Monday, June 18, 2012

സി.പി.എം. കോൺഗ്രസ് ചെയ്ത അബദ്ധം ആവർത്തിക്കുന്നുഎൺപതുകളിൽ ഷബാനു കേസുമായി ബന്ധപെട്ടു മുസ്ലിം താല്പര്യത്തിന്നനുകൂലമായി പാർലമെന്റിൽ പ്രത്യേക നിയമനിർമ്മാണം നടത്തിയതു വഴി മുസ്ലിം പ്രീണനം നടത്തി എന്ന ഇടതു വലതുപക്ഷ വർഗ്ഗീയ പ്രചാരണത്തെ മറികടക്കുവാൻ കൊൺഗ്രസ് നേതാവായിരുന്ന രാജീവ് ഗാന്ധി പുറത്തെടുത്ത കുടത്തിലെ ഭൂതമാണ് ബാബരീ മസ്ജിദ് രാമജന്മഭൂമി വിഷയം. നീക്കം കൊണ്ട് ഹൈന്ദവ വൊട്ടൂകൾ കൊങ്രസ്സിനു അനുകൂലമാക്കുവാൻ സാധിക്കുമെന്നും മുസ്ലിം പ്രീണനമെന്ന പഴിചാരലിൽ നിന്നു രക്ഷ നേടാമെന്നും രാജീവ് ഗാന്ധി കണക്കുകൂട്ടി. ഇതിന്റെ തുടർച്ചായായി കൊൺഗ്രസ്സിന്റെ ആശിർവാദത്തോടെ 1984-ൽ വിശ്വ ഹിന്ദുപരിഷത്(വി.എച്.പി) ബാബരീ മസ്ജിദിന്റെ താഴുകൾ തുറക്കാൻ പ്രക്ഷോഭം സംഘടിപ്പിച്ചു. 1985-ൽ രാജീവ് ഗാന്ധി സർക്കാർ അയോധ്യയിലെ രാമ ജന്മഭൂമി-ബാബറി മസ്ജിദിന്റെ താഴുകൾ മാറ്റാൻ ഉത്തരവിട്ടു. അതിന് മുൻപുവരെ വർഷത്തിൽ ഒരു പ്രാവശ്യമേ ഒരു പൂജാരിക്ക് അവിടെ പൂജ ചെയ്യാൻ അനുവാദമുള്ളായിരുന്നു. പുതിയ ഉത്തരവോടെ എല്ലാ ഹിന്ദുക്കൾക്കും പള്ളി തുറന്നു കൊടുക്കുകയും പ്രസ്തുത പള്ളിക്ക് ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ സ്വഭാവം ലഭിക്കുകയും ചെയ്തു. 1989 നവംബറിൽ നിശ്ചയിച്ചിരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്പായി തർക്ക പ്രദേശത്ത് ശിലാന്യാസം(കല്ലിടൽ പൂജ) നടത്തിക്കൊണ്ട് ഭൂരിപക്ഷ വൊട്ടുബാങ്ക് അനുകൂലമാക്കുവാനുള്ള വ്യഗ്രതയിൽ  നവംബർ ഒൻപതിനു ക്ഷേത്ര നിർമ്മാണത്തിനുള്ള ശിലാന്യാസം വിശ്വഹിന്ദു പരിശത്തിന്റ്റെ കാർമ്മികത്വത്തിൽ നടത്തിപ്പിക്കുകയും ചെയ്തു.

