Monday, January 21, 2013

നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ


നരേന്ദ്രമോഡി: ബ്രാഹ്മണ്യ അജണ്ടയുടെ ചാവേർ

ഇന്ത്യൻ ബ്രാഹ്മണ്യ ഫാസിസത്തിനു ചരിത്രപരമായ ചില സവിശേഷതകൾ ഉണ്ട്. ജൂതസയനിസ്റ്റുകൾക്കൊപ്പം തന്നെ അണിയറയിലിരുന്നു കൊണ്ട് സവർണ്ണ ആധിപത്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ പ്രാഗത്ഭ്യം തെളിയിച്ചവരാണവർ. സ്വന്തം നിലനില്പിന്നു വേണ്ടി ജനിതക എതിരാളികളെ തന്നെ ബലിയാടുകളാക്കി ലക്ഷ്യം നേടാൻ വൈദഗ്ദ്യം ലഭിച്ചവർ.
വർണ്ണാശ്രമവ്യവസ്ഥയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി ഇന്ത്യയിൽ കടന്നുവന്ന മുഗൾ ഭരണവെല്ലുവിളിയെ അവർ നേരിട്ടത് മുഗൾ ഭരണത്തിലെ മർമ്മസ്ഥാനങ്ങളിൽ ആധിപത്യം ഉറപ്പിച്ചുകൊണ്ടാണ്. മുഗൾ ഭരണാധികാരികളെ മദിരയും മദിരാക്ഷിയും കൊണ്ടു മുക്കിയതിൽ ഈ സ്വാധീനം വലിയ പങ്കു വഹിച്ചിട്ടുണ്ട്. മൈസൂരിലെ ടിപ്പുസുൽത്താന്റെ ഭരണത്തിലും ടിപ്പുവിന്റെ പതനത്തിലും മൈസൂർ ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന ബ്രാഹ്മണ്യത്തിനുള്ള പങ്കു നിസ്തർക്കമാണ്. മുഗൾ-മൈസൂർ ഭരണം നാമാവശേഷമാകുകയും ഇന്ത്യ പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലകപ്പെടുകയും ചെയ്തപ്പോൾ ബ്രിട്ടീഷ് ഭരണത്തിന്റെ നടത്തിപ്പുകാരുടെ റോൾ ആയിരുന്നു പിന്നീട് സവർണ്ണർക്കുണ്ടായിരുന്നതു്.
നൂറ്റാണ്ടുകൾ നീണ്ട സ്വതന്ത്ര്യസമര പോരാട്ടങ്ങളിൽ നിന്നു പുറംതിരിച്ചുനിന്ന ഈ ശക്തികൾ ഇന്ത്യ സ്വതന്ത്രമാകുന്ന ലക്ഷണം കണ്ടതോടെ വീണ്ടും കരുക്കൾ നീക്കിത്തുടങ്ങി. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി സംഘടിത രൂപത്തിലാണ് പിന്നെ ബ്രാഹ്മണ അജണ്ടകളെ കാണുന്നത്. ആദ്യം ഹിന്ദു മഹാസഭ എന്ന പേരിലും, പിന്നീട് ആർഎസ്എസ് എന്ന പേരിലും ഈ താല്പര്യങ്ങൾ രൂപാന്തരപ്പെടുകയുണ്ടായി. അമേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കുവാനായി അമേരിക്ക തന്നെ മുൻകൈ എടുത്ത് രൂപീകരിച്ച ആഗോളകൂട്ടായ്മയായ യുഎൻ പോലെ, ബ്രാഹ്മണ്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ സവർണ്ണർ തന്നെ മുൻകൈ എടുത്ത് രൂപീകരിച്ച അവർണ്ണരെ കൂടി ഉൾക്കൊള്ളുന്ന സൈനിക ആശയ കൂട്ടായ്മ.
