Saturday, September 22, 2012

ഇരവാദം മുഴക്കുന്ന സവർണ്ണ ഫാസിസം


ഇരവാദം മുഴക്കുന്ന സവർണ്ണ ഫാസിസം


ജര്‍മന്‍ പാര്‍ലെമന്റ് മന്ദിരത്തിന് സ്വയം തീവെക്കുകയും ആ കുറ്റം കമ്യൂണിസ്റ്റുകാരുടേയും ജൂതന്‍മാരുടേയും തലയിലിട്ട് അതിന്റെ പേരില്‍ ആദ്യം കമ്യൂണിസ്റ്റുകാരെയും പിന്നീട് ജൂതന്‍മാരെയും ഒന്നൊഴിയാതെ വേട്ടയാടി മനുഷ്യ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ തന്നെ അസ്തമിപ്പിക്കുകയും ചെയ്ത ഒരു മനുഷ്യനുണ്ടായിരുന്നു. ആവര്‍ത്തിച്ചുള്ള നുണകൾ സത്യങ്ങളാകുമെന്ന് കണ്ടത്തി പ്രാക്റ്റീസ് ചെയ്ത ഒരാൾ അയാള്‍ക്ക് വലം‌കയ്യായുണ്ടായിരുന്നു. നാസിസത്തിന്റെ പ്രയോഗത്തിലെ ഏറ്റവും ശക്തനായ സ്റ്റ്രാറ്റജിസ്റ്റ്.
ഗീബല്‍സിനുമുമ്പ്, അതും രണ്ട് സഹസ്രാബ്ദം മുമ്പ്, അതിലും എത്രയോ വ്യക്തമായി ഇത് പറഞ്ഞത് കൌടില്ല്യനായതിൽ ഒട്ടും അതിശയമില്ല. സംഘപരിവാരത്തെ ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നത് ചരിത്രപരമായ അനീതിയാണ്, നാസികളെ, ഫാസിസ്റ്റുകളെ സംഘപരിവാർ എന്ന് വിളിക്കുകയാണ് വാസ്തവത്തിൽ വേണ്ടത്. ഇവിടെ നിന്ന് പോയതിന്റെ ബാക്കിയേയുള്ളൂ ലോകത്തിലെ അനീതിയുടെ ഫിലോസഫിക്കൽ ടൂളുകൾ
(കടപ്പാട്: ദീപക് ശങ്കരനാരായണൻ)
നുണപ്രചരണം പ്രധാന പ്രവർത്തനമായി സ്വീകരിച്ച ലോകത്തിലെ തന്നെ പ്രധാന സംഘടനകളുടെ എണ്ണമെടുക്കുമ്പോൾ പ്രധാനമായും കടന്നുവരിക ഈ മൂന്നു സംഘടനകൾ ആണെന്നു നിസ്സംശയം പറയാം. സ്വന്തം ജനതയുടെ ക്ഷേമത്തേക്കാൾ ഇതര സമൂഹത്തിന്റെ തകർച്ച മുഖ്യ അജണ്ടയാക്കിയ ഹിംസാത്മക കൂട്ടായ്മകൾ. ഇറ്റലിയിലും ജർമ്മനിയിലും ഈ സംഘടനകളുടെ ക്രൌര്യം ചില വ്യക്തികളെ കേന്ദ്രീകരിച്ചു മാത്രമായിരുന്നു നിലനിന്നത് എങ്കിൽ മുൻപെ സൂചിപ്പിചതു പോലെ ഇവരുടെയൊക്കെ യഥാർത്ഥ മാതൃകകളായ ഇന്ത്യൻ ബ്രാഹ്മണിസം ഒരു വടവൃക്ഷമായി തലമുറകൾ തന്നെ മാറി വളർന്നുവലുതായിരിക്കുന്നു എന്നത് ഭീകരമായ യാഥാർത്ഥ്യം മാത്രം.
