Sunday, November 27, 2011

തീവ്രവാദിയുടെ അച്ഛൻ


തീവ്രവാദിയുടെ അച്ഛൻ
സുധീര്‍ കെ. ചന്ദനത്തോപ്പ്

നിങ്ങളുടെ മകന്‍ ഒരു കരുത്തന്‍ തന്നെയാണ്, മൂന്ന് പോലിസുകാരെയല്ലേ ഒറ്റയടിക്ക് ഇടിച്ചിട്ടത്. അവള്‍ക്ക് (ഇശ്‌റത്ത് ജഹാന്) നേരെ പോലിസുകാരന്‍ അതിക്രമം തുടര്‍ന്നപ്പോഴാണ് അവന്‍ പ്രതികരിച്ചത്. എന്നാല്‍, അവന്റെ ചെറുത്ത്‌നില്‍പ്പ് വകവയ്ക്കാതെ വീണ്ടും അവള്‍ക്കു നേരെ പോലിസുകാരന്‍ അതിക്രമം തുടര്‍ന്നതോടെ അവന്‍ അവരെ മര്‍ദ്ദിക്കാന്‍ തുനിഞ്ഞ ു. പക്ഷേ, അവര്‍ ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ അവനെ തല്ലി അവശനാക്കി. കൈ അടിച്ചൊടിച്ചു. അതിനു ശേഷം വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തി. പിന്നീട് കാറിലാക്കി അഹ്മദാബാദിലെ ഹിമാത്ത് നഗര്‍ ഹൈവേയിലുള്ള കോട്ടാര്‍പൂര്‍ വാട്ടര്‍ വര്‍ക്‌സിലെത്തിച്ച ശേഷം നിറയൊഴിച്ചു.''
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മുതിര്‍ന്ന എ.ടി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ ചാരുംമൂട്ടിലുള്ള വീടിന്റെ ഉമ്മറത്തിരുന്നു വെളിപ്പെടുത്തുമ്പോള്‍ ഗോപിനാഥന്‍ പിള്ളയുടെ മുഖത്ത് ചാരിതാര്‍ഥ്യം നിറഞ്ഞു നിന്നു. ഇക്കാലമത്രയും കേസിന്റെ പൊല്ലാപ്പുകളും മറ്റും മൂലം മറച്ചുവച്ചത് വെളിപ്പെടുത്താന്‍ കഴിഞ്ഞുവെന്ന ആത്മസംതൃപ്തി.
ഇളനീര്‍ എന്ന ബോംബ്

