Tuesday, January 25, 2011

പൂച്ചയെ സ്നേഹിച്ച ജൂലി മദാമ


                 ചെറുപ്പകാലത്ത് വീടിന്റെ പരിസരപ്രദേശത്ത് ചുറ്റിപ്പറ്റി ഒരു പൂച്ച ഉണ്ടായിരുന്നു. മഞ്ഞവരയുള്ള പുച്ച. അതുകൊണ്ടു തന്നെ ഞങ്ങളതിനെ ‘മഞ്ഞപ്പൂച്ച‘ എന്നാണു വിളിച്ചിരുന്നത്. ആ പരിസരത്ത് അടയിരുന്ന് വിരിഞ്ഞു വരുന്ന കോഴിക്കുഞ്ഞുങ്ങളായിരുന്ന് ആളുടെ ഇഷ്ഠ ഭോജ്യം. അക്കാലത്ത് ഏതാണ്ടെല്ലാ വീട്ടിലും കോഴിക്കുഞ്ഞുങ്ങളെ അടവിരിയിപ്പിക്കും. ഉടമസ്ഥർ എങ്ങിനെ കാത്തുസൂക്ഷിച്ചാലും അടവിരിഞ്ഞു വരുന്ന കോഴിക്കുഞ്ഞുങ്ങളിൽ ഭൂരിഭാഗത്തെയും ‘മഞ്ഞപ്പൂച്ച’ അകത്താക്കും. അതിനു പ്രത്യേക വിരുത് തന്നെ മഞ്ഞപ്പൂച്ചക്കുണ്ടായിരുന്നു. ഒരു സംഭവം പറയാം. മഞ്ഞപ്പൂച്ചയെ പേടിച്ച് അടവിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ പുറത്ത് കോഴിക്കൂട്ടിൽ അടക്കാതെ ഗ്രില്ലിട്ട വടക്കെ കോലായിലാണു എന്റെ ഉമ്മ സൂക്ഷിച്ചിരുന്നത്. കുറച്ചുദിവസമങ്ങിനെ കടന്നു പോയി. ഒരു ദിവസം പാലുകറക്കുവാൻ വരുന്ന കറവക്കാരനു പാൽ പാത്രം എടുത്തു കൊടുക്കുവാൻ വേണ്ടി പുലർച്ചെ ഉമ്മ ഗ്രില്ല് തുറന്നതേയുള്ളൂ പിന്നെ കേൾക്കുന്നത് കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിലായിരുന്നു. ഉമ്മ വാതിൽ തുറന്ന ചെറിയ സമയം കൊണ്ട് നമ്മുടെ വില്ലൻ അകത്തുകയറി കുറെയെണ്ണത്തിനെ ‘പ്രാതലാ’ക്കി മാറ്റി. നാടൻ കോഴിയിറച്ചി തിന്ന് ആളങ്ങ് തടിച്ചു കൊഴുത്തു.ഏതാണ്ടെല്ലാ വീട്ടിലും മഞ്ഞപ്പൂച്ച വില്ലനായി അവതരിച്ചു. ശല്യം സഹിക്കവയ്യാതെ മഞ്ഞപ്പൂച്ചയെ തട്ടിക്കളയുവാൻ ‘നാട്ടുകൂട്ടം‘ തിരുമാനിച്ചു.  പാടത്ത് എരണ്ടയെ വെടിവെച്ചു വിഴ്ത്തുവാൻ വിദഗ്ദനായ ഖാദർക്ക ‘എയർ ഗൺ’ (ഏ.കെ 47 അല്ല ട്ടോ.. ഉറപ്പ്) ഉപയോഗിച്ച് പുച്ചയെ വെടി വെച്ചു. വെടികൊണ്ടത് ഒരു കണ്ണിന്.  എന്നാലതൊന്നും ‘മഞ്ഞപ്പുച്ചയുടെ ശൌര്യത്തിന്നു ഒട്ടും കോട്ടം തട്ടിച്ചില്ല. ഒറ്റകണ്ണും വെച്ച് ആൾ പിന്നെയും വേട്ടക്കിറങ്ങി. പല വീട്ടിലും വില്ലനായി വീണ്ടും അവതരിച്ചു, ദശക്കണക്കിന് കോഴിക്കുഞ്ഞുങ്ങളുടെ അന്തകനായി. പക്ഷെ ചാകാൻ യോഗമുണ്ടായത് പള്ളിക്കമ്മറ്റി സക്രട്ടറിയായിരുന്ന മുഹമ്മദുണ്ണിക്കാടെ കൈ കൊണ്ടായിരുന്നു. വെട്ടുകത്തി കൊണ്ടുള്ള ഒരു കിടിലൻ വെട്ടേറ്റ് അനേകം കോഴിക്കുഞ്ഞുങ്ങളുടെ ആത്മാവിനെയും വഹിച്ച് പുള്ളി ഇഹലോകവാസം വെടിഞ്ഞു

