Wednesday, October 31, 2012

ഹൈന്ദവാഘോഷങ്ങൾ വർഗ്ഗീയവൽക്കരിക്കപ്പെടുമ്പോള്‍


ഹൈന്ദവാഘോഷങ്ങൾ വർഗ്ഗീയവൽക്കരിക്കപ്പെടുമ്പോള്‍

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടന്നുവരുന്ന ശോഭായാത്രഅടക്കമുള്ള ആചാരാഘോഷങ്ങൾ സംഘപരിവാരം ആസൂത്രിതമായി രാഷ്ട്രീയപ്രചാരണത്തിനുപയോഗിക്കുന്നു എന്ന ചെങ്ങന്നൂർ എം എൽ എയും കോൺഗ്രസിലെ യുവനേതാക്കളിലൊരാളുമായ പി സി വിഷ്ണുനാഥിന്റെ പ്രസ്താവനയ്ക്ക് വേണ്ടത്ര മാദ്ധ്യമശ്രദ്ധ ലഭിച്ചില്ല. സ്വാഭാവികമായും അതേക്കുറിച്ച് വലിയ ചര്‍ച്ചകളുമുണ്ടായില്ല. സംഘപരിവാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ സ്വീകരിക്കുന്ന നയത്തിന്റെ തുടർച്ചയായിട്ടു വേണം വിഷ്ണുനാഥിന്റെ പ്രസ്താവനയ്ക്ക് ലഭിച്ച മാദ്ധ്യമ അവഗണനയെ നോക്കിക്കാണേണ്ടതു്.
മുസ്ലിം സാമുദായികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും, ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും കേരളത്തിലെ ‘മതേതരമാദ്ധ്യമങ്ങൾ’ അമിത പ്രാധാന്യം  നല്‍കുമ്പോള്‍ സംഘപരിവാരവിമർശനങ്ങൾക്ക് മൌനംകൊണ്ട് മധുരംപുരട്ടാറാണുപതിവ്. അതുകൊണ്ട് തന്നെ ഈ മാദ്ധ്യമ അവഗണനയിൽ അസ്വാഭാവികത തോന്നുകയുമില്ല.
പൊതുവെ ഹിന്ദുത്വ സ്വാധീനമേഖലയായി കണക്കാക്കുന്ന ചെങ്ങന്നൂരിൽ കോൺഗ്രസ് യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവായ വിഷ്ണുനാഥ് കഴിഞ്ഞതവണ വിജയിച്ചതു സംഘപരിവാർ സഹായം കൊണ്ടായിരുന്നു എന്ന ആക്ഷേപം തെരഞ്ഞെടുപ്പു കാലത്ത് ശക്തമായിരുന്നു. അത്തരം പശ്ചാത്തലമുള്ള വിഷ്ണുനാഥ് തന്നെയാണ് സംഘപരിവാരത്തിന്റെ ഹൈന്ദവഹൈജാക്കിങ്ങിനെതിരെ പ്രസ്താവന നടത്തിയത്. വിഷ്ണുനാഥിന്റെ പ്രസ്താവനയോടു സംഘപരിവാർ പ്രകടിപ്പിച്ച എതിർപ്പിനെതിരെ ശക്തമായ ഭാഷയിലാണ് വിഷ്ണുനാഥ് മറുപടി പറഞ്ഞതും. തനിക്ക് ആർ എസ് എസിന്റെ സർട്ടിഫിക്കറ്റ് വേണ്ട എന്നു തന്നെ വിഷ്ണുനാഥ് എടുത്തു പറയുകയുണ്ടായി. ഇതേത്തുടർന്നു വിഷ്ണുനാഥിനെ ഇനിയൊരിക്കലും നിയമസഭയുടെ പടികാണിക്കുകയില്ല എന്ന ശപഥവും പടയൊരുക്കവും സംഘപരിവാർ മേഖലയിൽ സജീവമാണ്.
