Wednesday, October 12, 2011

ഗുജറാത്ത്: ചോര പുരണ്ട അപ്പ കഷ്ണം നുണയുന്നവര്‍ ....വംശഹത്യക്ക് കൂട്ടുനിന്നവര്‍ മോഡിയുടെ പാരിതോഷികം പറ്റി


ന്യൂഡല്‍ഹി: മോഡിക്കെതിരേ സംസാരിച്ചതിന് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ജയിലില്‍ കിടക്കുമ്പോള്‍ ഗുജറാത്ത് വംശഹത്യക്കാലത്തും തുടര്‍ന്നും മോഡിയുടെ ഉത്തരവുകള്‍ അനുസരിച്ച് ഹിന്ദുത്വരെ സഹായിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കു മോഡി നല്‍കിയത് സ്ഥാനക്കയറ്റവും വിരമിച്ച ശേഷവും തുടരാന്‍ അനുമതിയും.

പി സി പാണ്ഡേ (1970 ബാച്ച്): വംശഹത്യ നടക്കുമ്പോള്‍ അഹ്മദാബാദ് പോലിസ് കമ്മീഷണര്‍. ഹിന്ദുത്വര്‍ക്കു കൂട്ടക്കൊല നടത്താന്‍ സഹായകമാവുംവിധം പോലിസിനെ നിഷ്ക്രിയമാക്കി. 1000 മുസ്ലിംകള്‍ അഹ്മദാബാദില്‍ കൊല്ലപ്പെട്ട കേസിലെ തെളിവു നശിപ്പിക്കലിലും തുടര്‍ന്നുണ്ടായ വ്യാജ ഏറ്റുമുട്ടലുകളിലും പങ്കു വ്യക്തമായി. 2004 മാര്‍ച്ചില്‍ എന്‍.ഡി.എ സര്‍ക്കാര്‍ സി.ബി.ഐ അഡീഷനല്‍ ഡയറക്ടര്‍ ജനറലായി നിയമിച്ചു. ഇതിനെതിരേ ടീസ്ത സെറ്റല്‍വാദ് ഹൈക്കോടതിയെ സമീപിക്കുകയും ഗുജറാത്ത് കേസുകളുടെ അന്വേഷണച്ചുമതലകളില്‍ നിന്നു കോടതി പാണ്ഡേയെ വിലക്കുകയും ചെയ്തു. തുടര്‍ന്ന് 2004 ഒക്ടോബറില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് അഡീഷനല്‍ ഡി.ജി ആയി. 2006 ഏപ്രിലില്‍ ഗുജറാത്ത് ഡി.ജി.പിയായി. 2009ല്‍ വിരമിച്ച ശേഷം ഗുജറാത്ത് സ്റേറ്റ് പോലിസ് ഹൌസിങ് കോര്‍പറേഷന്റെ ചെയര്‍മാനായി.

എ കെ ഭാര്‍ഗവ (1967 ബാച്ച്): 2004 ഫെബ്രുവരിയില്‍ ഗുജറാത്ത് ഡി.ജി.പി. 200 കോടി വാര്‍ഷിക ബജറ്റുള്ള ഗുജറാത്ത് പോലിസ് ഹൌസിങ് കോര്‍പറേഷന്‍ എം.ഡി എന്ന അധികപദവിയും നല്‍കി. 2000 കലാപക്കേസുകള്‍ പുനപ്പരിശോധിച്ചു തള്ളിക്കളയാന്‍ മുന്‍കൈയെടുത്തു. അട്ടിമറിച്ച കേസുകളില്‍ പാന്തര്‍വാദ കൂട്ടക്കുഴിമാടക്കേസും ഉള്‍പ്പെടും.

ജി സി റായ്ഗാര്‍ (1972 ബാച്ച്): വംശഹത്യ നടന്ന 2002 ഫെബ്രുവരിക്കും മാര്‍ച്ചിനുമിടയില്‍ ഗുജറാത്ത് ഇന്റലിജന്‍സ് വിഭാഗം എ.ഡി.ജി.പി. ഹിന്ദുത്വരെ സഹായിക്കാന്‍ സര്‍ക്കാര്‍ വിളിച്ച രഹസ്യയോഗങ്ങളില്‍ പ്രത്യേക സാന്നിധ്യം. ഈ യോഗങ്ങളുടെ മിനുട്സുകള്‍ അപ്രത്യക്ഷമായി. വിരമിച്ച ശേഷം ഗുജറാത്തിലെ വ്യാജമദ്യദുരന്തം അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അംഗമായി. മറ്റു നിരവധി അധികാരങ്ങളും നല്‍കി.