ഇതു പറയാൻ കാരണം

രാവിലെ ഓഫിസിൽ വന്നു സിസ്റ്റം ഓൺ ചെയ്തയുടൻ സായിപ്പിന്റെ മെയിൽ

Julie just called me and I have to inform you of the sad news that our cat (FIFA) is currently undergoing amputation of one of its legs further injuries he sustained this morning. He will survive and recover but on 3 legs“
         
 സംഭവിച്ചതെന്തന്നറിയാതെ ഇരിക്കുമ്പോഴാണു ഓഫിസ് സിക്രട്ടറി ‘ഫാത്തിമ ഹലീം‘ വിശദീകരണവുമായി വന്നത്. രാവിലെ സൈറ്റ് മാനെജർ  ‘ജാദ്’ പതിവുപോലെ കാർ സ്റ്റാർട്ട് ചെയ്തതാണ‌്. എന്തോ ശബ്ദം കേട്ടു തൊട്ടടുത്തു നിന്നിരുന്ന ഡ്രൈവർ ‘അഷ്കർ‘ നോക്കിയപ്പോൾ കണ്ടത് ബോണറ്റിൽ നിന്ന് പുറത്തേക്കു പറന്നുയരുന്ന രോമങ്ങളാണു. കൂടെ നിലവിളിയും. ഉടനെ തന്നെഎഞ്ചിൻ ഓഫ് ചെയ്ത് ബോണറ്റ് തുറന്നു, ഓഫീസ് അന്തെവാസിയായ പുച്ച (ഫിഫ) ഫാൻ ബെൽറ്റിൽ കുടുങ്ങി രക്തത്തിൽ കുളിച്ചു  പിടയുന്നു. എങ്ങിനെയാണ് പുച്ച അകത്തുകയറിപ്പറ്റിയതെന്ന് അറിയില്ല.   അഷ്കറും, ജാദ് ചേർന്ന് ഉടനെ തന്നെ പുച്ചയെ പുറത്തെടുത്തു. ‘ഫിഫ’യുടെ പിൻകാലിനു ഗുരുതരമായ പരിക്കു പറ്റിയിരിക്കുന്നു, മാത്രമല്ല ശരീരത്തിൽ നിന്ന് രോമങ്ങൾ കുറെ പൊഴിഞ്ഞിരുന്നു.

       
ഓഫിസിലുണ്ടായിരുന്ന ലീഗൽ അഡ്വൈസർ ജൂലി  ‘മനേകാ ഗാന്ധി’ക്കു പഠിക്കുന്ന ആളാണ്. പരുക്കു പറ്റിയ പൂച്ചയെയും താങ്ങി ജൂലി ഉടനെതന്നെ ‘വെറ്റിനറി ഹോസ്പിറ്റലി‘ലേക്ക് തിരിച്ചു.  സ്വന്തം പോക്കറ്റിൽ നിന്ന് അപ്പോൾ തന്നെ ഏതാണ്ട് രണ്ടായിരം റിയാലോളം ആശുപത്രി ചെലവിനു നൽകുകയും ചെയ്തു. ഫിഫയെ പരിശോധിച്ച വെറ്റിനറി ഡോക്ടറ് നൽകിയ വിവരമാണ് ‘സായിപ്പിന്റെ’ മെയിലിനു കാരണം.
        മാസങ്ങൾക്കു മുന്നെ ഒഫിസിലേക്ക് വരുമ്പോൾ ആതിഥേയനായി ഞങ്ങളെ സ്വീകരിക്കുവാൻ ഈ പൂച്ച കുട്ടിയും ഉണ്ടായിരുന്നു. അന്ന് ആളാകെ മെലിഞ്ഞുണങ്ങി പഴയൊരു ‘ഇന്ദ്രൻസ്’ പരുവത്തിലായിരുന്നു. പക്ഷെ മാസം മൂന്നു തികയുമ്പോഴേക്ക് ആൾ, ശരിക്കും ഒരു ‘ടിപ്പിക്കൽ അറബി’ ആയി മാറിയിരുന്നു.. വളരെ ലഘുവായ ഭക്ഷണക്രമം.. ചോറ്, മീൻ എന്നിവ കഴിക്കില്ല. മിട്ടായി, ചോക്കലേറ്റ്, ചിക്കൻ, പിസ്സ, കെ.എഫ്.സി, ഇവയൊക്കെയാണ് ഇഷ്ഠ ഭോജ്യം. നമ്മുടെ നാടൻ ചോറ് മീൻ കറിയുമായി കഴിക്കുവാൻ തുടങ്ങിയാൽ ആളുടനെ മണപ്പിച്ച് എത്തും, പക്ഷെ ഒന്നു ടേസ്റ്റ് നോക്കി “ഇവനൊക്കെ ഇപ്പോഴും ഒരു പഴഞ്ചൻ തന്നെ” എന്ന് മനസ്സിൽ പറഞ്ഞ് തിരിഞ്ഞു നടക്കും. വിശ്രമം മിക്കവാറും  ചെയറിലോ  ‘ഫയൽ കാബിനു’ള്ളിലോ ആകും . പ്രാർത്ഥിക്കുവാനായി ‘പ്രെയർ റൂം‘ തുറന്നാൽ അകമ്പടി സേവിച്ചു കൊണ്ട് ആളുടനെ എത്തും. നമസ്ക്കരിക്കുവാൻ നിന്നാൽ പലപ്പോഴും കലിന്നിടയിലൊക്കെയാകും ‘ഫിഫ‘യുടെ ചുറ്റിക്കറക്കം. മലമൂത്ര വിസർജ്ജനത്തിന്ന് സമയമാകുമ്പോൾ ടോയിലറ്റിലെ പ്രത്യേകമായി ഒരുക്കിയ സൌകര്യം മാത്രം ഉപയോഗിച്ച് കർമ്മം നിർവഹിക്കും. എത്രത്തോളമെന്നാൽ സൈറ്റ് കോംബൌണ്ട് വിട്ട് ഫിഫ പുറത്ത് പോകില്ല. പെരുന്നാൾ അവധിക്ക് അഞ്ചുദിവസത്തോളം അവധിയായിരുന്നു ഓഫീസ്. അതിൽ രണ്ടു ദിവസം മാത്രമേ ജോലിക്കാർ സൈറ്റ് ഓഫിസിൽ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള മൂന്നു ദിവസവും പൂച്ച പട്ടിണിയായിരുന്നു. ആരുമത് ശ്രദ്ധിച്ചില്ല. അവധികഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് വിശന്നു തളർന്ന ഫിഫയെ കാണുന്നത്

