Sunday, May 6, 2012

മലബാറിലെ സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം...


പാർട്ടി പോലീസിന്റെ തെളിവു ശേഖരണവും, പാർട്ടി കോടതിയുടെ വിചാരണയും, വധശിക്ഷയുമൊക്കെയായി കുപ്രസിദ്ധി നേടിയ തളിപ്പറമ്പ് ശുക്കൂർ വധത്തോടു കൂടി മലബാറിലെ പ്രത്യേകിച്ചും കന്നൂരിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ ഒരിക്കൽ കൂടി മാധ്യമശ്രദ്ധ നേടുകയാണ്. പതിവു പോലെ സി.പി.എം തന്നെയാണ് പ്രതിസ്ഥാനത്തുള്ളതു.. പാർട്ടി സെക്രട്ടരിയെ അക്രമിച്ച വർഗ്ഗശ്ത്രുവാണു കൊലചെയ്യപ്പെട്ടതെന്ന പാർട്ടി ന്യായീകരണം നേതാക്കളൂം ,അണികളും സധൈര്യം പ്രചരിപ്പിക്കുന്നു. സി.പി.എം രാഴ്ട്രീയത്തെ അറിയുന്നവർക്ക് അതിൽ അതിശയം ഉണ്ടാകാൻ ഇടയില്ല. എതിരാളിയെ ലക്ഷ്യമിട്ടു അവരെ വർഗ്ഗ ശത്രുവും, പാർട്ടി ശത്രുവുമാക്കി മുദ്രകുത്തി അക്രമിക്കാനും, അതിനു താത്വികമായ നിർവചനം നൽകിഅ പ്രചരിപ്പിക്കാനും സി.പി.എമ്മിനുള്ള കഴിവു കഴിച്ചിട്ടേ മറ്റാർക്കുമുള്ളൂ... അതുകൊണ്ട് തന്നെ സി.പി.എമ്മിന്റെ പ്രതികരണങ്ങളിൽ അസ്വാഭാവികമായി ഒന്നും തന്നെ കാണാൻ സാധിക്കില്ല.

അതേ സമയം ചരിത്രവിജയം നേടി ഐക്യമുന്നണി ഭരണത്തിന്റെ നിർന്നായകഘടകമായി മാറിയ ലീഗിനു സ്വന്തം അണികളുടെ തുടർച്ചയായ കൊലപാതകം സൃഷ്ടിക്കുന്ന പ്രയാസം ചില്ലറയല്ല. ആറുമാസം മുൻപാണ് കണ്ണൂരിൽ തന്നെ മറ്റൊരു ലീഗ് പ്രവർത്ത്കൻ കൊല്ലപ്പെടുന്നതു. അവിടെയും പ്രതിസ്ഥാനത്തുള്ളതു സി.പി.എം തന്നെ. ഈമെയിൽ വിവാദത്തിന്റെ പശ്ചാതലത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട്ട് തങ്ങൾ നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമാകുകയാണ്. “ലീഗ് ഭരണത്തിലിരിക്കുമ്പോൾ ന്യൂനപക്ഷസമുദായത്തിലെ ഒരു വ്യക്തി പോലും പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലഎന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്ലിം സമുദായത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ സ്വകാര്യ മെയിലുകൾ നിരോധിക്കപ്പെട്ട സംഘടനയുടെ പേരിൽ ചോർത്തുവാൻ സർക്കാർ എടുത്ത തിരുമാനം ലീഗിനു സമുദായത്തിൽ ദുശ്പേരു ഉണ്ടാക്കിയ സാഹചര്യത്തിലാണ് പാണക്കാട് തങ്ങൾ പ്രസ്ഥാവന നടത്തുന്നതു. ലീഗ് നേതാവിന്റെ ഈ പ്രസ്താവനയുടെ മഷി ഉനങ്ങുന്നതിനു മുൻപാണു ലീഗിന്റെ യുവജന നേതാവിനെ രാഷ്ട്രീയ എതിരാളിൾ അതിക്രൂരമായി കൊല്ലപ്പെടുത്തുന്നത്. സ്വാഭാവികമായും ഒരു ചോദ്യം സ്വന്തം അണികളെളുടെ ജീവൻ അക്രമികളിൽ നിന്നും സംരക്ഷിക്കാൻ സാധിക്കാത്ത പാർട്ടിയാണോ മുഴുവൻ ന്യൂനപക്ഷങ്ങളുടെയും സംരക്ഷണം ഉരപ്പു നൽകുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. കാരണം മണിക്കൂറുകൾ നീണ്ട പാർട്ടി വിചാരണക്കൊടുവിലാണ് ശൊക്കൂർ കൊലപെടൂന്നതു. ഗുജറാത്തിലെ വംശഹത്യക്കിടയിൽ കോങ്രസ് മുൻ എം പി ആയിരുന്ന ഇഹ്സാൻ ജഫ്രി കൊല്ലപ്പെടുന്നതിനു സമാനമായ സാഹചര്യം. കൊല്ലപ്പെടുന്നതിനു മുൻപെ ജഫ്രി കിട്ടാവുന്നവർക്കൊക്കെ വിളിചു സഹായത്തിനായി കേണു. പക്ഷെ ആരും സഹായിക്കാൻ ഉണ്ടായില്ല. സ്വന്തം പാർട്ടിക്കാരായ കോൺഗ്രസുക്കാർ പോലും സഹായിച്ചില്ല.അവസാനം സംഘപരിവാർ അക്രമികളുടെ കൈകളാൽ ഇഹ്സാൻ ജഫ്രി എന്ന കോൺഗ്രസ് നേതാവ് അതിധാരുണമായി കൊല്ലപ്പെട്ടു. ഗുജറാത്തിൽ അക്രമികൾക്ക് സഹായമായി ഭരണകൂടം കൂടെ ഉണ്ടായിരുന്നു എങ്കിൽ ഇവിടെ ഭരിക്കുന്ന കക്ഷിയിലെ യുവജന നേതാവാണ് മണിക്കൂറുകളോളം നീണ്ട വിചാരണക്കൊടുവിൽ കൊല്ലപ്പെടുന്നതു. ഭരണത്തിൽ മൃഗീയ  സ്വാധീനം ഉള്ള, റവന്യൂ വകൂപ്പിൽ സിഹഭാഗവും കൈകാര്യം ചെയ്യുന്ന ലീഗിനു സ്വന്തം യുവജന നേതാവിനെ മണിക്കൂറുകൾ നീണ്ട വിചാരണ വധത്തിൽ നിന്നു രക്ഷിച്ചെടുക്കാനായില്ല എന്നത് ലീഗ് ഭരണത്തിൽ ന്യൂനപക്ഷങ്ങൾ പീഡിപിക്കപ്പെടുകയില്ല എന്ന പ്രസ്ഥവനയോട് ചേർത്തുവായിക്കപ്പെടേണ്ടതാണ്. മാത്രമല്ല ഈമെയിൽ വിവാദത്തിൽ വാദിയെ പ്രതിയാക്കി കൊണ്ട് ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത നിലക്ക് ഉദ്യോഗസ്തനെതിരെ ജാമ്യമില്ല കുറ്റവും മറ്റു പ്രതികാര നടപടികളും ലീഗിന്റെ അനുഗ്രഹത്തോടെ നടക്കുമ്പോൾ തന്നെയാണ് ലീഗ് രാഷ്ട്രീയ തിരിച്ചടി നേരിടുന്നതെന്നതും ശ്രദ്ധേയ്യമാണ്. ഇടതുപക്ഷ ഭരണകാലത്ത് തിരുവനന്തപുരം ഭീമാപള്ളിയിൽ പൊലീസ് നടത്തിയ കൂട്ടക്കൊല കേസ് തള്ളിക്കളയണെമെന്ന  ക്രൈബ്രാഞ്ച് കോടതിയിൽ നൽകിയ അപേക്ഷയും ലീഗ് ഏതുനിലക്കാണ് സമുദായവുമായി ബന്ധപെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യ്ന്നതെന്ന പ്രസക്തമായ ചിന്തക്കു വഴിവെക്കുന്നു.