ബ്രാഹ്മണ്യആധിപത്യത്തിൽ നിന്നു രക്ഷനേടി ഇസ്ലാമിലും ക്രൈസ്തവതയിലും ചെന്നെത്തുന്ന അവർണ്ണരെ തടയുവാൻ അവരെ തന്നെ ഉപകരണമാക്കുകയാണ് ആർഎസ്എസിലൂടെ സവർണ്ണർ ചെയ്തതു്. സെമിറ്റിക് മതങ്ങൾ ആണ് യഥാർത്ഥ ശത്രു എന്ന ‘പുതിയ പാഠം’ സംഘപരിവാരത്തിലൂടെ, ഇത്രയും കാലം തങ്ങള്‍ ചവിട്ടിയരച്ച പിന്നാക്ക ജനതയെ സവർണ്ണർ തന്നെ പഠിപ്പിക്കുന്നു. ചരിത്രാതീതകാലം മുതൽ തീർത്തും ശോചനീയ സാഹചര്യത്തിൽ ജീവിതം തള്ളിനീക്കേണ്ടിവന്ന പിന്നാക്ക വിഭാഗത്തിലെ വലിയൊരു വിഭാഗം ഈ സവർണ്ണ അജണ്ടയിലകപ്പെടുകയും പുതിയ ശത്രുവിനെതിരെ സവർണ്ണരേക്കാൾ ആവേശത്തോടെ യുദ്ധകാഹളം മുഴക്കുകയും ചെയ്തുതുടങ്ങി. ഇന്ത്യാ ചരിത്രത്തിൽ നടന്ന പല ന്യൂനപക്ഷ ധ്വംസനത്തിലും നേർക്കുനേർ അഴിഞ്ഞാടിയത് ഉപകരണമാക്കപ്പെട്ട ഈ പിന്നാക്ക ജനത ആയിരുന്നു.
തുടർച്ചയായ നാലാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിക്ക് അനുകൂലമായും പ്രതികൂലമായും പ്രചാരണങ്ങൾ കൊഴുക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ വിഷയത്തിന്റെ മൌലികമായ വശം എടുത്തുയർത്തി പ്രചാരണം നടത്തുന്നതിൽ മോഡീ വിമർശകരെങ്കിലും പരാജയപ്പെടുന്നുണ്ടോ എന്നു് ഈ പശ്ചാത്തലത്തിൽ പരിശോധിക്കേണ്ടതുണ്ട്. പ്രധാനമന്ത്രിപദം ലക്ഷ്യമിട്ടു് ബിജെപി എന്ന പാർട്ടിക്കും സംഘപരിവാരിനും അതീതനായ വികസന നായകനായും, സമാധാനത്തിന്റെ വക്താവായുമൊക്കെ മോഡിയെ ഉയര്‍ത്തിക്കാട്ടിയുള്ള ആസൂത്രിതമായ സ്തുതിപാഠക പ്രചാരണങ്ങൾ ഒരു വശത്ത് നടക്കുന്നു. ഹിന്ദുത്വ അജണ്ടകളുടെ റോൾ മോഡലായും, കോർപറേറ്റ് വികസനത്തിന്റെ നായകനായും മോഡി അവതരിപ്പിക്കപ്പെടുന്നു.
എന്നാൽ മറുവശത്ത് ആർഎസ്എസ് അതിക്രമങ്ങളോടുള്ള മതേതര ചേരിയുടെയും ന്യൂനപക്ഷങ്ങളുടെയും വിമർശനം മോഡി എന്ന വ്യക്തിയിലേക്ക് അമിതമായി കേന്ദ്രീകരിക്കപ്പെടുന്നു എന്നതും കാണാതിരുന്നു കൂടാ. ഈ അമിതവ്യക്തികേന്ദ്രീകരണം നരേന്ദ്ര മോഡിയുടെ തീവ്രഹിന്ദുത്വ പ്രതിച്ഛായക്ക് ഊർജ്ജം പകരുകയാണ് ചെയ്തത്.
