെ ഇറാൻ താല്പര്യങ്ങൾ കൂടെ വിജയം കണ്ടതെന്നു വിലയിരുത്തേണ്ടിവരും, മാത്രമല്ല മേഖലയിലേ ഏറ്റവും കരുത്തുറ്റ രാജ്യമായി ഇറാൻ മാറുകയും ചെയ്തു.

ഇറാഖും സിറിയയും കേന്ദ്രീകരിച്ചു ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുതിയ പോരാട്ടങ്ങൾ ഈ സാഹചര്യത്തിലാണു സവിശേഷശ്രദ്ധയാകർഷിക്കുന്നതും. അമേരിക്കയുടെ പ്രത്യക്ഷവും ഇറാന്റെ നയപരവുമായ പിന്തുണയുള്ള ഇറാഖ് ഭരണകൂടത്തിനെതിരെയും ഇറാൻ പിന്തുണയുള്ള സിറിയയിലെ ബഷാറുൽ അസാദ് സർക്കാരിനെതിരെയും മേഖലയിൽ രൂപപ്പെട്ട പുതിയ പോർമുഖങ്ങൾ ഒരെസമയം അമേരിക്കയുടെയും അമേരിക്കൻ പിന്തുണയുള്ള രാജ്ങ്ങളുടെയും ഇറാന്റെയും താല്പ്യങ്ങളെയാണു ലക്ഷ്യംവെക്കുന്നതു. ഐസിസ് എന്നും ഇസ്ലാമിക് സ്റ്റേറ്റെന്നും സ്വയം പരിചയപ്പെടുത്തുന്ന സായുധസംഘത്തിന്റെ കടന്നുവരവ് ചർച ചെയ്യപ്പെടുന്നതും ഈ പശ്ചാതലത്തിലാണു.

ഇസ്ലാമിക് സ്റ്റേട്ടിന്റെ കടന്നുവരവും മുന്നേറ്റങ്ങളും ആകസ്മികം എന്നു പലരും വിശേഷിപ്പിക്കുമെങ്കിലും ഒരു സുപ്രഭാതത്തിൽ തട്ടിക്കൂട്ടപ്പെട്ട വിമതസംഘം അല്ല അവർ, മറിച്ച്  വേണ്ടത്ര മുന്നൊരുക്കങ്ങൾക്കൊടുവിൽ തയ്യാറെടുപ്പുകൾ നടത്തിയതിനു ശേഷമുള്ള മുന്നേറ്റമാണു അവരുടേതെന്നു നിരീക്ഷിക്കാൻ സാധിക്കും. വാസ്തവത്തിൽ ഒരു ദശാബ്ദത്തിനും മുന്നെ തന്നെ ഈ സായുധസംഘത്തിന്റെ ആദ്യഘടന രൂപം കൊണ്ടിരുന്നു. 2004ലാണു അബു മുസാബ് അൽ സർഖാവി അമേരിക്കാൻ അധിനിവേശത്തിനെതിരെ അൽ ഖൈദയുടെ ഇറാക് ഘടകം രൂപീകരിക്കുന്നത്. തന്റെ സംഘടനയുടെ കൂറ് ഒസാമ ബിന്‍ ലദനോടും അൽ ഖായിദയോടും പ്രഖ്യാപിക്കുകയും ചെയ്തു. 2006 ജൂണിലെ അമേരിക്കൻ വ്യാമാക്രമണത്തിനിടെ സർഖാവി രക്തസാക്ഷിയാകുന്നു. 2014 ആകുമ്പോഴേക്കും ഈ ഘടന പല ഘട്ടങ്ങളിലൂടെയും നേതൃത്വങ്ങൾക്ക് കീഴിലൂടെയും കടന്നു പോകുന്നു, ഇതിനിടെ നയപരമായ അഭിപ്രായ ഭിന്നതകാരനം അൽ-ഖൈദയുമായുള്ള ബന്ധം വിചേദിക്കപ്പെട്ടിരുന്നു. അതെസമയം സംഘടനയുടെ നിർണ്ണായക വളർച്ചയുടെ ഘട്ടം ആരംഭിക്കുന്നത് അബൂബക്കർ ബാഗ്ദാദി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അവദ് ഇബ്രാഹീം ബദ്രി അൽ സമറാഈയുടെ നേതൃത്വത്തിലേക്കുള്ള കടന്നുവരവോടെയാണു. സംഘടനയുടെ പേരു ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്  എന്നും പിന്നീട് പ്രവർത്തനം സിറിയയിലെക്കു കൂടെ വ്യാപിപ്പിക്കപ്പെട്ടതോടെ ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് ആൻഡ് സിറീയ (ഐസിസ്) എന്നാക്കി പുനർനാമകരണം ചെയ്യപ്പെടുന്നത് ഈ ഘട്ടത്തിലാണു. എന്നാൽ സിറിയൻ ആഭ്യന്തര യുദ്ധമുഖത്തേക്കുള്ള ഐസിസിന്റെ കടന്നുവരവ് സിറിയയിൽ ബാഗ്ദാദി തന്നെ മുൻകൈ എടുത്ത് രൂപീകരിച്ച ജബഹത്തുൽ നുസ്രയുമായുള്ള ഭിന്നതയിലും ഏറ്റുമുട്ടലിലുമാനു കലാഷിചത്. ഐസിസിന്റെ ലക്ഷ്യവും പ്രവർത്തനമേഖലയും ഇറാഖിൽ മാത്രം പരിമിതമായ സമയത്ത്  സിറിയൻ പ്രക്ഷോപം ലക്ഷ്യംവെച്ചുകൊണ്ട് ആളും അർത്ഥവും നൽകി ജബ്ഹത്തുൽ നുസ്രയുടെ രൂപീകരണത്തിനു വഴിതെളിയിച്ചത് ഐസിസിന്റെ ആദ്യരൂപമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആയിരുന്നു എന്നത് ഇവിടെ ശ്രദ്ധേയ്യമാണു. 