എം കെ ഠാണ്ഡന്‍ (1976 ബാച്ച് ഐ.പി.എസ്): വംശഹത്യ നടക്കുമ്പോള്‍ അഹ്മദാബാദ് സിറ്റി പോലിസ് ജോയിന്റ് കമ്മീഷണര്‍. പിന്നീട് സൂറത്ത് ഐ.ജിയായി സ്ഥലംമാറ്റം. 2005 ജൂലൈയില്‍ ഗാന്ധിനഗറില്‍ എ.ഡി.ജി.പിയായി വീണ്ടും പ്രമോഷന്‍. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലും നരോദാപാട്യയിലും ഹിന്ദുത്വര്‍ക്കു കൂട്ടക്കൊലയും ബലാല്‍സംഗവും നടത്താന്‍ സൌകര്യം ചെയ്തുകൊടുത്തു.

ദീപക് സ്വരൂപ് (1976 ബാച്ച്): 2002ല്‍ വഡോദര റേഞ്ച് ഓഫിസര്‍. വഡോദര റൂറല്‍, ഗോധ്ര, ദാഹോദ്, നര്‍മദ എന്നീ ജില്ലകള്‍ അധികാരപരിധി. എല്ലാം വംശഹത്യക്കാലത്ത് കൂട്ടക്കൊല നടന്ന സ്ഥലങ്ങള്‍. 2005 ഫെബ്രുവരിയില്‍ വഡോദര സിറ്റി പോലിസ് കമ്മീഷണറായി ചുമതല നല്‍കി. ബെസ്റ് ബേക്കറി കൂട്ടക്കൊലയില്‍ നേരിട്ട് പങ്കുണ്െടന്ന ആരോപണമുയര്‍ന്നു. കേസില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടു. സൂറത്ത് പോലിസ് കമ്മീഷണറായി. ഇപ്പോള്‍ 13 ആംഡ് ബറ്റാലിയന്റെ എ.ഡി.ജി.പി ഇന്‍ചാര്‍ജ്.

കെ നിത്യാനന്ദന്‍ (1977 ബാച്ച് ഐ.പി.എസ്): 2001-2005 കാലത്ത് ആഭ്യന്തര സെക്രട്ടറി. 2005ല്‍ രാജ്കോട്ട് സിറ്റി പോലിസ് കമ്മീഷണറായി. ഡി.ഐ.ജിയായും എ.ഡി.ജി.പിയായും പ്രമോഷന്‍. വംശഹത്യയും തുടര്‍ന്നുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ റിപോര്‍ട്ടുകള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും കോടതികള്‍ക്കും സര്‍ക്കാരിനു വേണ്ടി നല്‍കി. ഇപ്പോള്‍ ഗുജറാത്ത് പോലിസ് ഹൌസിങ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍.

രാഗേഷ് അസ്താന (1984 ബാച്ച് ഐ.പി.എസ്): ഗോധ്ര തീവണ്ടി ദുരന്തം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവന്‍. വംശഹത്യയെ ന്യായീകരിക്കാന്‍ ഗോധ്രാ ദുരന്തം വന്‍ ഗൂഢാലോചനയാണെന്ന സിദ്ധാന്തത്തിന് ഔദ്യോഗിക ഭാഷ്യം നല്‍കി. 2003 ഫെബ്രുവരിയില്‍ വഡോദര റേഞ്ച് ജൂനിയര്‍ ഐ. ജിയായി സ്ഥാനക്കയറ്റം. ഇപ്പോള്‍ വഡോദര സിറ്റി പോലിസ് കമ്മീഷണര്‍.

എ കെ ശര്‍മ (1987 ബാച്ച്): മെഹ്സാന എസ്.പിയായിരുന്നു. പിന്നീട് ഗാന്ധിനഗര്‍ ഐ.ജിയായി. വംശഹത്യയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കാളിയായി. ഇദ്ദേഹത്തെ മാറ്റാതെ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതോടെയാണ് എസ്.പി സ്ഥാനത്തുനിന്നു മാറ്റിയത്. തിരഞ്ഞെടുപ്പിനു ശേഷം പദവിയില്‍ മോഡി വീണ്ടും നിയമിച്ചു. സദര്‍പുര ഉള്‍പ്പെടെയുള്ള മെഹ്സാനയുടെ പ്രദേശങ്ങളില്‍ കൂട്ടക്കൊലകള്‍ക്കു സഹായം നല്‍കിയത് ശര്‍മയാണ്. തുടര്‍ന്നായിരുന്നു ഗാന്ധിനഗര്‍ ഐ.ജിയായി സ്ഥാനക്കയറ്റം.

