Wednesday, November 2, 2011

വലിച്ചെറിയുക മതമാനേജുമെന്റുകളെ.. പൊളിച്ചെഴുതുക പൊതുവിദ്യാഭ്യാസത്തെ


വലിച്ചെറിയുക മതമാനേജുമെന്റുകളെ.. പൊളിച്ചെഴുതുക പൊതുവിദ്യാഭ്യാസത്തെക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്രൈസ്തവർ മാത്രമായി ചുരുങ്ങുന്നു..
ഹൈന്ദവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹൈന്ദവർ മാത്രം..
മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിംകൾ മാത്രം..ഒരു നാട്ടിൽ ജീവിക്കുന്ന വ്യത്യസത വിഭാഗങ്ങൾ കുട്ടിക്കാലം മുതൽ പരസ്പരം അറിയാതെ, മറ്റു സംസ്കാ‍രം എന്തെന്നറിയാതെ അവരവരുടെ സംസ്കാരത്തിലേക്ക് ഉൾവലിയുന്നു ഈ ധ്രുവീകരണം..മതപരമായ മാനേജ്മെന്റുകൾക്കെന്തിനു പൊതുവിദ്യാഭ്യാസത്തിന്റെ അവകാശം നൽകുന്നു?


ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനു വേണ്ടി സർക്കാർ അനുവധിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണഭോക്താക്കൾ വാസ്തവത്തിൽ ആരെന്നത് ഇനിയും ചർച്ചചെയ്യേണ്ട വിഷയമാണ്.. ക്രൈസ്തവസഭാ മാനേജ്മെന്റുകൾ, എം.ഇ.എസ്, കുറെ ഭുപ്രഭുക്കന്മർ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി ഇവരൊക്കെയാണ് സമുദായത്തിന്റെ പേരിൽ നിരന്തരം സ്ഥാപനങ്ങൾ നേടിയെടുക്കുന്നത്..തേ സമയം ഈ സ്ഥാപനങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളിലെ സാധാരണക്കാർക്കു, അവശതയനുഭവിക്കുന്നവർക്ക് ഇതിന്റെ ഗുണം എന്ത് എന്ന ചോദ്യം പ്രസക്തമാണ്. ഗുണഫലം ഇല്ലെന്നു മാത്രമല്ല, ഈ വിഭാഗങ്ങൾക്ക് ഈ സ്ഥാപനങ്ങളിലെക്കുള്ള പ്രവേശനം പോലും പലപ്പോഴും അപ്രാപ്യമാകുന്നു. ഇവിടെയെല്ലാം നീതി നിശ്ചയിക്കുന്നത് പണമാണ്. പ്രവേശനവും, അദ്ധ്യാപനവുമെല്ലാം നിശ്ചയിക്കുന്നത് കഴിവിനേക്കാൾ കോഴയെന്ന മാനദണ്ഡത്തിന്മേലാണ്. പലപ്പോഴും കോഴ കൂടുതൽ നൽകുന്നതാരാണോ, അവർക്കായിർക്കും പഠനത്തിനും, അദ്ധ്യാപനത്തിനുമുള്ള അവസരം ലഭിക്കുക.. ഇതു പലപ്പോഴും ബന്ധപ്പെട്ട സമുദായങ്ങളിൽ നിന്നുമാകില്ല. പറഞ്ഞു വരുന്നത് ഏതൊരു ഉദ്ദേശ്യത്തോടു കൂടിയാണോ സർക്കാരുകൾ വ്യത്യസ്ഥ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത്, അതിനു ഘടകവിരുദ്ധമായ ഫലങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു ഉയർന്നുവരുന്നത്.