അതെസമയം  ഇന്നു ലോകം മുഴുവൻ ഐസിസ് ചർച്ചചെയ്യപ്പെടുന്നത് പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണു, ഒന്നു നൊടിയിടെ സിറിയയിലും ഇറാഖിലും നെടിയ നിർണ്ണായക വിജയങ്ങൾ. രണ്ട് കീഴടക്കപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് നടത്തിയ ഖിലാഫത്ത് പ്രഖ്യാപനം. ഇതുകൊണ്ടുതന്നെ മുസ്ലിം ലോകത്തു നിന്നു ഒരേ സമയം ആശയും ആശങ്കയും അതോടൊപ്പം ശക്തമായ വിമർശനവും ഐസിസിനെതിരെ തിരിയുന്നു. വെറും ആയിരങ്ങൾ മാത്രം അംഗസംഖ്യയുള്ള ഐസിസ് ഇറാഖിലും സിറിയയിലും സർക്കാർ സൈന്യങ്ങളെയും കുർദ്- ഷിയാ വംശീയ സൈന്യങ്ങളെയും വകഞുമാറ്റിക്കൊണ്ട് നടത്തിയ മുന്നേറ്റങ്ങളിൽ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഐസിസിനു പിന്നിൽ ആര്? ഐസിസിന്റെ ലക്ഷ്യം എന്തു? സാമ്പത്തിക-ആയുധ പിൻബലം എവിടെ നിന്നു ഇത്യാധി അനവധി സംശയങ്ങൾ ഒരു സംഘടന എന്ന നിലക്ക് ഐസിസിനെതിരെ തിരിയുമ്പോൾ പലരും വിശേഷിപ്പിച്ചതു പോലെ ഒരു യൂണിവേഴ്സിറ്റി ചെയർമ്മാനെ പ്രഖ്യാപിക്കുന്നതിലും ലാഘവത്തോടെയുള്ള ഖിലാഫത്ത് പ്രഖ്യാപനത്തെയാണു പണ്ഡിതരടങ്ങുന്ന വലിയൊരു വിഭാഗം ചോദ്യം ചെയ്യുന്നത്. ഈ ഖിലഫത്ത് പ്രഖ്യാപനത്തിനു സാധുത ഇല്ലെന്നും ഇവർ പ്രഖ്യാപിക്കുന്നു. 

ഐസിസിനു പിന്നിൽ പ്രധാനമായും അമേരിക്കയും സൗദിയുമാണെന്നാണു ഒരു വാദം. മേഖലയിലെ ഷിയാ ബ്ലോക്കായ ഇറാന്റെ സ്വാധീനത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെ സുന്നി വിഭാഗീയത എന്ന തുറുപ്പുചീട്ടിറക്കി കളിക്കുകയാണു അമേരിക്കൻ പിന്തുണയോടെ സൗദിയെന്നാണു ആരോപണം. എന്നാൽ ഇറാഖിൽ പുതിയൊരു അക്രമണത്തിനു അമേരിക്കൻ കോൺഗ്രസ് അനുമതി ലഭിക്കേണ്ടിരുന്ന ഒബാമ ഭരണകൂടം ആ കടമ്പതട്ടിമാറ്റി അധികം വൈകാതെ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആക്രമണം തുടങ്ങുകയും ഐസിനെതിരെ ഖുർദുകൾക്കും യസീദികൾക്കും ആയുധവിതരണം നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന പാശ്ചാതലത്തിൽ അമേരിക്കയാണു ഐസിനു പിന്നിലെന്ന വിമർശനത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണു. ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കിയ പല പ്രദേശങ്ങളും അമേരിക്കയുടെ വ്യാമാക്രമണത്തിന്റെ മാത്രം പിൻബലത്തോടെ ഇറാഖീ സേനയും ഖുർദ വംശീയ സായുധസംഘമായ പെഷമർഗയും തിരിചുവരുന്നതായ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല സിറിയയിലും സമാനമായ അമേരിക്കൻ സായുധഇടപെടലിനുള്ള സാധ്യതകൾ ആരാഞുകൊണ്ട് അറബ്ബ് രാജ്യങ്ങളെ മുന്നിൽ നിർത്തിക്കൊണ്ട് അമേരിക്ക നയതന്ത്രനീക്കം ശക്തമാക്കിയിരിക്കുന്നു. സിറിയയിലെ ഐസിനെതിരെ നിലപാടുള്ള വിമതർക്ക്  സൗദിയുടെ കാർമ്മികത്വത്തിൽ സായുധപരിശീലനം നൽകുവാനുള്ള പദ്ധതിയും അമേരിക്ക തയ്യാറാക്കിയിട്ടുണ്ടു. ചുരുക്കത്തിൽ ഐസിനു പിന്നിൽ അമേരിക്കയാണെന്നുള്ള വിമർശനത്തിനെ നിരാകരിക്കുന്നതാണു ഐസിനോടുള്ള അമേരിക്കൻ സമീപനം എന്നു വ്യക്തം. 