അവന്‍ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് എന്റെ അടുത്തെത്തിയിരുന്നു. തനിച്ചായിരുന്നില്ല ഭാര്യ സാജിദാ ശെയ്ഖും മക്കളും ഒപ്പമുണ്ടായിരുന്നു. ഇവിടെ തങ്ങിയ ശേഷം തിരികെ പോവുമ്പോള്‍ പറമ്പില്‍ നിന്നു കുറച്ചു തേങ്ങ, ഇളനീര്‍, കുരുമുളക്, കൈതച്ചക്ക, എന്നിവയോടൊപ്പം കരിക്കു വെട്ടികുടിക്കാനായി ഒരു കത്തിയും കൊണ്ടുപോയിരുന്നു. ചെറുമക്കള്‍ക്ക് കരിക്ക് നല്ല ഇഷ്ടമായിരുന്നു. എന്നാല്‍, വീട്ടില്‍ നിന്നു കൊണ്ടുപോയ സാധനങ്ങളെല്ലാം പിന്നീട് ഗുജറാത്ത് പോലിസിന്റെ മറിമായത്തില്‍ സ്‌ഫോടകവസ്തുക്കളായി മാറി. വ്യാജ ഏറ്റുമുട്ടലിനു നേതൃത്വം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വന്‍സാരെ ഇളനീര്‍ ബോംബും, കുരുമുളക് സ്‌ഫോടക വസ്തുക്കളുമായി കണെ്ടത്തിയിരുന്നു! അഹമ്മദ് നഗറിലെത്തിയപ്പോള്‍ അവന്റെ നീല ഇന്‍ഡിക്ക കാറിന്റെ ടയര്‍ പഞ്ചറായി. കുട്ടികളെയും ഭാര്യയെയും വീട്ടിലാക്കിയ ശേഷം കാര്‍ നന്നാക്കിയിട്ടു വരാമെന്നു പറഞ്ഞാണ് അവന്‍ പോയത്. എന്നാല്‍, പിന്നീട് അവന്‍ മടങ്ങിവന്നില്ല. അഞ്ചാം ദിവസം ഗുജറാത്ത്് മുഖ്യമന്ത്രിയെ വധിക്കാനെത്തിയ മകനെയും മറ്റു മൂന്നു പേരെയും പോലിസ് വെടിവച്ചുകൊന്നുവെന്ന പത്രവാര്‍ത്തയാണു ഞാന്‍ കേട്ടത്.
''സാറിന്റെ മകന്‍ ഇവിടെ ടയര്‍ പഞ്ചര്‍ ഒട്ടിക്കാനെത്തിയിരുന്നു. ഈ സമയം ബ്രൗണ്‍ ഷൂസണിഞ്ഞ രണ്ടു പേരെത്തി അദ്ദേഹത്തെ മാറ്റി നിര്‍ത്തി സംസാരിക്കുകയും പിന്നീട് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു''എന്ന് ടയര്‍ കടയുടെ ഉടമ പിന്നീട് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം പുറത്തുപറയാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നില്ല. ''സാറെ, ഞാന്‍ ഇനിയും ജീവിക്കേണ്ടത് ഈ ഭൂമിയിലല്ലേ, പിന്നെങ്ങനെയാണ് ഞാന്‍ ഇത് തുറന്നു പറയുന്നത്'' എന്നാണു കടക്കാരന്‍ ഭീതിയോടെ പറഞ്ഞത.്

