Sunday, October 23, 2011

സത്വം തേടുന്ന അറബ് ജനത..


സത്വം തേടുന്ന അറബ് ജനത..


വിപ്ലവനായകനായിരുന്നു ജനങ്ങൾക്കയാൾ.. മാത്രമല്ല അറബ് ഇസ്ലാമിക സമൂഹത്തിൽ അടിയുറക്കപ്പെട്ട സാമ്രാജ്യത്വ വിരോധം എന്ന മുദ്രാവാക്യത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു. ആദ്യനാളുകൾ മധുവിതുകാലം പോലെ ആനന്ദകരമായി മുന്നോട്ടു പോയി... അയാളിലെ പോരാട്ടവീരത്തെ അവർ പാടിപ്പുകഴ്ത്തി.വൻ ശക്തികൾക്കെതിരെയുള്ള വിട്ടുവീഴ്ചയില്ല്ലാത്ത നിലപാടുകൾ അയാളെ അവരുടെ ഇടയിൽ അഭിമാനിയും, ധീരനുമാക്കി മാറ്റി..അയാളുടെ മുദ്രാവാക്യങ്ങൾ അവർ ഏറ്റുപാടി..അയാളുടെ ചിത്രങ്ങൾ അവർ നെഞ്ചിലേറ്റി...സാമ്രാജ്യത്വത്തിനെതിരെ അയാളെടുത്ത നിലപാടുകൾ, അതിന്റെ കെടൂതികൾ, ഉപരോധമടക്കമുള്ള സാമ്രജയ്ത്വ നടപടികൾ എല്ലാം ആവേശപൂർവം ജനത സ്വയമേറ്റെടുത്തു, തങ്ങളുടേതാക്കി മാറ്റി.. എന്നാൽ മധുവിതുകാലം അധികം നീണ്ടു നിന്നില്ല... പതിയെ പതിയെ വിപ്ലവനായകനിൽ നിന്ന് അയാളിലെ പട്ടാളക്കാരൻ ഏകാധിപതി വികസിച്ചു രൂപാന്തരം പ്രാപിച്ചു തുടങ്ങി... അയളുടെ മുദ്രാവാക്യങ്ങളിൽ വെള്ളം ചേർന്നു. അധികാര സുരക്ഷിതത്വനയായി വിപ്ലവനായകൻ സാമ്രാജ്യത്വവുമായി നീക്കുപോക്കിനുമ് ശ്രമിച്ചു.. അധികാരം കുടൂംബക്കാരുടെയും, ഇഷ്ടക്കാരുടെയും മാത്രമായി ചുരുക്കപ്പെട്ടു...പൌരാവകാശം മരുഭൂമിയിൽ ആണ്ടുപോയി രാജ്യം എന്നത് മക്കളും, ഭാര്യമാരും, പേരകുട്ടികളുടെയുമൊക്കെ മേൽവിലാസത്തിലായി മാറി..

ദിനരാത്രങ്ങൾ വർഷങ്ങൾക്കും ദശാബ്ദങ്ങൾക്കും വഴിമാറി..പുതിയ നൂറ്റാണ്ട് പിറവിയെടുത്തു.. ലോകത്തെ ആധിപത്യമുറപ്പിച്ചിരുന്ന പല വ്യവസ്ഥകളും,ആശയങ്ങളും ജനരോശത്താൽ തകർന്ന് തരിപ്പണമായി. കിഴക്കൻ യൂറൂപ്പിനെ അടക്കി ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ഏകാധിപത്യം ജനകീയ വിപ്ലവത്തിൽ തകർന്നു ജനാധിപത്യത്തിനു വഴിമാറി... ലോക ബൂപടം പോലും പലകുറി മാറ്റിവരക്കപ്പെട്ടു.. ശീതയുദ്ധം അവസാനിക്കുകയും വൻ ശക്തിയായിരുന്ന സോവിയറ്റ് യൂണിയൻ സ്വയം ഇല്ലാതാകുകയും പകരം പുതിയ റിപ്പപ്ലിക്കുകൾ ഉദയം ചെയ്യുകയും ചെയ്തു.. അപ്പോഴും അറബ് ഇസ്ലാമിക ലോകം നിന്നിടത്ത് തന്നെ നിന്നു. ഒരനക്കവുമില്ലതെ. ഏകാധിപതിത്യത്തിനെതിരെ ജനകീയ വിപ്ലവം പോയിട്ട്, ചെറു ചലനങ്ങൾ പോലും രൂപാന്തരപ്പെട്ടില്ല...അറബ് സമൂഹത്തിന്റെ പ്രതികരണശേഷിയില്ലയമയെ, ജനാധിപത്യ പൌരാവകാശ ബോധത്തെ ആളുകൾ പരിഹസിച്ചു തുടങ്ങി...അറബ് ഇസ്ലാമിക സമൂഹത്തിന്റെ നട്ടൈല്ലില്ലയ്മയാണ് ഏകാധിപതികളുടെ ഇഷ്ടവാസത്തിനു കാരണമെന്ന് ആസ്ഥാനപണ്ഡിതർ വിധിയെഴുതി...

