Sunday, April 17, 2011

മണലാരിണ്യത്തിലെ അടിമപ്പണിക്ക് വിധിക്കപ്പെട്ട ഹതഭാഗ്യര്‍


മണലാരിണ്യത്തിലെ  അടിമപ്പണിക്ക് വിധിക്കപ്പെട്ട  ഇന്ത്യക്കാരായ ഹതഭാഗ്യര്‍ 

ദമ്മാം: ശമ്പളമില്ലാതെ രണ്ടു വര്‍ഷം മരുഭൂമിയില്‍ രാപ്പകല്‍ അടിമയെ പോലെ പണിയെടുക്കുക. അതും ശക്തമായ പൊടിക്കാറ്റിലും മഴയിലും തലചായ്ക്കാന്‍ പോലും ഇടമില്ലാതെ. തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയില്‍ പട്ടുക്കോട്ടൈ സ്വദേശി മോഹന്‍ സെന്തില്‍ കുമാര്‍ (25) പിടിച്ചു നില്‍ക്കുന്നത് പ്രായത്തിന്റെ കരുത്തും ജീവിക്കാനുള്ള ആഗ്രഹവും കൊണ്ട് മാത്രം. 2008 ഏപ്രില്‍ 7നാണ് കുമാര്‍ ഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തുന്നത്. 2009 ഏപ്രില്‍ 19ന് മൂന്ന് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദി അതിര്‍ത്തി കടക്കുമ്പോള്‍ ദുരിതക്കയത്തിലേക്കുള്ള അതിര്‍ത്തിയാണ് കടക്കുന്നതെന്ന് കുമാര്‍ അറിഞ്ഞില്ല. കുടുംബ പ്രാരാബ്ധങ്ങള്‍ക്കറുതി വരുത്താന്‍ ഒരു പാട് പ്രതീക്ഷകളോടെയാണ് കഴിഞ്ഞ ഒക്ടോബര്‍ 5ന് പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി മുഹമ്മദ് റഫീഖ് (21) വീട്ടുഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തിയത്. ഒക്ടോബര്‍ 13ന് തന്നെ കുറ്റിയാടി സ്വദേശി പിലാവുള്ളപറമ്പത്ത് അബ്ദുല്‍ ഹമീദിനൊപ്പം സ്‌പോണ്‍സര്‍ അതിര്‍ത്തി കടത്തി കുമാറിനൊപ്പം തള്ളുകയായിരുന്നു. റഫീഖ്് എത്തുന്നതിന്റെ അഞ്ച് ദിവസം മുമ്പ് മാത്രമാണ് അബ്ദുല്‍ ഹമീദ് (50) ഇതേ സ്‌പോണ്‍സര്‍ക്ക് കീഴില്‍ ജോലിക്കെത്തിയത്. മോബൈല്‍ സൗകര്യങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന കുമാറിനെക്കുറിച്ച് റഫീഖിലൂടെയാണ് പുറം ലോകം അറിയുന്നത്. വിസക്ക് പണം കണെ്ടത്തുന്നതിനായി പണയം വച്ച കുമാറിന്റെ കിടപ്പാടം ഇതിനോടകം നഷ്ടപ്പെട്ട് ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബം വഴിയാധാരമായിരിക്കുന്നു. മൂവരുടെയും മോചനത്തിനായി ആകാവുന്ന വാതിലുകളിലെല്ലാം മുട്ടിക്കൊണ്ടിരിക്കുകയാണ് ബന്ധുക്കള്‍. ഇപ്പോള്‍ സൗദിയില്‍ അല്‍ ഹസ-റിയാദ് റോഡില്‍ ഖുറേശ് എന്ന സ്ഥലത്ത് നിന്നും 40 കിലോമീറ്റര്‍ ദൂരെ മരുഭൂമിയിലെവിടെയോ ആണെന്ന് മാത്രമേ ഇവര്‍ക്ക് അറിയൂ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുള്ള അതിശക്തമായ പൊടിക്കാറ്റും മഴയും ഇവരുടെ അവസ്ഥ കൂടുതല്‍ ദയനീയമാക്കിയിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഖത്തറിലെ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി അനില്‍ നൗദിയാല്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടിരുന്നു. ഇതില്‍ കുപിതനായ സ്‌പോണ്‍സര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഹമീദിന് പ്രതികൂല കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് മാസങ്ങള്‍ക്കു മുമ്പ് തന്നെ കുടുംബത്തെ അറിയിച്ചിരുന്നു.
കൂടാതെ ഭാഷയറിയാത്തത് ദുരിതങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. സ്‌പോണ്‍സറുടെ കുടുംബത്തിന്റെ പരിചരണവും കൂടാതെ നൂറോളം വരുന്ന ഒട്ടകങ്ങളുടെ പരിപാലനവും ഇവരെ കടുത്ത ശാരീരിക അധ്വാനത്തോടൊപ്പം മാനസികമായും തളര്‍ത്തിയിരിക്കുകയാണ്.
താമസിക്കാന്‍ ശീതീകരണിയൊ മറ്റു ആവശ്യമായ സൗകര്യങ്ങളൊ ഇല്ലാത്ത ഒരു തുണിമറ മാത്രം. സൗദിയിലേയും ഖത്തറിലേയും സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ബന്ധപ്പെട്ടപ്പോള്‍ മൂവരും ഖത്തറില്‍ തന്നെയുണെ്ടന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സ്‌പോണ്‍സറില്‍ നിന്നുമുണ്ടായത്. പ്രമേഹ രോഗിയായ ഹമീദ് രോഗം മൂര്‍ച്ഛിച്ച് പലപ്പോഴും അവശ നിലയിലായെങ്കിലും ചികില്‍സ ലഭ്യമാക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായിട്ടില്ല. രണ്ട് പെണ്‍മക്കളടക്കം മൂന്ന് കുട്ടികളുടെ പിതാവായ അബ്ദുല്‍ ഹമീദിന് എങ്ങനെയെങ്കിലും ജീവന്‍ നഷ്ടപ്പെടാതെ നാട്ടിലെത്തിയാല്‍ മതിയെന്നാണ് പ്രാര്‍ഥന.
മൂന്ന് സഹോദരിമാരടങ്ങുന്ന കുടുംബത്തിന്റെ പ്രാര്‍ഥനയാണ് പിടിച്ചുനില്‍ക്കാന്‍ റഫീഖിന് കരുത്തേകുന്നത്. ഹുറൂബിലകപ്പെട്ടാല്‍ ഗള്‍ഫ് സ്വപ്നം എന്നന്നേക്കുമായി കുഴിച്ചുമൂടപ്പെടുമെന്നതിനാല്‍ ഒളിച്ചോടാനും നിവൃത്തിയില്ലാത്ത അവസ്ഥയാണ് ഈ ഇരുപത്തൊന്നുകാരന്.