വെടിവച്ചത് മൃതദേഹങ്ങളില്‍
ഇശ്‌റത്ത് ജഹാനെ മുംബൈയില്‍ നിന്നാണു പോലിസ് പിടികൂടിയത്. ഇതിനു ശേഷമാണ് ജാവീദിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. രണ്ടു പേരെയും ഗുജറാത്തില്‍ തന്നെയുള്ള ഒരു ഫാം ഹൗസിലെത്തിച്ച് ചോദ്യം ചെയ്തു. മൂന്നു ദിവസം ഉറങ്ങാന്‍ പോലും അനുവദിക്കാതെയായിരുന്നു ചോദ്യം ചെയ്യല്‍. നാലാം ദിനമാണ് പോലിസുകാരന്‍ ഇശ്‌റത്തിന് നേരെ അതിക്രമം നടത്തിയത്. ജാവീദ് ഇതിനെ ചോദ്യം ചെയ്‌തെങ്കിലും അതിക്രമം തുടര്‍ന്നു. ഒടുവില്‍ പോലിസുകാരും ജാവീദും തമ്മില്‍ സംഘട്ടനവും ഉണ്ടായി. ഇതിനിടയിലാണു പോലിസുകാര്‍ ജാവീദിന്റൈ കൈ അടിച്ചൊടിച്ചത്. പോലിസുകാരുടെ മര്‍ദ്ദനത്തില്‍ കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. അവശനായ ജാവീദ് താമസിയാതെ മരണപ്പെടുകയും ചെയ്തു.
തുടര്‍ന്നാണ് ജാവീദിനെയും ഇശ്‌റത്ത് ജഹാനെയും നീല ഇന്‍ഡിക്ക കാറില്‍ കോട്ടാര്‍പൂര്‍ വാട്ടര്‍ വര്‍ക്‌സിലെത്തിച്ചത്. നേരത്തേ പെറ്റി കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത അംജദ് അലി റാണയും സീഷാന്‍ ജോഹറും കാറില്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പോലിസ് തുരുതുരാ വെടിവയ്ക്കുകയായിരുന്നു. സത്യത്തില്‍ അവരുടെ മൃതദേഹത്തിലാണു പോലിസുകാര്‍ വെടിവച്ചത്. മരണം നടന്ന് 8-10 മണിക്കൂറിനു ശേഷമാണ് വെടിവയ്പ്പുണ്ടായത്.
ജാവീദിനെ പിടികൂടുമ്പോള്‍ ഉണ്ടായിരുന്ന ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം പിന്നീട് തന്നോട് രഹസ്യമായി വെളിപ്പെടുത്തിയതായി ഗോപിനാഥന്‍ പിള്ള പറയുന്നു. ഇശ്‌റത്ത് ജഹാന് നേരെയുണ്ടായ പോലിസ് അതിക്രമം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദനമേറ്റ ജാവീദ് ഇനി ജീവിച്ചിരുന്നാല്‍ പ്രശ്‌നമാകുമെന്ന ഭയമായിരിക്കാം വ്യാജ ഏറ്റുമുട്ടലിലേക്കു നയിച്ചത് എന്ന സംശയവും ഈ പിതാവിനുണ്ട്.
ജാവീദിനൊപ്പം ജോലി ചെയ്തിരുന്നയാളുടെ മകളാണ് ഇശ്‌റത്ത് ജഹാന്‍. അവളുടെ പിതാവ്് ഏണിയില്‍ നിന്നു വീണ് കിടപ്പിലായതോടെ ചെറിയ സഹായങ്ങള്‍ എന്റെ മകന്‍ ഈ കുടുംബത്തിന് ചെയ്തിരുന്നു. സ്വന്തം സഹോദരിയെ പോലെ കണ്ടിരുന്ന ഇശ്‌റത്തിന്റെ പഠനച്ചെലവിനുള്ള തുകയും അവനാണു നല്‍കിയിരുന്നത്. അല്ലാതെ ഇശ്‌റത്തും തന്റെ മകനും തമ്മില്‍ മറ്റൊരുവിധ ബന്ധവും ഇല്ലായിരുന്നുവെന്ന് ഗോപിനാഥന്‍പിള്ള പറയുന്നു.

മുകുന്ദന്‍ സി. മേനോന്റെ പിന്തുണ

തന്റെ മകന്‍ തീവ്രവാദിയായിരുന്നില്ലെന്ന് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താനുള്ള നിയമപോരാട്ടത്തിന് ഊര്‍ജം പകര്‍ന്നത് മുകുന്ദന്‍ സി. മേനോനായിരുന്നുവെന്ന് ആ വൃദ്ധന്‍ വെളിപ്പെടുത്തി.
തന്നോട് ആദരവും ബഹുമാനവും സ്‌നേഹവും കാണിച്ചിരുന്നവര്‍ പോലും ഗുജറാത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 'തീവ്രവാദിയുടെ' പിതാവ് എന്ന കോണിലൂടെ നോക്കി കണ്ട സമയത്താണ് മുകുന്ദന്‍ സി. മേനോന്റെ നേതൃത്വത്തില്‍ ഒരു സംഘം സി.എച്ച്.ആര്‍.ഒ(ഇപ്പോഴത്തെ എന്‍.സി.എച്ച്.ആര്‍.ഒ) പ്രവര്‍ത്തകര്‍ വീട്ടിലെത്തിയതെന്നു ഗോപിനാഥ പിളള ഓര്‍ത്തു. അങ്ങയുടെ മകന്‍ നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാമെന്ന മുകുന്ദന്‍ സി. മേനോന്റെ വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്.