എന്നാൽ സേച്ഛാധിപത്യപ്രവണത ജനങ്ങളുടെ ചിന്തയെയു, പ്രതികരണശേഷിയെയും എത്രമേൽ വരിഞ്ഞുമുറുക്കപ്പെട്ടിരുന്നു എന്ന് ആരും ചിന്തിച്ചില്ല..ജനാധിപത്യബോധം സ്വയം കൊട്ടിഘോഷിക്കുന്ന പല രാജ്യങ്ങളും നൂറ്റാണ്ടുകളോളം വൈദേശിക ആധിപത്യത്തിലായിരുന്നു എന്നും അവർ തിരിച്ചു ചോദിച്ചില്ല..അവർ കാത്തിരുന്നു...കോഫിഷോപ്പുകളില്രുന്നു അലക്ഷ്യമായി ഹുക്ക വലിച്ച് തള്ളുമ്പോളും, കാല്പന്തുകളിക്കൊപ്പം ആരവം മുഴക്കുമ്പോഴും ഉള്ളിൽ പാരതന്ത്ര്യം എന്ന യാഥാർത്ഥ്യം നീറിപ്പുകയുന്നുണ്ടായിരുന്നു..ഓരോ അറബ് പൌരനും മനസാ ഒരു മാറ്റത്തെ കുറിച്ച് ആഗ്രഹിക്കുന്നവായിരുന്നു..അവർക്ക് നേതൃത്വം നൽകാൻ ആർജ്ജവമുള്ളവരായി ആരും ഉയർന്നു വന്നില്ല.. വരാൻ ശ്രമിച്ചവരെയൊക്കെ മുളയിലേ നുള്ളപ്പെട്ടു..