മറ്റൊരാരോപണം ഐസിനു പിന്നിൽ സൗദിയാണെന്നതാണു. സൗദി ഇതിനകം തന്നെ ഐസിനെതിരെ ശക്തമായ നിലപാടുമായി രംഗത്തുണ്ട്. ഐസിനെതിരെയുള്ള മേരിക്കൻ അക്രമണങ്ങൾക്കും സൗദി സർക്കാരിന്റെ പിന്തുണയുണ്ട്. എന്നു മാത്രമല്ല സൗദി നിലപാടിനെ അരക്കിട്ടുറപ്പിചുകൊണ്ട് മസ്ജിദുൽ ഹറം ഇമാം തന്നെ ഇസ്ലാമിക സ്റ്റേറ്റിനെതിരെ ഫതുവ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അടുത്തിടെ നൂറോളം വരുന്ന ഇസ്ലാമിക സ്റ്റേറ്റ് പ്രവർതകരെയാണു സൗദി സർക്കാർ അറസ്റ്റ് ചെയ്തിരിക്കുന്നതു. അതിനേക്കാൾ പ്രധാനമായത് രാജഭരണം നിലവിലുള്ള സൗദി അറേബ്യയുടെ കാർമ്മികത്വത്തിൽ സൗദിയുടെ അയല്പക്കരാജ്യമായ ഇറാഖ് കേന്ദ്രീകരിച്ചുകൊണ്ട് ഒരു ആഗോള ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ മാത്രം വിഡ്ഡികൾ ആണോ സൗദി ഭരണകൂടം എന്ന ചോദ്യമാണു. പ്രത്യേകിച്ചും മക്കയും മദീനയും അടങ്ങുന്ന പുണ്യഭൂമികൾ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിടുന്നുണ്ട് എന്ന റിപ്പോർട്ടുകൾ കൂട്ടിവായിക്കുമ്പോൾ ഇത്തരമൊരു ചരിത്രപരമായ മണ്ടത്തരത്തിനു സൗദി സർക്കാർ തയ്യാറാകുകയില്ല എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്. 

ഫലസ്ഥീനിലെ സയണിസ്റ്റ് വിരുദ്ധ പോരാട്ടതിന്റെ പ്രതീകമായ ഹമാസിന്റെ വളർച്ച ആദ്യഘട്ടത്തിൽ പിഎൽഒ ക്കെതിരെയുള്ള സമാന്തര ഗ്രൂപ്പിന്റെ വളർത്തുക എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ സയണിസ്റ്റ് ഭരണകൂടം അവഗണിച്ചതായുള്ള നിരീക്ഷണവും ചേർത്തുവായിക്കാം. മാത്രമല്ല ആഫ്ഘാനിലെ അധിനിവേശവിരുദ്ധ പോരാട്ടം നടത്തുന്ന താലിബാന്റെ നിർമ്മിതിക്ക് പിന്നിൽ പാക്കിസ്ഥാൻ ചാര സംഘടനായ ഐഎസ്ഐയും അമേരിക്കയും സൗദിയുമൊക്കെയണെന്നുള്ള ആരോപണങ്ങളും നിലവിലുണ്ട്. 
സിറിയയിൽ ബഷാറിൽ ആസാദിനെതിരെ പോരാടുന്ന സായുധഗ്രൂപ്പുകൾക്കെതിരെയുള്ള നീക്കമാണു ഐസിസ നെതിരെയുള്ള മറ്റൊരാരോപണം. സമാനമായ ആരോപണം ആഫ്ഘാനിലെ അധിനിവേശവിരുദ്ധ പോരാട്ടം നടത്തുന്ന താലിബാനെതിരെയും നിലവിലുണ്ട്. പാക്കിസ്ഥാനിലെ മതപാഠശാലകളിൽ നിന്നു രൂപംകൊണ്ട താലിബാൻ ആഫ്ഘാനിലെ ആദ്യവിജയം നേടിയത് സോവിയറ്റ അധിനിവേശസർക്കാരിനെതിരെ സായുധപോരാട്ടം നടത്തിയ മുജാഹിദുകൾക്കിടയിലെ ഇസ്ലാമിസ്റ്റുകൾ എന്നറിയപ്പെടുന്ന ഗുൽബുദ്ദീൻ ഹെഖ്മത്തിയാർ നേതൃത്വം നൽകുന്ന ഹിസ്ബെ ഇസ്ലാമിക്കെതിരെയായിരുന്നു എന്നത് ശ്രദ്ധേയമാണു. തുടർന്നങ്ങോട്ടുള്ള പോരാട്ടങ്ങൾക്കിടെ താലിബാൻ നിലംപരിശമാക്കിയത് സോവിയറ്റ് വിരുദ്ധ പോരാട്ടം നടത്തിയ വിവിധ മുജാഹിദ് ഗ്രൂപ്പുകളെയും നേതാക്കളെയുമായിരുന്നു. ആഫ്ഘാൻ ഭരണചക്രം പിടിക്കുവാൻ താലിബാനു മുന്നിലെ പ്രതിബന്ധങ്ങൾ ഇവരെക്കെയായിരുന്നു. പരസ്പരം തല്ലുകൂടുന്ന ഈ സായുധസംഘങ്ങളെ അതിജയിച്ചതിലൂടെയാണു താലിബാനു കാബൂളിൽ അധികാരം പിയ്യിക്കുവാൻ സാധിക്കുന്നതും.