വാസ്തവത്തിൽ കൃത്രിമമായ ഇരവാദം അടിസ്ഥാനമാക്കിയായിരുന്നു ഈ മൂന്നു സംഘടനകളുടെയും നിലനില്പ്. ജനസംഖ്യയിൽ ഭൂരിപക്ഷമായവരെ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന ഈ ഹിംസാത്മക കൂട്ടായ്മകൾ ഭൂരിപക്ഷജനത അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും, പ്രയസങ്ങൾക്കും കാരണം ന്യൂനപക്ഷങ്ങളായ മുസ്ലിംകളും, കമ്മ്യൂണിസ്റ്റ്കാരും, ജൂതന്മാരുമൊക്കെ ആണെന്നും അതുകൊണ്ട് തന്നെ ഭൂരിപക്ഷജനത  കുടിയേറ്റക്കാരായ (?) ന്യൂനപക്ഷങ്ങളുടെ ഇരകളാണെന്നുമുള്ള കാടടച്ചുള്ള പ്രചാരണം. ഈ നുണകൾ ഭൂരിപക്ഷജനതയെ വിശ്വസിപ്പിക്കുക എന്ന ലളിതമായ പ്രക്രിയ മാത്രമേ ഇവർക്കു ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ. ഗീബത്സ് എന്ന കൌടില്യ ശിഷ്യൻ പറഞ്ഞു വെച്ച ‘ഒരു നുണ നൂറാവർത്തി പറഞ്ഞാൽ, നുണ പറയുന്നവനു തന്നെ അതു സത്യമെന്നു തോന്നുമെന്ന’ മനഃശാസ്ത്ര യുദ്ധം ഇവിടെയാണ് പ്രസക്തമാകുന്നതു. ഈ നുണപ്രചരണങ്ങൾക്ക് സർവ പിന്തുണയുമായി മുതലാളിത്ത മാദ്ധ്യമങ്ങളും എക്കാലവും മുന്നണിയിൽ തന്നെ നിലകൊണ്ടു.
കേരളത്തിൽ അടുത്തകാലത്തായി സംഘപരിവാരം ഉയർത്തിക്കൊണ്ടു വരുന്ന വിഭിന്നസ്വഭാവമുള്ള ഇരവാദം ഇവിടെ കൂട്ടിവായിക്കപ്പെടേണ്ടതാണ്. കേരളത്തിലെ ഭൂരിപക്ഷ ഹൈന്ദവ ജനത വംശനാശം സംഭവിക്കാൻ പോകുന്ന അപൂർവ ജീവികളാണെന്നുള്ള ശക്തമായ കുപ്രചാരണമാണ് മാദ്ധ്യമ പിന്തുണയോടെ സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നതു.
കേരളത്തിലെ സംഘപരിവാർ ഉടമസ്ഥതയിലുള്ള ദിനപ്പത്രം സംഘപരിവാറിനു നൽകിയ ഏറ്റവും വലിയ സംഭാവന, സവർണ്ണ ആഭിമുഖ്യമുള്ള നൂറോളം പത്രപ്രവർത്തകരെ വാർത്തെടുത്ത്, അവരെ കേരളത്തിലുള്ള വിവിധ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ കുടിയിരുത്താൻ സാധിച്ചു എന്നാണെന്ന നിരീക്ഷണം പരിവാർ മേഖലയിൽ നിന്നു തന്നെ പലപ്പൊഴും ഉയർന്നു വന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെയും ന്യൂനപക്ഷ സംഘടനകൾക്കെതിരെയും വ്യത്യസ്ത മാദ്ധ്യമങ്ങളിലെ വാർത്തകളിൽ കാണപ്പെടുന്ന ഏകമാന സ്വഭാവം ഈ അവകാശവാദത്തെ ശരിവെക്കുന്നതുമാണ്. സംഘപരിവാര പ്രചാരണങ്ങളുമായി ബന്ധപ്പെട്ട  ന്യൂനപക്ഷ വിരുദ്ധ വാർത്തകൾക്കു ലഭിക്കുന്ന അനല്പമായ പ്രാമുഖ്യവും ഈ കുടിയിരുത്തലിന്റെ ഭാഗം തന്നെയാണെന്നു നിസ്സംശയം പറയാം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞ ദശാബ്ദങ്ങൾ മുതൽ നേരിട്ട അപചയം ഇത്തരം നീക്കങ്ങൾക്കുള്ള ഗതിവേഗം വർദ്ധിപ്പിക്കുകയും ചെയ്തു.
ഭൂരിപക്ഷ ജനതയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നിലയ്ക്കുള്ള തന്ത്രപരമായ ഇരവാദമാണ് ഇപ്പോൾ നടക്കുന്നതു. ഒരു ബഹുമത സമൂഹമായ കേരളത്തിൽ എല്ലാ മതങ്ങൾക്കിടയിലും നിരന്തരം നടക്കുന്ന മിശ്ര വിവാഹങ്ങൾ, പ്രണയ വിവാഹങ്ങൾ എന്നിവയെ സംഘപരിവാരം തന്ത്രപരമായി ഇരവാദമാക്കിയതെങ്ങിനെയെന്നു നോക്കൂ. ആദ്യമായി ചില സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലൂടെ ഈ ഇരവാദം പൊട്ടിമുളപ്പിക്കുന്നു. അതിനു കൌതുകകരമായ പേരും നൽകി. പ്രാരംഭദശയിൽ അധികമാരും അറിയാതെ, ശ്രദ്ധിക്കപ്പെടാതെ പോയ ഈ പ്രചാരണം പൊടുന്നനെ ചില മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നു. അതെ, പരിവാർ ആഭിമുഖ്യമുള്ള പത്രപ്രവർത്തകരെ കുടിയിരുത്തിയ നിഷ്പക്ഷരെന്ന പേരുള്ള പത്രങ്ങൾ തന്നെ.
