Tuesday, August 28, 2012

ആംസ്ട്രോങ് ഇസ്ലാം 'സ്വീകരിച്ച' കഥ


ആംസ്ട്രോങ് ഇസ്ലാം 'സ്വീകരിച്ച' കഥ
പി എം എഫ്ഖുര്‍ആന്‍ ഓതുന്ന ഗര്‍ഭസ്ഥശിശു, അറബിയില്‍ അല്ലാഹു എന്ന് എഴുതിയ മല്‍സ്യം, അദ്ഭുതസിദ്ധിയുള്ള പ്രവാചകകേശം, പാല്‍ കുടിക്കുന്ന വിഗ്രഹം, ഭസ്മവും ജാപ്പനീസ് വാച്ചും സ്വര്‍ണപ്പതക്കവും നല്‍കുന്ന ആള്‍ദൈവം, ഭസ്മം പൊഴിക്കുന്ന മൂര്‍ത്തി, കണ്ണീരൊഴുക്കുന്ന ലൂര്‍ദ്മാതാ. വിശ്വാസികള്‍ സ്വയം വിശ്വാസമര്‍പ്പിക്കാനും അവിശ്വാസികളുടെ മനംമാറ്റാനും ഇങ്ങനെ പല നമ്പറുകളുമിറക്കാറുണ്ട്. എല്ലാ മതവിഭാഗങ്ങളിലുമുണ്ട് ഇതൊക്കെ. മതമില്ലാത്തവര്‍ പകരം നേതാക്കന്മാരുടെ മൃതദേഹം ഫോര്‍മാല്‍ഡിഹൈഡിലിലിട്ട് സൂക്ഷിക്കാറാണു പതിവ്. അല്ലെങ്കില്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. അദ്ഭുതകഥകള്‍ സാമ്പത്തികമായും വലിയ നേട്ടമുണ്ടാക്കുന്നതാണ്. പാല്‍ കുടിക്കുന്ന വിഗ്രഹത്തിനു ഭക്തന്മാര്‍ കൂടും.

പ്രശസ്തരായ സംഗീതജ്ഞരും കായികതാരങ്ങളും ചിന്തകരും ഇസ്ലാം സ്വീകരിക്കുമ്പോള്‍ അത് ആവശ്യത്തിനും അനാവശ്യത്തിനും കൊട്ടിഘോഷിക്കുന്നവരാണ് പൊതുവില്‍ മുസ്ലിംകള്‍. ഒരുതരം അപകര്‍ഷബോധത്തില്‍നിന്നാണ് ഈ ആവേശം ഉടലെടുക്കുന്നത്. ഇസ്ലാം സ്വീകരിക്കുന്നവര്‍ പടിഞ്ഞാറുള്ള വെള്ളക്കാരാവുമ്പോള്‍ ആഘോഷമിത്തിരി കൂടും. അവരുടെ മതംമാറ്റമാണ് ഒരു ആഫ്രിക്കക്കാരന്‍ മതം മാറുന്നതിനേക്കാള്‍ നല്ലത്. പലപ്പോഴും ഈ മതംമാറ്റം ശരിയാവണമെന്നുപോലുമില്ല. മുസ്ലിംകളുടെ ഒരു പ്രത്യേക സംഘടനയില്‍പെടുന്നവരാണ് ഇത്തരം കഥകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാറ്.

അന്തരിച്ച ബഹിരാകാശസഞ്ചാരി നീല്‍ ആംസ്ട്രോങ് ഇസ്ലാം സ്വീകരിച്ച കഥയാണ് അതിലൊന്ന്. കഥയിങ്ങനെ: 1969 ജൂലൈ മാസത്തില്‍ ചന്ദ്രന്‍ ലക്ഷ്യമാക്കി നീല്‍ ആംസ്ട്രോങും എഡ്വിന്‍ ആള്‍ഡ്രിനും മൈക്കല്‍ കൊളിന്‍സും പുറപ്പെടുന്നു. കൊളിന്‍സാണ് മാതൃപേടകം നിയന്ത്രിച്ചത്. മറ്റു രണ്ടുപേര്‍ ചാന്ദ്രപേടകത്തില്‍ ഇറങ്ങുന്നു. ഇതൊക്കെ നമുക്കറിയുന്ന കഥ.