അഭിഭാഷകരും ഡോക്ടര്‍മാരും
അതിനിടെ കേസന്വേഷണം ആവശ്യപ്പെട്ട് എ.കെ. ആന്റണിക്കും വി.എസ്. അച്യുതാനന്ദനുമെല്ലാം നിവേദനം നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
മുകുന്ദന്‍ സി. മേനോന്‍ സാര്‍ പരിചയപ്പെടുത്തിയ സുമാ ജോസന്‍ എന്ന ഡല്‍ഹിയിലെ മനുഷ്യാവകാശ പ്രവര്‍ത്തക വഴിയാണ് സീനിയര്‍ അഭിഭാഷകനായ മുകുള്‍ സിന്‍ഹയെ കാണുന്നത്. അവര്‍ വഴിയാണ് സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഈ സമയം തന്നെ ഇശ്‌റത്ത് ജഹാന്റെ മാതാവ് ഗുജറാത്ത് കോടതിയിലും കേസ് ഫയല്‍ ചെയ്തു. ഇതിനിടെയാണ് സമാനമായ രണ്ടു കേസുകള്‍ രണ്ടു കോടതിയിലെത്തിയ വിവരം ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രിംകോടതിയെ ധരിപ്പിക്കുന്നതും കേസ് ഗുജറാത്ത് കോടതിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തത്. കേസ് ഗുജറാത്തിലേക്ക് മാറ്റിയതോടെ ഞാന്‍ ഭയത്തിലായിരുന്നു. എന്റെ മകനെ കൊന്നവരുടെ നാട്ടില്‍ കേസ് എങ്ങനെ നിലനില്‍ക്കും? എന്നാല്‍, അവിടെയും മുകുള്‍ സിന്‍ഹ തുണച്ചു.
മുകുന്ദന്‍ സി. മേനോന്റെ മരണ ശേഷം സി.എച്ച്.ആര്‍.ഒയുടെ പ്രവര്‍ത്തകര്‍ നിയമസഹായങ്ങള്‍ തുടര്‍ന്നിരുന്നു.
കേസിന്റെ ആവശ്യത്തിനായി ആദ്യ തവണ ഒറ്റയ്ക്ക് ഗുജറാത്തിലെത്തിയ ഞാന്‍ ഒരു ഹോട്ടലില്‍ റൂമെടുത്തു. വിവരം അറിഞ്ഞ വക്കീല്‍ ഉടന്‍ തന്നെ അവിടെ നിന്നും എന്നെ മാറ്റുകയാണു ചെയ്തത്. കാരണം, റൂമെടുത്ത ഹോട്ടല്‍ നില്‍ക്കുന്ന പ്രദേശം സംഘപരിവാര സ്വാധീനമുള്ളതാണ്. പിന്നീട് പല തവണ കേസിന്റെ ഭാഗമായി ഗുജറാത്തിലെത്തിയപ്പോഴും രണ്ടു വക്കീലന്‍മാരെ എന്റെ ഒപ്പം അദ്ദേഹം അയക്കുമായിരുന്നു. എന്റെ സുരക്ഷയ്ക്കായി.

മോഡിക്ക് ആദ്യത്തെ ആഘാതം
എന്റെ മകനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമായിരുന്നു. പ്രലോഭനങ്ങളില്‍ വഴങ്ങാതെ അവര്‍ തങ്ങളുടെ ജോലികള്‍ ചെയ്തതിനാല്‍ ഇന്നും സത്യം നിലനില്‍ക്കുന്നു. അവന്‍ കൊല്ലപ്പെട്ടതെങ്ങനെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി വിവരിച്ചിരുന്നു.
ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ച് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്് എസ്.പി തമങ് നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തില്‍ നാലു പേരും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈ റിപോര്‍ട്ടാണ് മോഡി സര്‍ക്കാരിനേറ്റ ആദ്യ തിരിച്ചടി. റിപോര്‍ട്ടിനെതിരേ സുപ്രിംകോടതിയെ സമീപിച്ച ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിംകോടതി ചോദിച്ചത് 'ഈ കേസിനു പിറകെ നടക്കാന്‍ സര്‍ക്കാരിന് നാണമില്ലേ'യെന്നായിരുന്നു. സത്യസന്ധനായ എസ്.പി തമങ് സത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത് കൊണ്ടാവാം ഇന്ന് അദ്ദേഹം പഴയസ്ഥാനത്ത് ഇല്ല. സ്ഥലം മാറ്റിയതായറിയുന്നു.
ജുഡീഷ്യല്‍ അന്വേഷണത്തിനു ശേഷം കോടതി പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെങ്കിലും പല ഉദ്യോഗസ്ഥരും വിവിധ കാരണങ്ങള്‍ പറഞ്ഞ് അന്വേഷണത്തില്‍ നിന്നു പിന്‍മാറി. ഒടുവില്‍ ആര്‍.ആര്‍ വര്‍മയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇപ്പോള്‍ സത്യം പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