മറ്റാരെയും പോലെ തന്നെ നരേന്ദ്ര മോഡി വെറുമൊരു ഹിന്ദുത്വ ഫാക്റ്ററി ഉത്പന്നം മാത്രമാണെന്നത് പലപ്പോഴും വിസ്മരിക്കപ്പെടുകയും, സംഘപരിവാർ ആശയങ്ങൾക്കുമപ്പുറം മോഡിയുടെ വ്യക്തിപരമായ ക്രൂരത മാത്രമായിരുന്നു ഗുജറാത്ത് വംശഹത്യ എന്ന രീതിയിലേക്ക് മോഡീ വിമർശനം വഴിമാറ്റപ്പെടുകയും ചെയ്തു എന്നത് നിസ്തർക്കമാണ്. വാസ്തവത്തിൽ ഹിന്ദുത്വ ആശയങ്ങൾക്കും, അജണ്ടകൾക്കും അനുസൃതമായിട്ടാണ് മോഡിയുടെ നയങ്ങളും പ്രവർത്തനങ്ങളും ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. സംഘപരിവാർ മുന്നോട്ടു വയ്ക്കുന്ന തീവ്രഹിന്ദുത്വ വംശീയതയുടെ വക്താവ് എന്നതിലപ്പുറമുള്ള ഒരു പ്രസക്തിയും മോഡിക്കില്ല. ആർഎസ്എസ് പ്രവർത്തന പദ്ധതികൾക്കതീതമായി മോഡിയുടെ നയങ്ങളോ, പ്രവർത്തനങ്ങളോ വികസിച്ചിട്ടുമില്ല, മോഡി അതിനൊട്ടു ശ്രമിച്ചിട്ടുമില്ല.
സംഘപരിവാരിന്റെ അനുസരണയുള്ള അണിയായി ഇരിക്കാനാണ് മോഡി എല്ലാക്കാലവും ശ്രമിച്ചിട്ടുള്ളതു്. ഗുജറാത്തിൽ നടന്ന ന്യൂനപക്ഷ വംശഹത്യ തന്നെ അടിസ്ഥാനപരമായി മോഡിയുടെ വ്യക്തിപരമായ അജണ്ട അല്ല, മറിച്ച് നരേന്ദ്ര മോഡി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഹിംസാത്മക ഹിന്ദുത്വ അജണ്ട മാത്രമായിരുന്നു. ഹിന്ദുത്വമുഖ്യമന്ത്രി എന്ന നിലക്ക് നരേന്ദ്രമോഡി ഈ വംശഹത്യക്ക് നേതൃത്വം നൽകുവാൻ നിമിത്തമായി എന്നു മാത്രം. മോഡി അല്ല, മറ്റൊരു സംഘപരിവാർ നേതാവായിരുന്നു, ആ സ്ഥാനത്തെങ്കിലും ഗുജറാത്ത് വംശഹത്യ നടക്കുമായിരുന്നു.
ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിലും സമാന സ്വഭാവമുള്ള ന്യൂനപക്ഷ ഹത്യകളും പീഡനങ്ങളും നടക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ബിജെപി തുരുത്തായ കർണ്ണാടകയിൽ നിന്നും സംഘപരിവാർ അജണ്ടക്കനുസൃതമായി ഭരണകൂടവും ഹിന്ദുത്വ തീവ്രവാദികളും ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഗുജറാത്തിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലം ഗുജറാത്ത് വംശഹത്യക്ക് കൂടുതൽ ഊർജ്ജം പകർന്നിരിക്കാം എന്നു മാത്രം. അതിനപ്പുറം, അനുസരണയുള്ള ഹിന്ദുത്വ കേഡർ എന്നതിനപ്പുറം, മോഡി എന്ന വ്യക്തിക്ക് മാത്രമായി ഒരു പങ്കും ഗുജറാത്ത് വംശഹത്യയിൽ ഇല്ല.