നമുക്കറിയാത്ത കഥ ഇതാണ്: ചന്ദ്രനിലിറങ്ങിയപ്പോള്‍ ആംസ്ട്രോങ് ഈണത്തിലുള്ള മനോഹരമായ ശബ്ദം കേള്‍ക്കുന്നു. ഭൂമിയിലെ മസ്ജിദുകളില്‍ നമസ്കാരസമയമറിയിക്കുന്ന ബാങ്കൊലിപോലുള്ള ഒന്ന്. അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍ എന്നിങ്ങനെ ഈരടികള്‍. ആംസ്ട്രോങ് പള്ളികളില്ലാത്ത നാട്ടിലാണല്ലോ ജീവിക്കുന്നത്. അയാള്‍ക്ക് അപ്പോഴതു മനസ്സിലായില്ല. മറ്റൊരു അദ്ഭുതംകൂടിയുണ്ടായി. ചന്ദ്രനില്‍ നീളത്തിലൊരു പൊട്ടു കണ്ടുവത്രെ അയാള്‍. നാട്ടിലെത്തി കെയ്റോ സന്ദര്‍ശനവേളയിലാണ് പള്ളികളില്‍നിന്ന് ആംസ്ട്രോങ് അല്ലാഹു അക്ബര്‍ എന്നു കേള്‍ക്കുന്നത്. ശൂന്യാകാശത്തു കേട്ട ശബ്ദവും ബാങ്കുവിളിയും ഒന്നാണെന്നു കണ്ട ആംസ്ട്രോങ് ബോധംകെട്ടുവീണില്ല എന്നേയുള്ളൂ. ഒടുവുനാള്‍ ചന്ദ്രന്‍ പിളരുമെന്ന് ഖുര്‍ആനിലുണ്ടല്ലോ. അതുംകൂടിയായപ്പോള്‍ പിന്നെ ആംസ്ട്രോങിനു പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. അദ്ദേഹം ഉടന്‍ ഇസ്ലാം സ്വീകരിച്ചു. തീര്‍ന്നില്ല: ഒഹായോവില്‍ ലബ്നാന്‍ എന്ന സ്ഥലത്താണ് ആംസ്ട്രോങ് ജീവിച്ചിരുന്നത്. ഇസ്ലാം സ്വീകരിച്ചശേഷം അദ്ദേഹം ലബ്നാനിലേക്കു താമസം മാറ്റിയെന്നായി പ്രചാരണം. വാര്‍ത്ത പരന്നതോടെ ഇസ്ലാംലോകത്തുള്ള പത്രങ്ങള്‍ അതേറ്റുപിടിച്ചു. കേരളത്തിലെ ഒരു മുസ്ലിം പത്രവും അതു പ്രസിദ്ധീകരിച്ചിരുന്നു.

സംഗതി ഗൌരവമുള്ളതായിരുന്നു. ശൂന്യാകാശത്ത് ബാങ്കൊലി കേള്‍ക്കുന്നുവെങ്കില്‍ പിന്നെ ഇസ്ലാം സത്യമാണെന്നതിനു വേറെ തെളിവെന്തുവേണം. അതിനാല്‍ പല വിശ്വാസികളും ആനന്ദനൃത്തത്തിലായിരുന്നു. എന്നാല്‍, വാര്‍ത്തയില്‍ സംശയംതോന്നിയ ചിലരുമുണ്ടായിരുന്നു. അവരിലൊരാളായിരുന്നു ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന റേഡിയന്‍സ് വാരികയുടെ പത്രാധിപര്‍ അമീനുല്‍ ഹസന്‍ റിസ്വി. ആംസ്ട്രോങ് സ്റ്റോറി പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് റിസ്വി അതൊന്നു ക്രോസ്ചെക്ക് ചെയ്യാന്‍ തീരുമാനിച്ചു.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമില്ലാത്ത കാലം. അമേരിക്കയിലേക്ക് ട്രങ്ക് കോള്‍ തന്നെ വേണം. അമേരിക്കന്‍ എംബസിയാണ് റിസ്വിക്കു വേണ്ടി ആംസ്ട്രോങുമായി ഫോണ്‍ബന്ധം സ്ഥാപിച്ചത്. റിസ്വി പറഞ്ഞ കഥ കേട്ട് ആംസ്ട്രോങ് തന്നെ അദ്ഭുതപ്പെട്ടു. വളരെ മാന്യനായിരുന്ന അദ്ദേഹം തനിക്ക് ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള ബഹുമാനാദരവുകള്‍ പ്രകടിപ്പിച്ചുകൊണ്ടാണ് റിസ്വിയുമായി സംസാരിച്ചത്. ശൂന്യാകാശത്തു വച്ച് അങ്ങനെയൊരു ബാങ്ക് വിളി കേട്ടിട്ടില്ലെന്നും താന്‍ ഇസ്ലാം സ്വീകരിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംഭാഷണത്തിന്റെ യഥാര്‍ഥ രൂപം അന്ന് റേഡിയന്‍സ് പ്രസിദ്ധീകരിച്ചിരുന്നു.

