Monday, March 18, 2013

ആവിഷ്കാര സ്വാതന്ത്യം ഗൾഫ് നാടുകളിൽ


                       ആവിഷ്കാര സ്വാതന്ത്യം ഗൾഫ് നാടുകളിൽ

ദിവസങ്ങൾക്ക് മുൻപാണ്, ഏറെ വ്യക്തി സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സോഷ്യൽ നെറ്റുവർക് സൈറ്റുകളിലൂടെ രാഷ്ട്രീയ നേതാക്കളെ വ്യക്തിഹത്യ നടത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും ജീവിക്കുന്ന മലയാളികൾ അടക്കമുള്ളവർക്കെതിരെ പോലീസ് സൈബർ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സൂര്യനെല്ലെ പെൺവാണിഭകേസുമായി ബന്ധപ്പെടുത്തി ആരോപണ വിധേയനായ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യനെതിരെ ഫേസ്ബുക്കിലൂടെ ആക്ഷേപാർഹമായ ഫൊട്ടോകളും പരാമർശങ്ങളും നടത്തി എന്നതിന്റെ പേരിലാണ് പോസ്റ്റിടുകയും ഷെയർ ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്ത ഇരുന്നൂറോളം പേർക്കെതിരെ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതു. സിപീഎം സംസ്ഥാന സെക്രട്ടറി സഖാവ് പിണരായി വിജയന്റ്റെ വീടെന്നു പറഞ്ഞ് ഫേസ്ബൂക്കിലൂടെ മറ്റൊരു വ്യക്തിയുടെ വീട് പോസ്റ്റുകയും അതു ഷെയർ ചെയ്തവർക്കുമെതിരെ പോലീസ് കേസെടുത്തത് വാർത്തയായത് രണ്ട് വർഷങ്ങൾക്കു മുൻപാണ്. 

ഹൈന്ദവ ദൈവമായ സരസ്വതീ ദേവി അടക്കം ഉള്ളവരെ നഗ്നരാക്കി ചിത്രീകരിച്ചു എന്നതിന്റെ പേരിൽ  ലോകം കണ്ട ചിത്രകാരനായ എം എഫ് ഹുസൈനെതിരെ ഇന്ത്യയിൽ നിലനിൽക്കുന്നത് ഇരുപതിൽ പരം കേസുകൾ. കേസുകളുടെ ആധിക്യം കാരണം എം എഫ് ഹുസൈൻ എന്ന വ്യഖ്യാത കലാകാരനു പൌരസ്വാതന്ത്ര്യം ഉറപ്പു നൽകുന്നു എന്ന പറയുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം വിട്ടു അന്യരാജ്യത്തേക്ക് കുടിയേറിപ്പാർക്കേണ്ടതായി വന്നു. ശിവലിംഗത്തിന്മേൽ കാലു കയറ്റിവെക്കുന്ന ഫോട്ടൊ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച ഒരു വ്യക്തിക്കെതിരെ സൈബർ പോലീസ് കേസ് എടുത്തതും കഴിഞ്ഞ വർഷമാണ്.  ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളെ പരാമർശിക്കുന്ന നിലക്കുള്ള സിനിമകൾക്ക് സെൻസർ ബോർഡ് അനുമതി നൽകാറില്ലെന്നതും വാർത്തകളിൽ ഇടം പിടിക്കുന്നു. പൌരസ്വാതന്ത്ര്യം മറ്റേതൊരു രാജ്യത്തേക്കാൾ ഉറപ്പു നൽകുന്ന ഇന്ത്യയിൽ ആണ് ഇത്തരം നിയമനടപടികളുമായി ഭരണകൂടം മുന്നോട്ട് നീങ്ങുന്നത എന്നതാണ് ശ്രദ്ധേയകരമായ വസ്തുത. മാത്രമല്ല സോഷ്യൽ നെറ്റുവർക് സൈറ്റുകളിലുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അടുത്തിടെയാണ് സൈബർ ആക്ടു കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള പുതിയ നിയമം കേന്ദ്രസർക്കാർ കൊണ്ടുവന്നതു. 