അതെ സമയം ഈ സ്ഥാപനങ്ങളിൽ നടക്കുന്ന ധ്രുവീകരണമാണ് കൂടുതൽ അപകടകരം..മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്ഥമായി ക്രൈസ്തവ സ്ഥാപനങ്ങളിൽ മതപരമായ വിവേചനം വർദ്ധിച്ചിരിക്കുന്നു. മറ്റു മതസ്ഥരെ കൊണ്ട് നിർബന്ധമായി ക്രൈസ്തവ അനുഷ്ടാനങ്ങൾ ചെയ്യിപ്പിക്കുന്നു, മറ്റു മതസ്ഥരുടെ മതചിഹ്നങ്ങളെ നിരാകരിക്കുന്നു. അവയ്ക്ക് വിലക്കേർപ്പെടുത്തുന്നു. സ്വാഭാവികമായും മറ്റു മതസ്ഥർ ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു മുൻകാലങ്ങളിൽ നിന്നു വ്യത്യസ്ഥമായി താല്പര്യമില്ലായ്മ കാണിച്ചുതുടങ്ങിയിരിക്കുന്നു.  ആത്യന്തികമായി സ്വന്തം സംസ്കാരചിഹ്നങ്ങളുള്ള സ്ഥാപനങ്ങളിലേക്ക് ധ്രുവീകരിക്കാൻ ഇതവരെ പ്രേരിപ്പിക്കുന്നു..  വാസ്തവത്തിൽ ഇവിടെ സംഭവിക്കുന്നത് പരസ്പരം അറിയാത്ത, ഒരു പുതിയ തലമുറ വളരുന്നു എന്നതാണ്.. ജോണിനെയും, അഭിലാഷിനെയും അറിയാത്ത മുഹമ്മദും, മുഹമ്മദിനെ അറിയാത്ത ജോണും അഭിലാഷുമൊക്കെ വളർന്നു വലുതാകുന്നു. ഒരു സമൂഹം എന്ന നിലക്കു, ഒരു രാജ്യം എന്ന നിലക്ക് പരസ്പരം അറിയാത്ത ഈ പുത്തൻ തലമുറ വഴിയുണ്ടാകുന്ന വൻ വിടവ് സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചക്ക് വിഘാതവുമാണ്.. മാത്രമല്ല സമ്പൂർണ്ണമായ അരാഷ്ട്രീയവൽക്കരണമാണ് ഇത്തരം സ്ഥാപനങ്ങൾ വഴി വിദ്യാർഥികളിൽ അടിചേൽ‌പ്പിക്കപ്പെടുന്നത്.. സ്വന്തം സമൂഹത്തോടോ, രാജ്യത്തോടോ ഒരു നിലക്കുമുള്ള പ്രതിബദ്ധതയോ,  ഉത്തരവാദിത്വ ബോധമോ ഇല്ലാത്ത ഒരു തലമുറയെയാണ് ഈ സ്ഥാപനങ്ങൾ ഓരോ വർഷവും പ്രസവിച്ചു വിടുന്നത്..രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ കുറിച്ചോ, സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ചോ, അവകാശങ്ങളെ കുറിച്ചോ ബോധമില്ലാത്ത പുത്തൻ തലമുറ.. വാസ്തവത്തിൽ മൂലധന ശക്തികൾ, ഏകാദിപതികൾ ആഗ്രഹിക്കുന്നതും സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത ഇത്തരം തലമുറയുടെ വളർച്ച തന്നെയാണ്.. പ്രതികരിക്കാത്ത, സമരം ചെയ്യാനറിയാത്ത ഭരണവർഗ്ഗം എന്തു നടപടി എടുത്താലും അതിന്റെ ഓരം ചേർന്നു നടക്കുന്ന, അതിന്റെ പങ്കു പറ്റുന്ന പുതിയ തലമുറ..