മോഡിയുടെ വികസന നയമാണ് മറ്റൊരു വിഷയം. സ്തുതിപാഠകർ മോഡിയെ വികസന നായകൻ എന്നു് അഭിസംബോധന ചെയ്യുമ്പോൾ അടിസ്ഥാന ജനതയെ മറന്ന കോർപറേറ്റ് നായകൻ എന്നുള്ള മറുപടിയാണ് മോഡിയെ വിമർശിക്കുന്നവർ നൽകുന്നത്. ജസ്റ്റിസ് മാർകണ്ഡെയ കട്ജു, മല്ലിക സാരാഭായ്, നന്ദിതാ ദാസ് അടക്കമുള്ള ഗുജറാത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തു സജീവമായ നേതാക്കളും ഈ വിമർശനത്തെ അടിവരയിടുന്നവരാണ്. ഗുജറാത്തിലെ സാധാരണക്കാരെ മറന്ന കോര്‍പറേറ്റ് വികസനമാണ് മോഡിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന വികസനനാടകം എന്നു ഇവർ കളിയാക്കുന്നു. കോര്‍പറേറ്റ് ഭീമന്മാർ വൻ തോതിൽ ലാഭം കൊയ്യുമ്പോൾ തന്നെ ഗുജറാത്തിലെ ഗ്രാമങ്ങളിൽ കുടിവെള്ളം കിട്ടാതെ സാധാരണ ജനത കഷ്ടപ്പെടുന്നതിന്റെ വിവിധ വാർത്തകൾ വാർത്താമാധ്യമങ്ങളിലൂടെ പുറത്തുവരുന്നുമുണ്ട്.
ഇവിടെ പ്രസക്തമായ വിഷയം സംഘപരിവാറിന്റെ സാമ്പത്തിക നയങ്ങളിൽ നിന്നു വിഭിന്നമാണോ നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയങ്ങൾ എന്നതാണ്. രാജ്യത്ത് ആറു വർഷത്തോളം നീണ്ട സംഘപരിവാര ഭരണകാലയളവിൽ മോഡിയുടെ സാമ്പത്തിക നയങ്ങളിൽ നിന്നു വിഭിന്നമായിരുന്നോ ബിജെപി നടപ്പിലാക്കുവാൻ ശ്രമിച്ച സാമ്പത്തിക നയം? നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ രാജ്യത്തെ പരമ്പരാഗത സോഷ്യലിസ്റ്റ് പാതയിൽ നിന്നു മുതലാളിത്തവൽക്കരണ പാതയിലേക്ക് വഴിമാറ്റിവിട്ടപ്പോൾ കമ്പോളസാമ്പത്തിക നയങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെ ഉറപ്പിച്ചു നിർത്തിയത് ബിജെപി സർക്കാരായിരുന്നു. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നിരവധി പരിഷ്കരണ നടപടികളാണ് ബിജെപി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്. ലാഭത്തിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ സ്വകാര്യ കുത്തകകൾക്ക് വിറ്റൊഴിക്കാൻ വേണ്ടി മാത്രമായി ബിജെപി മന്ത്രിസഭയിലെ കാബിനറ്റിൽ ‘വിറ്റഴിക്കൽ മന്ത്രി'യെ ഉൾപ്പെടുത്തിക്കൊണ്ടാണ് സ്വന്തം മുതലാളിത്തവൽക്കരണ പ്രതിബദ്ധത ബിജെപി പ്രകടിപ്പിച്ചതു്.
ഇവിടെ വ്യക്തമാകുന്നത് സംഘപരിവാർ നയങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും വ്യതിരിക്തമായി നരേന്ദ്ര മോഡിക്ക് ഒരു നയവുമില്ല, പ്രവർത്തനപദ്ധതികളും ഇല്ല എന്നുതന്നെയാണ്. നരേന്ദ്ര മോഡിയെ നയിക്കുന്നത് ആത്യന്തികമായി ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന ഹിംസാത്മക ഹിന്ദുത്വ അജണ്ടയും കമ്പോള സാമ്പത്തിക നയവും മാത്രമാണ്. അത്തരം അജണ്ടകൾ നടപ്പിലാക്കുവാനുള്ള നിയോഗം ഇപ്പോൾ മോഡിക്കു കൈവന്നു എന്നു മാത്രം.
