Wednesday, October 9, 2013

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കത്തും, നരേന്ദ്ര മോഡിയുടെ പര്‍ദ്ദയും, സിപിഎമ്മിന്റെ മുസ്ലിം സമ്മേളനവുംരാജ്യത്തെ മുസ്ലിം ചെറുപ്പക്കാരെ അകാരണമായി അറസ്റ്റ് ചെയ്യരുതെന്നും, തീവ്രവാദബന്ധമുള്ള കേസുകളുമായി ബന്ധപ്പെട്ട് മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുഷീൽ കുമാർ ഷിൻഡേ സംസ്ഥാനങ്ങൾക്ക് കത്തെഴുതിയതായി വാർത്തവരുന്നു. മാത്രമല്ല മുസ്ലിം ചെറുപ്പക്കാരെ അകാരണമായി അറസ്റ്റ് ചെയ്തു പീഡിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ വേണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവന വരുന്നതിനു തൊട്ടുമുൻപാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും രണ്ടായിരത്തിരണ്ടിലെ മുസ്ലിം വംശഹത്യയുമായി ബന്ധപ്പെട്ട് കുറ്റരോപിതനായ ഗുജറാത്ത് മുഖ്യൻ നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലികളിൽ ആയിരക്കണക്കിനു ഹൈന്ദവ സ്ത്രീകളെ മുസ്ലിംസ്ത്രീകളുടെ വേഷമായ പർദ്ദ ധരിപ്പിച്ചു പങ്കെടുപ്പിക്കുന്നതായ വാർത്തകൾ ദേശീയമാധ്യമങ്ങൾ പുറത്തുവിടുന്നത്. ഈ സംഭവം കഴിഞ്ഞ് മഷിയുണങ്ങും മുന്നെ കേരളത്തിൽ പ്രതിപക്ഷ രാഷ്ട്രീയപാർട്ടിയായ സിപിഎം മലബാറിലെ മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട വിപുലമായ സമ്മേളനം സംഘടിപ്പിക്കുന്നു. അടുത്തകാലത്തായി വിവിധ കാരണങ്ങളാൽ സിപിഎമ്മുമായി സഹകരിക്കുന്ന മുസ്ലിം പ്രാസംഗികരെ കൊണ്ട് പ്രസംഗിപ്പിക്കുന്നു. വിശ്വാസികൾക്ക് നമസ്ക്കരിക്കാൻ പ്രത്യേകം സൌകര്യം സംഘാടകരായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്കിസ്റ്റ്) ചെയ്തതായ വിശേഷങ്ങളും വാർത്തകളിൽ എടുത്തു പറയുന്നു..

കോൺഗ്രസുകാരനായ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഗുജറത്ത് മുസ്ലിംവംശഹത്യക്ക് നേതൃത്വം നൽകിയ നരേന്ദ്രമോഡിക്കും കേരളത്തിലെ മതനിരപെക്ഷപാർട്ടിയായ സിപിഎമ്മിനും മുസ്ലിം വിഷയത്തിൽ പെട്ടെന്നിത്രമാത്രം താല്പര്യം വരാൻ കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോൾ ഉത്തരം ലഭിക്കുക രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് എന്ന വാർത്തകളാണ്. അതെ, ഒരു വിളിപ്പാടകലെ  പൊതുതെരഞ്ഞെടുപ്പിങ്ങെത്തിയിരിക്കുന്നു. ആദിവാസി ഊരുകളും, ദലിത് കോളനികളും മുസ്ലിം ഗല്ലികളും ലക്ഷ്യമിട്ടു വിവിധ രാഷ്ട്രീയപാർട്ടികളുടെ സമ്പ്രദായിക നാടകങ്ങൾക്ക് തുടക്കം കുറിക്കാൻ സമയമായിരിക്കുന്നു. വിജയിക്കാനും പിടിച്ചടക്കാനും രാജ്യത്തെ പ്രധാന ന്യൂനപക്ഷമായ മുസ്ലിംസമൂഹത്തിന്റെ പിന്തുണ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്കു അനിവാര്യമായ സമയം. അതുകൊണ്ടുതന്നെ മുസ്ലിം സമുദായത്തിന്റെ വക്താക്കളാകുവാനും, സമുദായത്തിന്റെ കണ്ണീരൊപ്പാനും പതിവു വാഗ്ദാന നാടകങ്ങളും കണ്ണീർ തൂവാലകളുമായി രാഷ്ടീയപാർട്ടികൾ തയ്യാറെടുക്കുന്നു. മുൻപും പലതവണ ആവർത്തിക്കപ്പെട്ട നാടകങ്ങളുടെ പുനരാവിഷ്കാരം.