എന്നാൽ എത്രവേഗമാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.. മാസങ്ങൾക്കു മുൻപ് വരെ ദിവാസ്വപ്നത്തിൽ പോലും കടന്നുവന്നിരിക്കില്ല ഈ മാറ്റം.. ഏകാധിപതികൾക്കാവോളം, അവർക്കിഷ്ടപ്പെടുവോളം കാലം അവർ തന്നെ.. പിന്നെ അവരുടെ പിൻഗാമികൾ..ഇതിനപ്പുറമുള്ള ആശങ്കകൾ ഭരിക്കുന്നവർക്കോ, ഏകാധിപത്യം തകർന്നു കാണുന്ന പ്രതീക്ഷകൾ ജനങ്ങൾക്കോ ഇല്ലായിരുന്നു.. എനാൽ മാറ്റത്തിനു ഇനിയും കാത്തിരിക്കാൻ ജനങ്ങൾക്കവില്ലായിരുന്നു.. അറബ്-ഇസ്ലാമിക ജനതക്കില്ലെന്ന് വിമർശകർ തിട്ടുരമെഴുതിയ പ്രതികരണ ശേഷിയും, സ്വതന്ത്രവാജ്ഞയും, പോരാട്ടവീര്യവും എത്ര പെട്ടെന്നാണ ആ ജനത സ്വായത്തമാക്കിയത്.. അനുകൂലമായ ഒരവസരം വരാൻ കാത്തിരിക്കുകയായിരുന്നു ആ ജനത.. അടക്കി പ്പിടിച്ച അമർശവും, പ്രയാസവും മനസ്സിലൊതുക്കിക്കൊണ്ട്  ധാർമിക മൂല്യങ്ങളിലോ, പൌരാവകാശത്തിലോ വിശ്വസിക്കാത്ത സേച്ഛാധിപതികൾക്കെതിരെ, നടപ്പ് സമരങ്ങൾ കൊണ്ടോ, പ്രതിഷേധങ്ങൾ കൊണ്ടോ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് ഈ സമൂഹം തിരിച്ചറിഞ്ഞതായിരുന്നു ഇത്രയും നാൾ ഇവരെ വീടിനുള്ളിലും, കഫേകളിലും, ഫുട്ബോൾ സ്റ്റേഡിയങ്ങളിലും അടയിരുത്തിയത്.. എന്നാലത് ശാശ്വതമായ, സ്വഭാവജന്യമായ ക്ഷമാപണ സംസ്കാരമായിരുന്നില്ല, മറിച്ച് നിർണ്ണായകമായ് ഒരു സമരമുന്നേറ്റത്തിനോ, രണ്ടിലൊന്നു അവശേഷിക്കാനുള്ള പോരാട്ടത്തിനോ വേണ്ടിയുള്ള ക്ഷമാപൂർണ്ണമായ കാത്തിരിപ്പായിരുന്നു... ശത്രു പ്രബലനും, സർവാധിപതിയുമായിരിക്കുന്നിടത്തോളം കാലം നിശ്കാസനത്തിൽ കുറഞ്ഞ ഒരു സമരപരിപാടികൾക്കും പ്രസക്തി ഉണ്ടായിരുന്നില്ല.. പരാചയപ്പെടുന്ന ഏതൊരു വിപ്ലവത്തിന്റെയും അനന്തരഫലം സേച്ഛാധിപതിയെ കൂടൂതൽ ക്രൂരനും, ജനദ്രോഹിയാക്കുവാനു മാത്രമേ ഉപകരിക്കൂ എന്ന തിരിച്ചറിവ് ആ ജനതക്കുണ്ടായിരുന്നു... അത് ജനത എന്ന നിലയിൽ അത്യന്തം വിനാശകരമായിരിക്കുമെന്നും അവർ തിരിച്ചറിഞ്ഞു..അതുകൊണ്ട് തന്നെ ഒരവസരത്തിനു വേണ്ടി അവർ കാത്തിരുന്നു.. ഒന്നും രണ്ടു വർഷങ്ങളല്ല... ദശകങ്ങൾ തന്നെ... ഏകാധിപതികളാകട്ടെ ജനങ്ങളുടെ ശരീരത്തിന്റെ ജഡാവസ്ഥയെ മാത്രമേ കണ്ടെത്തിയുള്ളൂ.. അവരുടെ ഉള്ളിലെ എരിയുന്ന കനലുകളെ തിരിച്ചറിഞ്ഞില്ല... അതുകൊണ്ട് തന്നെ ഭയാശങ്കകൾ ഒന്നുമില്ലാതെ അധികാരം ആസ്വാദിച്ചു...ഇഷ്ടക്കാർക്കും, സ്ത്രീകൾക്കുമൊത്ത് രാജ്യത്തിന്റെ വിഭവം ആവൊളം നുകർന്നു.. തനിക്ക് ശേഷം തന്റെ മക്കൾ, അവർക്ക് ശേഷം അവരുടെ മക്കൾ, പിന്നെ അവരുടെയും മക്കൾ.. മനക്കോട്ടകൾ ആകാശത്തിനപ്പുറം ഉയർന്നു.. ഒരിക്കൽ പോലും ജനകീയമായ പ്രതികരണത്തെ, വിപ്ലവത്തെ അവർ ആശങ്കപ്പെട്ടില്ല...

കിട്ടിയ ആദ്യാവസരം.. അവർ അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു... വീടുകളിലേക്ക് ഇനി ഇല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് അവർ ഇറങ്ങിത്തിരിച്ചു....കിട്ടിയ ആയുധവുമായി. ചെറുസംഘങ്ങളായി, കാര്യമായ് ഏകോപനമില്ലാതെ തന്നെ അവ് തെരുവിലിറങ്ങി..ഒന്നുകിൽ വിജയം അതല്ലെങ്കിൽ മരണം...രണ്ടിലൊരു വഴിയേ അവർക്കു മുൻപിൽ ഉണ്ടായിരുന്നുള്ളൂ. അവർക്കു ആവേശവും പ്രചോതനവുമായി അവരുടെ വിശ്വാസവും കൂടെ ഉണ്ടായിരുന്നു.  അവരുട നാവിൻ തുമ്പുകളിലീടെ ദൈവത്തെ പുകഴ്ത്തുന്ന  മുദ്രാവാക്യങ്ങൾ പുറത്തുവന്നു..ഈ ദൃഢനിശ്ചയത്തിനു മുൻപിൽ, മനസ്സിലെ ഏതോ ഒരു കോണിൽ വർഷങ്ങളായി അടക്കിപ്പിടിച്ചിരുന്ന സമരവീര്യത്തിനു മുൻപിൽ, ഏകാധിപതികൾക്കും, അവരുടെ കിങ്കരന്മാർക്കും ഏറെ നാൾ പിടിച്ചു നിൽക്കാൻ ആവില്ലായിരുന്നു..അണപൊട്ടിയൊഴുകിയ ഒരു ജനതയുടെ വിപ്ലവബോധത്തിനു മുൻപിൽ ജീവൻ അടിയറവെച്ചാണ് ഏകാധിപത്യയുഗത്തിനു അന്ത്യമായത്...അങ്ങിനെ ലിബിയയിലെ ഗദ്ദാഫി യുഗത്തിനു രക്തരൂക്ഷിതമായ സമാപ്തി കുറിക്കപ്പെട്ടിരിക്കുന്നു...ഏതൊരു മനുഷ്യനും ആഗ്രഹിക്കാത്ത പതനം.. ദാരുണമായ അന്ത്യം...