പക്ഷെ അവസരം മുതലെടുത്തത് കോൺഗ്രസ് ആയിരുന്നില്ല, മറിച്ച് ഭൂരിപക്ഷ വർഗ്ഗീയതയുടെ വക്താകളായ ബി.ജെ.പി ആയിരുന്നു. ബി.ജെ.പി യുടെ മുതിർന്ന നേതാവായിരുന്ന എൽ.കെ. അദ്വാനി തെക്ക് മുതൽ വടക്ക് അയോധ്യ വരെ 10,000 കിലോമീറ്റർ ദൂരം വരുന്ന രഥയാത്ര സംഘടിപ്പിച്ചു കൊണ്ട് ഹൈന്ദവ രാഷ്ട്രീയത്തിനു സ്വയം അധികാരത്തിന്റെ പടിവാതിലിലെത്താനുള്ള വഴി തുറന്നു കൊടുത്തു. രാജ്യത്താകമാനം വർഗ്ഗീയ സംഘർഷം ഉണ്ടാക്കിക്കൊണ്ടാണ് രഥയാത്ര ഒരൊ വഴിയും പിന്നിട്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷരൂപമയ ബി.ജെപിക്കു ശക്തമായ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള രക്തപങ്കിലമായ യാത്ര. സ്വയം കാലിൽ നിലനിൽക്കാൻ പാടുപെട്ടിരുന്ന, പാർലമെന്റിൽ വെറും മൂന്നും അംഗങ്ങളെ മാത്രം സംഭാവന ചെയ്യാൻ മാത്രം ശക്തി ഉണ്ടായിരുന്ന ബിജെപിക്കു വളർന്നു വലുതാകാനുള്ള അവസരമായിരുന്നു കോൺഗ്രസ് തുറന്നു കൊടുത്ത അയോദ്ധ്യ എന്ന പിടിവള്ളി. സംഘപരിവാര സംഘടനകളുടെ കൂട്ടായ പ്രചാരണത്തിന്റെ ഫലം കണ്ടു.  നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ രജീവ് ഗാന്ധിയുടെ കണക്കുകൂട്ടലുകൾ തെറ്റിചു കൊണ്ട് കോൺഗ്രസ് നിലം പരിശമായി. രാജീവിന്റെ കോൺഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടി വന്നു. ഹിന്ദി ബെൽറ്റിൽ ഇക്കലം വരെ നിലനിന്നിരുന്ന കൊൺഗ്രസ് ആധിപത്യം ബിജെ.പിക്കും ജനതാദളിനും വഴിമാറിക്കൊടുത്തു.. ദശാബ്ദങ്ങളായി കോൺഗ്രസ്സിന്റെ ഉറച്ച കോട്ടകളയിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്നളിലും കോൺഗ്രസ് നാമാവശേഷമായി മാറി. രാജ്യത്തിന്റെ വലിയ ശതമാനം പാർലമെന്റ് അംഗങ്ങളെയും സംഭാവന ചെയ്യുന്ന ഉത്തർപ്രദേശിൽ കോൺഗ്രസിനു മേല്വിലാസം പോലും നഷ്ടപ്പെട്ടു. ബീഹാറിലും സ്ഥിതു വ്യത്യസ്ഥമായിരുന്നില്ല. അന്നു നഷ്ടപ്പെട്ട ജനപിന്തുണ പിന്നീടൊരിക്കലും കോൺഗ്രസിനു തിരിച്ചു പിടിക്കാൻ സാധിച്ചില്ല. കോൺഗ്രസ് ലക്ഷ്യം വെച്ച ഭൂരിപക്ഷ വൊട്ടു ബാങ്ക്, സംഘപരിവാരത്തിനൊപ്പം പോയി. അതെസമയം ഇക്കാലമത്രയും കോങ്രസിനു പിന്നിൽ ഉറച്ചു നിന്ന ന്യൂനപക്ഷമാകട്ടെ കൊൺഗ്രസിന്റെ വഞ്ചനയിൽ മടുത്ത് മറ്റു കക്ഷികളുടെ കൂടെ സഞ്ചരിക്കാൻ നിർബന്ധിതരായി. നഷ്ടം കോൺഗ്രസിനു തന്നെ.