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഗുജറാത്ത് മുഖ്യൻ നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചതിനു ശേഷം മുഖംമറച്ച പർദ്ദയിട്ട സ്ത്രീകളും, താടിയും തൊപ്പിയും ധരിച്ച മുസ്ലിം പുരുഷന്മാരും ഭാവി പ്രധാനമന്ത്രിക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായ വാർത്തകളും വാർത്താ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നു.  നരേന്ദ്ര മൊഡി പങ്കെടുക്കുന്ന റാലികളിൽ പർദ്ദാധാരിണികളുടെ വൻസാന്നിദ്ധ്യവും മാധ്യമങ്ങൾ പ്രത്യേകം എടുത്തു പറയുന്നു. മുസ്ലിം സമുദായത്തിന്റെ മാറുന്ന മനോഭാവമാണ് നരേന്ദ്ര മൊഡിയുടെ റാലികളിലെ ഗണ്യമായ മുസ്ലിം സാന്നിദ്ധ്യം എന്നു സംഘപ്രചാരകരായ മാധ്യമപ്രവർത്തകർ അച്ചുനിരത്തുന്നു. ഗുജറാത്ത് വംശഹത്യക്കിടെ ഏറ്റവും പ്രയാസമനുഭവിച്ചത് മുസ്ലിം സ്ത്രീകളാണ്. ആയിരക്കണക്കിനു സ്ത്രീകളാണ് സംഘപരിവാർ ആസൂത്രണം ചെയ്തു നടപ്പാക്കിയ വംശഹത്യക്കിടെ വിവിധതരത്തിൽ പീഡിപ്പിക്കപ്പെട്ടത്. പൂർണ്ണഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്തതിനു ശേഷം വയറുകീറി ഗർഭസ്ഥശിശുവിനെ ശൂലം കൊണ്ട് കുത്തിപ്പിടിച്ച് ഗർഭപാത്രത്തിൽ പെട്രോളൊഴിച്ചു തീകൊടുത്തതായ വാർത്തകളും ഗുജറാത്ത് വംശഹത്യക്കിടെ ഉയർന്നിരുന്നു. ഇത്രമാത്രം സ്ത്രീവിരുദ്ധമായ വംശഹത്യക്ക് ഭരണപരമായി നേതൃത്വം നൽകിയ നരേന്ദ്ര മൊഡിയുടെ റാലികളിലെ ഇരകളാക്കപ്പെട്ട മുസ്ലിം സ്ത്രീകളുടെ വൻപ്രാതിനിധ്യം കണ്ട് പലരും അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഇതെങ്ങിനെ സംഭവിക്കുന്നു എന്ന ചോദ്യത്തിനു പലരും പലനിലക്കുള്ള വ്യാഖ്യാനങ്ങളാണ് നൽകിയത്. ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമാണ് മുസ്ലിം സ്ത്രീകളെ നരേന്ദ്ര മോഡിയുടെ റാലിയിലേക്ക് അട്ടിത്തെളിക്കുന്നതെന്ന് ഒരു കൂട്ടർ, അതല്ല പണം നൽകി പ്രലോഭിച്ചാകാം മുസ്ലിം സ്ത്രീകളെ റാലിയിലേക്ക് കൊണ്ട്വരുന്നതെന്നു മറ്റൊരു വാദം. ഇരുവാദങ്ങളും മുറുകിവരവെയാണ് നരേന്ദ്ര മോഡീ പങ്കെടുക്കുന്ന റാലിക്കു വേണ്ടി ആയിരക്കണക്കിനു പർദ്ദകൾ സംഘപരിവാർ ബാന്ധവമുള്ള റിയൽ എസ്റ്റേറ്റ് കമ്പനികൾ വാങ്ങിക്കൂട്ടീയ റിപ്പൊർട്ടുകൾ പുറത്തുവരുന്നത്. നരേന്ദ്രമൊഡിയുടെ റാലിയിൽ പർദ്ദ ധരിച്ചെത്തുന്നത് ഹിന്ദുത്വർ തന്നെയെന്നു വ്യക്തം. പരമ്പരാഗത ഹൈന്ദവ വോട്ടുകൾപ്പുറം ഈ പർദ്ദധാരിണികളെ കാണിച്ച് നാലും മുസ്ലിം വോട്ടുകൾ കൂടി നേടാനുള്ള രാഷ്ട്രീയ നാടകത്തിന്റെ ഭാഗം. ചുരുക്കത്തിൽ ഗുജറാത്ത വംശഹത്യക്കിടെ കൂട്ടക്കൊലക്കിരയായ മുസ്ലിംകളെ തെരുവിലെ പട്ടികളോടുപമിച്ച  നരേന്ദ്ര മോഡിക്കും വേണം മുസ്ലിംകളുടെ വോട്ട്.