അതെസമയം വിപ്ലവത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി കഴിഞ്ഞു.. വിപ്ലവായകനിൽ നിന്നു ഏകാധിപതിയായി മാറിയ ഭരണാധികാരി ചരിത്രത്തിന്റെ ഭാഗമായി മാറി.. ശേഷം ഇനിയെന്ത് എന്ന ചോദ്യം പ്രസക്തമാണ്.. ജാസ്മിൻ വിപ്ലവത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികൾ ലിബിയയിലെ ഇടപെടലിലും, ഗദ്ദാഫിയുടെ കൊലപാതകം വരെ എത്തിയ അക്രമങ്ങളിലും നിർണ്ണായക സ്വാധീനം വഹിച്ചിരുന്നെ എന്നത് അവഗണിക്കപ്പെടേണ്ടതല്ല...മാത്രമല്ല ഗദ്ദഫിയെ ഇല്ലായ്മ ചെയ്യേണ്ടത് ജനതയേക്കാൾ സാമ്രാജ്യത്വ അഭിലഷവുമായിരുന്നു.. അതുകൊണ്ട് തന്നെ വിപ്ലവാനന്ദര ലിബിയ വൈദേശിക സ്വാധീനത്തിൽ നിന്നു മുക്തമാകുമെന്ന് പ്രതീക്ഷിക്കുക വയ്യ..ടുണിസ്യയയിലും, ഈജിപ്തിലും നടന്ന ജനകീയ വിപ്ലവത്തെ വഴിതിരിച്ചു വിടാനും, പുതിയ ഹുസ്നി മുബാറക്മാരെയും ഖർസായിമീരെയും ഇവിടങ്ങളിൽ കുടിയിരുത്താനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നു.. വിപ്ലവം കഴിഞ്ഞുടനെ വന്ന വാർത്തകളല്ല ഇവിടങ്ങളിൽ നിന്ന് ഇപ്പോൾ വന്നുകൊണ്ടിരികക്കുന്നതും. അധികാരത്തിന്റെ ഇടനാഴികൾ സയണിസത്തിനും, സാമ്രാജ്യത്വത്തിനും അനുകൂലമായി പുനക്രമീകരിക്കുന്ന തിരക്കിലാണ് ഇവിടങ്ങളിൽ അമേരിക്കയും, ഇസ്രായേലും... സ്വാഭാവികമായും ലിബിയയിൽ സ്വതന്ത്രമായ, ജനാഭിലാഷം നിറവേറുമെന്ന് കരുതാൻ തരമില്ല..പശ്ചിമേഷ്യയിലെ ഇസ്രായേലിന്റെ നിലനില്പ് എന്നത്തേക്കാൽ ജനകീയമായി ചോദ്യം ചെയ്യപ്പെടുന്ന അവ്സ്ഥയിൽ ലിബിയയെ സാമ്രാജ്യത്വ വരുതിയിൽ നിർത്താനും, സ്വന്തം ഇഷ്ടക്കാരെ ഭരണാധികാരിയാക്കുവാനും അമേരിക്കയും ഇസ്രായേലും ശ്രമിക്കുമെന്നുറപ്പ്...അതുകൊണ്ട് തന്നെ ടുണീഷ്യയിൽ പൊട്ടിപ്പുറപ്പെട്ട് ലിബിയയിൽ എത്തി നിൽക്കുന്ന ഏതു നിമിഷവും യമനിലും,  സിറിയയിലും ഏതു നിമിഷവും അളിക്കത്തിയേക്കാവുന്ന ജനകീയ വിപ്ലവം പൂർത്തിയാക്കപ്പെടുമെന്നോ, വിപ്ലവകരികൾ വിശ്രമത്തിലേക്ക് വീണ്ടും വഴിമാറുമെന്നോ കരുതാൻ നിർവാഹമില്ല..