ഇവിടെ ഗൌരവമായ വിഷയം മലബാറിൽ തുടർച്ചായായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷമാണ്. തൊണ്ണൂറുകളിലും രണ്ടായിരാമാണ്ടിലുംക്കെയായി നടന്ന സംഘർഷങ്ങളിലെ പ്രധാനകക്ഷികൾ സി.പി.എമ്മും സംഘപരിവാരവുമായിരുന്നു എങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സി.പി.എമ്മും മുസ്ലിം ലീഗുമാണ് പ്രധാനകക്ഷികൽ. പതിവുപോലെ ഈ സംഘർഷങ്ങളും രാഷ്ട്രീയ സ്വഭാവമുള്ള സംഘർഷങ്ങളുടെ കൂട്ടത്തിൽ പെടുത്തിയാണ് മാധ്യമങ്ങളും, അധികാരികളും റിപ്പോർട്ട് ചെയ്യുന്നതും, നടപടി സ്വീകരിക്കുന്നതും. എന്നാൽ രാഷ്ട്രീയസ്വാഭവത്തിന്നപ്പുറം വർഗ്ഗീയമാനമുള്ള കലാപമാണ് രണ്ട് പ്രമുഖ പാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ഇവിടങ്ങളിൽ നിന്നും  ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാകുന്നതു. മുസ്ലിം സാമുദായികതയുടെ ദുശിച്ച വശങ്ങളുടെ പ്രയോത്ക്കളായി ലീഗും, ഹൈന്ദവ വർഗ്ഗീയസ്വാഭവത്തിലേക്ക് സി.പി.എമ്മും കൂപ്പുകുത്തുന്ന അത്യന്തം അപകടകരമായ പ്രവണതയാണ് ഇവിടെ കണ്ടുകൊണ്ടിരിക്കുന്നതു. മുഖ്യധാരാ രാഷ്ട്രീയ വേദികളിൽ മിതവാദ രാഷ്ട്രീയത്തിന്റെ വക്താക്കളായും, തീവ്രവാദ ആശയങ്ങളുടേ ശത്രുക്കളായും സ്വയം അവതരിക്കുന്ന ലീഗിനു പക്ഷെ പ്രായൊഗിക തലത്തിൽ ഈ പക്വതയും, മിതവാദവും എത്രമാത്രം കൊണ്ടുനടക്കുവാൻ സാധിക്കുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. ലീഗിൽ അടുത്തകാലത്ത് ഉദയം ചെയ്ത ചില നേതാക്കളെ മാധ്യമങ്ങൾ കൊണ്ടു നടക്കുന്നതും, അവർക്ക് അമാനുഷിക പരിഗണന നൽകി സമൂഹത്തിൽ അവതരിപ്പിക്കുന്നതിനും പിന്നിൽ അവർ സ്വീകരിക്കുന്നു എന്നു പറയുന്ന തീവ്രവാദവിരുദ്ധ പ്രചാരണത്തിന്റെയും മിതവാദ സഹിഷ്ണുത രാഷ്ട്രീയത്തിന്റെ ചിലവിലാണ്. എന്നാൽ പ്രചാരണങ്ങൾക്കപ്പുറം ഇതിന്റെ വാസ്തവം എത്രമാത്രമുണ്ടെന്നു പരിശോധിക്കപ്പെടേണ്ടത് മലബാരിൽ നടക്കുന്ന നിരറ്ന്തര സംഘർഷങ്ങളുടെ പശ്ചാതലത്തിൽ അനിവാര്യമായി വന്നിരീക്കുയാണ്. സി.പി.എമ്മുമായി സംഘർഷസാഹചര്യമുള്ള പ്രദേശങ്ങൾ പരിശോധിച്ചാൽ ഇവിടങ്ങളെല്ലാം ലീഗിനു സമഗ്രാധിപത്യമുള്ളവയാണെന്നു മനസ്സിലാകാം. മുസ്ലിം സമുദായം ലീഗിൽ കേന്ദ്രീകരിക്കപ്പെട്ട ലീഗിന്റെ അപ്രമാദിത്വ ഗ്രാമങ്ങൾ. മുസ്ലിം സ്വഭാവമുള്ള മറ്റു പാർട്ടികൾക്കോ, സംഘടനകൾക്കോ നിർണ്ണായക സ്വാധീനമില്ലാത്ത പ്രദേശങ്ങൾ. ഈ സ്ഥലങ്ങളിലാണ് നിരന്തര സംഘട്ടനങ്ങളും, കൊലപാതകങ്ങളുമെല്ലാം അരങ്ങേറുന്നതു. കോഴിക്കോട് ജില്ലയിലെ നിത്യസംഘർഷ മേഘലയായ നാദപുരവും, കന്നൂർ ജില്ലയിൽ തളിപ്പറമ്പും, കാസർകോഡ് ജില്ലയിലെ വിവ്ധ സംഘർഷ പ്രദേശങ്ങളിലുമെല്ലാം ലീഗിനു ആധിപത്യമുള്ള. ലീഗ് പ്രതിനിധികൾ ജനപ്രതിനികളയി വരുന്ന സ്ഥലങ്ങളാണ്. ഈ മേഘലകൾ കേന്ദ്രീകരിച്ചാണ് ദശാബ്ദങ്ൻളായി നിരന്തര സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നതു. നാദാപുരത്തെ ഇനിയും അവസാനിക്ക്കാത്ത സംഘർഷങ്ങൾ ഇതിൽ എടുത്തു പറയേണ്ടതാണ്. സി.പി.എമ്മും. മുസ്ലിം ലീഗും ഹൈന്ദവമുസ്ലിംസമുദായികതയുടെ ഭാഗമായി ഇരുഭാഗങ്ങളിലും അണിനിരന്നുകൊണ്ടുള്ള സംഘർഷങ്ങൾ, കലാപങ്ങൾ. ദശക്കണക്കിനു പേർ ഇതിനകം ഇവിടെ കൊല്ലപ്പെട്ടു. കൊള്ളയും, കൊള്ളിവെപ്പും, മാനഭംഗവുമൊക്കെ മുറക്കു നടക്കുന്നു. ഉത്തരേന്ത്യയിൽ മാത്രം കേട്ടു ശീലിച്ച അഭയാർതിസമൂഹങ്ങളെയും നാദാപുരത്ത് പല കലാപങ്ങൾക്കിടയിൽ കാണുകയുണ്ടായി. തളിപ്പറമ്പിലും, കാസർകോഡും അവസ്ഥ ഭിന്നമല്ല.