ചുരുക്കത്തിൽ ഭൂരിപക്ഷ വോട്ടുബാങ്കു ഉറപ്പാക്കുവാൻ കോൺഗ്രസ് കടമെടുത്തത് സംഘപരിവാരം ഉയർത്തികൊണ്ടു വരാൻ ശ്രമിച്ച്ച വർഗ്ഗീയ അജണ്ടകൾ.. പക്ഷെ ഗുണഫലം ലഭിച്ചതു കോൺഗ്രസിനായിരുന്നില്ല, വർഗ്ഗീയ അജണ്ടകളുടെ യഥാർത്ഥ വക്താക്കളായ സംഘപരിവാര രാഷ്ട്രീയത്തിന്നായിരുന്നു. സംഘപരിവാരത്തിന്റെ പ്രചാരണങ്ങൾ, അജണ്ടകൾ മതേതര കക്ഷികൾ ഏറ്റെടുത്താൽ ഗുണം ലഭിക്കുക മതേതര കക്ഷികൾക്കല്ല. മറിച്ചു സംഘപരിവാരത്തിനു തന്നെയാണെന്ന പ്രാഥമികമായ പാഠം ആണ് ഇവിടെ നിന്നു ലഭിക്കുന്നതു. നഷ്ടം സംഭവിക്കുക മതേതര പാർട്ടികൾക്കും...

കേരളത്തിലെ ഇക്കഴിഞ്ഞ നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തിനു പ്രത്യ്ക്കിച്ചു സിപീമ്മിനു പലതു കൊണ്ടും പ്രസക്തമാണ്. സിറ്റിങ് സീറ്റായ നെയ്യാറ്റിൻകര നിലനിർത്താൻ സി.പി.എമ്മിനു സാധിച്ചില്ല എന്നതിനേക്കാൾ പ്രധാനമാണ് പാർട്ടി ഉരുക്കു കോട്ടകളിൽ സംഭവിച്ച ശക്തമായ അടിയൊഴുക്കുകൾ. ആ വൊട്ടുകൾ ലഭിച്ചതാകട്ടെ ഭൂരിപക്ഷ വർഗ്ഗീയതയുടെ വക്ത്ക്കാളായ ബി.ജെ.പി സ്ഥാനാർഥിക്കും. ഓ രാജഗോപാൽ എന്ന വ്യക്തിക്ക് ലഭിച്ച ജനസമ്മതിയേക്കാളുപരി ശക്തമായ വിള്ളലുകൾ പാർട്ടി ശ്കതികേന്ദ്രങ്ങളിൽ ഉണ്ടായിരിക്കുന്നു എന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മുൻ കാലങ്ങളിൽ കോൺഗ്രസ് ലീഗ് ബിജെപി പാർട്ടികൾ തമ്മിലായിരുന്നു തെരഞ്ഞെടുപ്പ് ധാരണ എന്ന ആരോപണം ഉയർന്നിരുന്നതു. കുപ്രസിദ്ധമായ വടകര- ബേപ്പൂർ മൊഡലുകൾ. കെ.ജി മാരാറുടെ ആത്മകഥയിൽ എടുത്ത പറഞ്ഞ ഐക്യമുന്നണിയുമായുള്ള തെരഞ്ഞെടുപ്പു ധാരണകൾ. ആ സമയത്തെല്ലാം മതേതര ചേരിയുടേ ശക്തരായ വക്തക്കളായിക്കൊണ്ടാണ് സി.പി.എം ഈ വെല്ലുവിളികളെ നേരിട്ടതും, അതിജയിച്ചതും. അക്കാരനം കൊണ്ട് തന്ന പൊതു സമൂഹത്തിന്റെ ശക്തമായ പിന്തുണ സി.പി.