ശിവാനന്ദ് ഝാ (1983 ബാച്ച്): 2002ല്‍ അഹ്മദാബാദ് സിറ്റി അഡീഷനല്‍ പോലിസ് കമ്മീഷണര്‍. നാനാവതി കമ്മീഷനുമുന്നില്‍ മോഡിയെ രക്ഷിക്കുന്നവിധം മൊഴി നല്‍കിയ ശിവാനന്ദിനെ 2005 ഫെബ്രുവരിയില്‍ ആഭ്യന്തര സെക്രട്ടറിയാക്കി. സര്‍ക്കാരിനു വേണ്ടി കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപോര്‍ട്ടുകള്‍ തയ്യാറാക്കി. മോഡിയുടെ പങ്ക് അന്വേഷിക്കാന്‍ സാകിയാ ജഫ്രിയുടെ പരാതി പ്രകാരം രൂപം നല്‍കിയ പ്രത്യേക അന്വേഷണസംഘത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ശിവാനന്ദിനെയും നിയമിച്ചു. ഇയാളുടെ നിയമനം സുപ്രിംകോടതി റദ്ദാക്കി. തുടര്‍ന്ന് സൂറത്ത് റേഞ്ച് എ.ഡി.ജി.പിയായി നിയമിതനായി.

സുധീര്‍ കെ സിന്‍ഹ (1976 ബാച്ച്): 2003 മുതല്‍ വഡോദര സിറ്റി പോലിസ് കമ്മീഷണര്‍. ബെസ്റ്റ് ബേക്കറി കേസില്‍ സാഹിറാ ശെയ്ഖിനെ പണം നല്‍കിയും ഭീഷണിപ്പെടുത്തിയും കൂറു മാറ്റിയതിനു പിന്നില്‍ സുധീറിന്റെ കൈകളുമുണ്ടായിരുന്നു. 2005 ഫെബ്രുവരിയില്‍ സൂറത്ത് സിറ്റി പോലിസ് കമ്മീഷണറായി നിയമിതനായി. ഇപ്പോള്‍ ലോ ആന്റ് ഓര്‍ഡര്‍ എ.ഡി.ജി.പി.

ഡി ജി വന്‍സാര (1967 ബാച്ച്): മോഡിക്കു വേണ്ടി വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി കുപ്രസിദ്ധനായി. മെയ് 2002 മുതല്‍ ജൂലൈ 2005 വരെ അഹ്മദാബാദ് ക്രൈംബ്രാഞ്ച് ഡപ്യൂട്ടി കമ്മീഷണറായിരുന്നു. 2005 ജൂലൈയില്‍ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് ഡി.ഐ.ജിയായി പ്രമോഷന്‍. മോഡിക്കു വേണ്ടി മലയാളിയായ ജാവീദ് ശെയ്ഖ് ഉള്‍പ്പെടെ നിരവധി പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഇപ്പോള്‍ സുഹ്റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സബര്‍മതി ജയിലില്‍.

എസ് എസ് ഖാന്ത്വാല (1973 ബാച്ച്): വംശഹത്യയുമായി ബന്ധപ്പെട്ട 2000 കേസുകള്‍ വീണ്ടും പരിശോധിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ കൃത്രിമം കാട്ടി ഗുജറാത്ത് സര്‍ക്കാരിനു സഹായം നല്‍കിയ ഉദ്യോഗസ്ഥന്‍. സാക്ഷികളെ ഭീഷണിപ്പെടുത്തിയും അപമാനിച്ചും കേസ് ദുര്‍ബലമാക്കാന്‍ ശ്രമിച്ചു. 2004ല്‍ മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട് കോടതി ശിക്ഷിച്ചു. എല്ലാ ചട്ടങ്ങളും ലംഘിച്ച് മോഡി 2009ല്‍ ഡി.ജി.പിയാക്കി ഉയര്‍ത്തി. 2010 ആഗസ്തില്‍ വിരമിക്കേണ്ടിയിരുന്നെങ്കിലും മൂന്നു മാസത്തേക്ക് കാലാവധി നീട്ടി.

ജെ മഹാപത്ര (1974 ബാച്ച്): 2002 സപ്തംബര്‍ മുതല്‍ ഗുജറാത്ത് എ.ഡി.ജി.പി. സര്‍ക്കാരിന് അനുകൂലമായി നിരവധി റിപോര്‍ട്ടുകള്‍ കെട്ടിച്ചമച്ചു. കൊലക്കേസ് പ്രതിയായ ഗുജറാത്ത് മന്ത്രി അശോക് ഭട്ടിനെ രക്ഷിക്കാന്‍ എഫ്.ഐ.ആറില്‍ കൂറു മാറി മൊഴി നല്‍കി. തുടര്‍ന്ന് അഹ്മദാബാദ് സിറ്റി പോലിസ് കമ്മീഷണറായി നിയമിച്ചു. 2008ല്‍ വിരമിച്ചെങ്കിലും സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി.

ഒ പി മാഥൂര്‍ (1975 ബാച്ച്): സുഹ്റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചവരില്‍ പ്രധാനി. മോഡിയുടെ സ്വന്തക്കാരന്‍. ഡി.ജി.പിയായി വിരമിച്ച ശേഷം ഗുജറാത്ത് സെക്യൂരിറ്റി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. പോസ്റ്റ്ഗ്രാജ്വേറ്റ് മാത്രമായ ഒരു ഉദ്യോഗസ്ഥന്‍ ആദ്യമായാണ് ഇത്ര ഉന്നതമായ ഒരു പദവിയില്‍ നിയോഗിക്കപ്പെടുന്നത്.

എ ഐ സഈദ് (1978 ബാച്ച്): വംശഹത്യയ്ക്കു ശേഷം മുസ്ലിംകളുടെ നഷ്ടപ്പെട്ട പിന്തുണ തിരഞ്ഞെടുപ്പുകാലത്ത് തിരിച്ചുപിടിക്കാന്‍ മോഡിക്കും ചില മുസ്ലിം സംഘടനകള്‍ക്കും ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. എ.ഡി.ജി.പിയായി ഉദ്യോഗക്കയറ്റം തരപ്പെടുത്തുകയും ഡി.ജി.പി ഓഫിസിലെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളുടെ ചുമതല വഹിക്കുകയും ചെയ്തു. വിരമിച്ച ശേഷം ബി.ജെ.പിയില്‍ ചേര്‍ന്നു.

പി പി പാണ്ഡേ (1980 ബാച്ച്): വംശഹത്യ നടന്നയുടനെ അഹ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് ചുമതലയേറ്റെടുത്തു. കേസുകള്‍ അട്ടിമറിക്കുന്നതിലും സാക്ഷികളെ സ്വാധീനിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. ഗുല്‍ബര്‍ഗ്, നരോദാപാട്യ കേസുകള്‍ അട്ടിമറിച്ചു. അഹ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് തലവനായിരിക്കെയാണ് ഭൂരിഭാഗം വ്യാജ ഏറ്റുമുട്ടലുകളും നടന്നത്. തുടര്‍ന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പിയായി നിയമിതനായി.

ആശിഷ് ഭാട്യ (1985 ബാച്ച്): പി പി പാണ്ഡേക്കു ശേഷം അഹ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ച് തലവനായി. ഡി ജി വന്‍സാരക്കൊപ്പം ഭാട്യയും നിരവധി ആക്രമണങ്ങളില്‍ പങ്കാളിയായി. സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ ഭാഗമായി, തെളിവു നശിപ്പിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ചു. വ്യക്തമായ തെളിവില്ലാതെ പല കേസുകളും അവസാനിപ്പിച്ചതിനു പിന്നില്‍ പങ്കുവഹിച്ചു.


ജി സുബ്ബറാവു (1965 ബാച്ച്): വംശഹത്യ നടക്കുമ്പോള്‍ ചീഫ് സെക്രട്ടറി. വിരമിച്ച ശേഷം ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ചെയര്‍മാന്‍. വംശഹത്യാ സമയത്ത് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി ഗുജറാത്ത് ഡി.ജി.പിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ നാനാവതി കമ്മീഷന് സത്യവാങ്മൂലം നല്‍കി. വംശഹത്യക്കാലത്തെ സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ പ്രധാന പങ്കുവഹിച്ചു. നാനാവതി കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറായില്ല.