ബിജെപിക്കും നരേന്ദ്രമോഡിക്കും ആകാമെങ്കിൽ എന്തുകൊണ്ട് രാജ്യം ഭരിക്കുന്ന കൊൺഗ്രസിനും ഈ നാടകം കളിച്ചുകൂടാ? അവരാണെന്കിൽ ഈ വിഷയത്തിൽ ദശാബ്ദങ്ങളുടെ പ്രാമ്പര്യമുള്ളവരുമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്ഥാവനയെ കാണേണ്ടതും ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തന്നെയാണ്. വാസ്തവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പ്രകടിപ്പിച്ച ആശങ്കകൾക്കപ്പുറമാണ് മുസ്ലിം ചെറുപ്പക്കാർ നേരിടുന്ന യാഥാർത്ഥ്യങ്ങൾ. മുൻകാലങ്ങളിൽ ഭീകരതയുടെ പേരിൽ വിവിധ സർക്കാർ എജൻസികൾ വിദ്യാഭ്യാസമില്ലാത്ത മുസ്ലിം ചെറുപ്പക്കാരെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഇന്ന് വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തീവ്രവാദ ബന്ധം ആരോപിച്ച് അകാരണമായി അറസ്റ്റ് ചെയ്ത് തുറുങ്കിലടക്കുന്നത്. രാജ്യത്തെവിടെയെങ്കിലും അനിഷ്ടസംഭവങ്ങൾ റിപ്പൊർട്ട് ചെയ്താൽ സർക്കാർ ഏജൻസികൾ തീർത്തും മുൻധാരണയോടെ പിടികൂടുന്നത് മുസ്ലിം ചെറുപ്പക്കാരെയാണ്. ആയിരങ്ങളാണ് ഈ നിലക്ക് കുറ്റപത്രം പോലും ചാർജ്ജ് ചെയ്യാതെ ഇന്ന് തടവറകളിൽ കഴിയുന്നത്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും ഭരിക്കുന്നത് കോൺഗ്രസ് മുഖ്യമന്ത്രിമാർ തന്നെയാണെന്നതാണ് യാഥാർത്ഥ്യം. മഹാരാഷ്ട്ര, ആന്ധപ്രദേശ്, കേരളം, രാജസ്ഥാൻ എന്നിങ്ങനെ കൊൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും സംഘപരിവാരം ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ വിഷയത്തിൽ പ്രകടമായ വ്യത്യാസം ഇല്ല എന്നത് കൂട്ടിവായിക്കേണ്ടതുണ്ട്.

മാത്രമല്ല മുസ്ലിം സമുദായത്തിനെതിരെ വ്യാപകമായ നിലയിൽ ദുരുപയോഗം ചെയ്യപ്പെടുന്ന കരിനിയമങ്ങളിൽ ഭൂരിഭഗവും കോൺഗ്രസ് സർക്കാരുകളുടെ സംഭാവനയാണ്. ഭീകരവിരുദ്ധ നിയമമെന്ന പേരിൽ വിവിധ കാലങ്ങളിലായി കോൺഗ്രസ് സർക്കാരുകൾ ചുട്ടെടുത്തത് നാലൊളം കരിനിയമങ്ങൾ. ഈ നിയമത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് തൊണ്ണൂറ്റിയഞ്ചു ശതമാനവും മുസ്ലിം സമുദായത്തിലെ ചെറുപ്പക്കാർ മുതൽ വൃദ്ധരായവർ വരെ. ടാഡ എന്ന കരിനിയമം പിൻവലിക്കപ്പെട്ടെങ്കിലും നിയമവിരുദ്ധമായ ആ നിയമത്തിന്റെ പേരിൽ എഴുപത്തിയാറായിരം മുസ്ലിംകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തടവറകളിൽ കഴിയുന്നു. ഇതിൽ കുറ്റം തെളിയിക്കപ്പെട്ടവർ വെറും ഒന്നര ശതമാനത്തോളം പേർ മാത്രം. സമാനമാണ് മോക്ക യുഎപിഎ എന്ന കരിനിയമങ്ങളുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെയും അവസ്ഥ.

കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിൽ ആയിരക്കണക്കിന്  നിരപരാധികളായ മുസ്ലിം യുവാക്കളാണ് അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടു തടവറകളിൽ കഴിയുന്നതെന്നു ഈ വിഷയത്തിൽ പഠനം നടത്തിയ റ്റാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് വെളിപ്പെടുത്തിയത് അടുത്തിടെയാണ്. ഇതിൽ ഭൂരിഭാഗവും വിചാരണ തടവുകാരും, വിചാരണ എന്നു നടക്കുമെന്നുപൊലും അറിയാത്തവരുമാന്. പല കേസുകളിലും കുറ്റപത്രം പോലും സമർപ്പിക്കാതെയാന് യുവാക്കളെ വർഷങ്ങളായി തടവിൽ പാർപ്പിചിരിക്കുന്നതു. കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശിലും സ്ഥിതി വ്യത്യ്സ്ഥമല്ല. സംസ്ഥാനത്തെവിടെയെങ്കിലും പൊട്ടുന്ന ബോംബ് സ്ഫോടനങ്ങളുടെ ഉത്തരവാദിതം അടിച്ചേൽപ്പിച്ച് നിരവധി മുസ്ലിം ചെറുപ്പക്കാരാണ് ആന്ധ്ര പ്രദേശിൽ ദീർഘനാളായി വിചാരണ തടവിൽ കഴിയുന്നതു. വിചാരണ കഴിഞ്ഞ കേസുകളിൽ കുറ്റാരോപിതരായി തടവിലടക്കപ്പെട്ട മുസ്ലിം യുവാക്കൾ കുറ്റക്കാരല്ല എന്നു കണ്ടു കൊടതി വെറുതെ വിട്ടതും അടുത്തകാലത്താന്. നിരപരാധികളായ യുവാക്കളാണ് വർഷങ്ങളായി തടവിൽ കഴിഞ്ഞതെന്ന് വ്യക്തം.  മുസ്ലിം ചെറുപ്പാക്കാർക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന ഇതരസംസ്ഥാനങ്ങളുടെ ചെയ്തികൾ കേരളത്തിലെ കോൺഗ്രസ് ആഭ്യന്തരവകുപ്പും പിന്തുടരുന്നു. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട കേസുകളാണെങ്കിൽ അത്തരം കേസുകൾക്ക് ഇല്ലാാത്ത തീവ്രവാദമുദ്ര ചാർത്തി കരിനിയമം പ്രയോഗിച്ചു ജാമ്യം പോലും നിഷേധിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. കേരളത്തിൽ മാത്രം യുഎപിഎ എന്ന കരിനിയമത്തിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന നൂറു പേരിൽ തൊണ്ണൂറ്റിരണ്ട് പേരും മുസ്ലിംകൾ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുസ്ലിംകൾ പ്രതിചേർക്കപ്പെട്ട കേസുകളിൽ കീഴ്കൊടതികൾ നൽകിയ ജാമ്യത്തെ മേൽകോടതികളിൽ ചോദ്യം ചെയ്തു മനുഷ്യത്വരഹിതവും യുക്തിക്കു നിരക്കത്തറ്റുമായ വാദമുഖങ്ങളുയർത്തുന്നു. മുസ്ലിം മാനെജുമെന്റിനു കീഴിലുള്ള പ്രസിദ്ധീകരണങ്ങളെയും പത്രസ്താപനങ്ങളെയും പ്രത്യേകം ലക്ഷ്യമിട്ടുകൊണ്ടുള്ള സമീപകാലത്തെ പോലീസ് നടപടികളും ഇതിനൊടു ചേർത്തുവായിക്കേണ്ടതാണ്. മുസ്ലിം വിഷയത്തിൽ ആഭ്യന്തരവകുപ്പ് കാണിക്കുന്ന അമിതാവേശത്തിന്റെ നൂറിലൊരംശം പോലും ഇതരവിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ കാണിക്കുന്നില്ല എന്നു കൂട്ടിവായിക്കണം.

ചുരുക്കത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഇരുട്ടുകൊണ്ടാണ് ഓട്ടയടക്കാൻ ശ്രമിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് പാർട്ടി നേതൃത്വം നലുകുന്ന സംസ്ഥാനങ്ങൾ മുസ്ലിം ചെറുപ്പാക്കാരെ ലക്ഷ്യമിട്ടു നടത്തുന്ന വേട്ടയിൽ സംഘപരിവാര സർക്കാരുകൾക്ക് പിന്നിലല്ല എന്നു വ്യക്തം. ദെശീയ പാർട്ടിയായ കോൺഗ്രസിനു സ്വന്തം പാർട്ടിഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിം ചെറുപ്പക്കാർ അകാരണമായി പീഡിപ്പിക്കപ്പെടുന്നത് തടയാൻ സാധിക്കില്ല എന്നുണ്ടോ? മാസങ്ങൾ തൊറും കൊൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു വിഷയങ്ങൾ അവലോകനം ചെയ്യുന്ന കൊൺഗ്രസ് ഹൈക്കമാൻഡിനും ഈ നീതിനിഷേധത്തെ തടയാൻ സാധിക്കില്ലേ? അത്തരം നടപടികൾക്കൊന്നും മുതിരാതെ എന്തുകൊണ്ടാണ് ഈ സമയത്തിങ്ങനെയൊരു കത്തുമായി വരാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയെ പ്രേരിപ്പിച്ചിരിക്കുക? ഉത്തരം ലളിതം. മുസ്ലിംകളുടെ കണ്ണീരൊപ്പുക എന്ന വ്യാജേന മുസ്ലിം വോട്ടുകൾ കോൺഗ്രസ് പെട്ടിയിലാക്കുക. അതിനപ്പുറം ഒരു ലക്ഷ്യവും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിവാദമായ കത്തിനു പിന്നിൽ ഇല്ല.