എമ്മിനു ലഭിക്കുകയുണ്ടായി. ഉത്തരേന്ത്യയിലെ വർഗ്ഗീയ രാഷ്ട്രീയം പിൻവാതിലിലൂടെ കേരള രാഷ്ട്രീയത്തിൽ കടന്നു വരാനുള്ള ശ്രമത്തെ അത്യധികം ജാഗ്രതയൊടെയാണ് മതേതര പ്രതിബദ്ധതയുള്ള കേരള ജനത എതിരിട്ടതു. അതു കൊണ്ട് തന്നെ ആ നീക്കങ്ങളെല്ലാം തുടങ്ങിയ്ടത്ത് തന്നെ അവസാനിക്കുകയും ചെയ്തു. ബിജെപിക്കു ഒരിക്കൽ പോലും നിർന്നായക വോട്ടുകൾ എവിടെ നിന്നും ലഭിച്ചില്ല എന്നു മാത്രമല്ല വൊട്ടുകച്ചവടക്കാർ എന്ന പേരു ദോഷവും അവർക്കു ലഭിക്കുകയുണ്ടായി.  പക്ഷെ അതെ വർഗ്ഗീയ ചേരിയിലേക്ക് സിപീമ്മീന്റെ വോട്ടുകൾ വൻ തോതിൽ ചോർന്നു പോയിരിക്കുന്നു എന്നു നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.  ബിജെപി ക്കു അധികമായി ലഭിക്കുന്ന ഓരോ വൊട്ടും ഇടതുമുന്നണി സ്ഥാനാർതിക്ക് ഗുണം ചെയ്യുമെന്ന മുൻ കാല വിലയിരുത്തലിനും വിരുദ്ധമായി ബി.ജെ.പി  അധികമായി പിടിച്ച വോട്ടുകൾ കാരണം നഷ്ടം വന്നത് സി.പി.എമ്മിനാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. മതേതര ചേരിയുടെ വക്താക്കളായ ഒരു പാർട്ടിയിൽ നിന്നു, മതേതര രാഷ്ട്രീയത്തിനു ദേശീയ തലത്തിൽ തന്നെ നേതൃത്വം നൽകുന്ന ഒരു പാർട്ടിയിൽ നിന്ന് വർഗ്ഗീയ സ്വഭാവമുള്ള പാർട്ടിയുടേ സ്ഥാനാർതിക്ക് വലിയ തോതിൽ വോട്ടുകൽ മറിഞ്ഞു എന്നത് രാഷ്ട്രീയനിരീക്ഷകരിൽ അത്ഭുതം ഉളവാക്കിക്കുന്ന സംഭവമാണ്. തീർത്തും വിരുദ്ധമായ രാഷ്ട്രീയം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രണ്ട് രാഷ്ട്രീയ പാർട്ടികളുടെ വോട്ടുകൾ എങ്ങിനെയാണ് പരസ്പരം ബന്ധപ്പെടുന്നത് എന്നതും പ്രസക്തമായ ചൊദ്യമാണ്. ഇതിനുത്തരം തേടാൻ ശ്രമിക്കുമ്പോഴാണ് എൺപതുകളിൽ കോൺഗ്രസ് ശ്രമിച്ചു പരാചയപ്പെട്ട ഒരു രാഷ്ട്രീയ നീക്കം സി.പി,എം കേരളത്തിൽ ആവർത്തിക്കാൻ ശ്രമിക്കുന്നതായി കാണാൻ സാധിക്കുന്നതു.