ഒരു പക്ഷെ ഈ വിഷയത്തിൽ മറ്റു പലരേക്കാൾ ആത്മാർത്ഥത മോഡി പ്രകടിച്ചിട്ടുമുണ്ടായിരിക്കാം. അതിനപ്പുറം മോഡിക്ക് വ്യക്തിപരമായ ഒരു പ്രസക്തിയും ഇല്ല. ഇവിടെയാണ് മോഡിയെ സ്തുതിപാടുന്നതിനൊപ്പം തന്നെ മോഡിയെ വേർതിരിച്ചുകൊണ്ടുള്ള വിമർശനങ്ങളും നിരർത്ഥകമാകുന്നതു്. വിമർശനം മോഡിയിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോൾ പരിക്കേൽക്കാതെ രക്ഷപ്പെടുന്നതു് ഈ ആശയത്തിന്റെ അടിസ്ഥാനശിലയായ ബ്രാഹമണ്യഫാസിസം ആണെന്നതു ശ്രദ്ധേയമാണ്.
യഥാർത്ഥത്തിൽ ഇതെല്ലാം ആസൂത്രിതമായ സവർണ്ണ തന്ത്രമാണെന്നതു വിലയിരുത്തപ്പെടേണ്ടതുണ്ട്. മറയ്ക്കുള്ളിൽ നിന്നുകൊണ്ട് സ്വന്തം അജണ്ടകൾ നടപ്പിലാക്കുക. അതിന്റെ ഗുണഫലം അനുഭവിക്കുക. പാപഭാരം സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് വ്യക്തികൾക്കൊ, സംഘടനകൾക്കൊ തന്ത്രപരമായി പതിച്ചു നൽകുക എന്ന തന്ത്രം. നരേന്ദ്ര മോഡിയെ പോലെ ഒരേ സമയം അപകടകരമായ താത്പര്യങ്ങളെ ഉള്ളില്‍ വഹിക്കുന്ന ട്രോജന്‍ കുതിരയായും അതേ സമയം തിരിച്ചടികളേറ്റുവാങ്ങേണ്ട പരിചയായും തരംപോലെ പകര്‍ന്നാടാന്‍ നിന്നുകൊടുക്കുന്ന പൊയ്ക്കാല്‍രൂപങ്ങളെ മുൻനിർത്തിയാണ് എല്ലായ്പ്പോഴും സംഘപരിവാർ സ്വന്തം അജണ്ടകൾ വിജയിപ്പിച്ചെടുക്കുന്നതു്. വ്യക്തികളെ ബലിദാനികളാക്കേണ്ടിവന്നാല്‍തന്നെയും സംഘടനാശരീരത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപെടുക എന്നത് ആര്‍എസ്എസിനെ സംബന്ധിച്ചു പ്രധാനമാണ്. അരങ്ങിൽ ആർഎസ്എസിനെ നേർക്കുനേർ കാണുക പ്രയാസം.
ഗാന്ധിവധം തന്നെ ഉദാഹരണം. ഗോഡ്സെയുടെ ഹിന്ദുത്വ ബന്ധം പരസ്യമാണ്. ഗോഡ്സെജീവിച്ചതും പ്രവർത്തിച്ചതും കൊല്ലപ്പെട്ടതും ഹിന്ദുത്വ അജണ്ടയ്ക്കു വേണ്ടിയായിരുന്നു. ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ മധുരം വിളമ്പി ആഘോഷിച്ചതും മറ്റാരുമായിരുന്നില്ല. ഇന്ത്യയിൽ ഗാന്ധിജിയെ പോലുള്ള മതേതര ചിന്താഗതിയുള്ള നേതാക്കൾ നിലനിൽക്കുന്നത് ഹിന്ദുത്വ അജണ്ടകളുടെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കുമെന്നും സംഘപരിവാരം വിശ്വസിച്ചിരുന്നു. അതേ സമയം സാങ്കേതികമായി നാഥുറാം വിനായക് ഗോഡ്സെ ആർഎസ്എസ് എന്ന സംഘടനയുടെ ഔദ്യോഗിക അംഗം അല്ല എന്നു് ആർഎസ്എസ് വാദിക്കുന്നു. ഈ സാങ്കേതികത്വത്തിൽ പിടിച്ചാണ് ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു എല്ലാക്കാലവും ആർഎസ്എസ് ഒഴിഞ്ഞു മാറുവാൻ സ്വയം ശ്രമിക്കുന്നത്. ഇവിടെ നേട്ടം ബ്രാഹ്മണ്യ താല്പര്യങ്ങൾക്ക്. നഷ്ടമായതോ, കരുവാക്കപ്പെട്ട ഗോദ്സെ എന്ന വ്യക്തിയുടെ ജീവിതവും.
