Monday, November 14, 2011

മമ്മൂട്ടി ജാതകവും മാതൃഭൂമിയുംമമ്മൂട്ടി ജാതകവും മാതൃഭൂമിയുംമൻമോഹൻ സിംഗ്, ഒബാമ, മമ്മൂട്ടി, മോഹൻലാൽ, കമലഹാസൻ എന്നിവരുടെയൊക്കെ നാളുകൾ നോക്കി ഭാഗ്യ ജാതകമാണെന്നും, അബ്ദുന്നാസർ മദനി, സൌമ്യ, എം.വി ജയരാജൻ എന്നിവരുടെ നാളുകൾ ഗണിച്ചു കൊണ്ട് ദുരന്ത ജാതകമാണെന്നും ഗണിച്ചു പറയാൻ അതിപ്രശസ്തരായ ജ്യോതിഷികൾ ആകണമെന്നില്ല.. പത്രം വായിക്കുന്ന, വാർത്ത കാണുകയും കേൾക്കുകയും ചെയ്യുന്ന ഏതു മനുഷ്യനും ഇവരുടെ ജീവിത നിലവാരം പറയാൻ സാധിക്കും..ഒരു കവടിയും നിരത്താതെ തന്നെ...പ്രശസ്തരായ ഇവരുടെ മറ്റാർക്കും കണ്ടെത്താനാകാത്ത ജാതക ഗുണം ഞാൻ ഗണിച്ചു കണ്ടെത്തി എന്നത് പോലെയാണ് ഓരോ വർഷത്തെയും കണക്കെടുത്തുകൊണ്ട്  ആസ്ഥാന ജ്യോതിഷികൾ മാതൃഭൂമി ദിനപത്രത്തിൽ മമ്മൂട്ടിയുടെ ശുക്രനും, കണ്ടകശനിയും അവതരിപ്പിച്ചിരിക്കുന്നത്...

മമ്മൂട്ടിയുടെ അഭിനയജീവിതമെന്നത് ഒരു തുറന്ന പുസ്തകമാണ്..മമ്മൂട്ടി ഒരു ബോൺ ആക്ടർ അല്ലെന്നും, വക്കീൽ പണി മതിയാക്കി അഭിനയം മുഖ്യ തൊഴിലായി സ്വീകരിച്ച തികഞ്ഞ ഒരു പ്രൊഫഷണൽ ആണെന്ന് എല്ലാവർക്കും അറിയാം.. മമ്മൂട്ടിയുടെ അഭിനയജീവിതം തന്നെ നിരവധി ഉയർച്ച താഴ്ചകൾ നിറഞ്ഞതാണെന്നും അദ്ദേഹത്തിന്റെ കരിയർ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം...ആദ്യകാലത്തെ അലച്ചിലുകളും പിന്നീടുള്ള കുതിച്ചു ചാട്ടവും, ടിപ്പിക്കൽ കഥാപത്രങ്ങൾ അവതരിപ്പിച്ചവതരിപ്പിച്ച് ഒരു ഘട്ടത്തിൽ മലയാള സിനിമാ ഫീൽഡിൽ നിന്നു തന്നെ പുറത്താകുമെന്ന ഘട്ടങ്ങളും, പിന്നീട് അതിശക്തമായി തിരിച്ചുവന്നതും, സംസ്ഥാന തലത്തിലും, ദേശീയ തലത്തിലും നിരവധി പുരസ്കാരം വാങ്ങിക്കൂട്ടിയതുമൊക്കെ പരസ്യമായ വസ്തുതകളാണ്.. ഇനി ഇതൊന്നും അറിയാത്ത പുത്തൻ തലമുറക്കായി വിക്കിപീഡികയിൽ മമ്മൂട്ടീ എന്ന് ടൈപ് ചെയ്താൽ മതി, മമ്മൂട്ടിയുടെ വ്യക്തി- സിനിമാ ജീവിതത്തിന്റെ ലഭ്യമായ എല്ലാ വിവരങ്ങളും അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.. ഒന്നും ഗോപ്യമല്ല.. മറിച്ച് എല്ലാം സുതാര്യമാണ്.. മറകളില്ലാതെ തുറന്നു കിടക്കുന്നു..ഈ വിവരങ്ങളും, കാലങ്ങളും, ഉയർച്ച താഴ്ചകളുമെല്ലാം ജാതകം വെച്ച് ഗണിച്ച് ഞങ്ങൾ കണ്ടുപിടിച്ചത് പോലെയാണ് ജ്യോതിഷികളുടെ പുതിയ മമ്മൂട്ടി ജാതകം..