കേരളത്തിൽ അടുത്തകാലത്ത് വിവാദമായ അഞ്ചാം മന്ത്രി വിഷയവും, ഈ വിഷയത്തിൽ സിപീഎം എടുത്ത നിലപാടുകളും ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്. കാലാകാലങ്ങളായി ഇടതുമുന്നണി മന്ത്രി സഭയുടെ കീഴിൽ ഹൈന്ദവ സമുദായത്തിന്റെ പ്രതിനിധികൾ ഭൂരിഭാഗം മന്ത്രി സ്ഥാനങ്ങളും തതുല്യമായ സ്ഥാനങ്ങളും കയ്യടക്കിവരുന്ന പശ്ചാതലത്തിലാണ് ലീഗിനു ലഭിക്കുന്ന അഞ്ചാം മന്ത്രി സ്ഥാനം സി.പി.എം വിവാദമാക്കുന്നതു. രാഷ്ട്രീയ കൊണിൽ നിന്നുള്ള മാന്യമയ വിമർശനത്തേക്കാളുപരി വർഗ്ഗീയ നിറം കലർന്ന വിമർശനം ഉന്നയിക്കാൻ ഇടതുപക്ഷത്തിനു ഒരു മടിയും ഉണ്ടായില്ല. ലീഗിന്റെ നിയമസഭാ പ്രാതിനിധ്യത്തിന്റെ തതുല്യമായി ലഭിക്കേണ്ട മന്ത്രിസ്ഥാനം ലഭിക്കുന്നത് കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥയെ തകിടം മറിക്കുമെന്നയിരൂന്നു മതേതര പാർട്ടിയായ സി.പി.എം പ്രചരിപ്പിച്ചതു. സമാന രീതിയിലുള്ള പ്രചാരണം തന്നെയായിരുന്നു സംഘപരിവാരവും നടത്തിയത്. സി.പി.എം കൂടെ ഈ പ്രചാരണം ഏറ്റെടുത്തതോടു കൂടി സംഘപരിവാര പ്രചരണങ്ങൾക്ക് സ്വാഭാവികമായും എരിവും, പുളിയും വർദ്ധിച്ചു. കേരളഭരണം ഒരു സമുദായം കയ്യടക്കുന്നു എന്ന നിലക്കുള്ള സംഘപരിവാര പ്രചാരണങ്ങൾക്ക് സി.പി.എമ്മിന്റ് നിലപാടുകൾ ഗുണം ചെയ്യുകയും ചെയ്തു. കാലാകാലങ്ങളായി കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പുകലിൽ നടക്കുന്ന ഏകപക്ഷീയമായ സാമുദായിക ആധിപത്യം, നിയമസഭാ ലോകസഭാ തെരഞ്ഞെടുപ്പുകളിലെ സാമുദായിക അസന്തുലിതാവ്സ്ഥകൾ എന്നിവയൊന്നും ചർച്ച ചെയ്യാനൊ വിവാദമാക്കുവാനൊ തയ്യാറാകാത്ത സി.പി.എം ആണു ലീഗിന്റെ മന്ത്രിസഭാ പ്രാതിനിധ്യത്തിനെതിരെ സാമുദായിക ചുവയോടെ പ്രതികരിച്ചതെന്നതു പ്രസക്തമാണ്.

അതിലുപരി മതേതര പാർട്ടി എന്നതിനുമപ്പുറം സിപീമ്മിന്റെ കേരളത്തിലെ  ഏറ്റവും വലിയ ഹിന്ദു പാർട്ടി എന്ന നിലക്ക് വീക്ഷിക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്നു. പാർട്ടി പ്രാതിനിധ്യത്തിലെ ഹൈന്ദവ ആധിപത്യവും, പാർട്ടി പരിപാടികളിലെ ഹൈന്ദവവൽക്കരണവുമൊക്കെ ഇതിനു ആക്കം കൂട്ടിയേക്കാമെങ്കിലും ലീഗും, കേരളകോൺഗ്രസും അടങ്ങുന്ന ഐക്യമുന്നണിയേക്കാൾ ഹൈന്ദവ ആധിപത്യമുള്ള സി.