ഇവിടെ പ്രസക്തമായ ചൊദ്യം ലീഗ് നേതാക്കൾ പൊതുപ്രസ്ഥവനകളിൽ ആവ്ര്ത്തിക്കുന്ന, ലീഗ് ജിഹ്വകൾ നിരന്തരം പ്രചരിപ്പിക്കുന്ന മിതവാദവും, രാഷ്ട്രീയ പക്വതയും എന്തുകൊണ്ട് ലീഗിനു പ്രായോഗികമാക്കുവാനാവുന്നില്ല? ലീഗിനു സ്വാധീനമുള്ള മേഘലകളിൽ എന്തുകൊണ്ട് നിരന്തര സംഘർഷങ്ങൾ നടക്കുന്നു? അണികളെ സാമുദയികതയുടെ ദുശിച്ച പ്രവർത്തനങ്ങളിൽ നിന്നും സ്വാധീനത്തിൽ നിന്നു മോചിപ്പിക്കാൻ ലീഗ് നേതൃത്വത്തിനു കഴിയാതെ പോകുന്നതെന്ത്? തീവ്രവാധ വിരുദ്ധ പോരാട്ടത്തിന്റെ സ്വയം പ്രഖ്യാപിത നായകനായും, മാധ്യമങ്ങളുടെയും, സംഘപരിവാരത്തിന്റെ ഇഷ്ടതോഴനുമായി മാറിയ വ്യക്തി യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹിയായി ഇരിക്കുമ്പോൾ തന്നെയാണ് നരിക്കോട്ടേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ ബോംബ് നിർമ്മാണത്തിന്നിടെ കൊല്ലപ്പെടുന്നതു. ഇപ്പോൾ കന്നൂരിൽ നടക്കുന്ന സംഘർഷങ്ങളിൽ സി.പി.എം പ്രതിസ്ഥാനത്തു നിർത്തുന്നതും വയനാട്ടിൽ നിന്നു കന്നൂരിലേക്കു ഇറക്കുമതി ചെയ്യപ്പെട്ട ഈ നേതാവിനെ തന്നെയാണ്. അതായത് പൊതുവേദികളിൽ മിതവാദവും, സമാധാന രാഷ്ട്രീയത്തിന്റെ വക്താക്കളാകുന്ന ലീഗിൻ സ്വന്തം അണികളുടെ വിഷയത്തിലും, സ്വാധീന മേഘലകളിലും ഈ നയം നിലനിർത്താൻ സാധിക്കുന്നില്ല എന്നു മാത്രമല്ല അക്രമരാഷ്ട്രീയത്തിന്റെയും, അച്ചടക്കരാഹിത്യത്തിന്റെ വക്താക്കളായി മാറുവാനുമാണ് ലീഗ് ശ്രമിക്കുന്നതു. ലീഗ് അണികൾ തെരുവിൽ ഇറങ്ങിയാൽ സമുദയം ഭയക്കേണ്ട സാഹചര്യമാനുള്ളതെന്ന് അടുത്തകാലത്ത് ഒരു ചർച്ചയിൽ പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. കാസർക്കോട് ലീഗ് പ്രകടനത്തിനു നേരെ നടന്ന വെടിവെപ്പും, നാദപുരത്തെ ലീഗിന്റെ അത്യന്തം പ്രകോപനകരമായ പ്രകടനങ്ങളുമൊക്കെ ഇവിടെ ചേർത്തുവായിക്കേണ്ടതാണ്. നാദാപുരത്തെ സി.പി.എമ്മിനെ സംഘപരിവാരിനു തുല്യമാക്കിമാറ്റിയതിനു പിന്നിൽ ലീഗിന്റെ അസഹിഷ്ണുതക്കും തുല്യാളവിൽ പങ്കുണ്ട് എന്നത് അവിതർക്കിതമാണ്. ലീഗ് നേതാവ് കുഞ്ഞാലികിട്ടിക്ക് കോഴിക്കോട് എയർപോർട്ടിൽ നൽകിയ സ്വീകരണത്തിന്നിടെ നടന്ന അക്രമസംഭവങ്ങളും ഇവിടെ സ്മരണീയമാണ്. അതായത് ലീഗ് പ്രചരിപ്പിക്കുന്ന മിതവാദവും, സമാധാന രാഷ്ട്രീയ പ്രവർത്തനവുമെല്ലാം നന്നെ ചുരുങ്ങിയത ലീഗ് പ്രവർത്തനത്തിൽ പോലും പ്രാവ്ര്ത്തികമാക്കുവാൻ നേതാക്കൾക്കു സാധിക്കുന്നില്ല എന്നത് അത്യന്തം ഗൌരവമായ വിഷയമാണ്.. ഇതേ ലീഗ് നേതൃത്വം തന്നെയാണ് തീവ്രവാദവിരുദ്ധ പോരാട്ടത്തിന്റെ അപ്പോസ്തലന്മാരായി നാടുനീളെ കാമ്പയിനുകൾ സംഘടിപ്പിക്കുന്നതും, സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ നിരന്തരം പറത്തുന്നതും, ലീഗ് നിലപാടുകളെ എതിർക്കുന്ന സംഘടനകളെയും പാർട്ടികളെയും തീവ്രവാദികളയി മുദ്രകുത്തുന്നതും.