വസ്തുതകൾ പരിശോധിക്കുമ്പോൾ അമേരിക്കൻ സൗദി ഗൂഡാലോചനസിദ്ധാന്തതിന്റെ ഇരകളെന്നതിനേക്കാളുപരി ഐസിന്റെ ആവിർഭാവത്തിനും മുന്നേറ്റത്തിനും കാരണകാകുന്ന വർത്തമാനകാല രാഷ്ട്രീയ സാഹചര്യമാണു മേഖലയിൽ നിലവിലുള്ളതെന്നു കാണാം. ഒരേസമയം അമേരിക്കയുടെയും ഇറാന്റെയും സാമ്രജ്യത്ത-വംശീയ താല്പര്യങ്ങളുടെ തിക്തഫലമാണു ഐസിസിന്റെ നിർമ്മിതിക്കും മുന്നേറ്റത്തിനും കാരണമായത്. സദ്ദാമിന്റെ സ്ഥാനഭ്രംശനത്തോടെ ഇറാഖിൽ അധികാരത്തിൽ വന്ന നൂരി അൽ മല്ലികിയുടെ നേതൃത്വത്തിലുള്ള ഷിയാ സർക്കാർ ന്യൂനപക്ഷമായ സുന്നികൾക്കെതിരെ നടത്തിയ അതിക്രമങ്ങളും വിവേചനങ്ങളും ഐസിന്റെ വളർച്ചയിൽ നിർണ്ണായപങ്കാണു വഹിച്ചത്. ഐസിസിന്റെ ആധിപത്യമുള്ള പ്രദേശങ്ങളിലെ തദ്ദേശവാസികളുടെ പിന്തുണ ഐസിസിനു ലഭിക്കുന്നതും ഈ പശ്ചാതലത്തിലാണു.  കൂട്ടത്തിൽ സദ്ദാമിന്റെ പഴയ ബഅസ് പാർട്ടി അംഗങ്ങളും സൈന്യാധിപരും അവരുടെ ആയുധങ്ങളും ഐസിസിന്റെ ഭാഗമായതോടെ കുറ്റമറ്റ സായുധസേനയായി ഐസിസ് രൂപം പ്രാപിക്കുകയായിരുന്നു. യുദ്ധതന്ത്രങ്ങളൊരുക്കുന്നതിലും നിർണ്ണായക മുന്നേറ്റങ്ങൾ നടത്തുന്നതിലും ഈ രണ്ട് ഘടകങ്ങളും ഐസിസിനെ സഹായിച്ചതായി കാണാം. വിശിഷ്യാ അമേരിക്ക പരിശീലിപ്പിച്ച അച്ചടക്കമില്ലാത്ത ഇറാഖ് സൈന്യത്തെ അതിജയിക്കുവാനും അമേരിക്ക അവർക്ക് വാരിവിതറിയ ആയുധകൂമ്പാരങ്ങൾ സ്വന്തമാക്കുവാനും ഈ സൈനീകപാടവമാണു ഐസിസിനെ സഹായിചതു. പാക്കിസ്ഥാൻ സൈന്യത്തൊടെ കിടപിടിക്കുന്ന ആയുധങ്ങൾ തങ്ങൾ സ്വന്തമാക്കിയെന്ന് ഐസിസ് അവകാശപ്പെടുന്നത് ഈ പശ്ചാതലത്തിലാണു. മാത്രമല്ല കീഴടക്കപ്പെട്ട പ്രദേശങ്ങളിൽ എണ്ണ കിണറുകളിലെ വരുമാനവും ഇപ്പൊൾ ഇവർക്ക് ലഭിക്കുന്നു. പ്രധാനമായും കരിഞ്ചന്തയിലാണു എണ്ണ വിൽക്കപ്പെടുന്നതു. തുർക്കിയും സാക്ഷാൽ സിറിയയും ഈ കരിഞ്ചന്തയുടെ ഗുണഭൊക്ക്താക്കൾ ആണെന്നതും ശ്രദ്ധേയമാണു.

ചുരുക്കിപ്പറഞ്ഞാൽ പശ്ചിമേഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇന്നൊരു യഥാർത്ഥ്യമാണു. ഇറാഖിന്റെ മൂന്നിലൊന്നും സിറിയയുടെ നാലിലൊന്നും ഭാഗങ്ങൾ ഇപ്പോൾ തന്നെ ഇവരുടെ അധീനതയിലാണു. ഈ പ്രദേശങ്ങൾ ഇന്നത്തെ ബ്രിട്ടന്റെ വലുപ്പത്തൊളം വരും. മാത്രമല്ല വലിയൊരു ജനസഞ്ചയവും ഈ പ്രദേശങ്ങളിൽ അതിവസിക്കുന്നു. ഒരു സായുധ ഗ്രൂപ്പെന്ന പരിമിതിയെ മറികടന്നുകൊണ്ട് സ്വാധീന മേഖലയിൽ സമ്പൂർണ്ണമായ സർക്കാർ സംവിധാനത്തിലേക്ക് ഇതിനകം തന്നെ ഇസ്ലാമിക് സ്റ്റേറ്റ് മുന്നോട്ടുപോയിട്ടുമുണ്ടു. പിടിച്ചടക്കിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുകൊണ്ടുഌഅ ഖിലാഫത്ത് പ്രഖ്യാപനം, അതിനു അനുകൂലവും പ്രതികൂലവുമായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുയരുന്ന പ്രതികരണങ്ങൾ എല്ലാം തന്നെ പശ്ചിമേഷ്യയിൽ പുതിയൊരു യുദ്ധമുഖത്തിനാണു തുടക്കം കുറിച്ചിരിക്കുന്നതും. ഇത്രയും കാലം പരസ്പരം ശത്രുവെന്നു പറഞ്ഞിരുന്ന ഇറാനും അമേരിക്കയും സൗദിയുമൊക്ക് പരസ്പരം സഹരിച്ചുകൊണ്ട് പൊതുശത്രുവിനെതിരെ സംയുക്ത സൈനീകനീക്കം നടത്തുവാനുള്ള സാഹചര്യവും തള്ളിക്കളഞുകൂടാ.