        
       മൊത്തത്തിൽ ഓഫിസിലെ ‘ഓമന മകനായി‘ വിലസുമ്പോഴാണ് ആകസ്മികമായ ഈ അപകടം സംഭവിക്കുന്നത്. സംഭവത്തിൽ ഉത്തരവാദിയായ ‘ജാദ്' പിന്നെ ആ വാഹനം ഉപയോഗിച്ചില്ല. ‘റെന്റ് എ കാർ’ കമ്പനിക്ക് ആ കാർ തിരിച്ചുകൊടുത്ത് പകരം മറ്റൊന്ന് വാങ്ങി. തിരികെ ഓഫിസിൽ ‘‘ജാദ്' എതിരേറ്റത് ‘ജൂലി’യുടെ ശകാരമായിരുന്നു. അറിയാതെ സംഭവിച്ചതാണെങ്കിൽ കൂടി ‘ജാദ്’ കുറെ ശകാരം ഏറ്റുവാങ്ങേണ്ടതായി വന്നു.  മാനേജർ മറ്റു സൈറ്റുകളിലേക്കും, ഹെഡ് ഒഫിസിലേക്കുമൊക്കെ ‘ഫിഫ‘യുടെ തത്സ്ഥിതി വെച്ച് വിവരം അറിയിച്ചു. വളരെ പ്രൊത്സഹനജനകമായിരുന്നു അവിടെനിന്നൊക്കെയുള്ള പ്രതികരണം. പിറ്റേന്ന് ഒരു ‘ഏ-ത്രീ എൻവലപ്പ്‘ നിറയെ പിരിഞ്ഞു കിട്ടിയ കാശുമായി വന്ന അഷ്കർ പറഞ്ഞത് “ഒരു മനുഷ്യനു പോലും ഇത്ര വില ഉണ്ടാകില്ല’ എന്നാണ്.
   