ഈ ആരോപണപ്രത്യാരോപണങ്ങൾക്കുമപ്പുറം പ്രസക്തമാണ് വിഷ്ണുനാഥ് ഉന്നയിച്ച വിഷയം. കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ഏക പ്രാതിനിധ്യം അവകാശപ്പെടുന്ന നിലയിലേക്ക് സംഘപരിവാരം വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന യാഥാർത്ഥ്യം വാസ്തവത്തിൽ ഹൈന്ദവ സമൂഹത്തിന്നുള്ളിൽ തന്നെയാണ് ചർച്ച ചെയ്യേണ്ടതു്.
കേരളത്തിലെ ഹൈന്ദവ സാമുദായിക സംഘടനകൾ പൊതുവെ ജാതി സംഘടനകളാണ്. എൻഎസ്എസ്, എസ്എൻഡിപി, ധീവരസഭ എന്നീ സംഘടനകൾക്കൊന്നും ഹൈന്ദവ സമൂഹത്തിന്റെ പൊതുപ്രാതിനിധ്യം അവകാശപ്പെടാൻ സാധിക്കുകയില്ല. അത്തരം ഒരു നീക്കം അവർ നടത്തുന്നുമില്ല. പരമാവധി ജാതി എടുത്തുപറഞ്ഞുകൊണ്ട് ഒരു സമ്മർദ്ദശക്തിയായി മാറുവാനും, മാറിമാറി വരുന്ന ഭരണകൂടത്തിൽ നിന്നു നേതൃത്വത്തിലിരിക്കുന്നവർക്കും സ്ഥാപനങ്ങൾക്കും ആനുകൂല്യങ്ങൾ തരപ്പെടുത്തുക എന്നതിനുമപ്പൂറമുള്ള അജണ്ട ഈ ജാതി സംഘടനകൾക്കില്ല. സമീപകാലത്ത് ജാതി മുദ്രാവാക്യങ്ങൾക്കപ്പുറം ഹൈന്ദവ ഏകീകരണം എന്ന മുദ്രാവാക്യം ഈ ജാതി സംഘടനകൾ സജീവമായി ഉന്നയിക്കുന്നുണ്ട് എങ്കിലും അധികാര സ്വപ്നങ്ങൾക്കപ്പുറം അത്തരം ഐക്യമുദ്രാവാക്യങ്ങൾക്ക് പ്രസക്തി ഇല്ല എന്ന് മറ്റാരേക്കാളും ഈ ജാതിസംഘടനകൾക്ക് തന്നെ തിരിച്ചറിവുണ്ട്.
ഇവിടെയാണ് ഹിന്ദുത്വ രാഷ്ട്രീയ മുദ്രാവാക്യമുയർത്തുന്ന സംഘപരിവാര അനുബന്ധ സംഘടനകളുടെ വളരെ സമർത്ഥമായ മുതലെടുപ്പ് നടക്കുന്നതു്. വ്യത്യസ്ത ജാതികൾ ഉൾക്കൊള്ളുന്ന കേരളത്തിലെ ഹൈന്ദവ വിഭാഗങ്ങളെ ഒരു കൊടിക്കീഴിൽ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് വാസ്തവത്തിൽ സംഘപരിവാര സംഘടനകൾ മാത്രമാണ്. ഹൈന്ദവസമൂഹ നന്മയേക്കാൾ ഹിന്ദുത്വ രാഷ്ട്രീയതാല്പര്യങ്ങളാണ് ഈ ഏകീകരണം കൊണ്ട് സംഘപരിവാർ ലക്ഷ്യമിടുന്നത്. ജാതി എന്തുമായിക്കോട്ടെ, രാഷ്ട്രീയം എന്തുമായിക്കോട്ടെ ഹൈന്ദവസമുദായത്തെ ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്തു നിർത്തിയുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ മുന്നണിപോരാളികളാക്കുക എന്ന തന്ത്രത്തിന്റെ ഭാഗം.