പി.കെ നൗഫൽ

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201408123183028891

Thursday, September 18, 2014

സംഘപരിവാര-ബാലഗോഗുലം ശോഭയാത്ര: സിപിഎമ്മിന്റെ ഗതികേടും, ലീഗ് പ്രവർത്തകരുടെ മതേതരനാട്യവും

കേരളത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം വിശിഷ്യാ ഈഴവസമൂഹം ദശാബ്ദങ്ങളായി  സിപിഎമ്മിന്റെ ജനകീയ അടിത്തറയാണു.. സിപിഎമ്മിന്റെ സമുന്നതനേതാക്കളിൽ ഒരു വിഭാഗത്തെ മുതൽ താഴേക്കിടയിലുള്ള പ്രവർതകരെയും ബഹുഭൂരിഭാഗം വരുന്ന പാർട്ടി രക്തസാക്ഷികളെയും പ്രതിനിധാനം ചെയ്യുന്നത് ഈഴവ സമൂഹമാണു. ഈ സമൂഹത്തെ സിപിഎമ്മിന്റെ കൊടിക്കീഴിൽ അണിനിരത്തിയതാകട്ടെ മതനിരപേക്ഷത എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലുമാണ്. അതായത് മതത്തെ നിരാകരിക്കുന്ന നിലക്കുള്ള ആശയത്തിന്റെ വക്താക്കൾ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വേരൂന്നിയ സാമൂഹിക പശ്ചാത്തലം സവർണ്ണ മേൽക്കായ്മയുടെയും പീഡനങ്ങളുടെയും ഇരകളെന്ന നിലക്ക് തങ്ങൾ ഇരകളാകുന്ന/ പീഡിതരാകുന്ന സവർണ്ണമേൽക്കായ്മയുള്ള മതവൃത്തത്തെ തള്ളിപ്പഞ്ഞുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവെക്കുന്ന വർഗ്ഗസിദ്ധാന്തത്തിന്റെ വക്താക്കളാകുന്നതിൽ ഈഴവ സമൂഹത്തിനു മടിയുമുണ്ടായില്ല. സിപിഎമ്മിന്റെ മേലെക്കിടയിലുള്ള നേതാക്കൾ മുതൽ ഏരിയാ ലോക്കൽ സെക്രട്ടറിമാർ നെതാക്കളും അണികളും അടങ്ങുന്ന വലിയൊരു ശതമാനവും സിപിഎം മുന്നോട്ടു വെക്കുന്ന അടിസ്ഥാനമുദ്രാവാക്യമായ മതനിരപേക്ഷതയുടെ പ്രയോക്താക്കളായിരുന്നു അടുത്തകാലം വരെയും.

ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ സംഘാടനമായ സംഘപരിവാരം ഉത്തരേന്ത്യയിൽ നിന്നു കേരളത്തിലേക്ക് പ്രവർത്തനം ആരംഭിച്ചിട്ടും കേരളത്തിന്റെ ഹൈന്ദവ സമൂഹത്തിനിടയിൽ സ്വാധീനം ലഭിക്കാതിരിക്കാനുള്ള അടിസ്ഥാന കാരണവും ബഹുഭൂരിപക്ഷം വരുന്ന ഈഴവ സമൂഹത്തിന്റെ ഈ മതനിരപേക്ഷത അടിത്തറയാണു. കേരളത്തിനു പരിചിതമാല്ലാത്ത മതാചാരങ്ങളുടെ പ്രയോക്താക്കളായി ഈഴവ സമൂഹത്തെ മാറ്റിയെടുത്തെങ്കിൽ മാത്രമേ സംഘപരിവാരത്തിന്റെ അടിസ്ഥാന രാഷ്ട്രീയമായ ഹിന്ദുത്വത്തിലേക്ക് ഈഴവസമൂഹത്തെ അടുപ്പിച്ചു നിർത്താൻ സാധിക്കൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു പിൽകാലങ്ങളിൽ പല ഘട്ടങ്ങളിലായി രാമായണമാസം, രക്ഷാബന്ധൻ, ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭയാത്രകൾ, ഗണേഷോത്സവങ്ങൾ, വിവേകാനന്ദജയന്തിയുമൊക്കെ സംഘടിതമായും ആസൂതൃതമായും സംഘപരിവാരം വിവിധ പോഷകസംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിതുടങ്ങിയത്.
ആദ്യഘട്ടത്തിൽ തീർത്തും ഒറ്റപ്പെട്ടതും സംഘപരിവാര പ്രവർതകരുടെ മാത്രം സാന്നിദ്ധ്യവും മാത്രം ഉണ്ടായിരുന്ന ഇത്തരം ആഘോഷങ്ങൾക്ക് സ്വാധീനവും ആൾബലവും ഗതിവേഗവും വർദ്ധിച്ചത് തൊണ്ണൂറുകളിലെ ബാബരീ മസ്ജിദിന്മേലുള്ള ഹിന്ദുത്വ അവകാശവാദങ്ങളുടെ പശ്ചാതലത്തിൽ സമൂഹത്തിൽ രൂപംകൊണ്ട വർഗ്ഗീയ ചേരിതിവിലൂടെയാണു. സിപിഎമ്മിന്റെയും മതനിരപേക്ഷതയുടെയും വക്താക്കളായിരുന്ന ഈഴവസമൂഹം സംഘടിതമായും കൂട്ടംകൂട്ടമായും സംഘപരിവാര പാളയത്തിൽ എത്തുന്നത് ഈ ഘട്ടത്തിലാണു. ഈ ഗതിമാറ്റങ്ങൾക്ക് അടിസ്ഥാന ശിലകളായി വർത്തിച്ചതിൽ സംഘപരിവാരം നടത്തുന്ന രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള  ഇത്തരം മതാഘോഷങ്ങൾ വഹിച്ച പങ്കു വലുതാണു.