ബാബരി മസ്ജിദ് ധ്വംസനവിഷയത്തിലും സ്ഥിതി വ്യത്യസ്തമല്ല. ബാബരി പള്ളി പൊളിക്കുവാൻ അണിയറയിൽ നിറഞ്ഞുനിന്നത് ആർഎസ്എസാണ്. വിശ്വഹിന്ദു പരിഷത്തിനെ ഈ ദൌത്യം എൽ‌പ്പിക്കുന്നതും സംഘനേതൃത്വം തന്നെ. എന്നാൽ ബാബരീ ധ്വംസന വിഷയത്തിൽ ബലിയാടായത് ദലിതനായ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങ് ആണെന്നു മാത്രം. ബാബരി ധ്വംസനത്തൊടെ ദലിതനായ കല്യാൺ സിംഗിന്റെ രാഷ്ട്രീയഗ്രാഫ് താഴേക്കാണ് പോയത് എന്നും, കല്യാൺ സിംഗ് ആർഎസ്എസിലൊ, ബിജെപിയിലൊ ഇന്നു നിലനിൽക്കുന്നില്ലെന്നും ചേർത്തുവായിക്കുക, ആർഎസ്എസ് തന്ത്രം ബോധ്യപ്പെടും.
രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളിലും സമാനമായ തന്ത്രമാണ് പരിവാർ പയറ്റിയത്. സ്ഫോടനക്കുറ്റം ചുമത്തി പിടിക്കപ്പെട്ടത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള ഉന്നത നേതാക്കളുമായി ഉറ്റ സൌഹൃദം കാത്തുസൂക്ഷിക്കുന്നവർ ആണെന്നത് യാദൃശ്ചികമല്ല. എന്നാൽ സ്ഫോടന കുറ്റം അന്വേഷിക്കുമ്പോൾ ആർഎസ്എസ് ചിത്രത്തിലെവിടെയും ഇല്ല. പകരം താൽക്കാലിക്മായി കെട്ടിപ്പൊക്കിയ അഭിനവ്ഭാരത് അടക്കമുള്ള ചില ഗ്രൂപ്പുകൾ മാത്രം. രാജ്യത്ത് ഇദംപ്രഥമമായി നടന്ന വർഗ്ഗീയ ലഹളകളിൽ, കലാപങ്ങളിൽ ആർഎസ്എസിന്റെ പങ്ക്, കലാപകാരണം അന്വേഷിക്കുവാൻ നിയുക്തരായ പല കമ്മീഷനുകളും എടുത്തു പറഞ്ഞതാണ്. എന്നാൽ കേസുമായി മുന്നോട്ടു പോകുമ്പോൾ ബലിയാടാകുന്നത് സ്ഫോടന കേസുകളിൽ അഭിനവ് ഭാരത് പോലെ കലാപ ലക്ഷ്യത്തിനു വേണ്ടി കെട്ടിപ്പൊക്കിയ ചില ഹിന്ദുത്വ വേദികൾ മാത്രം.