നരേന്ദ്രമോഡി പർദ്ദ വഴിയും, കോൺഗ്രസ് കത്ത് വഴിയും മുസ്ലിം വോട്ടുകൾ പെട്ടിയിലാക്കാൻ നോക്കുമ്പൊൾ മൂന്നാം ദേശീയ ബദലിനു തയ്യാറെടുക്കുന്ന സിപിഎം എങ്ങിനെ മാറിനിൽക്കും? നരേന്ദ്ര മോഡിയുടെ പർദ്ദക്കും കോൺഗ്രസിന്റെ കത്തിനും ബദലായി സിപിഎം അവതരിപ്പിച്ചത് സെമിനാർസമ്മേളനം. പാർട്ടിയുടെ മലപ്പുറം സംസ്ഥാന സമ്മേളനം പോലെ മറ്റൊരു മമാങ്കം. പേരു ‘മലബാറിലെ മുസ്ലിംകളും ഇടതുപക്ഷവും’.  മുസ്ലിം സമുദായത്തിന്റെ വോട്ട് ലഭിക്കുവാൻ സമ്മേളനം തന്നെ ധാരാളം എന്നു പാർട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. സാധാരണ വിഷയാധിഷ്ടിതമായി അവതരിക്കുന്ന ഗൌരവരതരമായ സെമിനാറുകൾ നിയന്ത്രിത സദസ്സിനു മുന്നിലാണ് അവതരിപ്പിക്കപ്പെടാറെങ്കിൽ സിപിഎം സംഘടിപ്പിച്ച ഈ മുസ്ലിം സെമിനാർ ഫലത്തിൽ സിപിഎമ്മിന്റെ മുസ്ലിം സമ്മേളനമായി മാറ്റുകയായിരുന്നു. അതുകൊണ്ടൂ തന്നെ സെമിനാർ എന്ന നിലക്കുള്ള ഗൌരവതരമായ ചർച്ചകളേക്കാൾ പാർട്ടിയുടെ അൾബലം പ്രദർശിപ്പിക്കലും മുസ്ലിം സദസ്സിനു മുന്നിൽ പാർട്ടി നയങ്ങൾ വിശദീകരിക്കലും അടുത്തകാലത്തായി വിവിധ കാരണങ്ങളാൽ ഇതര പാർട്ടികൾ വിട്ടുവന്നു സിപിഎമ്മുമായി സഹകരിക്കുന്ന വിഘടിത നേതാക്കളുടെ കൂട്ടായ്മയുമായി സെമിനാർ ചുരുങ്ങി.

മലബാറിൽ മുസ്ലിം വോട്ടുകൾ ആണ് ഭൂരിഭാഗം മണ്ഡലങ്ങളിലും വിജയപരാജയങ്ങൾ തിരുമാനിക്കുന്നത്. മാത്രമല്ല സാമുദായിക പാർട്ടിയായ മുസ്ലിം ലീഗ് ഭരണപക്ഷത്താകുമ്പൊൾ ലീഗ് വിരുദ്ധവികാരം മലബാറിൽ ശക്തമാകാറുമുണ്ട്. ലീഗിന്റെ ഭരണപരാചയങ്ങളും സമുദായത്തെ മറന്നു പ്രാമാണിത്തരത്തോടും അധികാരസക്തിയൊടും രാജിയാകുന്ന ലീഗിന്റെ പതിവു രീതികളുമാണ് മുൻകാലങ്ങളിൽ ലീഗിനെതിരെ സമുദായത്തിനുള്ളിൽ നിന്നുള്ള വികാരം രൂപപ്പെടുന്നതിനു കാരണമാകാറുള്ളത്. കാലാകാലങ്ങളായി ഈ ലീഗ്വിരുദ്ധവികാരത്തിന്റെ ഏകപക്ഷീയമായ ഗുണഭോക്താക്കൾ ഇടതുപക്ഷമാണ്, വിശിഷ്യാ സിപിഎം. ലീഗ് വിരുദ്ധ മുദ്രവാക്യമുയർത്തി രംഗത്തുവന്ന പല രാഷ്ട്രീയപാർട്ടികളും സിപിഎമ്മിന്റെ അധീനതയിൽ ആയിരിക്കെ ലീഗിവിരുദ്ധ വോട്ടുകൾ മൊത്തമായി  പാർട്ടി ചിഹ്നത്തിൽ വീഴുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. എന്നാലിത്തവണ ഏകപക്ഷീയമായ ഈ പിന്തുണ സിപിഎമ്മിനു ലഭിക്കാൻ സാധ്യതയില്ല എന്നാണ് വിലയിരുത്തപ്പെടുന്നതു. അധസ്തിത സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ടു രംഗത്തുവന്ന നവസാമൂഹിക പാർട്ടിയിയുടെ ചിഹ്നത്തിലേക്കും ഗണ്യമായ മുസ്ലിം വോട്ടുകൾ പോൾ ചെയ്യപ്പടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അടുത്തകാലത്തായി നടന്ന പല പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളിലും ഈ സ്വാധീനം പ്രകടമായിരുന്നു. സ്വാഭാവികമായും ലീഗ് വിരുദ്ധവോട്ടുകൾ ഭിന്നിച്ചു പോകാതെ സിപിഎം പെട്ടിയിൽ തന്നെ വീഴ്ത്താനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണ് മലബാറിലെ മുസ്ലിം സമരവീര്യത്തെ പാർട്ടി ബന്ധത്തെ അനുസ്മരിച്ചുള്ള സിപിഎമ്മിന്റെ സെമിനാർസമ്മേളനം.