അതിര്‍ത്തി കടക്കുമ്പോള്‍ മൂന്ന് മാസത്തേക്കാണ് വിസിറ്റിങ് വിസയെന്ന് അധികൃതര്‍ സൂചിപ്പിച്ചിരുന്നു. പിന്നീട് വിസ പുതുക്കിയതായി വിവരമില്ല. അതിനിടെ നിലവിലുള്ള സ്ഥലത്ത് നിന്നും ദൂരെ ഒരിടത്തേക്ക് ഒട്ടകങ്ങളെയും കൊണ്ട് നീങ്ങാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും അതിന് മുമ്പ് രക്ഷപ്പെടുത്തിയില്ലെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നതായും ഇവര്‍ പറയുന്നു.
വിഷയം ഔദ്യോഗിക തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ സ്‌പോണ്‍സര്‍ കഴിഞ്ഞ ദിവസം പണം നിക്ഷേപിക്കുന്നതിനായി ബന്ധുക്കളെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിവരം ശേഖരിക്കാന്‍ പറഞ്ഞിരുന്നു. ഇത് നിയമത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായാണ് മനസ്സിലാക്കുന്നത്.

സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഇന്ത്യന്‍ എംബസി കിഴക്കന്‍ പ്രവിശ്യ പോലീസ് മേധാവിയുടെ സഹായം തേടാനുള്ള ഒരുക്കത്തിലാണ്. തലശ്ശേരി സ്വദേശി ജലാലുദ്ദീന്‍, മലപ്പുറം ജില്ലയില്‍ എടരിക്കോട് സ്വദേശി മന്‍സൂര്‍ എന്നിവരും സമാനമായ അവസ്ഥയില്‍ സറാറ മരുഭൂമില്‍ ഒട്ടകത്തെയും ആടിനെയും മേച്ച് കഴിയുന്ന വിവരം ലഭിച്ചിട്ടുണ്ട്.


6 comments:

 1. മണലാരിണ്യത്തിലെ അടിമപ്പണിക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരായ ഹതഭാഗ്യര്‍

  ReplyDelete
 2. നമ്മളറിയാതെ ഇങ്ങിനെ എത്ര പേരാണ് .
  പ്രവാസത്തിന്റെ മറുപുറം.
  നല്ലത് വരുത്തട്ടെ എല്ലാര്‍ക്കും
  പ്രാര്‍ഥിക്കുന്നു

  ReplyDelete
 3. ഭൂരിപക്ഷം ഗള്‍ഫ്‌ അറബുകളും പ്രത്യേകിച്ചു സൌദികള്‍ തങ്ങള്‍ ജോലിക്കായി കൊണ്ടുവരുന്ന വിദേശികള്‍ അവരുടെ അടിമകള്‍ ആണെന്നാണ് കരുതുന്നതു . പുരുഷന്മാരോട് ഉള്ള പെരുമാറ്റം ഇങ്ങനെയെങ്കില്‍ സ്ത്രീ തൊഴിലാളികളെ ഇവര്‍ കാമാസക്തിക്കും ഉപയോകിക്കുന്നു . ഇത് അവരുടെ അവകാശമാനെന്നാണ് പലരുടെയും ധാരണ ഇസ്ലാം ഇത് അനുവദിക്കുന്നു എന്നാണ് ഇവരുടെ ധാരണ , ഇനിയെങ്കിലും യുവാക്കള്‍ സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പൊരുതണം , സ്വന്തം നാട്ടില്‍ മാന്യമായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ തയ്യാറാവണം നമ്മുടെ നാടിന്‍റെ സമ്പത്ത് കോടികള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കട്ടുമുടിക്കുന്നത് തടയണം . ഈ പ്രവാസജീവിതം അവസാനിപ്പിച്ചേ മതിയാവൂ .

  ReplyDelete
 4. എത്രയോ‍ റഫീഖുമാ‍ർ ദുരിതം അനുഭവിച്ച് കഴിയുന്നു ഈ നാട്ടിൽ......നല്ല ലേഖനം...

  ReplyDelete
 5. സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങിയ ഹതഭാഗ്യരുടെ ജീവിതം വരച്ചു കാട്ടിയതിന് നന്ദി

  ഗള്‍ഫിലെത്തുന്ന ബഹു: മന്ത്രി അഹമ്മദിന്‍റെ ശ്രദ്ദയില്‍ കൊണ്ടുവരാന്‍ ബന്ദപ്പെട്ടവര്‍്ശ്രമിക്കുമെന്ന് കരുതാം

  ‍്ളങ്ങകുവാഭ

  ReplyDelete
 6. dont work in home town.. as long as you follow this rule, you can expect more stories like this in future too... you get 350Rs per day in kerala for doing any work in kerala and about 400+ for work in construction area. why do you really want to go to saudi for getting 15,000Rs?

  ReplyDelete