പ്രണയത്തിന്റെ മറവിൽ ആയിരക്കണക്കിനു ഹൈന്ദവരെ വേട്ടക്കാരായ മുസ്ലിംകൾ മതം മാറ്റി എന്നു പ്രചരണം നടത്തുമ്പോഴും അത് തെളിയിക്കുന്ന വസ്തുതകളോ കണക്കുകളോ ഹാജരാക്കുക എന്ന സാമാന്യമര്യാദ ഈ വിഷയത്തിൽ പാലിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഈ ഇരവാദത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നവർക്ക് ഒരിക്കൽ പോലും തൃപ്തികരമായ മറുപടിയും ലഭിച്ചിരുന്നില്ല.  അതേ സമയം കാടടച്ചുള്ള പ്രചരണത്തിന്റെ ശക്തിക്ക് കുറവും ഉണ്ടായില്ല. ഒരു വശത്ത് ന്യൂനപക്ഷങ്ങൾ പ്രണയം നടിച്ചു ഭൂരിപക്ഷത്തെ മതം മാറ്റുന്നു എന്ന മുറവിളി കൂട്ടുമ്പോൾ തന്നെ സംഘപരിവാര ആഭിമുഖ്യത്തിൽ ഇതര മതത്തിൽ നിന്നു പ്രണയം മൂലം ധാരാളം പേർ ഭൂരിപക്ഷ സമൂഹത്തിന്റെ ഭാഗമായി മാറ്റപ്പെടുന്നു എന്ന വസ്തുത ബോധപൂർവം മറച്ചു വയ്ക്കപ്പെടുകയും ചെയ്തു.
കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന മതംമാറ്റങ്ങളെ കുറിച്ചുള്ള നിയമസഭാ രേഖകളിൽഇസ്ലാം മതത്തിലേക്ക് വന്ന സ്ത്രീ പുരുഷന്മാരുടെ കണക്കുകൾ വളരെ വ്യക്തമായി തന്നെ ആഭ്യന്തരവകുപ്പു പ്രതിപാദിച്ചപ്പോൾ വിവിധ മതങ്ങളിൽ നിന്നു ഹൈന്ദവരായ രണ്ടായിരത്തിൽ പരം ആളുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല എന്ന മറുപടിയാണ് നിയമസഭയിൽ സി പി എം  നേതാവ് കെ കെ ലതിക എം എൽ എയുടെ ചോദ്യത്തിനുള്ള മറുപടിയായി ആഭ്യന്തര മന്ത്രി നൽകിയത്. കേരള നിയമസഭയ്ക്കു വിവരങ്ങൾ ലഭിക്കാൻ പോലും അപ്രാപ്യമായ നിലയ്ക്ക് സംഘപരിവാര ആഭിമുഖ്യമുള്ള സ്ഥാപനങ്ങൾ വസ്തുതകൾ ഒളിച്ചു വയ്ക്കുന്നു എന്നു സാരം.
ഏതു നുണയ്ക്കൊപ്പവും ജിഹാദ് എന്ന വാക്കുപയോഗിച്ചാൽ ഇരവാദത്തിനു മാദ്ധ്യമ-പൊതുജനശ്രദ്ധ നേടാം എന്നു സംഘപരിവാരിനറിയാം. അതുകൊണ്ടു തന്നെ സമീപകാലത്തു സംഘപരിവാരം നടത്തുന്ന എല്ലാ പ്രചാരണങ്ങൾക്കുമകമ്പടിയായി ജിഹാദ് എന്ന  വാക്കുകൂടെ ബോധപൂർവം കടത്തിവിടുന്നു. ഒരുദാഹരണം നോക്കൂ:
കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങളിൽ വിശുദ്ധ റമദാൻ മാസത്തിൽ ആണ് മലയാളികളുടെ ദേശീയ ഉത്സവമായ ഓണവും കടന്നു പോയതു. കേരളത്തിലെ ഇരുപത്തിയഞ്ചു ശതമാനത്തോളം വരുന്ന ജനത വിനോദങ്ങളിൽ നിന്നു മാറി നിൽക്കുന്ന ഒരു മാസമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സിനിമയ്ക്ക് വേണ്ടി മുതൽമുടക്കുന്ന നിർമ്മാതാക്കൾ റമദാൻ കാലത്ത് വലിയ ബഡ്ജറ്റ് പടങ്ങളുടെ റിലീസ് മാറ്റിവെക്കുവാൻ സ്വയം തീരുമാനിക്കുന്നു. ഈ നിർമ്മാതാക്കളിൽ ഭൂരിഭാഗവും അമുസ്ലിംകൾ തന്നെ ആയിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. ഉടൻ വന്നു സംഘപരിവാരം പുതിയ വാക്കുമായി: പേരു ‘സിനിമാ ജിഹാദ്’. 