സംഭവം നടന്നിട്ടു വര്‍ഷങ്ങളേറെയായെങ്കിലും ഇപ്പോഴും ഏതെങ്കിലും പ്രസംഗകനോ പ്രബോധകനോ അക്കഥ പറഞ്ഞ് തന്റെ അനുവാചകരെ ഹരംപിടിപ്പിക്കുന്നുണ്ടാവും. വ്യാജ വാര്‍ത്തകള്‍ക്ക് ആയുസ്സ് അത്രയേറെയാണ്. തന്നെ പറ്റിയുള്ള കള്ളക്കഥ ആംസ്ട്രോങ് പലപ്രാവശ്യം നിഷേധിച്ചു. ഏറ്റവും അവസാനം 2005ല്‍. വ്യാജ വാര്‍ത്ത ലോകമെങ്ങും പ്രചരിക്കുന്നതു തടയാന്‍ അവസാനം യു.എസ് സ്റേറ്റ് ഡിപാര്‍ട്ട്മെന്റ് തന്നെ ഇടപെട്ടു. അവരുടെ വകയായുള്ള നിഷേധക്കുറിപ്പ് എല്ലാ എംബസികള്‍ക്കും പോയി. എന്തുകാര്യം. ആംസ്ട്രോങിന്റെ ഇസ്ലാമാശ്ളേഷം എന്നൊന്ന് ഗൂഗ്ള്‍ ചെയ്തു നോക്കൂ. കാണാം പൂരം.

മുസ്ലിമായ ആംസ്ട്രോങിനെ ക്രൈസ്തവ മതാചാരപ്രകാരം മറവുചെയ്തത് ഒരു ഗൂഢാലോചനയാണെന്ന വാര്‍ത്തയ്ക്കുവേണ്ടി കാത്തിരിക്കുക. ആംസ്ട്രോങിനെ മാത്രമല്ല, വിശ്വാസികള്‍ ഇങ്ങനെ നിര്‍ബന്ധിച്ചു മതംമാറ്റിയതില്‍ സമുദ്രശാസ്ത്രജ്ഞനായ കോസ്തോ, ബഹിരാകാശസഞ്ചാരിയായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് തുടങ്ങിയവരുമുണ്ട്. സുനിത ബഹിരാകാശത്തുനിന്ന് താഴോട്ടുനോക്കിയപ്പോള്‍ കഅ്ബാ ദേവാലയം തിളങ്ങുന്നതായി കണ്ടുവെന്നായിരുന്നു കഥ.

http://www.thejasnews.com/index.jsp?tp=det&det=yes&news_id=20120712816412535

5 comments:

  1. റബ്ബുൽ ആലമീനായ തമ്പുരാനേ....!

    ReplyDelete
  2. റബ്ബുൽ ആലമീനായ തമ്പുരാനേ....!

    ReplyDelete
  3. ഇപ്പൊ മനസിലായില്ലേ വിവരമുള്ള സായിപ്പന്മാരും ഉണ്ടെന്നു . എല്ലാരും ടോണി ബ്ലയറിന്റെ ഭാര്യയുടെ അനിയ്ഹിയെ പോലെ അല്ല .

    ReplyDelete