ഇസ്ലാമിനെയും വിശുദ്ധ ഖുർആനെയും ഫേസ്ബുക്കിലൂടെ അവഹേളിച്ചു എന്ന ആരോപണത്തെ തുടർന്ന് ഇന്ത്യൻ പൌരനായ വ്യക്തി അദ്ദേഹം ജോലി ചെയ്യുന്ന ജിസിസി രാജ്യത്ത് അതികൃതരുടെ നടപടി ഭീഷണിക്ക് നിഴലിലാണ് കഴിയുന്നതു. ഗൾഫ് രാജ്യങ്ങളിൽ മതനിന്ദയുമായി ബന്ധപെട്ട് നിലനിൽക്കുന്ന നിയമങ്ങൾ ആ വ്യക്തി അറിയാഞ്ഞിട്ടാണോ അദ്ദേഹം ഇതിന്റെ ഭാഗമായതെന്നു അറിയില്ല. അതോ സോഷ്യൽനെറ്റുവർക് സൈറ്റുകളിൽ എന്തുമാകാം എന്ന മനോഭാവവും ആകാം ഇത്തരം പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കു എന്നും ഉറപ്പില്ല. ഒരു പ്രവാസി ഇന്ത്യക്കാരൻ എന്ന നിലക്ക് തീർത്തും നിർഭാഗ്യകരമായ സംഭവം എന്നു വിശേഷിപ്പിക്കാം. എന്തായാലും അതികൃതരുടെ ഭാഗത്തു നിന്നു നടപടികൾ ഇല്ലാതീരിക്കട്ടെ എന്നു ആശിക്കാം.

അതെസമയം ജാതിമ്മത ഭേതമെന്യെ ലോകത്തെമ്പാടുമായി ലക്ഷക്കണക്കിനു മലയാളികളാണു പുറംനാടുകളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നതു. അതിൽ തന്നെ ഭൂരിഭാഗവും ഗൽഫ് രാജ്യങ്ങളിലാണ് ജോലി തേടി കുടിയേറിതാമസിക്കുന്നതു. ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ഓഫീസ് ജോലികളിലെ ചെറുതും വലുതുമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികളുടെ സാന്നിദ്ധ്യം ഇന്ന് വൻകിട ഷോപ്പിങ് കോപ്ലക്സിൽ  വരെ എത്തി നിൽക്കുന്നു. മുൻഗാമികളായി വന്നു ഗൽഫ് രാജ്യങ്ങളിൽ ആദ്യകാലത്ത് കുടിയേറിയ മലയാളികൾ ഈ നാടിനോടും സമൂഹത്തിനോടും കാണിച്ച ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഗുണപരമായ നേട്ടം കൊയ്യുന്നതു കൊണ്ട് കൂടിയാണ് മറ്റേതൊരു രാജ്യത്തിനും ഇല്ലാത്ത ആധിപത്യ സമാനമായ സ്വാധീനം ഗൾഫ് നാടുകളിൽ മലയാളികൾക്ക് ലഭ്യമാകുന്നതിന്റെ പ്രധാന കാരണം. എന്നാൽ ഈ ഗുണപരമായ നേട്ടങ്ങളുടെ ശോഭ കെടുത്താൻ പാകത്തിലുള്ള പ്രവർത്തനങ്ങളുമായി വലിയൊരു വിഭാഗം മലയാളികൾ ഈ നാടുകളിൽ നിലനിൽക്കുന്ന നിയമങ്ങൾക്ക് വിരുദ്ധമായി മുന്നോട്ടു പോകുന്നു എന്നതു കാണാതിരുന്നു കൂടാ. സാമ്പത്തിക  വഞ്ചനാ കേസുകൾ അടക്കം ഇത്തരം നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിൽ വലിയൊരു  ശതമാനത്തോളം മലയാളികൾ ഉണ്ടെന്ന് ഇതുസമ്പന്ധമായ വാർത്തകളിലൂടെ കണ്ണോടിച്ചാൽ മനസ്സിലാക്കാം. മയക്കു മരുന്നു കൈവശം വെച്ചതിന്റെ പേരിൽ നിരവധി മലയാളികളാണ് സൌദി ഭരണകൂടത്തിൻ കീഴിൽ വധശിക്ഷക്ക് വിധേയമാക്കപ്പെടുന്നതു. ഇക്കാരണം കൊണ്ടു കൂടിറ്യാകാം മലയാളികളോടൂള്ള തദ്ദേശീയ സമൂഹങ്ങളുടെ നിലപാടുകളിലും മാറ്റങ്ങൾ പ്രകടമാണ്. ഇത് പുതിയ തൊഴിൽ അവസരങ്ങളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.