മുസ്ലിംകളുടെ റമദാനു വേണ്ടി ഭൂരിപക്ഷ സമുദായത്തിന്റെ ഉത്സവമായ ഓണത്തിനു റിലീസ് ചെയ്യേണ്ട സിനിമകൾ മാറ്റിവച്ചു; അതിനു കാരണം സിനിമാ ജിഹാദ് എന്നായിരുന്നു ആരോപണം. നേരത്തെ വിവിധ മാദ്ധ്യമങ്ങളിൽ കുടിയിരുത്തിയ മാദ്ധ്യമ പ്രവർത്തകർ ഉടനെ തന്നെ ഇതു വലിയ വിഷയമാക്കുകയും വാർത്താ ചാനലുകളിൽ അടക്കം വലിയ ചർച്ചയാക്കുകയും ചെയ്തു.
റമദാൻ മാസത്തിൽ സിനിമ റിലീസ് ചെയ്യുന്നതിൽ ആരാണ് എതിർപ്പ് പ്രകടിപ്പിച്ചത്? മുസ്ലിം സമുദായം എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവോ? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. വാസ്തവത്തിൽ മുതൽ മുടക്കുന്ന നിർമ്മാതാക്കളുടെ തീരുമാനം മാത്രം ആയിരുന്നു അത്. പരമാവധി പ്രേക്ഷകരിലേക്ക് സ്വന്തം ഉല്പന്നം എത്തിക്കുക എന്ന ഏതൊരു മുതൽമുടക്കുന്ന വ്യക്തിയുടെയും സ്വാഭാവിക നീക്കം. പക്ഷെ ഇതിനു പിന്നിൽ സിനിമാ ജിഹാദാണെന്നു പറയാനും ഭൂരിപക്ഷ ആഘോഷങ്ങൾ വരെ മുസ്ലിംകൾ കയ്യേറുന്നു എന്ന ഇരവാദം മുഴക്കാനും സംഘപരിവാറിനു മടിയൊന്നും ഉണ്ടായില്ല.
കേരളത്തിലെ ഭൂമികൾ ന്യൂനപക്ഷങ്ങൾ കയ്യടക്കി വച്ചിരിക്കുന്നു, അത് ‘ലാൻഡ് ജിഹാദിന്റെ’ ഭാഗമാണ് എന്നാണ് അടുത്ത ആരോപണം. ഭാവിയിൽ കേരളത്തിലെ ഭൂരിപക്ഷ ജനതക്കു ഭൂമി ഇല്ലാത്ത അവസ്ഥ വരും എന്നു ഭീതിപ്പെടുത്തുന്ന ഇരവാദം. ഐക്യജനാധിപത്യ മുന്നണി സർക്കാർ പ്രഖ്യാപിച്ച  ‘എമേര്‍ജിങ് കേരള’ പദ്ധതി പോലും ലാൻഡ് ജിഹാദിന്റെ ഭാഗം ആണെന്നാണ് സംഘപരിവാര പ്രചാരണം.
വാസ്തവത്തിൽ യാഥാർത്ഥ്യം എന്താണ്? കേരളത്തിലെ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ ഹൈന്ദവരുടെ ഭൂമി കയ്യേറി അവകാശപ്പെടുത്തിയിട്ടുണ്ടോ? കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ഉടമസ്ഥതയിൽ ഭൂമി ഉണ്ടെന്നതു വാസ്തവം തന്നെയാണ്. യഥാർത്ഥത്തിൽ മുസ്ലിംകളുടെ കൈവശം മാത്രമാണോ ഭൂമി? കേരളത്തിലെ എല്ലാ സമുദായങ്ങളുടെ കയ്യിലും ഭൂമി ഉണ്ടു എന്നാണു വാസ്തവം. മുസ്ലിംസമുദായത്തിന്റെ കൈവശം ഉള്ള ഭൂമി അനധികൃതമായി കയ്യേറിയതല്ല, മറിച്ചു ഭൂമിയുടെ ഉടമകളായിരുന്നവർ ആവശ്യപ്പെട്ട തുക നൽകി നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണെന്നതിൽ എവിടെയാണ് അവ്യക്തത? പക്ഷെ നുണപ്രചാരണത്തിനും ഇരവാദത്തിനും കുറവില്ലെന്നു മാത്രം.