സിപിഎം അവകാശപ്പെടും പോലെ അത്രമാത്രം സൌഹാർദ്ദപരമാണോ സിപിഎമ്മും മുസ്ലിം സമുദായവും തമ്മിൽ നിലനിൽക്കുന്നത്? മുസ്ലിം ലീഗിനെ മുസ്ലിം സാമുദായിക പാർട്ടി എന്നും കോൺഗ്രസിനെ നായർ ക്രൈസ്തവ പാർട്ടി എന്നു വിശേഷിപ്പിക്കും പോലെ സിപിഎമ്മിനെ ഹൈന്ദവ പാർട്ടി എന്ന നിലക്കാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവെ  വിലയിരുത്താറുള്ളത്. പാർട്ടി അംഗങ്ങളിലും നേതാക്കളിലും പാർട്ടി മന്ത്രിസഭകളിലും മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിലുമൊക്കെ ഈ ഏകപക്ഷീയ സ്വാധീനം പ്രകടമാണ്. അടുത്തകാലം വരെയും പരസ്യമായും മുസ്ലിം വിരുദ്ധനയങ്ങൾ പരസ്യമായി എടുത്തണിയാൻ സിപിഎമ്മിനു മടിയുണ്ടായിരുന്നില്ല. എൺപതുകളിലെ ശരീഅത്ത് വിവാദകാലത്ത് സിപിഎമ്മിന്റെ മുസ്ലിം വിരുദ്ധനയം പ്രകടമായിരുന്നു. എന്നാൽ അധികാരം നിലനിർത്താൻ പരമ്പരാഗത വോട്ടു ബാങ്കിനുമപ്പുറം പുതിയ സ്വാധീനമേഖല കണ്ടെത്തേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തൊണൂറുകളോടു കൂടി മുസ്ലിം വിഷയങ്ങളിൽ ചില ഇടപെടലുകൾക്ക് പാർട്ടി തയ്യാറാകുന്നത്. ഗൾഫ് യുദ്ധത്തിൽ സദ്ദാം ഹുസൈന്റെ പക്ഷത്തു നിന്നുകൊണ്ടും, ബാബരീ മസ്ജിദ് വിഷയത്തിലും സിപിഎമ്മിന്റെ നയങ്ങൾ ഒരെ സമയം ലീഗിന്റെ അധികാരാസക്തിക്കെതിരെയും, സാമ്രാജ്യത്വത്തിനെതിരെയും സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടക്കെതിരെയുമായത് ഈ പശ്ചാതലത്തിലാണ്. ബാബരീ മസ്ജിദ് വിഷയത്തിൽ ലീഗിനെതിരെ സമുദായത്തിൽ രൂപം കൊണ്ട് ശക്തമായ വികാരം സ്വാഭാവികമായും സിപിഎമ്മിനാണ് ഗുണകരമായത്. സ്താനാർത്തിയെ കാണാതെ ലീഗ് ചിഹ്നം വെച്ചാൽ പോലും വിജയിക്കുമായിരുന്ന മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടി. ലീഗിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോചിപ്പുള്ള ചെറുപ്പക്കാർ സിപിഎമ്മുമായും യുവജനപ്രസ്ഥാനങ്ങളുമായും അടുക്കുകയും ചെയ്തു.