മറുവശത്ത് രാജ്യത്തെ ഏറ്റവും സുദൃഡമായ മതേതര ആശയങ്ങൾ മുറുകെ പിടിക്കുന്ന സി.പി.എമ്മിനെ സമ്പന്ധിച്ചിടത്തോളം ഇപ്പോൾ നടക്കുന്ന സംഘട്ടനങ്ങൾ അഭിമാനിക്കാൻ വക നൽകുന്നതല്ല. വാസ്തവത്തിൽ സി.പി.എം വിഭാവന ചെയ്യുന്ന വർഗ്ഗ സംഘട്ടനമല്ല നടക്കുന്നത് മറിച്ചു വർഗ്ഗീയ സംഘട്ടനമാണ് സി.പി.എം ആഭിമുഖ്യത്തിൽ നടക്കുന്നതെന്നു പറയാതെ വയ്യ. സി.പി.എമ്മിൽ ഹിന്ദുത്വ വർഗ്ഗീയതയുടെ സ്വാധീനം നാളുകൾ ചെല്ലും തോറും വർദ്ധിച്ചു വരുന്നതായാണ് വിവിധ സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നതു. ഇന്ത്യാ രാജ്യത്തിന്റ്റെ നിലനിൽപ്പിന്നു തന്നെ ഭീഷണിയാകും വിധം അനുദിനം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ഹിന്ദുത്വ വർഗ്ഗീയതയെ മുഖ്യശത്രു സ്ഥനത്തു നിന്നു സി.പി.എം മാറ്റിയിട്ടില്ലെങ്കിലും സിപി.എമ്മിന്റെ പ്രവർത്തനപരിപാടികളിൽ പക്ഷെ ഹിന്ദുത്വ സ്വാധീനം  നാൾക്ക്നാൾ വർദ്ധിച്ചുവരികയാണ്. മാത്രമല്ല സംഘപരിവാരത്തെ മുഖ്യ എതിരാളിയായി നിർത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ നിന്നും സി.പി.എം പതുക്കെ പിവലിഞ്ഞു കൊണ്ടിരിക്കുന്നു. പകരം പോർമുഖം ലീഗിനെതിരെയും, മുസ്ലിം സമുദായത്തിൽ ശക്തിപെട്ടു വരുന്ന നവസാമൂഹിക പ്രസ്താനങ്ങൾക്കെതിരെയും തിരിച്ചു വെച്ചിരിക്കുന്നു. രാഷ്ട്രീയ മാനത്തേക്കാളുപരി വർഗ്ഗീയമാനമാണ് ഈ ഏറ്റുമുട്ടലുകളിൽ നിഴലിക്കുന്നതെന്ന് മാത്രം. മുസ്ലിം ലീഗുമായുള്ള ഏറ്റുമുട്ടലിന്റെ മറവിൽ അക്രമിക്കപ്പെടുന്നത് പാർട്ടി  ചിഹങ്ങളേക്കാൾ മുസ്ലിം ചിഹ്നങ്ങളാണെന്നതു യാദൃശ്ചികമകാൻ തരമില്ല. തളിപ്പറമ്പിലും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലും മുസ്ലിം പള്ളികളും, അനാതാലയങ്ങളും അക്രമത്തിന്റെ മറവിൽ വ്യാപകമായി അക്രമിക്കപ്പെടുന്നു.  കന്നൂർ ജില്ലയിലെ  കൂത്തുപരമ്പു പോലുള്ള ചില ഭാഗങളിൽ പള്ളികളിൽ ആരാധന നടത്തുന്നതിനു സഖാകൾ വിലക്കേർപ്പെടുത്തുന്നു. സംഘടിത നമസ്കാരം നടത്തിയെന്ന് ആരോപിച്ച് സഖാകൾ അടുത്തിടെയാണ് യുവാക്കളെ അക്രമിച്ചതു. നാദാപുരത്തെത്താകട്ടെ മൂസ്ലി ലീഗിലൂടെ മുസ്ലിം സമുദായത്തെ തന്നെ  മുഖ്യശത്രുവായി കണ്ടുകൊണ്ട് ഹിന്ദുത്വ വർഗ്ഗീയതയുടെ സ്വയം പ്രഖ്യാപിത വക്താകളാകുവാനാണ് തുടക്കം മുതൽ സി.പി.