കേരളത്തിൽ വിവാദമായ പല ഭൂമികയ്യേറ്റ വാർത്തകളിലും, വനംകയ്യേറ്റ വാർത്തകളിലും മുസ്ലിം സമുദായത്തിന്റെ പങ്കു തുലോം കുറവാണെന്നു തന്നെ ഇവിടെ കൂട്ടിവായിക്കപ്പെടേണ്ടതാണ്. അതെ സമയം ന്യൂനപക്ഷങ്ങൾ ജീവിത മാർഗ്ഗത്തിനായി നിയമപ്രകാരം ഭൂമി വിലയ്ക്കു വാങ്ങുന്നതു പോലും ലാൻഡ് ജിഹാദിന്റെ ഭാഗം ആണെന്നാണ് പ്രചാരണം. ഇതുവഴി ഭൂരിപക്ഷ സമൂഹത്തെ ഭീതിപ്പെടുത്തി അരക്ഷിതാവസ്ഥയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. മുസ്ലിംകൾക്ക് ഭൂമി വിൽക്കരുത് എന്ന അപകടകരമായ മുദ്രാവാക്യവും ഇപ്പോൾ മുഴക്കിക്കൊണ്ടിരിക്കുന്നു.
കേരള ട്രാൻസ്പോർട്ട് കോര്‍പറേഷനായ കെ എസ് ആർ ടി സി യും കൊട്ടാരക്കരയും തമ്മിൽ എന്താണ് ബന്ധം എന്നു ചോദിച്ചാൽ സ്വാഭാവിക നിലക്ക് കേരളത്തിലെ മറ്റേതൊരു പ്രദേശത്തെയും പോലുള്ള പ്രത്യേകത മാത്രമാണ് കൊട്ടാരക്കരയ്ക്ക് ഉണ്ടാകേണ്ടതു. എന്നാൽ കെ എസ് ആർ ടി സി യുടെ കേരളത്തിലെ തന്നെ ഏറ്റവും പ്രധാന കേന്ദ്രം ഏതെന്നു ചോദിച്ചാൽ എളുപ്പം വരുന്ന ഒരു പ്രധാന പേരു കൊട്ടാരക്കര ഡിപ്പോ എന്നാകും. കൊട്ടാരക്കര എന്ന പട്ടണത്തിനു കേരള ഭരണത്തിലോ, ചരിത്രത്തിലോ പ്രത്യേക റോൾ ഒന്നും ഇല്ല. അതെ സമയം ഐക്യജനാധിപത്യ മുന്നണി സർക്കാരിന്റെ ഭാഗമായി പലതവണ ഗതാഗത വകുപ്പ് കൈകാര്യം ചെയ്ത ബാലകൃഷ്ണപിള്ളയുടെയും ഇതിനുമുമ്പിലത്തെ യുഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത വകുപ്പു കൈകാര്യം ചെയ്ത പിള്ളയുടെ മകൻ ഗണേഷ് കുമാറിന്റെയും ആസ്ഥാനം ആണ് കൊട്ടാരക്കര. സ്വാഭാവികമായും കെ എസ് ആർ ടി സിയുടെ പ്രധാന കേന്ദ്രമാക്കി കൊട്ടാരക്കരയെ മാറ്റുന്നതിൽ ബാലകൃഷ്ണ പിള്ളയും മകനും ശ്രദ്ധിച്ചു.