കേരളത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ ജീർണ്ണിച്ച നിലയിൽ കിടന്നിരുന്ന നിരവധി ക്ഷേത്രങ്ങളാണ് ഈ ഉദ്ദേശത്തോടെ സംഘപരിവാര സംഘടനയായ ‘ക്ഷേത്രസംരക്ഷണസമിതി’ ഏറ്റെടുക്കുന്നതും ‘പുനരുദ്ധാരണ’ പ്രവർത്തനങ്ങൾ നടത്തുന്നതും. നാഥനില്ലാതെ കിടന്നിരുന്ന ഈ ക്ഷേത്രങ്ങൾ സജീവമാക്കി സംഘപരിവാർ ഹൈന്ദവ സമൂഹത്തിലേക്ക് ആസൂത്രിതമായി കടന്നുകയറുകയായിരുന്നു. ഇത്തരം ക്ഷേത്രപരിസരങ്ങൾ കേന്ദ്രീകരിച്ച് തന്നെയാണ് സംഘപരിവാർ ആയുധപരിശീലനങ്ങളും നടത്തുന്നത് എന്നതു് ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.
ചുരുക്കത്തിൽ ഹിന്ദുത്വമുദ്രാവാക്യവും ഭക്തിയും ഇടകലർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം. ഒന്നിനെ മറ്റൊന്നിൽ നിന്നു വേർതിരിച്ചു കാണൽ അസാദ്ധ്യമാകുംവിധം സൂക്ഷ്മമായ ഇടകലർത്തൽ. ഈരൂപത്തിലുള്ള തന്ത്രപരമായ ഇടപെടലാണ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതു്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിൽ കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഉത്സവങ്ങൾ പലതും ഇപ്പോൾ സംഘപരിവാര പ്രവർത്തകരുടെ നിയന്ത്രണത്തിലാണ് നടക്കുന്നതു്. സംഘപരിവാരിന്റെ രാഷ്ട്രീയ പ്രചാരണ വേദിയായും പ്രവർത്തകരുടെ തിണ്ണമിടുക്കിനുള്ള അവസരമായും ഉത്സവങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ നാനാജാതി മതസ്ഥരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്ന ഇത്തരം ഉത്സവാഘോഷങ്ങളിൽ നിന്നു് ഇപ്പോൾ ഇതരമതവിഭാഗങ്ങൾക്ക് ഒഴിഞ്ഞുനിൽക്കേണ്ട അവസ്ഥയാണുള്ളതു്.
സംഘപരിവാറിന്റെ രാഷ്ട്രീയ പ്രചാരണ വേദിയായി മാറുന്ന ആഘോഷങ്ങളിൽ പ്രധാനം വിഷ്ണുനാഥ് എടുത്തുപറഞ്ഞ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്ര തന്നെയാണ്. പരിവാർ പോഷകസംഘടനായ ‘ബാലഗോകുലം’ ആണ് വർഷങ്ങളായി ശോഭായാത്ര സംഘടിപ്പിക്കുന്നതു്. ഒരു മതാഘോഷ ചടങ്ങിനപ്പുറം പൂർണ്ണമായും സംഘപരിവാർ പ്രചാരണവേദിയായി ശോഭായാത്രയെ മാറ്റിയെടുക്കാൻ ബാലഗോകുലത്തിനു കഴിഞ്ഞിട്ടുണ്ടു്.
ശോഭായാത്രയില്‍ ശ്രീകൃഷ്ണ-ഗോപികാവേഷധാരികളായ കുട്ടികൾക്കൊപ്പം അകമ്പടി സേവിക്കുക കാവിമുണ്ടും വെള്ള ഷർട്ടും ധരിച്ച സംഘടിതരായ ആർ എസ് എസ് പ്രവർത്തകരാണ്. വസ്ത്രധാരണത്തില്‍ ഏകതാനത വരുത്തുവാനും ബഹുമാനാദരവുകള്‍ സ്വായത്തമാക്കാനുമുള്ള ബോധപൂര്‍വ്വമായ ഈ ശ്രമത്തിനൊപ്പം ജന്മാഷ്ടമിക്ക് സ്വാഭാവികമായും ഉയരേണ്ട കൃഷ്ണസ്തുതിയേക്കാള്‍ ശ്രീരാമപ്രകീര്‍ത്തനങ്ങള്‍ക്കു മുഖ്യസ്ഥാനം ലഭിക്കുന്നതും 'രാമരാജ്യസ്ഥാപനം' എന്ന രാഷ്ട്രീയമായ ഉദ്ദേശത്തോടെതന്നെ (സംഘപരിവാര്‍ ഐക്കണോഗ്രാഫിയില്‍ രാമനാണല്ലോ, മുഖ്യാസനം). കാവിത്തോരണങ്ങളാലും കൂര്‍മ്പന്‍ പതാകകളാലും അലംകൃതമായ പാതയില്‍ വിവിധ സംഘപരിവാർ സംഘടനകളുടെ ഫ്ലെക്സ് ബോര്‍ഡുകള്‍ ആശംസകളേകാനുണ്ടാകും.