തീർത്തും മതാഘോഷമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇത്തരം ആഘോഷങ്ങളിൽ നിശ്കളങ്കമായി പങ്കാളികളാകുന്നവരുടെ മനസ്സുകളെ പോലും ഹിന്ദുത്വമായി സ്വാധീനിക്കുകയും കീഴടക്കുകയും ചെയ്യുന്നനിലക്കുള്ള രാഷ്ട്രീയ ചിഹ്നങ്ങളാണു ഈ ആഘോഷങ്ങളുടെയെല്ലാം പ്രത്യേകഥകൾ. കാവിത്തുണിയും വെള്ള ഷർട്ടും ധരിച്ച സ്വയം സേവകരാണു മുന്നണിയിലും പിന്നണിയിലും ഉണ്ടാകുക. ഘോഷയാത്രകളുടെ കൊടി സംഘപരിവാരത്തിന്റെ പതാകയുമായിരിക്കും. ശ്രീകൃഷ്ണ / രാമായണ/ വിവേകാനന്ദ ജപത്തിനൊപ്പം തന്നെ സംഘപരിവാര മുദ്രാവാക്യമായ ഭാരത് മാതാ കീ ജയ് വിളിയും ഇത്തരം ആഘോഷങ്ങളുടെ പ്രത്യേകഥയാണു. ചുരുക്കത്തിൽ തീർത്തും മതാചാരം എന്ന നിലക്കോ പുണ്യം ലഭിക്കാവുന്ന മതഘോഷയാത്ര എന്ന നിലക്കോ ഇത്തരം ആഘോഷങ്ങളിൽ ഒരിക്കലെങ്കിലും പങ്കാളികളാകുന്നവരിൽ അറിഞ്ഞുമറിയാതെയും ഹിന്ദുത്വ രാഷ്ട്രീയം മുന്ന്ട്ടുവെക്കുന്ന ചില ചിഹ്നങ്ങൾ, ചില മുദ്രാവാക്യങ്ങൾ തന്ത്രപരമായി നിക്ഷേപിക്കാൻ സാധിക്കുന്നു എന്നിടത്താണു ഇത്തരം ആഘോഷങ്ങളുടെ വിജയം. ഇതുതന്നെയാണു സംഘപരിവാരം ലക്ഷ്യമിടുന്നതും.

ഒരു പാർട്ടി എന്ന നിലക്ക് സിപിഎം ഇന്ന് ചരിത്രപരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ദേശീയപാർട്ടി എന്ന നിലക്കുള്ള പ്രാധാന്യവും ശക്തിയും ഇല്ലാതായി വരുന്നു. ചുകപ്പ് ഉരുക്കുകോട്ടയായിരുന്ന ബംഗാളിൽ നിന്നു തിരിച്ചടിയുടെ വാർത്തകൾ മാത്രമാണു വരുന്നത്. സിറ്റിംഗ് സീറ്റുകളിൽ പോലും നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന സാഹചര്യം. സമാനമായി ബിജെപി ഈ ഇടം കയ്യേറുകയും ചെയ്യുന്നു. കേരളത്തിലാകട്ടെ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലക്ക് സിപിഎമ്മിന്റെ ഏറ്റവും ദുർബലമായ വർഷങ്ങളാണു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഐക്യജനാധിപത്യമുന്നണിയുടെ ദുർഭരണത്തിനെതിരെ നടത്തുന്ന ജനകീയ സമരങ്ങൾ കാൽഭാരം പിന്നിടുംപോഴേക്കും പിൻവലിക്കാൻ നിർബന്ധിതരാകുന്നു. ഇതിനിടയിലാണു ടീപി വധക്കേസ്, ഫസൽ വധക്കേസ്, ഷുക്കൂർ വധക്കേസുകളിലെ പാർട്ടി ബന്ധങ്ങൾ മുൻപെങ്ങുമില്ലാത്ത വിധത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നതു. ഒരു കേഡർ ഘടന എന്ന നിലക്കുള്ള അടച്ചുറപ്പും എണ്ണയിട്ട യന്ത്രം പോലെയുള്ള പാർട്ടി മെഷിനറിയും ഇന്ന് ഇല്ലാതായിവരുന്നു. പാർട്ടിയുടെ നെടും കോട്ടക്ൾ വരെ എതിരാളികൾ തെരഞ്ഞെടുപ്പ് വിജ്ജയം നേടുന്നു. 