സുഹൃത്ത് പറഞ്ഞ വിവരം ഇവിടെ ചേർക്കുന്നത് ഉചിതമായിരിക്കും.. ഇദ്ദേഹത്തിന്റെ വിവാഹസമയത്ത് അമ്മയാണത്രെ പ്രശസ്തനായ ഒരു ജ്യോതിഷിയുടെ അരികിൽ പോയി വധുവിന്റെയും, വരന്റെയും ജാതകപ്പൊരുത്തം നോക്കിയത്.. അക്കാര്യത്തില്‍ അമ്മയുടെ വാക്കാണ്‌ അവന്റെ അവസാനവാക്കു. പത്തിൽ പത്ത് ജാതകപ്പൊരുത്തം..വധു വന്നാൽ വീടിനു സർവഐശ്വര്യങ്ങളും ആണെന്നു ജ്യോതിഷി വിധിയെഴുതി. “എടാ,നമുക്ക് ഇവള്‍ തന്നെ മതി.സാമ്പത്തികമായി വട്ട പൂജ്യമാണെങ്കിലും,വിദ്യകൊണ്ടും സ്വഭാവം കൊണ്ടും ഇവള്‍ മികച്ചവളായിരിക്കും എന്നാണ് ജ്യോത്സ്യന്‍ പറഞ്ഞത്. ‘അമ്മെ അങ്ങോട്ട്‌ നീങ്ങി നില്‍കൂ എന്നൊരു വാക്ക് പോലും ഇവള്‍ മിണ്ടില്ല.അത്രയും നല്ല സ്നേഹമായിരിക്കും ഭര്‍ത്താവിന്റെ വീട്ടുകാരോട്” എന്നു ജ്യോതിഷി പറഞ്ഞത്രെ.. അങ്ങിനെ.. വിവാഹം മംഗളമായി നടന്നു.. വിവാഹം നടന്ന് ആറാം മാസം അമ്മക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നുവത്രെ.. ഐശ്വര്യം ഇങ്ങിനെയും കൊണ്ട് വരുമെന്ന് സാരം.. പിന്നീടൊരിക്കലും ഈ വ്യക്തി ജാതകത്തിന്റെ പിന്നാലെ പോയിട്ടില്ലത്രെ...സൌന്ദര്യം സമ്പത്തു, കുടുംബം,സ്വാഭാവഗുണം ഇവയെല്ലാം ഒരുമിചു ചേർന്നാലും ജാതകം എന്ന കുടുക്കിൽ മുറുകി ഇല്ലാതെയാകുന്ന വിവാഹങ്ങൾ അനവധി... അതെ സമയം കണിയാൻ ഭാഗ്യജാതകം എന്ന് ഗണിച്ചു പറഞ്ഞ വിവാഹങ്ങളെല്ലാം ഐശ്വര്യപൂർണ്ണമായിരുന്നോ, വിജയകരമായിരുന്നുവോ? ജാതകം നോക്കാത്ത വിവാഹങ്ങൾ ദുരന്തപൂർണ്ണമായിരുന്നോ? ഇതിനുത്തരം നമ്മുടെ നാട്ടിൻ പുറങ്ങൾ നൽകും...

വിദ്യാസമ്പന്നരെന്നും, സാംസ്കാരിക ഉന്നതിയുള്ളവരെന്നും, ഇടതുപക്ഷ സ്വഭാവമുള്ളവരെന്നും സ്വയം അഭിമാനിക്കുന്ന കേരളത്തിലണ് ജാതകം/ പ്രശ്നം നോക്കി ആളുകളുടെ ഗുണദോശങ്ങൾ കണ്ടെത്തുന്നത് എന്നത് വിധിവൈപിരീത്യമാകാം..ഈ അന്ധവിശ്വാസം പ്രമോട്ടു ചെയ്യുന്നതോ ദേശീയ മാധ്യമങ്ങളും..തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങൾക്കുപരിയായ വസ്തുതകളാണ് നമ്മുടെയൊക്കെ ജീവിതം.. ഇന്നും, നാളെയും, മറ്റന്നാളും എന്തു സംഭവിക്കുമെന്ന് നമ്മുക്ക് അറിയാൻ സാധിക്കില്ല.. കവടി നിരത്തി ഇതെല്ലാം പറഞ്ഞ് കൊടുക്കുകയും, വള്ളിപുള്ളി വിടാതെ അച്ചടിക്കുകയും, അതു കേട്ടു വിശ്വസിക്കുകയും ചെയ്യുന്ന നാമാണോ വിദ്യാസമ്പന്നർ?


5 comments:

 1. ഞാനും വായിച്ചിരുന്നു ഈ ലേഖനം ...ചിരിയാണ് വന്നത് ..എന്തൊക്കെയോ ശുക്രനും വിക്രനും പറഞ്ഞു നമുക്കറിയാവുന്ന മമ്മുട്ടിയെ അവരും പറഞ്ഞു ..അത്ര തന്നെ ...കഷ്ട്ടം തന്നെ ഇവരുടെ കാര്യം ,...!

  ReplyDelete
 2. നമ്മുടെ പഴയ രാഷ്ട്രപതി അബ്ദുൾ കലാമിന് ഇത് ദോഷകാലമാ.. അമേരിക്കേൽ ചെന്നപ്പോ..ജട്ടി വരെ ഊരി പരിശോധിച്ചത്രേ!

  ReplyDelete
 3. കണ്ടകശനിയുടെ അപഹാരം...

  ReplyDelete
 4. കടല് കടന്നാല്‍ രക്ഷ പ്പെടുമെന്ന് എന്നെ ക്കുറിച്ചും പറഞ്ഞു.
  രക്ഷ പെട്ടത് വീട്ടുകാരാണ്.

  ReplyDelete
 5. ജോതിഷം ഒരു പഴഞ്ചൻ രീതിയാണെന്നു യുവാക്കളായ ചിലരെങ്കിലും ഇപ്പോൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

  ReplyDelete