എം ശ്രമിച്ചതു. ഞങ്ങളുടെ പാർട്ടിയും, അവരുടെ പാർട്ടിയും എന്ന നിലക്ക് ഹിന്ദു-മുസ്ലിം സാമുദയികത സി.പി.എമ്മിലും ലീഗിലും കേദ്രീകരിക്കപ്പെട്ട അപകടകരമായ അവസ്ഥ.  ലീഗിനോട് രാഴ്ട്രീയ വിരോധം ഉള്ള  ഇടതുപക്ഷ സഹയാത്രികരായ മുസ്ലിംകളെ പോലും സി.പി.എമ്മിന്റെ നാദാപുരത്തെ വർഗ്ഗീയ രാഷ്ട്രീയം വെറുതെ വിട്ടില്ല. കാരണം നാദാപുരത്തെ സി.പി.എം അടിസ്ഥാനപരമായി  ഹിന്ദുക്കളുടെ മാത്രം പാർട്ടിയാണ്, അന്തരിച്ച കണാരനെ പോലുള്ള നേതക്കൾ ഈ നിലക്കുള്ള വർഗ്ഗീയ വികാരം ആളിക്കത്തിച്ചു കൊണ്ടാണ് അവിടെ പാർട്ടിയെ വളർത്തിയത്..ഇവിടങ്ങളിലെവിടെയും സംഘപരിവാര പ്രസ്ഥാനങ്ങൾ പ്രത്യക്ഷമായി സജീവമല്ല എന്ന വസ്തുതയും ഇവിടെ എടുത്തപ്രയേണ്ടതാണ്. അതായത് സംഘപരിവാരത്തിന്റെ സ്വാധീനത്തിൽ നിന്നു ഭൂരിപക്ഷ സമുദായത്തെ തടയും വിധമുള്ള വർഗ്ഗീയ സാമുദായിക രാഷ്ട്രീയം തന്നെയാണ് സി.പി.എം ഈ പ്രദേശങ്ങളിൽ പയറ്റുന്നതു. മാത്രമല്ല താഴീകിടയിലുള്ള നേതൃത്വവും അണികളിൽ തന്നെ ഒരു വിഭാഗവും അടുത്തകാലത്തായി സംഘപരിവാർ ആശയങ്ങൾ സ്വാധീനിക്കപ്പെടുന്നുണ്ട്. ‘രാഷ്ട്രീയം എന്തുമായിക്കോട്ടെ ഹിന്ദു ഒന്നാണെന്ന്സംഘപരിവാർ അടുത്തകാലത്തായി ഉയർത്തികൊണ്ടുവരുന്ന മുദ്രാവാക്യങ്ങത്തിന്നു സി.പി.എം അണികളിൽ സ്വീകാര്യത വർദ്ധിച്ചു വരുന്നു. ലീഗുമായുള്ള സംഘർഷങ്ങളിൽ സംഘപ്രവർത്തകരിൽ നിന്നുള്ള നിരന്തര സഹായം സി.പി.എം പ്രവർത്തകർക്ക് ലഭിച്ചു കൊണ്ടിരിക്കന്നു. തളിപ്പറമ്പിലും കന്നൂരിന്റെ പല ഭാഗങ്ങളിലും കാസർകോഡും നടക്കുന്ന സംഘർഷങ്ങളിൽ സി.പി.എം സഖക്കൾക്ക് സംഘപരിവാരിൽ നിന്നു ശക്തമായ പിന്തുണ ലഭിക്കുന്നതായി ആ ഭാഗത്തു നിന്നും വരുന്ന രിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഘർഷത്തിലകപെട്ട സഖാക്കളുടെ കേസുകൾ പലതും കൈകാര്യം ചെയ്യുന്നതും സംഘപരിവാരം തന്നെയാണ്. അതോടൊപ്പം സംഘപരിവാരം ഉയർത്തികൊണ്ടു വന്ന ചില മുസ്ലിം വിരുദ്ധ മുദ്രാവക്ക്യങ്ങൾ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ സംഘപരിവാരിനൊപ്പം തന്നെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളും ഉണ്ടെന്നത് യാദൃശ്ചികമാകില്ല. ഒരു തെളിവു പോലുമില്ലാതെ ഹൈകോടതി തള്ളിക്കളഞ്ഞ ലവ് ജിഹാദുമായി ബന്ദപ്പെട്ട  പോസ്ട്ടറുകൾ സംഘപരിവാർ സംഘടനകളേക്കാൾ ആവേശത്തിൽ സി.പി.എം യുവജന സംഘടനകൽ ഇപ്പോഴും പ്രചരിപ്പിക്കുന്നു.