അതെസമയം ഗൾഫിലെ ഭരണ സമ്പ്രദായത്തെ കുറിച്ചോ ഇവിടെ നിലനിൽക്കുന്ന നിയമങ്ങലെ കുറിച്ചോ പ്രാഥമിക വിവരം ഇല്ലാത്തവർ അല്ല ഈ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്നതു വ്യക്തമാണ്. ആദ്യകാല കുടിയേറ്റങ്ങളിൽ നിന്നും വിഭിന്നമായി വിദ്യാസമ്പന്നരായ തൊഴിലാന്വേഷകർ തന്നെയാണ് ഗൾഫ് നാടുകളിലേക്ക് ഇപ്പോൾ കുടിയേറുന്നത്. ഈ നാടുകളിൽ നിലനിൽക്കുന്നത് രാജഭരണം ആണെന്നും, ഈ രാജ്യങ്ങൾക്ക് ഔദ്യോഗികമായി തന്നെ മതവും സംസ്കാരവും ഒക്കെ ഉണ്ടു എന്നും പകൽ പോലെ വ്യക്തമാണ്. മാത്രമല്ല  ഔദ്യോഗിക മതമായ ഇസ്ലാമിനെതിരെയും ഇസ്ലാമിക ചിഹ്നങ്ങളെയും അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളെയും ഈ നാടുകൾ നിയമം മൂലം തന്നെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്.  സംഘടിക്കാനും, പ്രതികരിക്കാനും, ആവിശ്കാര സ്വാതന്ത്ര്യം എന്നു ചിലർ വിശേഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഒക്കെ ഈ നാടുകളിൽ നിയന്ത്രണം ഉണ്ട്. നിയമവിരുദ്ധമായി സംഘടിച്ചു എന്ന കാരണത്താൽ മുസ്ലിം സംഘടനാ പ്രവർത്തകർ അടക്കം നിരവധി പേർ പലകാലങ്ങളിലായി അതികൃതരുടെ നടപടികൾക്ക് വിധേയരായിട്ടുണ്ട്. അത്രയും കർശനമായ നിയമവ്യവസ്ഥകൾ ആണ് ഈ നാടുകളിൽ നിലനിൽക്കുന്നതു.

എന്നിട്ടും സമീപകാലത്തായി പ്രവാസികളായി ഗൽഫിൽ കുടിയേറിയിരിക്കുന്ന മലയാളികൾ അടക്കമുള്ളവർ ഈ യാതാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ചു കൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. സോഷ്യൽ നെറ്റുവർക് സൈറ്റുകൾ ആണ് ഇത്തരക്കാരുടെ പ്രധാന താവളം. ആവിശ്കാര സ്വാതന്ത്ര്യമെന്നു  ചിലർ ഓമനപ്പെരിട്ടു വിളിച്ചുകൊണ്ട് ഇസ്ലാമിനെയും വിശുദ്ധ ഖുർആനെതിരെയും പ്രവാചകനെതിരെയും പ്രവാചക പത്നിമാർക്കെതിരെയും  ആക്ഷേപകരമായ ചിത്രങ്ങൾ, തെറ്റായ വാർത്തകൾ എല്ലാം വ്യാപകാമയി ഉദ്പാതിപ്പിക്കുകയും പ്രചരിപ്പിക്ക്കയും ചെയ്യുന്നു. മുസ്ലിംകളുടെ പുണ്യഗേഹമായ മക്കയിലെ വിശുദ്ധ കഅബക്ക് പകരമായി ശിവലിംഗം പ്രതിഷ്ടിച്ചുകൊണ്ടുള്ള ഹിന്ദുത്വ പൊസ്റ്റുകൾക്കും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും ഗൾഫിൽ തൊഴിലെടുക്കുന്നവർ ഏറെ. പ്രവാചകന് പത്നിയായ അയിശയെ ചെറുപ്രായത്തിൽ ബലാത്സംഗം ചെയ്തു എന്ന നിലക്കുള്ള  കാർട്ടൂണുകൾക്കും ഈ നാട്ടിൽ ഇരുന്നുകൊണ്ട് പലരും പ്രചാരണം നൽകുന്നു.