അശോക് നാരായണന്‍ (1966 ബാച്ച്): വംശഹത്യ നടക്കുമ്പോള്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന അശോക് നാരായണന് വിരമിച്ച ശേഷം രണ്ടുവര്‍ഷത്തേക്കു സംസ്ഥാന വിജിലന്‍സ് കമ്മീഷണറായി ചുമതല നല്‍കി. തുടര്‍ന്ന് അത് ആറു വര്‍ഷത്തേക്കു നീട്ടി. വംശഹത്യാക്കാലത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നാനാവതി കമ്മീഷന്‍ സംശയങ്ങളുയര്‍ത്തിയ പശ്ചാത്തലത്തിലായിരുന്നു വിജിലന്‍സ് കമ്മീഷണറായി നാരായണന്റെ പദവി നീട്ടിയത്. 2002ല്‍ വംശഹത്യക്കു സഹായകമായ സര്‍ക്കാര്‍ നിലപാടുകളെ പിന്തുണച്ച നാരായണനെ 2004ല്‍ നാനാവതി കമ്മീഷന്‍ വിസ്തരിച്ചെങ്കിലും മോഡിക്കെതിരേ മൊഴി നല്‍കിയിരുന്നില്ല. കമ്മീഷനു മുന്നില്‍ സത്യവാങ്മൂലം നല്‍കാനും തയ്യാറായില്ല.

ഡോ. പി കെ മിശ്ര (1972 ബാച്ച്): 2002 കാലത്തു മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. വംശഹത്യ നടക്കുമ്പോള്‍ പോലിസിനു നിരവധി വാക്കാലുള്ള ഉത്തരവുകള്‍ നല്‍കി. മോഡിക്കു വേണ്ടി കലാപകാരികളെ സഹായിക്കാനുള്ള ഉത്തരവുകള്‍ നല്‍കിയെന്ന് ആരോപണം. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായി. കൃഷിമന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ വിരമിച്ചപ്പോള്‍ മോഡി ഗുജറാത്ത് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനാക്കി. ഗോധ്രാ സംഭവത്തിനു ശേഷം മുഖ്യമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന രഹസ്യയോഗത്തെക്കുറിച്ചു പ്രത്യേക അന്വേഷണസംഘത്തിനു മുന്നില്‍ വെളിപ്പെടുത്തിയില്ല.

പി കെ ലാഹിരി (1969 ബാച്ച്): 2003-2005 കാലത്ത് ഗുജറാത്ത് ചീഫ് സെക്രട്ടറി. തെളിവുകള്‍ നശിപ്പിച്ചു കേസുകള്‍ അട്ടിമറിക്കുന്നതില്‍ പങ്കുവഹിച്ചു. വിരമിച്ച ശേഷം നര്‍മദ പദ്ധതി ചെയര്‍മാനായി മോഡി നിയമിച്ചു.
മഞ്ജുള സുബ്രഹ്മണ്യം (1972 ബാച്ച്): സുധീര്‍ മങ്കാദിനു പിന്നാലെ 2007-2008 കാലത്ത് ചീഫ് സെക്രട്ടറിയായി. കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് 2008ല്‍ വിരമിക്കുംവരെ സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനായി.

സുധീര്‍ മങ്കാദ് (1971 ബാച്ച്): 2005-2007 കാലത്ത് ഗുജറാത്ത് ചീഫ് സെക്രട്ടറി. ലാഹിരിക്കു ശേഷം സുപ്രിംകോടതിയിലെ കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ മുഖ്യ പങ്കുവഹിച്ചു. വംശഹത്യക്കാലത്തു നടന്ന പോലിസ് ആശയവിനിമയത്തിന്റെ രേഖകള്‍ നശിപ്പിച്ചത് ഇദ്ദേഹം ചീഫ് സെക്രട്ടറിയായിരിക്കുമ്പോഴാണ്. ഗുജറാത്ത് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്സിറ്റി എം.ഡിയായി നിയമിതനായി.

കെ സി കപൂര്‍ (1973 ബാച്ച്): 2004-2007 കാലത്ത് ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി. കേസുകള്‍ അട്ടിമറിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായി.

Collapse this post

No comments:

Post a Comment