എന്നാൽ തിരിച്ചു സിപിഎം ഈ സമുദായത്തിനു എന്തു നൽകി എന്ന ചോദ്യത്തിനുത്തരം തേടിയാൽ കണ്ടത്തുക, പാർട്ടിയുടെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഗതിവിഘതികൾ പുനർ നിശ്ചയിച്ച മലപ്പൂറം സംസ്ഥാന സമ്മേളനം മാത്രം. അതിനപ്പുറം സഞ്ചരിക്കാൻ സിപിഎമ്മിനായില്ല. മലപ്പുറം സമ്മേളനത്തിന്റെ ആവേശത്തിൽ ലീഗിന്റെ പൊന്നാപുരം കൊട്ടകളൊന്നാകെ കടപുഴുകി വീഴ്ത്തി അധികാരത്തിലേറിയ സിപിഎം സർക്കാർ ആദ്യം ചെയ്തത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ചീഫ് സ്ക്രട്ടരി പഥവിയിലെത്തിയ മുസ്ലിം നമധാരിയെ തത്സ്ഥാനത്തു നിന്നു മാറ്റി അരമന ബിഷപ്പുമാരുടെ നോമിനിയെ പകരം വാഴിക്കുകയാണ്. ലീഗിനെ കയ്യൊഴിഞ്ഞു സിപിഎമ്മിനെ പുണർന്ന സിപിഎം ഭരണകാലത്ത് മലപ്പുറം ജില്ല വാർത്തകളിൽ നിറഞ്ഞുനിന്നത് ഭീകരവേട്ട എന്ന പേരിൽ കേരള പോലീസ് മലപ്പുറം ജില്ലയിൽ നടത്തിയ നരനായാട്ടിലൂടെയായിരുന്നു. എൺപതു വയസു കഴിഞ്ഞ വന്ദ്യവയോധികർക്കു അർദ്ധരാത്രിയിൽ പോലും വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത വിധം പോലീസ് നിരപരാധികളെ ഏകപക്ഷീയമായി വേട്ടയാടി. മുസ്ലിം ചെറുപ്പക്കാർ പ്രതിയാക്കപ്പെടുന്ന കേസുകൾക്ക് സംഘപരിവാർ - കൊൺഗ്രസ് പോലീസ് നയത്തിന്റെ തുടർച്ചയെന്നൊണം തീവ്രവാദമുദ്രകുത്തി ജയിലിലടച്ച ഇടതുപക്ഷ പോലീസ്  മുസ്ലിമേതരരാണ് പ്രതിചേർക്കപ്പെടുന്നതെങ്കിൽ അത്തരം വ്യക്തിക്ക് മാനസിക രോഗസർട്ടിഫികറ്റ് നൽകി കുറ്റകൃത്യത്തെ ലഘൂകരിച്ചു. പ്രമാദമായ ലെറ്റർ ബോംബ് കേസിൽ പ്രതിയാക്കപ്പെട്ട മുഹസിനും യതാർഥ പ്രതിയായ രാഹുൽരാജും കുമളിയിൽ വ്യാപാരം നടത്തുന്ന കാശ്മീർ സ്വദേശി അൽതാഫുമൊക്കെ സിപിഎം ഭരണകാലത്തെ ഇരട്ടനീതിയുടെ പ്രതീകങ്ങളാണ്.

ഒന്നാം മാറാട് കലാപ കേസിൽ പ്രൊസ്യുക്യൂട്ടറായി നിശ്ചയിച്ചത് സംഘപരിവാര പ്രവർത്തകനായ അഡ്വ: ഹരിയെ. അനാവശ്യമായ പല നിബന്ധനകളും അടിച്ചേൽപ്പിചു ന്യൂനപക്ഷങ്ങൾക്കായുള്ള പ്രധാനമന്ത്രിയുടെ 15 ഇന പരിപാടികളിൽ പലതും ഇടതുസർക്കാർ അട്ടിമറിച്ചു.  പതിനൊന്നോളം മുസ്ലിം ചെറുപ്പക്കാരാണ് ഈ കാലയളവിൽ പോലീസ് വേടിയേറ്റും സിപിഎം പ്രവർത്തകരുടെ അക്രമണത്തിലും കൊലചെയ്യപ്പെട്ടതു. ബീമാപള്ളിയിലും കാസർക്കൊഡും മുസ്ലിം ജനക്കൂട്ടത്തിനു നേരെ വെടിവെച്ചാണ് കൊലനടത്തിയതെങ്കിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലും ഇരിട്ടിയിലും സിപിഎമ്മുകാരുടെ അക്രമത്തിലാണ് യുവാക്കൾ കൊലപ്പെടുന്നതു. കൊലപ്പെടുത്തിയതിനപ്പുറം ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം വർഗ്ഗീയ ശക്തികളുടെ മേലെ കെട്ടിവെച്ചുകൊണ്ട് സാമുദായിക ധ്രുവീകരണത്തിനും കലാപത്തിനും പാർട്ടി ശ്രമിക്കുകയുണ്ടായി. പ്രാദേശികമായുണ്ടായ ഒരു വധ്ശ്രമത്തിന്റെ പേരിൽ യുഎപിഎ എന്ന കരിനിയമം പ്രയോഗിച്ചതു മുപ്പതോളം മുസ്ലിം ചെറുപ്പക്കാർക്കെതിരെ.