പ്രാണേശ്കുമാര്‍ എങ്ങനെജാവീദ് ശെയ്ഖായി?
പൂനെ ശിവാജി നഗറിലെ മഹേശ്വരി എന്‍ജിനീയറിങ് കമ്പനിയിലെ സൂപ്പര്‍വൈസറായി ഞാന്‍ ജോലി ചെയ്തിരുന്നു. പൂനെയില്‍ ഭാര്യയും മക്കളോടുമൊപ്പം വിശ്രാന്തവാടിയിലായിരുന്നു താമസം. അവിടെ അയല്‍വാസിയാണ് സാജിദ ശെയ്ഖിന്റെ കുടുംബം. അന്ന് സാജിദ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലമായിരുന്നു. അയല്‍വാസികളായതുകൊണ്ട് തന്നെ അവരുടെ വീട്ടുകാര്‍ ഞങ്ങളുടെ വീട്ടിലും തിരിച്ചും പോവുമായിരുന്നു. ഇടയ്‌ക്കെപ്പോഴോ എന്റെ മകനും സാജിദയും പ്രണയത്തിലായി. എന്നാല്‍, ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവിടെ നിന്ന് ജോലി മതിയാക്കി നാട്ടിലെത്തിയപ്പോഴും മകന് അവിടെ മറ്റൊരു കമ്പനിയില്‍ ജോലി കിട്ടി. ഇതിനിടെ അവര്‍ തമ്മിലുള്ള വിവാഹവും നടന്നു. കല്യാണം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം ഒരു ബന്ധുവിന്റെ കല്യാണത്തിനു നാട്ടില്‍ വന്ന ശേഷം മടങ്ങി പോവുമ്പോള്‍ കായംകുളത്തുള്ള കുഞ്ഞമ്മയുടെ വീട്ടിലെത്തി ഒന്നര വയസ്സുള്ള ആണ്‍കുട്ടിക്ക് ഒരു ഉടുപ്പും തയ്ച്ചുകൊണ്ടാണു പോയത്. ഇത് ആര്‍ക്കാണെന്ന് ചോദിച്ചപ്പോഴാണ് ഇസ്‌ലാം മതം സ്വീകരിച്ചതായും ജാവീദ് ശെയ്ഖ് എന്നു പേര് മാറ്റിയതായും വിവാഹം കഴിഞ്ഞതായുമൊക്കെ പറഞ്ഞത്.
വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഒരു വിഷമം ഉണ്ടായെങ്കിലും അവനിഷ്ടപ്പെട്ട കുട്ടിയെ കല്യാണം കഴിച്ചതില്‍ തെറ്റില്ലെന്നു തോന്നി.
ഇതിനു ശേഷം അമ്മയുടെ ആഗ്രഹപ്രകാരം ഭാര്യയും മക്കള്‍ക്കുമൊപ്പം അവന്‍ നാട്ടിലെത്തിയിരുന്നു. മാതാവ് സരസ്വതി ഭായി മരിച്ചപ്പോള്‍ എന്റെ മകന്‍ ഗള്‍ഫിലായതിനാല്‍ സാജിദയും മക്കളും വീട്ടില്‍വന്നിരുന്നു. രണ്ടു മാസം തങ്ങിയ ശേഷമാണ് അവര്‍ മടങ്ങിയത്.
ജാവീദ് കൊല്ലപ്പെട്ട ശേഷം സാജിദയ്ക്ക് അവിടെ സ്‌കൂളിലുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പല്‍ ജോലി നഷ്ടപ്പെട്ടിരുന്നു. രണ്ടാം ക്ലാസുകാരനായ മൂത്ത മകനെ സംഘപരിവാര സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നു പുറത്താക്കി. തുടര്‍ന്ന്, ഞാന്‍ പോയി അവരെ കൂട്ടിക്കൊണ്ടുവരുകയും ഇവിടെ സ്‌കൂളില്‍ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തു. പിന്നീട് നാട്ടിലുണ്ടായിരുന്ന റബര്‍ തോട്ടം വിറ്റ് അവര്‍ക്കവിടെ മൂന്നു മക്കള്‍ക്കായി മൂന്ന് ഫ്‌ളാറ്റുകളും വാങ്ങി നല്‍കി.