പറഞ്ഞുവരുന്നത് ആർഎസ്എസ് എല്ലാകാലവും അരങ്ങിൽ നേരിട്ടിറങ്ങാതെ ഇത്തരം വ്യക്തികളെയും താൽകാലിക കൂട്ടായ്മകളെയും ഉപയോഗിച്ചു് അണിയറയിലിരുന്നു കൊണ്ടാണ് കരുക്കള്‍ നീക്കിയിട്ടുള്ളത്. അതിന്റെ രാഷ്ട്രീയ സാമുദായിക ലാഭം ബ്രാഹ്മണ്യഫാസിസം കൊയ്യുമ്പോൾ പാപക്കറ മുഴുവൻ മേല്പറഞ്ഞ വ്യക്തികൾക്കും, താൽക്കാലിക സംഘടനകളിലേക്കും വഴിമാറുന്നു. പലരും ഈ വിഷയത്തിൽ ബലിയാടാകുന്നു. കൊല്ലപ്പെടുന്നു. രാഷ്ട്രീയ വനവാസത്തിനു നിർബന്ധിതരാകുന്നു. ആർഎസ്എസ് മാത്രം പരിക്കൊന്നും ഏൽക്കാതെ സുരക്ഷിതമായിരിക്കുന്നു.
ഇവിടെ ഗുജറാത്ത് കലാപത്തിലും ഗുജറാത്തിലെ കോർപ്പറേറ്റ് സാമ്പത്തിക നയങ്ങളിലുമൊക്കെ സ്വാധീനിക്കപ്പെട്ടത് സംഘപരിവാർ മുദ്രാവാക്യങ്ങളും ആശയങ്ങളുമൊക്കെത്തന്നെയാണ്. അതിന്റെ ഗുണഭോക്താവും ആർഎസ്എസ് തന്നെ. എന്നാൽ ആർഎസ്എസ് എന്നത്തെയും പോലെ ഒരു പോറലുമേൽക്കാതെ തിരശ്ശീലയ്ക്കുള്ളിൽ മറഞ്ഞ് രക്ഷപെടുന്നു. വിമർശകർ അറിഞ്ഞോ അറിയാതെയോ ആർഎസ്എസിനെ നോവിക്കാതെ വെറുമൊരു ഉപകരണമായ നരേന്ദ്ര മോഡിയിൽ ലക്ഷ്യം പരിമിതപ്പെടുത്തുന്നു.
ശ്രദ്ധേയമായ വസ്തുത കല്യാൺസിംഗിനെ പോലെതന്നെ സാക്ഷാൽ മോഡിയും സവർണ്ണനല്ല, മറിച്ച് ഒബിസി വിഭാഗത്തിൽ പെട്ട അവർണ്ണനായ വ്യക്തി ആണെന്നതാണ്. ബ്രാഹ്മണ്യ അജണ്ടകൾ സവർണ്ണരെ കൊണ്ട് നേരിട്ടു നടപ്പിലാക്കാതെ അവർണ്ണരെ കൊണ്ട് തന്നെ ചെയ്യിക്കുകയും എതിരഭിപ്രായങ്ങളും വിമർശനങ്ങളും നേർക്കുനേരെ ഇത്തരം വ്യക്തികളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുക എന്ന ബ്രാഹ്മണ്യ ലക്ഷ്യമാണ് ഇവിടെ വെളിപ്പെടുന്നത്. ബാബരീ പള്ളി പൊളിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു അയോദ്ധ്യയിലേക്ക് റിക്രൂട്ട് ചെയ്തവരിൽ വലിയൊരു വിഭാഗവും ഈ പിന്നാക്ക ജനതയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഹിംസാത്മക വർഗീയതയുടെ അടിസ്ഥാന അജണ്ടകൾ ചർച്ച ചെയ്യാതെ ഉപകരണങ്ങളിൽ ചാരി ചർച്ചകൾ വികേന്ദ്രീകരിക്കപ്പെടുന്നു. ഗോഡ്സെയും, അവർണ്ണരായ മോഡിയും, കല്യാൺ സിംഗും, അഭിനവ് ഭാരതുമൊക്കെ വെറും താൽക്കാലിക ഉപകരണങ്ങൾ മാത്രമായിരിക്കെ, ഇത്തരം ഉപകരണങ്ങളെ നിർമ്മിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്ന ബ്രാഹ്മണ്യതാല്പര്യങ്ങൾ തന്നെയാണ് ആത്യന്തികമായി വിമർശിക്കപ്പെടേണ്ടത് എന്നത് ഇവിടെ പ്രസക്തമാകുന്നു.
പി. കെ. നൌഫൽ
http://malayal.am/node/22571