ആഘോഷവേളകളില്‍ സ്വീകരിക്കുന്ന ഈ പ്രച്ഛന്നത, തങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും സംഘപരിവാറിനോടു് ആഭിമുഖ്യം പുലർത്താത്ത ജനങ്ങളിൽ പോലും 'ഹിന്ദുത്വ'ചിഹ്നങ്ങളും ഫാസിസ്റ്റ് ആശയഗതികളും എത്തിക്കാനുമുള്ള ആസൂത്രിതമായ രാഷ്ട്രീയവത്കരണശ്രമമാണ്. നേരിട്ട് ആര്‍എസ്എസ് ആയോ ബിജെപി ആയോ മാത്രം സാധിക്കാത്ത കാര്യമാണിത്. ഈ ആഘോഷങ്ങളുടെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞുതന്നെ, അതില്‍ പങ്കാളികളാകുന്ന ന്യൂനപക്ഷമുണ്ടാകാമെങ്കിലും ഭൂരിഭാഗം പേരും തങ്ങളുടെ മക്കളെ കൃഷ്ണവേഷത്തിലും മറ്റും കാണുവാനുള്ള ആഗ്രഹം സഫലീകരിക്കാനാണ് ശോഭായാത്രയില്‍ അണിനിരക്കുന്നത്. അതാവട്ടെ, ചെറുപ്പത്തിലെ പിടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇവര്‍ തിരിച്ചറിയുന്നുമില്ല. സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഈ വർഷം നടന്ന ശോഭായാത്രയിൽ പങ്കെടുത്ത കുട്ടികളുമായി സന്തോഷം പങ്കിടുന്നത് സംഘപ്രവർത്തകർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഉത്തരേന്ത്യയിൽ നിരന്തര കലാപങ്ങൾക്ക് എക്കാലവും കാരണമായ ഗണേശോത്സവങ്ങളും അതോടനുബന്ധിച്ച നിമഞ്ജന ഘോഷയാത്രകളും അടുത്ത കാലത്തായി കേരളത്തിൽ സജീവമാകുന്നതിനു പിന്നിലും സംഘപരിവാർ രാഷ്ട്രീയ താല്പര്യങ്ങൾ തന്നെയാണ്. ബോംബെയിൽ നിന്നു മലയാളികളെ ആട്ടിയോടിക്കാൻ എക്കാലവും നേതൃത്വം കൊടുത്ത, അന്യസംസ്ഥാനക്കാര്‍ക്കെതിരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ശിവസേനയുടെ ‘കേരള ഘടകം’ ആണ് കേരളത്തിൽ ഗണേശോത്സവത്തിനു തുടക്കമിടുന്നതു്. മുസ്ലിം വിരുദ്ധതയ്ക്കൊപ്പം മറാഠാ വാദവും, മണ്ണിന്റെ മക്കൾ വാദവും അടിസ്ഥാനലക്ഷ്യമാക്കിയ ശിവസേനക്ക് എങ്ങിനെയാണ് ശത്രുക്കളെന്നു കരുതുന്ന മലയാളികൾക്കിടയിൽ അനുയായികൾ എന്ന ചോദ്യം ശിവസേനയുടെ അക്രമം നേരിൽ കണ്ട, അക്രമത്തിന്നിരയായ ഹൈന്ദവരായ പലരും പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ മുസ്ലിം വിരുദ്ധത മാറ്റി നിർത്തിയാൽ ഹിന്ദുക്കളായ മലയാളികൾ അടക്കമുള്ള ജനങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ട പാരമ്പര്യമാണു ശിവസേനക്കുള്ളതു്. ബീഹാറികൾക്കെതിരെയുള്ള ശിവസേനയുടെ സമീപകാല നീക്കങ്ങൾ ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. എന്നിട്ടും ശിവസേനക്ക് വേണ്ടി മലയാള നാട്ടിലും അണികൾ ഉണ്ടായി എന്നതു ക്രൂരമായ തമാശ മാത്രമായി കാണാം. ഈ ശിവസേനയും സംഘപരിവാർ നിയന്ത്രണത്തിലുള്ള ഹിന്ദുഐക്യവേദിയും സംയുക്തമായാണ് കേരളത്തിൽ ഇപ്പോൾഗണേശോത്സവം സംഘടിപ്പിക്കുന്നതു്.