അതിനാൽ നാടിന്റെ ,സമൂഹത്തിന്റെ, രാജ്യത്തിന്റെ ഭാവിക്ക് ഇത്തരം മതമാനേജുമെന്റുകളെ തടഞ്ഞു നിറുത്തേണ്ടതുണ്ട്...നമുക്കാവശ്യം എല്ലാ വിഭഗങ്ങളെയും, എല്ലാ സംക്കാരങ്ങളെയും ഉൾകൊള്ളുന്ന പൊതുവിദ്യാഭ്യാസ സ്ഥാപങ്ങളാണ്.  അതിനു മുൻ കൈ എടുക്കേണ്ടത്, ആർജ്ജവം കാണിക്കേണ്ടത് ഭരണകൂടവുമാണ്.. എന്നാൽ സർക്കാർ സ്കൂളുകളിലെ പഠനാന്തരീക്ഷം, നിലവാരമില്ലായമ ഇതെല്ലാം ഇത്തരം സ്ഥാപനങ്ങളിൽ നിന്നു വിദ്യാർഥികളെയും, രക്ഷിതാക്കളെയും  ഒരു പരിധിവരെ അകറ്റി നിർത്തുന്നു.. മെച്ചപ്പെട്ട അദ്ധ്യാപകർ ഉണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങൾ പലപ്പോഴും വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല.  അല്പം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി ഉള്ളവർ അതുകൊണ്ട് തന്നെ സ്വകാര്യ മാനേജ്മെന്റുകളിൽ വൻ ഫീസ് നൽകി കുട്ടികളെ പഠിപ്പിക്കുന്നു...ഇതിനു പരിഹാരം കാണേണ്ടത് സർക്കാരാണ്.. സമൂഹത്തിനും, രാജ്യത്തിനു ഉപകാരപ്പെടുന്ന നിലക്ക് ഭാവിതലമുറയെ വളർത്തിയെടുക്കുന്നതിൽ ഏറ്റവുമധികം പങ്ക് വഹിക്കുന്ന പൊതുവിദ്യാഭ്യാസ നിലവാരത്തെയും, സ്ഥാപനങ്ങളെയും കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് മത്സരാധിഷ്ടിതമാക്കേണ്ടത് സർക്കാരിന്റെ പ്രാഥമിക കടമയാണ്. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചു വളർന്നവർ തന്നെയാണ് എന്നും കേരളം ഓർമ്മിക്കുന്ന പല വ്യക്തികളും..


അതുകൊണ്ട് ഏകസംസ്കാര വേദികളായ, അരാഷ്ട്രീയം പഠിപ്പിച്ചു വിടുന്ന

ക്രൈസ്തവ മാനേജ്മെന്റുകൾ  നമുക്ക് വേണ്ട
ഹൈന്ദവ മാനേജ്മെന്റുകൾ  നമുക്ക് വേണ്ട
മുസ്ലിം മാനേജ്മെന്റുകൾ  നമുക്ക് വേണ്ട

വേണ്ടത്, പ്രോത്സാഹിപ്പിക്കേണ്ടത്... പൊതുവിദ്യാഭ്യാസം.. 
സർക്കാർ വിദ്യാഭ്യാസം സ്ഥാപനങ്ങൾ കൂടുതൽ ജനകീയമാക്കുക.. കാലത്തിന്റെ വെല്ലുവിളികൾകനുസരിച്ച് പരിഷകരിക്കുക..

ഹിന്ദുവും, മുസ്ലിമും, ക്രൈസ്തവനും അവിടെ ഒരുമിച്ചിരുന്നു പഠിക്കട്ടെ...പരസ്പരം തിരിച്ചറിയട്ടെ..

5 comments:

 1. കേള്ക്കാന്‍ മനോഹരമായ ആശയം. പക്ഷേ നടപ്പാക്കാന്‍ തീര്ത്തും അപ്രായോഗികമാണെന്നു മാത്രം. കേരളത്തില്‍ വര്ഷങ്ങളായി വിദ്യഭ്യാസം ഈ മാനേജ്മെന്റുകളുടെ കുത്തകയായിരിക്കയാണ്. താങ്കള്‍ പറഞ്ഞതുപോലെ കൂടുതലും ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ. മതേതരത്വത്തിനു ദോഷകരമായ പലതും ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്നുമുണ്ട്. ഇവിടങ്ങളിലെ നിയമനമെങ്കിലും പി.എസ്.സിക്കു വിടാനുള്ള ഇഛാശക്തി മാറിമാറിവന്ന ഒരു സര്ക്കാരിനുമുണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാവുമെന്ന പ്രതീക്ഷയും ഇല്ല.

  ReplyDelete
 2. ആത്മാർത്ഥതയെ പ്രകീർത്തിക്കുന്നു...