ഭരണതലത്തിൽ മുസ്ലിം സമൂഹത്തോടുള്ള പൊതുനിലപാട് ഈ നിലക്കായിരിക്കെ സിപിഎം എന പാർട്ടി സ്വയം തന്നെ ഹൈന്ദവവൽക്കരിക്കപ്പെടുന്നു എന്ന ആരൊപണം പാർട്ടി അനുഭാവികളിൽ നിന്നുതന്നെ അടുത്തകാലത്തായി ഉയരുന്നു. സംഘപരിവാരത്തിനെതിരെ സിപിഎം എക്കാലവും ഉയർത്തിപ്പിടിച്ച പ്രതിരോധകവചം ക്രമേണ ഇല്ലാതായിവരുന്നു. താഴീകിടയിലുള്ള നേതൃത്വവും അണികളിൽ തന്നെ ഒരു വിഭാഗവും അടുത്തകാലത്തായി സംഘപരിവാർ ആശയങ്ങൾ സ്വാധീനിക്കപ്പെടുന്നുണ്ട്. ‘രാഷ്ട്രീയം എന്തുമായിക്കോട്ടെ ഹിന്ദു ഒന്നാണെന്ന്” സംഘപരിവാർ അടുത്തകാലത്തായി ഉയർത്തികൊണ്ടുവരുന്ന മുദ്രാവാക്യങ്ങത്തിന്നു സി.പി.എം അണികളിൽ സ്വീകാര്യത വർദ്ധിച്ചു വരുന്നു. സംഘപരിവാര പരിപാടികളിൽ പാർട്ടി നേതാക്കൾ സാന്നിദ്ധ്യമറിയിക്കുന്നു. മലബാറിൽ സിപിഎം സംഘാപരിവാര സംഘർഷത്തിനു അയവു വന്നപ്പോൾ സിപിഎമ്മും വിവിധ മുസ്ലിം സംഘടനകളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണുണ്ടായത്. ഇത്തരം സംഘർഷങ്ങളിൽ സംഘപരിവാരപ്രവർത്തകരിൽ നിന്നുള്ള നിരന്തര സഹായം സി.പി.എം പ്രവർത്തകർക്ക് ലഭിച്ചു കൊണ്ടിരിക്കന്നു. സംഘപരിവാരം ഉയർത്തികൊണ്ടു വന്ന ചില മുസ്ലിം വിരുദ്ധ മുദ്രാവക്ക്യങ്ങൾ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ സംഘപരിവാരിനൊപ്പം തന്നെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളും ഉണ്ടെന്നത് യാദൃശ്ചികമാകില്ല. ഒരു തെളിവു പോലുമില്ലാതെ ഹൈകോടതി തള്ളിക്കളഞ്ഞ ലവ് ജിഹാദുമായി ബന്ദപ്പെട്ട  പോസ്ട്ടറുകൾ സംഘപരിവാർ സംഘടനകളേക്കാൾ ആവേശത്തിൽ പ്രചരിപ്പിച്ചതിൽ സി.പി.എം യുവജന സംഘടനകളുമുണ്ടായിരുന്നു. ലീഗിന്റെ അഞ്ചാം മന്ത്രി വിഷയത്തിലും സിപിഎമ്മിന്റെ നിലപാടുകൾ സംഘപരിവാരനിലപാടുകളിൽ നിന്നു വ്യത്യസ്തമായിരുന്നില്ല.

ഇത്തരമൊരു പശ്ചാത്തലം നിലനിൽക്കുമ്പോഴാണ് മലബാറിൽ ഒരു സെമിനാർസമ്മേളനം നടത്തി മുസ്ലിം പിന്തുണ ഉറപ്പിക്കാൻ സിപിഎം ശ്രമിക്കുന്നത്. ഗുണപരമായി ഒന്നും ചെയ്തില്ലെങ്കിലും മുഖ്യമന്ത്രിമാർക്കു കത്തെഴുതിയും ഹിന്ദുത്വതരെ പർദ്ദ ധരിപ്പിചും സമ്മേളന മാമാങ്കം നടത്തിയും മുസ്ലിം പിന്തുണ വിലക്കെടുക്കാമെന്ന രാഷ്ട്രീയ വിലയിരുത്തലാകാം വീണ്ടും വീണ്ടും ഇത്തരം പൊടിക്കൈകളുമായി വരൻ മുഖ്യധാരാ പാർട്ടികളെ പ്രേരിപ്പിക്കുന്നതു. മുസ്ലിം പ്രമാണിമാരെയും അധികാരതല്പരരെയും സ്വാധീനിച്ചു ഈ സമുദായത്തെ തന്നെ വിലക്കെടുക്കുവാനുള്ള ശ്രമം. തെരഞ്ഞെടുപ്പടുക്കും തൊറും ഇത്തരം നാടകങ്ങളുടെ എണ്ണവും വണ്ണവും വർദ്ധികുമെന്നതിൽ സംശയമില്ല. ഇത്തരം നാടകങ്ങൾക്കപ്പുറം യാഥാർത്ഥ്യം ഗ്രഹിക്കാനു സ്വയം ശക്തിയാർജ്ജിക്കുവാനും മുസ്ലിം സമുദായം തയ്യാറാവുന്ന കാലത്തൊളം ഇത്തരം നാടകങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.

പി.കെ നൌഫൽ