വിപ്ലവത്തിൻ സ്വന്തം താല്പര്യങ്ങളുടെ ബലത്തിൽ വൈദേശിക സഹായം ലഭ്യമായുരുന്നു എന്നതും, ആ സഹായം നിർണ്ണയകമായിരുന്ന് എന്നതും സമ്മതിച്ചാൽ തന്നെ ആത്യന്തികമായി ജനകീയമായ ചെറുത്തു നില്പും, രണ്ടിലൊന്നു തിരഞ്ഞെടുക്കുവാനുള്ള പോരാളികളുടെ ദൃഢനിശ്ചയവുമാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്.. കോഫി ഷോപ്പുകളിൽ നിന്നും ഫുട്ബൊൾ ആരവങ്ങളിൽ നിന്നും ആയുധവുമയും അല്ലതെയും അവരെ പുറത്തിറക്കിയത് അവരുടെ വിശ്വാസവും, ആദർശവും തന്നെയായിരുന്നു.. വിപ്ലവങ്ങൾ അരങ്ങേറിയ ഇടങ്ങളിലെല്ലാം അത് ഈജിപ്തായാലും, ലിബിയ അയാലും മുഴങ്ങിക്കേട്ടത് ഒരേ മുദ്രാവാക്യമായിരുന്നു..അതാകട്ടെ പ്രപഞ്ചനാഥനുള്ള കീർത്തനങ്ങളും ആയിരുന്നു.. പറഞ്ഞു വരുന്നത് വിപ്ലവത്തിനു ആധികാരികവും, ഘടനാപരവുമായ രൂപഭാവങ്ങൾ നൽകാൻ പാകത്തിൽ ഏതെങ്കിലും പ്രസ്ഥാനങ്ങളോ, വലിയ ഗൂപ്പുകളോ ഉണ്ടായിരുന്നില്ല എന്നത് വാസ്തവമാണ്.. ഏകാധിപത്യ ഘടനയിൽ അത്തരം പ്രസ്ഥാനങ്ങൾക്കും, ഘടനകൾക്കും നിലനില്പും ഉണ്ടായിരുന്നില്ല.. അതെ സമയം ഒറ്റക്കും കൂട്ടായും ജനങ്ങളെ തെരുവിലിറക്കിയത് അവരുടെ വിശ്വാസവും ആദ്ര്ശവുമായിരുന്നു.. ആ ആദർശമാകട്ടെ ഇസ്ലാമുമാണ്... ഭരണനിർവാഹണ മേഘലയിൽ സ്വാധിനം ചെലുത്താൻ പാകത്തിൽ ഇവർക്കു ഒരു വലിയ കൂട്ടയ്മയായി വളർന്നുവരാൻ ഇനിയും സാധിച്ചിട്ടില്ലെങ്കിലും വിപ്ലവാനന്തര അറബ് സമൂഹങ്ങളിലെ ഭാവിയെ നിയന്ത്രിക്കുക ഇസ്ലാമിക ആദർശത്തിലധിഷ്ടിതമായ പ്രസ്ഥാനങ്ങളായിരീകും...

അതായത് വിപ്ലവാനന്തരം ഇന്നു സാമ്രാജ്യത്വ കാർമ്മിതത്വത്തിൽ തട്ടിക്കൂട്ടുന്ന ഭരണകൂടങ്ങൾക്കും അതികം ആയുസ്സില്ലെന്നു ചുരുക്കം..അതിനു അല്പായുസ്സേ മാത്രമേ ഉണ്ടാകൂ.. കാരണം അമേരിക്കൻ കാർമ്മികത്വത്തിൽ തട്ടിക്കൂട്ടുന്ന ഈ സർകാരുകൾക്ക് ജനകീയ പിന്തുണ ഇല്ല എന്നതു തന്നെ.. മാത്രമല്ല, സാമ്രജ്യത്വ-സയണിസ്റ്റു വിരുദ്ധ മനോനിലയും ആദർശവും പേറുന്ന ഈ ജനതക്കു മേൽ വിപ്ലവാനന്തര അനിശ്ചിതാവസ്ഥ ഉപയോഗപ്പെടുത്തി സാമ്രാജ്യത അജണ്ടകൾ അടിച്ചേൽ‌പ്പിക്കാനുള്ള ഏതു നീകവും ജനരോഷത്തിനും, ഭരണവിരുദ്ധ വികാരത്തിനും കാരണമാകുമെന്നുറപ്പ്..  ഇസ്രായേലിന്റെ  അസ്ഥിത്വം അംഗീകരിപ്പിക്കനോ, സയണിസ്റ്റ് അതിക്രമങ്ങൾക്ക് സമ്മതം നൽകാനോ ഈ സർക്കാരുകൾ തുനിഞ്ഞാൽ അത് ജനങ്ങളെ വീണ്ടും തെരുവിലേക്ക് തന്നെ ഇറക്കാൻ കാരണമാകും.. ഈജിപ്തിൽ ഇതിന്റെ ഓളങ്ങൾ വീണ്ടും വന്നു തുടങ്ങിയിട്ടുണ്ട്.. വിപ്ലവം ഹൈജാക് ചെയ്യുവാനുള്ള നീക്കത്തിനെതിരെ ഈജിപ്തിലെ ജനങ്ങൾ ഇപ്പോൾ വീണ്ടും തെരുവിൽ ഇറങ്ങിതുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ..അതുകൊണ്ട് തന്നെ ഇതിനു ശാശ്വതമായ പരിഹാരമെന്നത് ജനങ്ങളുടെ അഭിലാഷത്തിനും അവരുടെ വിശ്വാസത്തിനും മുൻ തൂക്കം നൽകുന്ന ഭരണനിർവഹണമാണ്..