ഗണേശ വിഗ്രഹത്തിന്റെ നിമഞ്ജനം എന്ന ഈ ആഘോഷത്തിനു മതപരമായ മാനത്തേക്കാളുപരി രാഷ്ട്രീയവും വർഗ്ഗീയവുമായ മാനങ്ങളാണുള്ളത്. ബോംബെയിൽ ദീപാവലി അടക്കമുള്ള പല ഹൈന്ദവ ആഘോഷങ്ങൾക്കും പൊലിമ കുറയുമ്പോഴും ഗണേശോത്സവം പൂർവാധികം ആവേശത്തോടുകൂടി കൊണ്ടാടപ്പെടുന്നു. അതിനു കാരണം അതിന്റെ വർഗ്ഗീയ ലക്ഷ്യം തന്നെ.
നൂറുകണക്കിനു ഗണേശ വിഗ്രഹങ്ങൾ ഘോഷയാത്രയായി സമുദ്രത്തിൽ നിക്ഷേപിക്കുന്നു. വലിയ പാരിസ്ഥിതിക മാലിന്യമായി പിന്നീട് മാറുന്ന ഈ വിഗ്രഹമെല്ലാം വൃത്തിയാക്കേണ്ട ബാധ്യത സർക്കാറിനാനെന്നു മാത്രം. പൂർണ്ണാർത്ഥത്തിൽ ഹൈന്ദവ ഫാസിസം മുന്നോട്ടു വയ്ക്കുന്ന അക്രമാസക്ത അജണ്ടകളാണ് ഈ ഘോഷയാത്രയിലെ രാഷ്ട്രീയ മാനം. ഉത്തരേന്ത്യയിൽ ഗണേശോത്സവത്തോടനുബന്ധിച്ചാണ് പല വർഗ്ഗീയ സംഘർഷങ്ങളും പൊട്ടിപ്പുറപ്പെടുക. ന്യൂനപക്ഷ കേന്ദ്രീകൃതമായ പ്രദേശങ്ങൾ ‘തെരഞ്ഞെടുത്ത്’ അത്തരം പ്രദേശങ്ങളിലൂടെ ഘോഷയാത്രകൾ കടന്നു പോകുമ്പോൾ ‘യാദൃശ്ചികം’ എന്നോണം ഘോഷയാത്രക്കു നേരെ ഉണ്ടാകുന്ന കല്ലേറും ചെരുപ്പേറും അതെ തുടർന്നുണ്ടാകുന്ന ഭീകര ‘തിരിച്ചടിയും’ ഒക്കെ ഉത്തരേന്ത്യൻ നഗരങ്ങൾക്ക് സുപരിചിതമാണ്. ഉത്തരേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട പല വർഗ്ഗീയ അക്രമണങ്ങളുടെയും മൂലകാരണമായത് രാഷ്ട്രീയ വർഗ്ഗീയ ലക്ഷ്യത്തോടെ ഉള്ള ഗണേശവിഗ്രഹ യാത്രകൾ ആണെന്നതാണ് യാഥാർത്ഥ്യം. ഈ ഘോഷയാത്രയാണ് കുറച്ചു വർഷങ്ങൾ മാത്രമായി കേരളത്തിലേക്കും പറിച്ചു നട്ടിരിക്കുന്നതു്. ശ്രീകൃഷ്ണനൊപ്പം ഗണപതിയുടെ പേരിൽ ഹൈന്ദവ സമൂഹത്തിന്നിടയിൽ സംഘപരിവാരം നടത്തുന്ന മറ്റൊരു രാഷ്ട്രീയ അധിനിവേശം.