ഒരു ജനപ്രതിനിധി എന്ന നിലയ്ക്കു സ്വന്തം മണ്ഡലത്തിനോടു കാണിക്കുന്ന സ്വാഭാവിക പ്രതിബദ്ധത എന്ന് മാത്രമാണ് കേരള ജനത ഇതിനെ നോക്കിക്കണ്ടത്. ബാലകൃഷ്ണ പിള്ള എന്ന ഹൈന്ദവ സവർണ്ണ നേതാവ് കൊട്ടാരക്കരക്ക് അനർഹമായത് വാരിക്കൊടുക്കുന്നു എന്ന ആരും പരിതപിച്ചില്ല. മറ്റു പ്രദേശങ്ങളുടെ അവകാശം കവർന്നെടുക്കുന്നു എന്നും ആരും പരാതി പറഞ്ഞില്ല. അതേ സമയം മലപ്പുറം ജില്ലയിൽ വരുന്ന ഏതു പദ്ധതിയോടും സംഘപരിവാരം ഉയർത്തുന്ന എതിർപ്പ് ശ്രദ്ധിക്കുക. ‌
മലബാറോ, മലപ്പുറം ജില്ലയോ കേരത്തിന്റെയോ ഇന്ത്യയുടെ തന്നെയോ ഭാഗമല്ല, എന്ന നിലപാടാണ് പലപ്പോഴും സംഘ പ്രതികരണങ്ങളിൽ നിന്നു വെളിപ്പെടുന്നതു. എമേർജിങ് കേരള പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ പാണക്കാട് എന്ന പ്രദേശവുമായി ബന്ധപ്പെട്ടു ചില നിക്ഷേപങ്ങൾ വരുന്നു എന്ന പത്രവാർത്ത വരേണ്ട താമസം പുതിയ ഇരവാദവുമായി സംഘപരിവാരം പ്രചാരണം തുടങ്ങി. ലീഗ് അസ്ഥാനത്തേക്ക് അനർഹമായത് ഒഴുക്കുന്നു എന്നുള്ള പ്രചാരണം. പാണക്കാടും,മലപ്പുറവും സംസ്ഥനത്തിന്റെ ഭാഗമാണെന്നും സർക്കാർ നിക്ഷേപങ്ങള്‍ക്കും വികസനത്തിനും മറ്റേതൊരു പ്രദേശത്തെയും പോലെയുള്ള അവകാശം മലപ്പുറം ജില്ലക്കും പാണക്കാടിനും ഉണ്ടെന്നുമുള്ള ബോധം സംഘപരിവാരം ബോധപൂർവം മറച്ചു പിടിക്കുന്നു.
പത്രവാർത്തകളിൽ കണ്ടതു പോലെ ഈ നിക്ഷേപം ഒക്കെ വരുമൊ എന്നത് വേറെ കാര്യം. അനധികൃതമായ സർക്കാർ സഹായം ന്യൂനപക്ഷ കേന്ദ്രങ്ങളിൽ : ഇതാണ് ഈ ഇരവാദത്തിന്റെ പൊരുൾ. മലബാർ മേഖലയ്ക്കനുവദിക്കപ്പെട്ട എയിഡഡ് സ്കൂൾ പദവിയുമായി ബന്ധപ്പെട്ടും, ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുമൊക്കെ സമാനമയ നുണപ്രചരണമാണ് നടന്നതു. കാടടച്ചുള്ള ഏകപക്ഷീയമായ പ്രചാരണം.
അതോടൊപ്പം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് വരുന്ന അതിക്രമങ്ങൾ ആസൂത്രിതവും ഭീകരവും, രാജ്യദ്രോഹവുമായി ചിത്രീകരിക്കുമ്പൊൾ ഭൂരിപക്ഷ സമുദായവുമായി, സംഘപരിവാരവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഒറ്റപ്പെട്ടതും, വ്യക്തിപരവുമായി, ദേശീയതയുമായി പ്രചരിപ്പിക്കപ്പെടുന്നു.
മുംബൈ അക്രമണ കേസിൽ കോടതി തൂക്കിക്കൊല്ലാൻ വിധിച്ച കസബിനെ ഇനിയും തൂക്കിക്കൊല്ലാതിരിക്കുന്നത് പോലും ഇരവാദമാക്കി ചിത്രീകരിക്കുന്നതിൽ ഫാസിസം വിജയിക്കുന്നു എന്ന് കാണം. ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയിൽ ഏതു നടപടികൾക്കും ഉണ്ടാകുന്ന സ്വാഭാവികമായ കാലതാമസം മാത്രമാണ് കസബിന്റെ വിഷയത്തിലും നടന്നുകൊണ്ടിരിക്കുന്നതു. കസബ് മാത്രമല്ല വധശിക്ഷ വിധിക്കപ്പെട്ട് ശിക്ഷ കാത്ത് കഴിയുന്നതു. ധാരാളം പേർ വധശിക്ഷക്കു വിധിക്കപ്പെട്ട് ശിക്ഷ കാത്ത് ജയിലിൽ കഴിയുന്നുണ്ട്. എന്നാൽ കസബിനു വേണ്ടി സർക്കാർ ചെലവിട്ട തുക മാത്രം എടുത്തുപറഞ്ഞു അതും വേട്ടക്കാരുടെ അതിക്രമത്തിനു ഉദാഹരണമാക്കുകയാണ് ഫാസിസം. അതേ സമയം സംത്സോത എക്സ്പ്രസ് സ്ഫോടനം അടക്കം രാജ്യത്തെ നിരവധി സ്ഫോടനങ്ങളിൽ കുറ്റം ഏറ്റുപറഞ്ഞ സംഘപരിവാർ പ്രവർത്തകരും സർക്കാർ ചെലവിൽ തന്നെയാണ് ഇന്നും  തടവിൽ ജീവിക്കുന്നതെന്ന യാഥാർത്ഥ്യം മറച്ചുവെക്കപ്പെടുന്നു.