ഈ മാറ്റത്തിനു ചിലപ്പോൾ കുറച്ചു കൂടെ നാളുകൾ വേണ്ടിവന്നേക്കാം.. ചിലപ്പോൾ കുറച്ചു കൂടെ വർഷങ്ങൾ തന്നെ.. എന്തായാലും ഇനിയും ഏറെകാലം അറബ് ഇസ്ലാമിക സമൂഹത്തിന്റെ ആത്മാവിഷ്കാരത്തെ ബാലാൽകാരമായി തടഞ്ഞു നിറ്ത്തുക സാധ്യമല്ല...വിപ്ലവ എന്തന്നെതും, അതിന്റെ വിജയകരമായ പ്രായോഗികതയും ഏകാധിപതിയെ കെട്ടുകെട്ടിച്ചുകൊണ്ട് തന്നെ അവർ സ്വായത്തമാക്കിയിരീക്കുന്നു. വിപ്ലവം ഹൈജാക് ചെയ്തു കൊണ്ട് ഇനിയും അവരെ വഞ്ചിക്കാനുള്ള ഏതു ശ്രമവും സംഘടിതവും, ആദർശപരവുമായ പുതിയ മുന്നേറ്റങ്ങൾക്കും, സംഘടിത വിപ്ലവങ്ങൾക്കും കാരണമാകും.. അത്തരം മുന്നേറ്റങ്ങൾ ആത്യന്തികമായ ഈ ജനതയുടെ അഭീഷ്ടത്തിനനുസരിച്ചുള്ള ഭരണമറ്റത്തിലുമാണ് ചെന്നെത്തുക....

6 comments:

 1. വിപ്ലവത്തിൻ സ്വന്തം താല്പര്യങ്ങളുടെ ബലത്തിൽ വൈദേശിക സഹായം ലഭ്യമായുരുന്നു എന്നതും, ആ സഹായം നിർണ്ണയകമായിരുന്ന് എന്നതും സമ്മതിച്ചാൽ തന്നെ ആത്യന്തികമായി ജനകീയമായ ചെറുത്തു നില്പും, രണ്ടിലൊന്നു തിരഞ്ഞെടുക്കുവാനുള്ള പോരാളികളുടെ ദൃഢനിശ്ചയവുമാണ് ഇവിടെ മുന്നിട്ടു നിൽക്കുന്നത്.. കോഫി ഷോപ്പുകളിൽ നിന്നും ഫുട്ബൊൾ ആരവങ്ങളിൽ നിന്നും ആയുധവുമയും അല്ലതെയും അവരെ പുറത്തിറക്കിയത് അവരുടെ വിശ്വാസവും, ആദർശവും തന്നെയായിരുന്നു.. വിപ്ലവങ്ങൾ അരങ്ങേറിയ ഇടങ്ങളിലെല്ലാം അത് ഈജിപ്തായാലും, ലിബിയ അയാലും മുഴങ്ങിക്കേട്ടത് ഒരേ മുദ്രാവാക്യമായിരുന്നു..അതാകട്ടെ പ്രപഞ്ചനാഥനുള്ള കീർത്തനങ്ങളും ആയിരുന്നു.. പറഞ്ഞു വരുന്നത് വിപ്ലവത്തിനു ആധികാരികവും, ഘടനാപരവുമായ രൂപഭാവങ്ങൾ നൽകാൻ പാകത്തിൽ ഏതെങ്കിലും പ്രസ്ഥാനങ്ങളോ, വലിയ ഗൂപ്പുകളോ ഉണ്ടായിരുന്നില്ല എന്നത് വാസ്തവമാണ്.. ഏകാധിപത്യ ഘടനയിൽ അത്തരം പ്രസ്ഥാനങ്ങൾക്കും, ഘടനകൾക്കും നിലനില്പും ഉണ്ടായിരുന്നില്ല.. അതെ സമയം ഒറ്റക്കും കൂട്ടായും ജനങ്ങളെ തെരുവിലിറക്കിയത് അവരുടെ വിശ്വാസവും ആദ്ര്ശവുമായിരുന്നു.. ആ ആദർശമാകട്ടെ ഇസ്ലാമുമാണ്...