 വര്‍ഗ്ഗ രാഷ്ട്രീയവും വര്‍ഗ്ഗീയ രാഷ്ട്രീയവും..

സി.പി.എം സഹയാത്രികാരായ ഹിന്ദു-മുസ്ലിം അണികൾ വിവിധ സംഘർഷങ്ങളുടെ ഭാഗമായപ്പോൾ പാർട്ടി സ്വീകരിച്ച വ്യത്യസ്ഥ നിലപാട് ശ്രദ്ധേയമാണ്. നാദാപുരത്തു ഹിന്ദു വർഗ്ഗീയതയുടെ ഭാഗമായികൊണ്ട് സി.പി.എം മുസ്ലിം ലീഗിനെയും, മുസ്ലിം സമുദായത്തെ തന്നെയും ലക്ഷ്യം വെച്ചു പ്രചാരണൻ നടത്തുകയും സംഘർഷങ്ങളുടെ ഭാഗമാകുകയും ചെയ്തു. നിരവധി കൊലപാതകങ്നളും , മാനഭംഗങ്ങൾ വരെ അവിടെ നടന്നു. പക്ഷെ സി.പി.എം നേതൃത്വത്തിന്റെ ശക്തമായ പിന്തുണ ഈ വിഷയത്തിൽ നാദാപുരത്തെ പാർട്ടി നേതൃത്വത്തിനു ലഭിച്ചു എന്നു  മാത്രമല്ല നാദാപുരത്തു നടക്കുന്ന സംഘർഷം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘർഷമാണെന്ന വർഗ്ഗ നിർവചനവും സി.പി.എം നൽകി, നാദാപുരത്തെ പാർട്ടിഅണികളെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് സി.പി.എം തുടക്കം മുതൽ സ്വീകരിച്ചതു. അതെ സമയം കൊഴിക്കൊട് ജില്ലയിൽ തന്നെയുള്ള മാറാദ് പ്രദേശത്തെ സി.പി.എം പ്രവർത്തകരിൽ നല്ലൊരു ശതമാനവും  മുസ്ലിം സമുദായത്തിൽ പെട്ടവർ. അവിടെ സംഘപരിവാരം ശക്തവുമാണ്. സംഘർഷവും, സംഘട്ടനവും മുരക്ക് നടക്കുന്നു. പക്ഷെ ഇവിടെ സി.പി.എമ്മിന്റെ നിർണ്ണായക പിന്തുണ പ്രദേശത്തെ സി.പി.എം പ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സംഘപരിവാരുമായുള്ള സംഘർഷത്തിലും, കൊലപാതകത്തിലും നിരപരാധികലായ സി.പി.എം പ്രവർത്തകർ പ്രതിപട്ടികയിൽ ഉൾപെട്ട സാഹചര്യം ഉണ്ടായിട്ടും കേസ് നടത്തുന്നതിന്നും, കുടുംബങ്ങളെ സംരക്ഷിക്കുന്നതിനോ നാദാപുരത്തു കാണിച്ച് ഔത്സുക്യം സി.പി.എം മാറാട് കാണിച്ചില്ല. അതായത് സംഘപരിവാരം ആത്യന്തികമായി ഒരു സംഘടനയല്ല ഒരു ആശയമാണ് എന്ന വിലയിരുത്തൽ പ്രസക്തമാകും വിധം സി.പി,എമ്മിന്നുള്ളിൽ ഹിന്ദുത്വ ആശയങ്ങൽക്ക് സ്വീകാര്യത വർദ്ധിച്ചു വരുന്നു. സംഘപരിവാരം ഉയർത്തിവിടുന്ന മുദ്രാവാക്യങ്ങളുടെ പ്രയോക്തക്കാളായി സി.പി.എം പലപ്പോഴും മാറുന്നു..അഞ്ചാം മന്ത്രി വിവാദത്തിൽ ഇടപെട്ടുകൊണ്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായ സഖാവ് കൊടിയേരി ബാലകൃഷ്ണൻ ലീഗീനെതിരെ നടത്തിയ പ്രസ്താവനകൾ യതാർത്ഥത്തിൽ സാമുദായിക ചേരിത്തിരിവു ഉണ്ടാക്കുന്നതും സംഘപരിവാരം ഉയർത്തിക്കൊണ്ടുവരുന്ന വിദ്വേഷരാഷ്ട്രീയത്തിനു ശക്തിപകരുന്നതുമായിരുന്നു. സംഘപരിവാരം ഉയർത്തിവിടുന്ന പല വാക്കുകളും, പ്രയോഗങ്ങളും സംഘപരിവാരത്തേക്കാൾ ആവേശത്തിൽ സഖാക്കൾ ഏറ്റുപാടുന്നു.