ആവിശ്കാര സ്വാതന്ത്ര്യം എന്നതു മതചിഹ്നങ്ങളെ വിശിഷ്യാ ഇസ്ലാമിക ചിഹ്നങ്ങളെ ഇകഴ്ത്തുകയും ആക്ഷേപിക്കുകയും ചെയ്തു അവതരിപ്പിക്കുക എന്നതാണെന്ന വികലമായ ഒരു ധാരണ പലരിലും കടന്നുകൂടിയിട്ടുണ്ട്. ഖുർആൻ സൂക്തങ്ങൾ തെറ്റായി അവതരിപ്പിക്കുക, ലോകമുസ്ലിംകൾക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പ്രവചകന്റെ ചിത്രങ്ങളും കാർട്ടൂണുകളും വരച്ചു പ്രചരിപ്പിക്കുക. പ്രവാചക ചരിത്രത്തെയും കുടുംബത്തെയും വികലമായി ചിത്രീകരിക്കുക ഇതൊക്കെ നേരത്തെ സൂചിപ്പിച്ച ആവിശ്കാര സ്വാതന്ത്ര്യത്തിന്റെ അവകാശമെന്ന നിലക്കാണ് പലരും കൊണ്ടു നടക്കുന്നതു. സോഷ്യൽ നെറ്റുവർക് സൈറ്റുകളുടെ ഉപയോഗം വ്യാപകമായപ്പൊൾ സ്വന്തം മനസ്സിലെ മാലിന്യവും പരമതവിദ്വേശവും പുറത്തുവിടാനുള്ള മാർഗ്ഗമായി ഫേസ്ബൂകും ട്വിറ്ററുമൊക്കെ ദുരുപയോഗം ചെയ്യുന്നു. സോഷ്യൽ നെറ്റുവർക്ക് സൈറ്റുകളിൽ സജീവമായവരിൽ യുക്തിവാദികൾ എന്ന പേരിൽ പുറമെ അറിയപ്പെടാൻ ആഗ്രഹിക്കുന്നവരും സംഘപരിവാര പ്രവർത്തകരും ആണ് ഇത്തരം ഫോട്ടൊകൾ വ്യാപകാമയി ഉദ്പാതിപ്പിക്കുന്നതും ഷെയർ ചെയ്യുന്നതും.. കൂടുതൽ പോസ്റ്റുകളും വന്നുകൊണ്ടിരിക്കുന്നത് ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നവരിൽ നിന്നു തന്നെ. 

വർഷങ്ങൾക്കു മുൻപാണ ഗൾഫ് നാടുകളിൽ വെചേറ്റവും സ്വാതന്ത്ര്യമുണ്ടെന്നു പറയുന്ന ഇമാറാത്തിൽ വെച്ച കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ ‘ശവം തീനി ഉറുമ്പുകൾ’ എന്ന നാടകം അവതരിപ്പിച്ചതിന്റെ പേരിൽ ഷാർജ്ജ പോലീസിന്റെ പിടിയിൽ ആകുന്നതു. ഇസ്ലാമിക-ക്രൈസ്തവ ആദർശങ്ങളെ തരംതാഴ്ത്തുന്ന നിലക്കുള്ള നിരവധി രംഗങ്ങൾ ഉണ്ടെന്ന കാരണത്താലാണ് നാടകം അവതരിപ്പിച്ചവരെ ഷർജ്ജ പോലീസ് അറസ്റ്റ് ചെയ്യുന്നതും നിയമ നടപടികൾക്ക് വിധേയമക്കുന്നതും. ആവിശ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം എന്നൊക്കെ പറഞ്ഞു പലരും ഈ നടപടിയെ വിമർശിക്കാൻ ശ്രമിച്ചപ്പൊൾ അധികാരികളിൽ നിന്നടക്കം പലരും എടുത്തു പറഞ്ഞ വിഷയം അടിസ്ഥാനപരമായി തൊഴിൽ ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി മാത്രമാണ് ഗൾഫ് നാടുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതു. അവിടെ തൊഴിൽ ചെയ്യാൻ പോകുന്നവർ പ്രാഥമികമായി ആ നാട്ടിലെ നിയമങ്ങൾ എന്തെന്നു പഠിക്കാൻ ശ്രമിക്കുകയും അതു അനുസരിക്കുകയും വേണം. ആവിശ്കാര സ്വാതന്ത്ര്യം എന്ന പേരിൽ തൊഴിലെടുക്കുന്ന രാജ്യത്തിന്റെ നിയമങ്ങൾക്കും സംസ്കാരങ്ങൽക്കും വിരുദ്ധമായ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യ സർക്കാരിനില്ല എന്ന നിലക്ക് തന്നെ വ്യക്തമായ മുന്നറിയിപ്പുകൾ അതികൃതർ നൽകിയിരുന്നതാണ്. 