  ReplyDelete
 2. പുലരീ,

  ലിബിയന്‍ ഏകാതിപതിയെ നിഷ്ടൂരമായി വെടിവെച്ച് കൊന്ന് അത്യന്തം രക്ത രൂ‍ൂഷിതമായി അധികാരം പിടിച്ചടക്കിയ നാറ്റോ ഫുള്‍ ടീമിന്റെ പ്രചോദനം ഇസ്ലാമാണെന്ന് പറഞ്ഞാല്‍ അത് ദഹിക്കാന്‍ ഇത്തിരി പ്രയാസമുണ്ട്. ലൊകത്തെവിടെയുമില്ലാത്ത രീ‍ീതിയില്‍ ഒരു മ്യദദേഹത്തെ അപമാനിക്കുന്ന ദ്യശ്യം കാണുമ്പോള്‍ പുലരിക്ക് ഇത് ഇസ്ലാം ആദര്‍ഷം പെയ്തിറങ്ങിയതാണെന്ന് എപ്പോഴെങ്കിലും തോന്നിയോ. എപ്പോഴും മുസ്ലിം സ്റ്റേജുകളില്‍ കേള്‍കുന്നതാണ് പോലെ സ്വയം തകര്‍ന്നു പോയ കമ്യൂണിസം എന്നൊക്കെ. യഥാര്‍ത്തത്തില്‍ മുതലാളിത്തത്തിനും സാന്ദര്‍ബികമായി സയണിസത്തിനും വ്യക്തമായ പങ്ക് കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് പിന്നിലുണ്ട്. വിപ്ലവ നേതാവായ ഗദ്ദാഫിയെ കൂടെ നിന്നവര്‍ തന്നെ പാലം വലിക്കുന്നതില്‍ തുടങ്ങിയതാണ് അങ്ങെരുടെ കുടുംബ സ്നേഹം. അറെബ്യന്‍ ഭരണ മേഖലയില്‍ പാലം വലീകള്‍ പുതിയ സംഭവമല്ല.അതിന് അവര്‍ പകരം കാണൂക അനിയന്ത്രിതമായ കുടുംബ വാഴ്ചയിലേക്കാണ്. താങ്കള്‍ നില്‍ക്കുന്നതടക്കമുള്ള്ല രാജ്യങ്ങള്‍ക്ക് ഇതിന്റെ ഭൂതകാലമുണ്ട്. ഗദ്ദാഫി നിഷ്ടൂരനായ ഏകാതിപ്പതിയും, കുടുംബ വാഴ്ക്കാരനാണെന്നതീല്‍ സംശയമില്ല. പക്ഷെ നാറ്റോ സ്പോണ്‍സേഡ് ജാസ്മിന്‍ വിപ്ലവത്തിന് ആദര്‍ശത്തിന്റെയും ഇസ്ലാമിന്റെയും മേമ്പോടി ചേര്‍ക്കുന്ന പ്രവണത് എന്തോ അംഗീകരിക്കാനാവുന്നില്ല. ഇറാഖിലും, ലിബിയയ്യിലും, ഈജിപ്തിലും, സിറിയയിലും, ഇറാനിനുമെല്ലാം മാറ്റം പ്രതീ‍ീക്ഷിക്കൂന്ന സാമ്രാജ്യറ്റത്ത സയണിസ്റ്റ് അച്ചുതണ്ടാണ് ലിബിയയിലെ മാറ്റത്തിന്റെ സ്പോണ്‍സര്‍മാര്‍. ഗദ്ദാഫിയായിരുന്നോ അതോ ഇപ്പോഴ്ഹത്തെ അപ്പന്മാരാണൊ യഥാര്‍ത്ത ശത്രുക്കളെന്ന് വരും നാളുകളില്‍ ലിബിയക്കാര്‍ തിര്രിച്ചറിയും. പക്ഷെ നിസംഗതയും, സുഖ ലോലുപതയില്‍ ലയിഛ്ചു ജീവിക്കുന്ന അറബ് ജനതക്ക് അടിമത്തം ഒരു അലങ്കാരമാണ്. സത്യത്തില്‍ ഇതില്‍ ഇസ്ലാമിന് ഒന്നും ചെയ്യാനീല്ല്ല.അത് ഇസ്ലാമീന്ന്റ്റെ കണക്കില്‍ വരവ് വെക്കുന്നത് തന്നെ ഒരു തരം കണക്കിലെ പിഴവാണ്.