  ReplyDelete
 3. അധികനാൾ ഈ ചൂഷണവുമായി മുന്നോട്ടു പോകാൻ സ്വാകാര്യ മാനേജുമെന്റുകൾക്ക് സാധിക്കില്ല..ഇന്നത്തെ സാഹചര്യത്തിൽ അസാധ്യമാണെന്ന് തോന്നാമെങ്കിലും സ്വകാര്യവൽക്കരണത്തീനെതിരെ, സ്വകാര്യ മാനേജുമെന്റുകൾക്കതിരെയുള്ള ജനങ്ങളുടെ വികാരം ശക്തിപ്പെടുന്നുണ്ട്..
  ഇതോടൊപ്പം സമാന്തരമായി സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം വർദ്ധിപ്പേക്കണ്ടതുണ്ട്... വാസ്തവത്തിൽ അദ്ധ്യാപകരുടെ ക്വാളിറ്റിയിൽ സർക്കാർ സ്കൂളുകൾ ഏറെ മുന്നിലാണ്.. അതു വേണ്ടവിധത്തിൽ ഉപയോഗപ്പെടൂത്താൻ മാനേജുമെന്റുകൾക്കോ, സർക്കാരിനോ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

  ReplyDelete
 4. എന്തുകൊണ്ട്‌ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ മാനെജുമന്റ്‌ സ്കൂളുകളിൽ അയക്കുന്നൂ എന്ന് ആധ്യം കണ്ടെത്തുക. 80% പേരും ലോൺ എടുത്തിട്ടുതന്നെയാണു് ഇവിടെങ്ങളിൽ കുട്ടികളെ അയക്കുന്നതും എന്നകാര്യവും നാം വിസ്മരിക്കുന്നൂ. ഈ രക്ഷിതാക്കൾക്കായി വേറെ എന്ത്‌ വഴിയാണു് നമുക്ക്‌ കാട്ടിക്കൊടുക്കുവാൻ ഇവിടെ യുള്ളത്‌. അന്യസംസ്താനങ്ങളിൽ റാഗിങ്ങിനും പീഡനത്തിനും ഇരയായി മരണപ്പെട്ടും ജീവശ്ചവമായും എത്തുന്നവർ എത്രയാണു്. നിങ്ങൾ പറയുന്നത്‌ ശരിയാണന്നുതന്നെ വക്കുക. പക്ഷേ ഒന്ന് നാം ചിന്തിക്കണം. സർക്കരിന്റെ നിയമങ്ങൾക്ക്‌ അനുസരിചല്ലേ അവർ സ്ഥാപനം നടത്തുന്നത്‌. ഏതുമതത്തിന്റെ സ്ഥാപനം ആയാലും അതേ മതത്തിലെ കുട്ടികൾക്ക്‌ ഭൂരിപക്ഷം നൽകിയാലെ ന്യുനപക്ഷപതവി ലഭിക്കു എന്നത്‌ ഇവിടുത്തെ നിയമമല്ലേ. അവർ നടത്തുന്ന സ്ഥാപനം തല്ലിപ്പൊളിച്ചാൽ പ്രശ്നങ്ങൾ എല്ലാം തീരുമോ. നാം നടത്തുന്ന സഹകരണ സ്വാശ്രയമാനേജുമന്റുകളൂടെ കാര്യം എന്തേ നാം മറന്നുപോകുന്നൂ. വെറും രാഷ്ട്രീയ ലാഭത്തിനായി ഭാവിതലമുറയുടെ പഠിക്കാനുള്ള സ്വാതന്തൃത്തെ ഹനിക്കാതിരുന്നുകൂടെ. ഈ കൊച്ചു കേരളത്തിലെ ഭരണകർത്താക്കൾ ജനം അറിഞ്ഞും അറിയാതെയും കൊള്ളയടിക്കുന്ന പണം മാത്രം മതി കേരളത്തിലെ മുഴുവൻ കുട്ടികൾക്കും പഠിക്കത്തക്ക സൗകര്യങ്ങൾ ഇവിടെത്തന്നെ നടപ്പിലാക്കാൻ. അതിനു രഷ്ട്രീയത്തേക്കാൾകൂടിയ രാഷ്ട്ര ബോധമാണു് നമുക്ക്‌ വേണ്ടത്‌.

  ReplyDelete
 5. ആത്മാർത്ഥമായ അഭിപ്രയ പ്രകടനം...വിദ്യാഭ്യാസത്തെ അതിർ വരമ്പുകൾ തീർത്ത് ബന്ധിക്കാതിരിക്കട്ടെ

  ReplyDelete