 ദൈവകൃപയാൽ ഓപ്പറേഷൻ വളരെ വിജയകരമായിരുന്നു. . ഒരാഴ്ചത്തെ ആശുപത്രി വാസത്തിന്നൊടുവിൽ ‘ഫിഫ’ ഡിസ്ചാർജ്ജ് ചെയ്യപ്പെടുകയും വിശ്രമത്തിനായി ‘ജൂലി’ പൂച്ചയെ സ്വന്തം വീട്ടിലെക്ക് കൊണ്ടുപോകുകയും ചെയ്തു. ‘ഫിഫ’യുടെ വിവരമെന്താണെന്ന് ജുലിയോടെങ്ങാനും തിരക്കിയാൽ ആയിരം നാക്കാണ് ജൂലിക്ക്. വളരെ സന്തോഷത്തോടെ തന്നെ ‘ഫിഫ’യുടെ ദിനചര്യകളൊക്കെ പറഞ്ഞു തരും. ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് ഓഫീസിലേക്ക് കയറാനൊരുങ്ങവെ കാറിന്റെ ഡോർ തുറന്ന് ജൂലി വിളിക്കുന്നു. ഒരു കൂട്ടിനുള്ളിലാക്കി ‘ഫിഫ’യെയും കൊണ്ടാണ് ജൂലി വന്നിരിക്കുന്നത്. കൂട് ഓഫീസിലേക്ക് എടുത്തുകൊണ്ടു പോകുവാനാണ് എന്റെ സഹായം തേടിയത്. സന്തോഷപൂർവ്വം ഓഫീസിലെ ‘പെർമെനന്റ് സ്റ്റഫിനെ‘ ഞാൻ ഓഫിസിലേക്ക് ആനയിച്ചു കൊണ്ടുപോയി. അല്പം മുടന്തിയാണ് ഫിഫയുടെ ഇപ്പോഴത്തെ നടപ്പ്. പഴയ പ്രസരിപ്പിന് അല്പം ക്ഷതം സംഭവിച്ചത് പോലെ. തക്ക സമയത്ത് ജൂലിയും മാനെജ്മെന്റും  ഇടപ്പെട്ടതു കൊണ്ട് പഴയ ഓമനപൂച്ചയായി ഫിഫക്ക് ജിവിതത്തിലേക്ക് തിരികെ വരുവാൻ സാധിച്ചു.

          അനാവശ്യമായി മൃഗങ്ങളെ ഉപദ്രവിക്കുന്ന നമ്മുടെ നാട്ടിലെ സാഹചര്യവുമായി തുലനം ചെയ്താൽ നമുക്കിതൊക്കെ അത്ഭുതമാണ്. സായിപ്പന്മാർ അങ്ങിനെയാണ്. മനുഷ്യർക്ക് നൽകുന്നതിലും പരിഗണന മൃഗങ്ങൾക്ക് നൽകും. 
       

     
ഫിഫയുടെ ഓപ്പറേഷന്‍ കഴിഞ്ഞതിനു ശേഷമുള്ള ചില ഫോട്ടോസ്.. 

 ചെറിയൊരു വിഡിയോ...

7 comments:

 1. അനാവശ്യമായി മൃഗങ്ങളെ ഉപദ്രവിക്കുന്ന നമ്മുടെ നാട്ടിലെ സാഹചര്യവുമായി തുലനം ചെയ്താൽ നമുക്കിതൊക്കെ അത്ഭുതമാണ്. സായിപ്പന്മാർ അങ്ങിനെയാണ്. മനുഷ്യർക്ക് നൽകുന്നതിലും പരിഗണന മൃഗങ്ങൾക്ക് നൽകും.

  ReplyDelete
 2. പണ്ട് ജഗതി ഒരു പടത്തിൽ പറഞ്ഞ പോലെ
  “എന്നേം കൂടെ അങ്ങു ദത്തെടുത്തു കൂടെ , മദാമ്മേ!”


  (മനുഷ്യൻ സുഖസൌകര്യങ്ങളോടെ വാ‍ഴുന്നിടത്ത്
  മൃഗങ്ങൾക്ക് ഇത്ര പരിഗണന ഒക്കെ ആവാം.
  “സ്വന്തം പോക്കറ്റിൽ നിന്ന് അപ്പോൾ തന്നെ ഏതാണ്ട് രണ്ടായിരം റിയാലോളം ആശുപത്രി ചെലവിനു ”നൽകാൻ കഴിയുന്നിടത്ത് അതാവട്ടെ....

  ഫിഫയുടെ ഭാഗ്യം!)

  ReplyDelete
 3. പൂച്ചയായി ജനിചിരുനെന്ന്കില്‍

  ReplyDelete
 4. പൂച്ചയ്ക്കും ഒരു നാള്‍ ഉണ്ട്!

  ReplyDelete
 5. ആരോ പണ്ട് പറഞ്ഞത് ഓര്‍മ്മ വരുംന്നു... പട്ടിയായി ജനിച്ചാല്‍ അത് ഇഡ്യയിലും, ആണായി ജനിക്കണമെങ്കില്‍ അത് അമേരിക്കയിലും. പട്ടിക്ക് അമേരിക്കയില്‍ തീറ്റകിട്ടും പക്ഷേ വരിയുടച്ച് വീട്ടില്‍ കിടക്കേണ്ടി വരും... നാട്ടിലെ ആണുങ്ങള്‍ വലിയ വ്യത്യാസമില്ലാല്ലോ... കൈയിലെ മസിലുകൂട്ടി മിനുക്കി നടക്കാം! ഇനി ആര്‍ക്കാ സായിപ്പിന്റെ പട്ടി ആവണ്ടേ?

  ReplyDelete
 6. ഓരു പൂച്ചയുടെ കാര്യേ...

  ReplyDelete