ചരിത്രത്തിൽ ഫാസിസവും നാസിസവും നടത്തിയ ആസൂത്രിത ഇരവാദ പ്രചാരണം തന്നെയാണ് ഇവിടെയും അരങ്ങേറുന്നതെന്നു വ്യക്തം. വാസ്തവത്തിൽ പരമതവിദ്വേഷം അടിസ്ഥാന മുദ്രാവാക്യമാക്കിയ, ന്യൂനപക്ഷ വംശഹത്യയിലഭിമാനം കൊള്ളുന്ന, സവർണ്ണ പ്രത്യയശാസ്ത്രം എങ്ങിനെയാണ് ഇരകൾ ആകുന്നതു? ബോംബെയിലും ഗുജറാത്തിലുമടക്കം രജ്യത്താകമാനം തെരുവുകളിൽ നിരപരാധികളുടെ ചോരപ്പുഴയൊഴുക്കിയ അക്രമകാരികൾ ഏതു നിലക്കാണ് ഇരകളാകുക? ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ഉന്മൂലനം ചെയ്ത് ക്രൂരത വെളിപ്പെടുത്തിയവർ എങ്ങിനെയാണ് വേട്ടയാടപ്പെടുന്നവരാകുക?
ഇറ്റലിയിലും ജർമ്മനിയിലും ഈ നിലയിൽ ഇരവാദം നടത്തിയ ഹിംസാത്മകത കൂട്ട വംശഹത്യക്കും, ഒടുവിൽ ലോകമഹായുദ്ധത്തിലുമാണ് കലാശിച്ചതു എന്നതു കൂടെ ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ടു. ഒരെ സമയം വേട്ടക്കാരാകുക, അതോടൊപ്പം ഇരകളെന്ന് അഭിനയിച്ചു ഭൂരിപക്ഷത്തെ പ്രകോപിപ്പിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ തിരിക്കുക എന്ന ദ്വിമുഖതന്ത്രമാണ് ഈ വിഷയത്തിൽ എക്കാലത്തും ഫാസിസം പയറ്റിയിട്ടുള്ളതു. ആ തന്ത്രം തന്നെയാണ് സവർണ്ണ വർഗ്ഗീയത ഇവിടെയും പയറ്റുന്നതു. രാജ്യത്തിന്റെ മതേതര നിലനിൽ‌പ്പിലും, ഐക്യത്തിലും ബദ്ധശ്രദ്ധരായവർ സവർണ്ണ വർഗ്ഗീയത മുഴക്കിക്കൊണ്ടിരിക്കുന്ന അപകടകരമായ ഇരവാദത്തിന്റെ നിജസ്ഥിതി തുറന്നു കാണിക്കേണ്ടത് അത്യാവശ്യമത്രെ. അതല്ലെങ്കിൽ ഒരിക്കലും തിരിച്ചെടുക്കാനാകത്ത നിലക്കുള്ള പതനമായിരിക്കും രാജ്യം നേരിടുക.