പീ.എം ആണു അത്യന്തികമായി ഹൈന്ദവ താല്പര്യങ്ങൾക്ക് ഉചിതം എന്ന മനോഭാവം സംഘപരിവാരിൽ നിന്നു തന്നെ ഉയർന്നു തുടങ്ങിയിരിക്കുന്നു. മലബാറിൽ ലീഗിന്റെ ആധിപത്യത്തിനു തടയിടാൻ ഹൈന്ദവ ആധിപത്യമുള്ള  സിപീമ്മിനേ കഴിയുകയുള്ളൂ എന്ന് സംഘപരിവാരവും വിശ്വസിക്കുന്നു.  അതിനനുസരിച്ചുള്ള നിലപാടുകളും ശ്രദ്ധേയമാണ്. മുൻ കാലങ്ങളിൽ കോ.ലീ.ബി സഖ്യത്തെ കുറിച്ച് ഏരെ ചർച്ച ചെയ്യപ്പെട്ടിരുന്നതെങ്കിൽ സമീപകാലത്ത് അത്തരം ആരോപണങ്ങൾ കാര്യമായി ഉയർന്നു വരുന്നില്ല എന്നത് ശ്രദ്ധേയമാണ്. സിപീമ്മുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന സംഘർഷങ്ങളിലും ഈ മനോഭാവം സ്വാധീനിക്കപ്പെടുന്നു. മലബാറിൽ സി.പി.എമ്മും സംഘപരിവാരവും തമ്മിലുള്ള് സംഘർഷം ഏറെക്കുറെ അവസാനിച്ചതോടൊപ്പം തന്നെ സി.പി.എം ലീഗുമായും, മറ്റു മതന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള സംഘർഷത്തിന്റെ പുതിയ പോർമുഖം തുറന്നിരിക്കുന്നു എന്നതു കൂട്ടിവായിക്കേണ്ടതുണ്ട്. ഇവിടെയെല്ലാം രാഷ്ട്രീയമെന്ന് അവകാശപ്പെടുന്ന സംഘർഷങ്ങൾ  വർഗ്ഗീയമായി വഴിമാറിപ്പോകുന്നു. ന്യൂനപക്ഷങ്ങളുടെ മതചിഹ്നങ്ങളും, സ്ഥാപനങ്ങളും സംഘർഷങ്ങൾക്കിടയിൽ വ്യാപകമായി അക്രമിക്കപ്പെടുന്നു. പലയിടത്തും ന്യൂനപക്ഷങ്ങൾക്ക് ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. മാത്രമല്ല സംഘപരിവാരം ഉയർത്തികൊണ്ടുവരുന്ന ലവ്ജിഹാദ് പോലെയുള്ള വർഗ്ഗീയ  പ്രചാരണങ്ങൾക്കു  ഭരണതലത്തിലും, പാർട്ടിതലത്തിലും പിന്തുണ നൽകപ്പെടുന്നു. പാർട്ടി യുവജന പ്രസ്ഥാനങ്ങൾ പോലും ഇത്തരം പ്രചാരണങ്ങളുമായി സംഘപരിവാരത്തിനു ഒരു മുഴം മുൻപെ നടക്കുന്നു. ചുരുക്കത്തിൽ ആർ എസ് എസ് എന്ന സംഘടനയിൽ ചേക്കേറാൻ മനസ്സില്ലാത്ത ഹൈന്ദവ വർഗ്ഗീയവാദികളുടെ സുരക്ഷിതമായ ഇടമായി സി.പി.എം ക്രമേണ മാറിക്കൊണ്ടിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പാർട്ടിയുടെ സ്വാധീനിക്കപ്പെടുന്ന ഇത്തരം പ്രവണതകളെ ഇല്ലായ്മ ചെയ്യുന്നതിനു പകരം ഈ വർഗ്ഗീയവൽകരണത്തിനൊപ്പം സഞ്ചരിക്കാനാണ് നേതൃത്വവും അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നതു. മതനിരപേക്ഷതയിൽ വിശ്വസിക്കുകയും അതിനനുസരിച്ച് പാർട്ടി പരിപാടികളും, നയങ്ങളും ആസൂത്രണം ചെയ്യുകയും ചെയ്യുന്ന സി.