  ReplyDelete
 3. ജോകർ ..
  നാറ്റോ ടീമിന്റെ താല്പര്യം എന്തെന്ന് ഞാൻ വിശദീകരിച്ചിട്ടുണ്ട്.. അവർക്ക് അവരുടേതായ താല്പര്യം ഉണ്ടെന്ന് തുറന്നെഴുതിയിട്ടുമുണ്ട്..അതെ സമയം വിപ്ലവത്തിന്റെ ഊർജ്ജം നാറ്റോ ആണു എന്നു പരയുന്നതിൽ ശരികേടുമുണ്ട്.. വിപ്ലവത്തിന്റെ ഊർജ്ജം തദ്ദേശിയ ജനത തന്നെയായിരുന്നു.. അവരുടെ സ്വതന്ത്രവാജ്ഞയായിരുന്നു. ഇവിടെ നാറ്റോ അനുകൂല സാഹചര്യം വന്നപ്പൊൾ അതു മുതലെടൂത്തു.. അതുകൊണ്ട് തന്നെയാണ് ഞാൻ എന്റെ അവസാനത്തിൽ ഇത് അവസാന വിപ്ലവം അല്ല എന്നു സൂചിപ്പിച്ചത്..
  നാറ്റോ സഹയിച്ചു എന്ന ഒറ്റകാരണം കൊണ്ട് മാത്രം ഏകാധിപതിയെ എതിർക്കാതിരിക്കാൻ നിർവാഹമില്ല..അതിനു കാരണം മുദ്രാവാക്യത്തേക്കാൾ ജനങ്ങൾക്കാവശ്യം സുരക്ഷിതത്വവും, സ്വാതന്ത്ര്യവുമായിരുന്നു..പൌരാവകാശം നിരന്തരം ലംഘിക്കുക, അവരെ ആവും വിധം അടിച്ചമർത്തുക..അവരുടെ മേൽ നിയമങ്ങളുടെ മാറാപ്പുകൾ കെട്ടിയേൽപ്പിക്കുക.. ഇതെല്ലാമൊടൂവിൽ ഇതിന്റെയൊക്കെ മറയായി സാമ്രാജ്യത്വ വിരോധം വിളമ്പിയാൽ ജനങ്ങൾ ഏതു തിരഞ്ഞെടൂക്കും?
  അതിന്റെ വ്യക്തമായ ഉദാഹരണമാണ് ലിബിയയിൽ നടന്നത്...പ്രാതമികമായി ഭരണാധികാരി ജനങ്ങളുടെ സേവകനാണ്..അതിൽ പരാചയപ്പെടുകയും, പരാചയത്തെ മുദ്രാവാക്യം കൊണ്ട് മറക്കുകയും ചെയ്താൽ അതിനു ആയുസ് അധികമില്ല..
  അത് ഇസ്ലാമാകാട്ടെ.. സമ്രാജ്യത്വ വിരുദ്ധതയാകട്ടെ, കംയൂണിസമാകട്ടെ..
  ഇസങ്ങളുടെ പ്രാഥമിക ഗുണം കിട്ടേണ്ടത് സ്വന്തം ജനതക്ക് തന്നെയാണ്..
  അതില്ലാലതിന്റെ ഫലമാണ് സോവിയറ്റ്യൂണിയന്റെയൊക്കെ തകർച്ച..
  വിദേശനയത്തിനു അമിതപ്രാധാന്യം നൽകിയപ്പൊൾ തദ്ദേശിയ ജനതയെ അടക്കിഭരിച്ചു..‘’കിട്ടിയ ആദ്യാവസരത്തിൽ തന്നെ ജനം തെരുവിൽ ഇറങ്ങി..

  ReplyDelete
 4. സ്വത്വബോധം ഇവര്‍ക്ക് നഷ്ടപ്പെട്ടിട്ട് പതിനഞ്ചു നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു പുലരീ, അന്നത്തേക്കാള്‍ വലിയൊരു പ്രതിസന്ധിക്കുമുന്നിലാണ് അറബ് ജനത ഇന്ന്. എങ്ങനെ അവര്‍ ഇതു തരണം ചെയ്യുമെന്ന് കാലം തന്നെ തെളിയിക്കണം.

  ReplyDelete
 5. ജോക്കറിന്റെ ലിബിയയെ സംബന്ധിച്ച കമന്റിനോട് യോജിക്കുന്നു. വരും നാളുകളിൽ കാണാനിരിക്കുന്ന പൂരം പ്രവചനാതീതമാണ്. അറബ് ജനതക്കോ ഇസ്ലാമിനോ ആഹ്ലാദിക്കാൻ എന്തെങ്കിലും ഉരുത്തിരിഞ്ഞു വരാൻ പ്രയാസമാണ്, നിലവിലെ ലോകക്രമത്തിൽ.

  ReplyDelete
 6. ആടറിയുമോ അങ്ങാടി വാണിഭം ?

  ReplyDelete