ഇതിനേക്കാളുപരി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നത് പാർട്ടിയുടെ എക്കാലത്തെയും വലിയ ജനെകീയ അടിത്തറയായിരുന്ന ഈഴവ സമൂഹം കൂട്ടംകൂട്ടമായി സംഘപരിവാര പാളയത്തിലേക്ക് എത്തപ്പെടുന്നതാണു. അതിനൊപ്പം തന്നെ സംഘപരിവാരം മുന്നോട്ടു വെക്കുന്ന പ്രചരണങ്ങളുടെയും ആഘോഷങ്ങളുടെയും പ്രചാരകരും പ്രയോക്തക്കളായും സിപിഎം അണികൾ മാറിക്കൊണ്ടിരിക്കുന്നു. ആർഎസ്എസ് പരിപാടികളിൽ സിപിഎം നേതാക്കളും അണികളും പങ്കെടുക്കുന്നു. ചുരുക്കത്തിൽ പാർട്ടി എക്കാലവും ഉയർത്തിപ്പിടിച്ചിരുന്ന മതനിരപേക്ഷത എന്ന മുദ്രാവാക്യത്തെ മറികടന്നുകൊണ്ട് ഹിന്ദുത്വ ആഘോഷങ്ങളുടെയും ചടങ്ങുകളുടെയു മറവിൽ സിപിഎമ്മിന്റെ അണികളെ സ്വാധീനിക്കുന്നതിൽ സംഘപരിവാരം തന്ത്രപരമായി വിജയിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെയാണു സിപിഎം അനിവാര്യമായ നിലപാട് മാറ്റത്തിനു നിർബന്ധിതരാകുന്നത്. ഒറ്റനോട്ടത്തിൽ സിപിഎമ്മിന്റെ അടിസ്ഥാന ആശയങ്ങളിൽ നിന്നുള്ള വ്യതിചലനമായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും ഹൈന്ദവ ആഘോഷങ്ങളുടെ മറവിൽ സിപിഎം അണികളെ സമർത്ഥമായി ഹിന്ദുത്വവാഹകരാക്കുക എന്ന സംഘപരിവാര തന്ത്രത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണു സിപിഎം പ്രാദേശിക ഘടങ്ങളും പോഷക സംഘടനകളും രക്ഷാബന്ധൻ, ശ്രീകൃഷ്ണജയന്തി, ഗണേഷോത്സവങ്ങൾ ഒക്കെ സ്വയം സംഘടിപ്പിക്കാൻ നിർബന്ധിതരാകുന്നതു..

അപ്പോഴും സിപിഎം ശ്രദ്ധിക്കുന്നത്  സംഘപരിവാരം നടത്തുന്ന ആഘോഷങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിക്കുവാനൊ, അതിൽ പങ്കെടുക്കുവാനോ സിപിഎം അണികളെ അനുവധിചുകൊണ്ടല്ല.(ഒറ്റപ്പെട്ട സംഭവങ്ങൾ പ്രാദേശികമായി ഇല്ലെന്നല്ല) മറിച്ചു സംഘപരിവാര സംഘടനകൾ ഹിന്ദുത്വ രാഷ്ട്രീയലക്ഷ്യം വെചു നടത്തുന്ന പരിപാടില്ലുടെ ഭാഗമാകുന്നതിനു പകരമായി താല്പര്യമുള്ളവർക്കു സ്വയം തന്നെ ഇത്തരം പരിപാടികൾ സഘടിപ്പിക്കാം എന്ന നിലപാടാണു. ഒരെ സമയം പ്രഖ്യാപിത രാഷ്ട്രീയ നിലപാടുകളിൽ നിന്നുള്ള തിരിച്ചുപോക്കും ഒപ്പം തന്നെ നിലനില്പ് രാഷ്ട്രീയത്തിന്റെ അനിവാര്യതയും ആയി മാറുന്നത് ഈ പശ്ചാതലത്തിലാണു.

ലീഗിന്റെ ശോഭായാത്ര ഐക്യദാര്‍ഡ്യം 

അതെ സമയം സംഘപരിവാര പോഷകസംഘടനായ ബാലഗോഗുലം നടത്തുന്ന ശോഭയാത്രക്ക് ആശംസ അർപ്പിച്ചും മധുരം വിളമ്പിയും ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ശ്രമിക്കുന്ന മുസ്ലിം ലീഗ് കാരണമായി പറയുന്നത് മതേതര ഐക്യദാർഢ്യമാണു. എന്നാൽ സംഘപരിവാര ആഘോഷങ്ങൾക്ക് മധുരം വിളമ്പിയത് കൊണ്ട് മതേതരത്വം നിലവിൽ വരുമോ അതോ ഹിന്ദുത്വ രാഷ്ട്രീയത്തിനു സ്വീകാര്യത ലഭിക്കുമോ എന്ന ചോദ്യത്തിനു പ്രസക്തി ഉണ്ട്. വാസ്തവത്തിൽ ലീഗ് പ്രവർതകരുടെ ഈ സംഘപരിവാര ഐക്യദാർഡ്യം ആത്യന്തികമായി സഹായിക്കുന്നത് ഹിന്ദുത്വ സംഘടനകളെയും അവരുടെ മുദ്രാവാക്യങ്ങളെയും അവരുടെ സ്വാധീനത്തെയുമാണു. ഹൈന്ദവ സമൂഹത്തിന്റെ പ്രതീകമായി ഇവിടെ സംഘാപരിവാരത്തെ ലീഗ് പ്രതിഷ്ടിക്കുകയാണു ചെയ്യുന്നത്. നിശ്കളങ്കമായി ഇത്തരം ആഘോഷങ്ങളുടെ ഭാഗമാകുന്നവരെ ആ ആഘോഷങ്ങളിലും അതുവഴി സംഘാടകർ മുന്നോട്ടു വെക്കുന്ന ആശയങ്ങളിലും തുടർന്നും നിലനിർത്തുവാൻ മാത്രമേ ഈ മധുരപലഹാര വിതരണം കൊണ്ടും പച്ചക്കൊടി വീശിയുമുള്ള ഐക്യദാഋഡ്യം കൊണ്ടും കാരണമാകൂ.