പി.കെ. നൌഫൽ

http://malayal.am/node/14417

2 comments:

  1. " ഗീ­ബല്‍­സി­നു­മു­മ്പ്," പിന്നെ ഗീബല്‍സ്....ഭാഗ്യം ഇപ്പോള്‍ അത് നൌഫല്‍ ഭംഗിയായി നിര്‍വഹികുന്നുണ്ടല്ലോ... ആദ്യം ചരിത്രം പഠിക്കൂ... ആര്‍ എസ് എസും ഗാന്ധി വധവും ഒരുപാട് പഴകിയതാണ്.. അതിന്റെ നെല്ലും പതിരും അന്നേ വേര്‍തിരിച്ചതാണ്.. ഇതൊന്നും എസ് ഡി പി ഐ ഉടെ കൂലി എഴുത്തുകാരനായ തന്നോട് പറഞ്ഞിട്ട് കാര്യമില്ലലോ...കുറച്ചുനാള്‍ മുന്‍പ് ചെന്നിത്തലക്ക് സംശയം ഉണ്ടായപ്പോള്‍ ജസ്റ്റിസ് കെ ടി തോമസ്‌ തീര്‍ത്തുകൊടുത്തതാണ്.. തേജസും, സിറാജും, ചന്ദ്രികയും , മാധ്യമവും, ദേശാഭിമാനിഉം വായിച്ചാല്‍ ഇതൊന്നും അറിയില്ല... സംഗ പരിവാര്‍ പത്രം പുറത്തുകൊണ്ടുവന്ന ലൌ ജിഹാദ് കേരള സര്‍ക്കാരും ഹൈക്കോടതിയില്‍ സമ്മധിച്ചകാര്യം അറിജില്ലല്ലേ? അതിന്റെ വ്യക്തമായ കണക്കും കൊടുത്തിരുന്നല്ലോ. ഇതൊക്കെ നുനയാനെഗില്‍ കോടതിയില്‍ പോകംയിരുന്നില്ലേ. ***മറ്റേ­തൊ­രു പ്ര­ദേ­ശ­ത്തെ­യും പോ­ലെ­യു­ള്ള അവ­കാ­ശം മല­പ്പു­റം ജി­ല്ല­ക്കും പാ­ണ­ക്കാ­ടി­നും ഉണ്ടെ­ന്നു­മു­ള്ള ബോ­ധം *** മറ്റേതു പ്ര­ദേ­ശ
    ­ത്തുനിന്നാണ് ഇത്രയും മന്ത്രിമാര്‍ ഉള്ളത്? മുഘ്യമന്ത്രി തീരുമാനിക്കുന്നതിന് മുന്‍പ് തന്നെ പാനക്കാട്ടിന്നലെ അഞ്ചാം മന്ത്രിയുടെ പ്രഖ്യാപനം നടത്തിയതു്.. എമര്‍ജിഗ് കേരളം എമ്ര്‍ജിംഗ് മലപ്പുറം തന്നെയാണ് അത് തുറന്നു പറയാന്‍ ഇവിടെ സംഘ്പരിവാര്‍ മാത്രമേയുള്ളൂ... മല­ബാർ മേ­ഖ­ല­യ്ക്കു മാത്രമേ വ­ദി­ക്ക­പ്പെ­ട്ട എയി­ഡ­ഡ് സ്കൂൾ അനുവധിക്കുകയുല്ലോ.. എന്തെ മുഖ്യന്‍ അത് തിരുത്താതെ ഉരുണ്ടു കളിച്ചതു? ആരാണ് ഇര.. ആരാണ് വേട്ടക്കാരന്‍.. പിന്നെ ഗുജറാത്തില്‍ 58 രാമഭാക്തരെ ചുട്ടുകരിച്ചപ്പോള്‍ ഓര്‍ത്തില്ലേ.. 1300 പേര്‍ കലാപത്തില്‍ മരിച്ചതില്‍ 350 പേര്‍ ഹിന്ദുക്കള്‍ ആയിരുന്നു... ചോദിച്ചു വാങ്ങിയതല്ലേ ആ കലാപം.. ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ 5000 ഓളം നിരപരാധികള്‍ ആയ സിക്കുകാരെ കൂട്ടക്കൊല ചെയ്ടടു ആരാ.. പിന്നെ ഇറ്റലിയിലും ജര്‍മനിയിലും മാത്രമല്ല അഫ്ഗാന്‍, പാക്കിസ്ഥാന്‍ , ഇറാന്‍, ഇറാക്ക്, അമേരിക്ക , ഇംഗ്ലണ്ട് , ഫ്രാന്‍സ്, തുര്‍ക്കി , ഇസ്രായേല്‍ തുടങ്ങി എല്ലായിടത്തും നടക്കുണ്ട് ജിഹാദി ചാവേര്‍ നരഹത്യകള്‍... ഇതൊക്കെ സംഘ്പരിവാര്‍ ആണോ ചെയ്യുന്നത്... എന്തെ കാശ്മീരില്‍ ഇന്നും സമാധാനമില്ലാത്തത്.. സംഘ്പരിവാറിനെ പൊടിപോലും കണ്ടുപിടിക്കാന്‍ പറ്റാത്ത നമ്മളില്‍ നിന്നും വെട്ടി മാറ്റിയ പാകിസ്താനിലും ബംഗ്ലാദേശിലും ഇപ്പോള്‍ സ്വര്‍ഗതുല്ല്യമാണല്ലോ ജീവിതം.. വെറുതെ കണക്കു എടുക്കേണ്ട നൌഫലേ മലന്നുകിടന്നു മോള്ളുന്നതാവും ഫലം...

    ReplyDelete