പി.എമ്മിനെ സമ്പന്ധിച്ചിടത്തോളം ഇത്തരം നിലപാടുകളും, പ്രചാരനങ്ങളും വന്നു കൂടാത്തതാണ്. നിർഭാഗ്യവശാൽ പലപ്പോഴും സംഘപരിവാരിനെ പോലും നാണിപ്പിക്കുന്ന വർഗ്ഗീയ പ്രവർത്തനങ്ങൾക്ക് സി.പി.എം കൂട്ടുനിൽക്കുന്നു. വാസ്തവത്തിൽ ഈ നയവ്യതിയാനങ്ങളും, വർഗ്ഗീയ ചുവയുള്ള നിലപാടുകളും ആത്യന്തികമായി സി.പി.എമ്മിനല്ല ഗുണം ചെയ്യുക മറിച്ച്  സംഘപരിവാരത്തിനാണ് എന്നതു  പകൽ പോലെ വ്യക്തമാണ്. സംഘപരിവാരത്തിന്റെ വർഗ്ഗീയ അജണ്ടകൾ മതേതര പാർട്ടികൾ ഏറ്റുപിടിച്ചാൽ ഗുണം ലഭിക്കുക മതേതര പാർട്ടികൾക്കല്ല, മറിച്ചു സംഘപരിവാരത്തിനു മാത്രമാണെന്നതിനു കോൺഗ്രസിന്റെ ബാബരീ മസ്ജിദ് നിലപാടുകളും പിന്നീടുള്ള കോൺഗ്രസിന്റെ തകർച്ചയും കോൺഗ്രസ് ബേസിലുള്ള സംഘപരിവാര രാഷ്ട്രീയത്തിന്റെ വളർച്ചയും ഉദാഹരണമാണ്. അന്നു മുരടിച്ച കോൺഗ്രസിന്റെ വളർച്ച നേരെയാക്കാൻ കോൺഗ്രസ് യുവരാജാവായ രാഹുൽ ഗാന്ധി പടിച്ച പണി പതിനെട്ടു പയറ്റിയിട്ടും നേരെയായിട്ടില്ല എന്നതും വാസ്തവമാണ്. ഈ അനുഭവം മുന്നിലുള്ളപ്പോഴാണ് സി.പി.എമ്മും കോൺഗ്രസ് സഞ്ചരിച്ച വഴിയിലൂടെ തന്നെ സഞ്ചരിക്കാൻ ശ്രമിക്കുന്നതു.  മതേതര പ്രതിബദ്ധതയുള്ള സ്വന്തം അണികളെ വർഗ്ഗീയമായി സമരസപ്പെടുന്ന നിലക്കുള്ള പ്രചാരണം സി.പി.എമ്മിന്റെ ഭാഗത്തു നിന്നു തുടർന്നാൽ അതു പാർട്ടിക്കല്ല ഗുനം ചെയ്യുക മറിച്ച്,  വർഗ്ഗീയതക്കെതിരെ സി.പി.എം എക്കാലവും ഉയർത്തിപ്പിടിക്കുന്ന് പ്രതിരോധം തകറ്ന്നടിയുകയും വലതുപക്ഷ രാഷ്ട്രീയത്തോടുള്ള അടിസ്ഥാനപരമായ അസ്പ്രിശ്യത ഇല്ലാതാകുകയുമാണ് ചെയ്യുക. സ്വാഭാവികമായും നഷ്ടം സംഭവിക്കുക സി.പി.എമ്മിനുതന്നെ.. ഇതിന്റെ ആത്യന്തിക ഗുണം ലഭിക്കുക വർഗ്ഗീയ രാഷ്ട്രീയത്തിനും. നെയ്യാറ്റിങ്കരയിൽ സി.പി.എം കോട്ട്കളിൽ നിന്നുണ്ടായ ഈ വോട്ടു ചോർച്ച ഈ ദിശയിലേക്കുള്ള സി.പി.എമ്മിന്റെ യാത്രക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പു കൂടിയാണ്.