മുസ്ലിം ലീഗ് പ്രവർത്തകർ അവകശപ്പെടും പോലെ മതേതര ഐക്യദാർഢ്യം ആണു ലക്ഷ്യമെങ്കിൽ സംഘപരിവാര പ്രചരണപരിപാടികൾക്ക് അശംസ അർപ്പിക്കാതെയും മധുരം വിളമ്പാതെയും ഈ ദൗത്യം ഭംഗിയായി നിർവഹിക്കാൻ സാധിക്കും. അത്തരം മതേതര ഐക്യപ്പെടലിനു ലീഗിനു സാധിക്കുന്നുണ്ടോ എന്നു പരിശോധിക്കുമ്പോഴാണു മതേതര ഐക്യദാർഢ്യമല്ല സംഘപരിവാര സേവനമാണു ഇത്തരം ഐക്യപ്പെടലിനു കാരണമാകുന്നത് എന്ന മനസ്സിലാക്കേണ്ടതു. 

ഉദാഹരണമായി മുസ്ലിം ലീഗിനു രാഷ്ട്രീയ അപ്രമാതിത്യമുള്ള കോഴിക്കോട് ജില്ലയിലെ നാദാപുര മേഖലയിലെ വർഗീയ അസ്വസ്ഥതകൾ തന്നെ. മുസ്ലിം സമൂഹം ലീഗിന്റെ ചിറകിലും ഹൈന്ദവ സമൂഹം സിപിഎം ചിറകിലും വർഗ്ഗീയമായി സംഘടിച്ചുകൊണ്ട് നിരന്തരം ഏറ്റുമുട്ടൽ നടക്കുന്ന മേഖല. ഇത്തരം ഏറ്റുമുട്ടലുകൾക്ക് പിന്നിൽ പല കാരണങ്ങളും ഉള്ളതിനൊപ്പം പ്രസക്തമായ ഒരു കാരണം നാദാപുരം മേഖലയിലെ ഒരുവിഭാഗം വരുന്ന ലീഗ് അണികളുടെയും നേതാക്കളുടെയും സവർണ്ണ മനസ്ഥിതിയാണ്. പിന്നോക്ക ജനതയായ ഈഴവരിലെ പ്രായമായവരെ പെരു ചൊല്ലിവിളിച്ചും മറ്റും ആ സമൂഹത്തിൽ രൂപപ്പെട്ട അസ്വസ്ഥതയും ദശാബ്ദങ്ങളായി നാദാപുരത്ത് തുടരുന്ന സിപിഎം-ലീഗ് സംഘർഷത്തിനു പിന്നിൽ ഉണ്ട്. പത്രദ്വാരാ വിലയിരുത്തും പോലെ ഈ തർക്കങ്ങളും സംഘർഷങ്ങളുടെയും മൂലകാരണം രാഷ്ട്രീയമല്ല, മറിച്ച് സാമുദായികതയാണ് എന്ന കാര്യത്തിൽ മേഖലയെ കുറീച്ചറിയുന്നവർക്ക് സംശയം ഉണ്ടാകാൻ തരമില്ല. 

ഇവിടെ മുസ്ലിം ലീഗ് പ്രവർത്തകർ അവകാശപ്പെടും പോലെ മതസൗഹാർദ്ദമാണു ലക്ഷ്യമെങ്കിൽ ചുരുങിയത് ലീഗിനു അപ്രമാതിത്യം ഉള്ള സ്ഥലങ്ങളിലെങ്കിലും ഇതര സമൂഹവുമായി ഐക്യപ്പെടുവാനും സമാധാനത്തോടെ ജീവിക്കുവാനുമുള്ള സാഹചര്യം ഉണ്ടാക്കുകയാണു വേണ്ടത്. അതല്ലാതെ സംഘപരിവാര പ്രചരണങ്ങൾക്കും ആഘോഷങ്ങൾക്കും പച്ചക്കൊടി വീശുകയല്ല.

സംഘപരിവാരം അധികാരത്തിൽ വന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനു മുതൽകൂട്ടാക്കാൻ ലക്ഷ്യമിട്ടുള്ള ആഘോഷങ്ങൾ അത് മതഘോഷയാത്ര എന്ന പെരിട്ടു വിളിച്ചാൽ തന്നെയും അതിനോട് ഐഖ്യദാർഡ്യം പ്രകടിപ്പിക്കുന്നതിലൂടെ സമരസപ്പെടുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തൊട് തന്നെയാണ്. 

പുലരി