മറ്റു പ്രതികളാര് ?
ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോള്‍ മറുഭാഗത്തുള്ള പോലിസുകാരുടെ ഷര്‍ട്ടിനു കീറല്‍ പോലും സംഭവിച്ചില്ലേ? അര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരരെ വധിക്കുമ്പോള്‍ കുറഞ്ഞത് ഒരു മുറിവെങ്കിലും ഉണ്ടാവണെ്ട? എന്റെ മകനോടൊപ്പം കൊല്ലപ്പെട്ടതില്‍ അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവര്‍ പാകിസ്താനികളാണെന്നാണു പോലിസ് പറഞ്ഞത്. ഇതിനു തെളിവായി കാണിക്കുന്നത് അവരുടെ പോക്കറ്റില്‍ നിന്നു കണെ്ടത്തിയ ഇംഗ്ലീഷിലുള്ള ഒരു കടലാസ് മാത്രമാണ്. ഇതിന് എന്ത് ആധികാരികതയാണുള്ളത്? പെറ്റി കേസില്‍ പിടികൂടിയവരെ കൊടുംഭീകരരാക്കി കൊലപ്പെടുത്തിയ ഗുജറാത്ത് പോലിസ് മറുപടി പറയണം. നാല്‍വര്‍ സംഘത്തെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയപ്പോള്‍ അവരില്‍ നിന്നു പിടിച്ചെടുത്തത് ഒരു തോക്കും കുറച്ച് സ്‌ഫോടക വസ്തുക്കളുമാണെന്നാണ് പോലിസ് അറിയിച്ചത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള നരേന്ദ്ര മോഡിയെ വധിക്കാന്‍ ഒരു തോക്കും അല്‍പ്പം സ്‌ഫോടകവസ്തുക്കളും മാത്രം മതിയോ?
ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി.ജി വന്‍സാര ഇന്ന് സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ്. വന്‍സാര ഗുജറാത്ത് പോലിസിലുണ്ടായിരുന്ന 2002 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ 21 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണു നടന്നത്. ഇതെല്ലാം തന്നെ നടത്തിയത് മോഡിയെ വധിക്കാനെത്തിയ ഭീകരരെ കൊലപ്പെടുത്തിയെന്ന പേരിലാണ്. എന്നാല്‍, 2007നു ശേഷം മോഡിയെ വധിക്കാന്‍ ആരും എത്തിയില്ലേ? ഗോപിനാഥന്‍പിള്ളയുടെ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യതയുണ്ട്.
എന്നാല്‍, ഭരണാധികാരികള്‍ക്ക് ഉത്തരംകിട്ടാത്ത ഏറ്റവും പ്രധാനമായ ചോദ്യം ഇന്നും നിലനില്‍ക്കുന്നു. അതിനാണ് ഉത്തരം കണെ്ടത്തേണ്ടത്. ജാവീദ് ശെയ്ഖിനെയും ഇശ്‌റത്ത് ജഹാനെയും അംജദ് അലി റാണയെയും സീഷാന്‍ ജോഹറിനെയും എന്തിനാണു കൊലപ്പെടുത്തിയത്?

No comments:

Post a Comment