വാസ്തവത്തിൽ കേരളത്തിലെ ഹൈന്ദവ സമുദായത്തിലെ അവർഗ്ഗീയമായ നാഥനില്ലായ്മ മുതലെടുക്കുകയാണ് സംഘപരിവാരം. ഹൈന്ദവരുടെ ഏറ്റവും വലിയ രാഷ്ട്രീയ വേദിയായ ഇടതുപക്ഷ പാർട്ടികൾ നേർക്കുനേർ മതാത്മകതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നതു് ഇവിടെ എടുത്തു പറയേണ്ടതാണ്. അണികളുടെ സമ്മർദ്ദം കാരണം താഴെക്കിടയിലുള്ള പ്രവർത്തകർക്ക് ആരാധാനാലയങ്ങളുമായും, അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുമായും സഹകരിക്കാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ടെങ്കിലും ഒരു സമൂഹത്തിന്റെ മതപരമായ ഇച്ഛാശക്തിയെ തൃപ്തിപ്പെടുത്താൻ അത് പര്യാപ്തമല്ല. പിന്നെയുള്ള ജാതി സംഘടനകളാകട്ടെ സ്വന്തം സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുവാൻ തക്കവണ്ണമുള്ള രാഷ്ട്രീയ വിലപേശലുകൾ ലക്ഷ്യം വച്ചുള്ള ജാതീയമായ പ്രവർത്തനങ്ങൾക്കപ്പുറം ഹൈന്ദവ സമൂഹത്തിന്നിടയിൽ ഒരു നിലയ്ക്കുമുള്ള പ്രവർത്തനങ്ങളുടെയും ഭാഗമല്ല. സ്വാഭാവികമായും ഹൈന്ദവ സമൂഹത്തിന്നിടയിൽ നിന്നു മതപരമായ ലക്ഷ്യത്തോടെയുള്ള ചെറിയ നീക്കങ്ങൾ പോലും ഹിന്ദുത്വ സംഘടനകളിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാൻ നിർബന്ധിതമകുന്നു. സംഘപരിവാരമാകട്ടെ ഈ നിഷ്കളങ്കമായ, അവർഗ്ഗീയമായ മതാഭിമുഖ്യത്തെ വർഗ്ഗീയ രാഷ്ട്രീയ ലക്ഷ്യത്തിനായി തന്ത്രപൂർവം ഉപയോഗിക്കുന്നു.
കേരളത്തിലെ ഹൈന്ദവ സമുദയത്തിൽ വളർന്നു വരുന്ന മതാഭിമുഖ്യത്തെ സംഘപരിവാർ വർഗ്ഗീയമായി ഹൈജാക്ക് ചെയ്യുന്നു എന്ന വിഷ്ണുനാഥ് എം എൽ എയുടെ പ്രസ്താവന ഇവിടെയാണ് പ്രസക്തമാകുന്നതു്. വ്യത്യസ്ത ജാതികൾ ഉൾക്കൊള്ളുന്ന ഹൈന്ദവ സമൂഹത്തിന്റെ പൊതുപ്രാതിനിധ്യമായി വർഗ്ഗീയ രാഷ്ട്രീയ വക്താക്കൾ മാറിക്കൊണ്ടിരിക്കുന്നു എന്ന് മതേതര ചേരിയിലുള്ളവർ വൈകിയെങ്കിലും മനസ്സിലാക്കുന്നു. ഈ ആശങ്കയാണ് വിഷ്ണുനാഥ പ്രകടിപ്പിച്ചതു്.