സംഘപരിവാരമാകട്ടെ മൂഖ്യ ശത്രു പട്ടികയിൽ നിന്നു സി.പി.എമ്മിനെ  ഇതിനകം മാറ്റികഴീഞ്ഞിരിക്കുകയാണ്. മുസ്ലിം സമുദായത്തിൽ ശക്തിപെട്ടു വരുന്ന് നവസാമൂഹിക പ്രസ്ഥനങ്ങളുടെ  സ്വാധീനത്തെ തടഞ്ഞു നിർത്താൻ  ഹിന്ദു പാർട്ടിയായ സി.പി.എമ്മുമായി സംഘർഷമല്ല രംയതയാണ് വേണ്ടതെന്ന വികാരം ശക്തമായികുന്നു. ന്യൂനപക്ഷ പാർട്ടികൾക്ക് സ്വാധീനമുള്ള ഐക്യജനാധിപത്യ മുന്നണി ഭരിക്കുന്നതിനേക്കാൽ ഹിന്ദു ഭൂരിപക്ഷമുള്ള ഇടതു മുന്നണി ഭരിക്കുന്നതാണ് ഹിന്തുത്വ താല്പര്യങ്ങൾക്ക് ഗുണം എന്ന തീർത്തും വ്യത്യസ്ഥമായ നിലപാടിലേക്ക് സംഘപരിവാരം മാറിയിരിക്കുന്നു. സി.പി.എമ്മിന്റെ കൈക്കളാൽ കൊലക്കത്തിക്കിരയായ ബലിദാനികളുടെ വാർഷികം പോലും സമുചിതമായി ആചരിക്കാതെ വ്യത്യസ്ത പേരുകലിലോ, ഭാഗികമായോ ആചരിക്കാൻ സംഘപരിവാർ സ്വയം തയ്യാറായിരിക്കുന്നു. ആത്യന്തികമായി ഈ സംഘട്ടനങ്ങളുടെ ഗുണഫലം സംഘപരിവാരിനെന്നു വ്യക്തം.. കൈ നനയാതെ മീൻ പിടിക്കാൻ സംഘപരിവാരത്തിനു സഹായകമാകും വിധം ലീഗും സി.പി.എമ്മും ഹിന്ദു മുസ്ലിം സാമുദായികതയുടെ അപകടങ്ങളിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ ഇനിയും വിരിയാത്ത താമരക്കായി ഏതറ്റവും വരെ പോകുവാൻ തയ്യരായി, കിട്ടാവുന്ന് അവസരങ്ങളൊക്കെ സാമുദായിക ധ്രുവീകരണത്തിനു സഹായകമാകും വിധം പ്രകോപനകരമായ പ്രചരണം നടത്തി മുതലെടുക്കാൻ ശ്രമിക്കുന്ന സംഘപരിവാരിനു മാത്രമാണ് ആത്യന്തികമായി സി.പി.എമ്മിന്റെയും ലീഗിന്റെയും വർഗ്ഗീയ സ്വഭാവമുള്ള സംഘട്ടനം കൊണ്ട് ഗുണം ഉള്ളത് എന്നു വ്യക്തം.. പൊതുസമൂഹത്തിനു മുന്നിൽ ഈ പാർട്ടികൾ ഉയർത്തികൊണ്ടിരിക്കുന്ന സഹിഷ്ണുതയുടെയും, മതേതരത്വത്തിന്റെയും മുദ്രവാക്യങ്ങൾ നന്നെ ചുരുങ്ങിയത് സ്വന്തം അണികൾക്ക് തന്നെ പടിപ്പിച്ചില്ലെങ്കിൽ ഭാവി കേരളം അപകടകരമായ സാമുദായിക ധ്രുവീകരണത്തിലേക്കാകും കൂപ്പുകുത്തുക..

No comments:

Post a Comment