എന്നിട്ടും ഈ മുന്നറിയ്പ്പുകൾ എല്ലാം ലംഘിച്ചു കൊണ്ട് ഗൾഫു നാടുകളിൽ ജീവിച്ചുകൊണ്ട് തന്നെ മലയാളികൾ അടക്കം ആ നാടുകളിലെ നിയമത്തിനും സംസ്കാരങ്ങൾക്കും എതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പലപ്പോഴും മാറുന്നു. സ്വന്തം രാജ്യത്തിനു സമാനമായ അവകാശങ്ങൾ(?) തൊഴിലെടുക്കാൻ ചെല്ലുന്ന നാടുകളിലും ലഭ്യമാകണമെന്ന് വാശിപിടിക്കുന്നതു നിരർത്ഥകമാണ്. ഒരൊ രാജ്യത്തിനും ആ രാജ്യത്തിന്റെ അംഗീകൃത നിയമങ്ങളും ഭരണവ്യവസ്തയും ഉണ്ടാകും. അത്തരം നിയമത്തിനും സംസ്കാരത്തിനും കീഴിൽ തൊഴിലെടുക്കാൻ സ്വന്തം മനസാക്ഷി അനുവധിക്കുന്നില്ലെങ്കിൽ അത്തരം രാജ്യങ്ങളിലേക്ക് തൊഴിലെടുക്കാൻ പോകാതിരിക്കലാണ് ഉചിതം.  

ഇന്ത്യയിൽ തന്നെ പൌരസ്വാതന്ത്യത്തിന്റെ നേരെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നു നിരന്തരം ഇടപെടലുകൾ, കൈകടത്തലുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ പൌരന്മാർ നാളിതുവരെ അനുഭവിച്ച അവകാശങ്ങൾ വ്യക്തിസ്വാതന്ത്ര്യങ്ങൾ എല്ലാം തന്നെ ഒരോന്നായി ഭരണകൂടം കവർന്നുകൊണ്ടിരിക്കുന്നു. വ്യക്തിസ്വാതന്ത്യത്തിനു നേരെ സ്വന്തം രാജ്യം തന്നെ നിയമനിർമ്മാണങ്ങൾ വഴി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന പശ്ചാതലത്തിൽ തൊഴിലെടുക്കാൻ ചെല്ലുന്ന നാട്ടിൽ ആവിശ്കാരസ്വതന്ത്യത്തിന്റെയും പേരിൽ എന്തും ചെയ്യാമെന്നതു ന്യായീകരിക്കാൻ സാധിക്കുന്നതല്ല.

കേരള സമ്പദ ഘടനയുടെ നിലനില്പ് പ്രവാസികളയക്കുന്ന പണത്തെ കേന്രീകരിച്ചാണ്. കേരളത്തിലെ പരമ്പരാഗത കാർഷിക മേഖലയും, വ്യവസായിക മേഖലയും ഒരോ ദിവസം കഴിയും തോറും ശോഷിച്ചു വരുന്നു. കൃഷിയിടങ്ങൾ തരിശൂടുകയോ ഫ്ലാറ്റുകളായി മാറുകയോ ചെയ്യുന്നു. വ്യവസായികശലകൾ പുതുതായി വരുന്നില്ലെന്നു മാത്രമല്ല ഉള്ളതു തന്നെ കേരളം വിട്ടു അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കേരളത്തിലെ ജനങ്ങൽ പട്ടിണികൂടാതെ ജീവിക്കുന്ന ലൊകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറി ജോലിചെയ്തു കിട്ടുന്ന കാശിന്റെ വലിയൊരു ഭാഗം സ്വന്തം നാട്ടിലേക്ക് അയക്കുന്നതു കൊണ്ട് മാത്രമാണ്. കുറച്ചുപേരുടെ വക്രബുദ്ധിയിൽ വിരിയുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ കാരണം മലയാളികളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്ന നിലക്ക് അതികൃതർ നടപടികൾ എടുക്കുകയാണെങ്കിൽ അത് സ്വന്തത്തോടു മാത്രമല്ല സ്വന്തം നാടിനോടുകൂടി ചെയ്യുന്ന വൻ അപരാധമാണെന്നു പറയാതെ വയ്യ.. ആവിശ്കാര സ്വാതന്ത്യം  എന്നതു പരമത വിദ്വേഷം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അല്ല.

No comments:

Post a Comment