ഹൈന്ദവ സമൂഹത്തിന്നിടയിൽ നിന്നു തന്നെയാണ് ഈ വർഗ്ഗീയവൽക്കരണത്തിനെതിരെയും, നിഷ്കളങ്കമായ മതാഭിമുഖ്യത്തെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് വഴിമാറ്റുന്ന സംഘപരിവാര തന്ത്രങ്ങൾക്കെതിരെയുമുള്ള നീക്കങ്ങൾ ഉണ്ടാകേണ്ടതു്.
സമീപകാലത്തായി കേരളത്തിലെ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ മതാഭിനിവേശം ശക്തമാണ്. അര നൂറ്റാണ്ട് കാലത്തെ മതനിരാസം എന്ന ഇടതുപക്ഷസ്വഭാവമുള്ള പൊതുപ്രവണതക്കെതിരെയുള്ള കേരളത്തിലെ യുവജനങ്ങളടക്കമുള്ളവരുടെ തിരിഞ്ഞുനടത്തം. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി മതം ഒരാചാരമായും, അനുഷ്ഠാനമായും ഐഡിയോളജിയായും ജനങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദശാബ്ധങ്ങളിൽ ഇടതുപക്ഷ സ്വാധീനത്താൽ മതമൊരു ഭാരമായി അഭിനയിച്ചിരുന്നവരിൽ നിന്നു വിഭിന്നമായി മതമെന്ന ചട്ടക്കൂടിനുള്ളിലേക്ക് ഒതുങ്ങാൻ ജനങ്ങൾ സ്വയം തന്നെ തയ്യാറാകുന്നു. ആരാധനാലയങ്ങൾ ജനനിബിഡമാകുന്നു. ഉത്സവങ്ങൾക്ക് ആഘോഷപ്പൊലിമ വർദ്ധിക്കുന്നു.
ഇവിടെ അപ്രസക്തമായ മതനിരാസ മുദ്രാവാക്യം വീണ്ടും വീണ്ടും പൊടിതട്ടി എടുത്ത് മതാഭിമുഖ്യത്തെ ഫാസിസ്റ്റുകൾക്ക് തീറെഴുതിക്കൊടുക്കുവാൻ ഇടതുപക്ഷപ്രസ്ഥാനങ്ങൾ അടക്കമുള്ളവർ കൂട്ടുനിൽക്കണമൊ എന്ന ചോദ്യം പ്രസക്തമാണ്. അവർഗ്ഗീയമായ, പരമത വിശ്വാസികളെ രാജ്യത്തിന്റെ ശത്രുവായി കണക്കാക്കത്തെ കേരളത്തിലെ തനത് മതസൌഹാർദ്ദസംസ്ക്കാരത്തെ അതേ രൂപത്തിൽ തന്നെ നിലനിർത്താൻ പാകത്തിലുള്ള ശക്തമായ സംവിധാനം ഹൈന്ദവ സമൂഹത്തിന്നിടയിൽ നിന്നു തന്നെ ഉയർന്നു വരേണ്ടതുണ്ട്. അങ്ങിനെ സംഭവിച്ചില്ലെങ്കിൽ കേരളത്തിൽ ഹൈന്ദവ വിശ്വാസവും ആഘോഷങ്ങളും പരമത വിദ്വേഷ അജണ്ട പുലർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റുകളുടെ പൂർണ്ണ നിയന്ത്രണത്തിലകപ്പെടുകയാകും ഫലം. കേരളത്തിലെ ഹൈന്ദവ പ്രാതിനിധ്യമെന്നത് ഹിന്ദുത്വഫാസിസം എന്നായി ചുരുങ്ങുന്നത് ഹൈന്ദവ സമൂഹത്തിനു് ആത്യന്തികമായി നേട്ടമല്ല, മറിച്ച് കോട്ടമാണുണ്ടാക്കുക. ഒരു ബഹുമത സമൂഹമെന്ന നിലക്ക് അതു കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിനു് ഒട്ടും യോചിച്ചതുമല്ല.
പി.കെ.നൌഫൽ

No comments:

Post a Comment