Monday, January 3, 2011

സുരക്ഷിത യാത്ര...

സുരക്ഷിത യാത്ര.. ലക്ഷ്യത്തിലേക്കുള്ള യാത്ര


നിർണ്ണിതലക്ഷ്യത്തിലേക്കുള്ള നിൽക്കാത്ത പ്രയാണം. ജീവജാലങ്ങളുടെ നിലനിൽപു തന്നെ സഞ്ചാരവുമായി ബന്ധപ്പെട്ടാണു നിലകൊള്ളുന്നത്‌. ചെറുതും വലുതുമായ ഉദ്ദേശ്യത്തോടെ ഒരു പരിതസ്ഥിതിയിൽ നിന്നും മറ്റൊരു പരിതസ്ഥിതിയിലേക്കുള്ള യാത്രയാണു ജീവിതമെന്നത്‌. ഇക്കാരണം കൊണ്ടാണു മനുഷ്യപുരോഗതിക്കു നിതാനമായ ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തമായി സഞ്ചാരത്തിന്റെ പ്രതീകമായി 'ചക്രം' വിശേഷിപ്പിക്കപ്പെടുന്നത്‌. മതഗ്രന്ഥങ്ങൾ ഭൂമിയിലെ ജീവിതത്തെ ഒരു 'യാത്ര' യോടാണു ഉപമിച്ചിരിക്കുന്നത്‌. നശ്വരതയിൽ നിന്നു അനശ്വരതയിലേക്കുള്ള 'യാത്ര'. ഹ്രസ്വമായ ഈ യാത്രയിൽ കാത്തു സൂക്ഷിച്ച മൂല്യങ്ങളാണു മരണാനന്തര ജീവിതത്തിലെ അവന്റെ ഇടം നിശ്ചയിക്കുകയെന്നു മതഗ്രന്ഥങ്ങൾ പറയുന്നു. അതായത്‌ ഭൂമിയിലെ ജീവജാലങ്ങളുടെ ഈ ജീവിതം തന്നെ പ്രപഞ്ച ശ്രഷ്ടാവ് നിശ്ചയിച്ച  ‘യാത്ര' യുടെ ഇടത്താവളം മാത്രമാണെന്നു സാരം.

ജീവജാലങ്ങളിലേക്കു വന്നാൽ ഓരോ ജീവന്റെയും നിലനിൽപു തന്നെ 'യാത്ര' യുമായി ബന്ധപ്പെട്ടാണു നിലകൊള്ളുന്നത്‌. ആഹാരം തേടിയും, ശത്രുക്കളിൽ നിന്നു രക്ഷപ്പെടുവാനും, പ്രജനനത്തിന്നു വേണ്ടിയുമെല്ലാം ഹ്രസ്വവും, ദീർഘവുമായ 'യാത്ര' യാണു ജീവിതമെന്നത്‌. പക്ഷിമൃഗാദികളുടെ ഒരു ആവാസ വ്യവസ്ഥയിൽ നിന്നു മറ്റൊരു ആവാസവ്യവസ്ഥയിലേക്കുള്ള 'യാത്ര' ശ്രദ്ധിക്കൂ. ആയിരക്കണക്കിനു കിലോമീറ്ററുകളാണു മുൻ പരിചയങ്ങളേതുമില്ലാതെ അനുകൂല ജീവിതസഹചര്യം തേടി അവർ 'യാത്ര' ചെയ്യുന്നത്‌. അങ്ങ്‌ സൈബീരിയയിലുള്ള ദേശാടനക്കിളികൾ ഇങ്ങു കൊച്ചു കേരളത്തിലെ അനുകൂല കാലാവസ്ഥയിലേക്കു പറന്നെത്തുന്നത്‌ ആയിരക്കണക്കിനു മൈലുകൾ 'യാത്ര' ചെയ്തുകൊണ്ടാണു. മൃഗങ്ങളാകട്ടെ കാലാവാസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടോ, പ്രജനനത്തിന്നു വേണ്ടിയോ കൂട്ടം കൂട്ടമായാണു ഒരു പരിതസ്ഥിതിയിൽ നിന്നു മറ്റൊരു പരിതസ്ഥിതിയിലേക്കു 'യാത്ര' പുറപ്പെടുന്നത്‌. ആ യാത്രയുടെ ഭാഗമായി അവർക്കു നേരിടേണ്ടിവരുന്ന വെല്ലുവിളികളോ, ശത്രുക്കളിൽ നിന്നുള്ള ആക്രമണമോ അവരുടെ 'യാത്ര' ക്കു ഭംഗം വരുത്തുന്നില്ല എന്നത്‌ ശ്രദ്ധേയമാണു. ചാനലുകളിൽ പലകുറി കാണുന്ന ദൃശ്യങ്ങളാണു ഒരുകൂട്ടം മാനുകളുടെയോ, സീബ്രകളുടെയോ ഒരു കരയിൽ നിന്നു മറുകരയിലേക്കുള്ള 'പലായനം'. യാത്രയിലുടനീളം മുതലകളടക്കമുള്ള  ശത്രുക്കളിൽ നിന്നുണ്ടാകുന്ന അക്രമത്തെ അതിജയിച്ചാണു ലക്ഷ്യസ്ഥാനത്തേക്കു അവർ കരകയറുന്നത്‌. അതായത്‌ ജീവജാലങ്ങളുടെ നിലനിപെന്നത്‌ ഒരു പരിതസ്ഥിതി വിട്ടു മറ്റൊരു പരിതസ്ഥിതിയിലേക്കുള്ള യാത്രയെന്നു സാരം.

മനുഷ്യനിലേക്കു വന്നാൽ ആദിപിതാവായ ആദമിലും ഭാര്യം ഹവ്വയിലും ആരംഭിക്കുന്നു മനുഷ്യപരമ്പരയുടെ സുദീർഘമായ യാത്രാരംഭം. ദൈവകോപം മൂലം സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്കു യാത്രയാക്കപ്പെട്ട ആദമും ഹവ്വയും പിന്നീടു പരസ്പരം കണ്ടുമുട്ടുന്നത്‌ ഭൂമിയിലെ അനേകകാലത്തെ 'യാത്ര' കൾക്കൊടുവിലായിരുന്നു. ദിർഘമായ അലച്ചിലിനു ശേഷം ആദമും ഹവ്വയും പരസ്പരം കണ്ടുമുട്ടിയ സ്ഥലമാണു സൗദി അറേബ്യയിലെ 'അറഫ' എന്ന പ്രദേശം.മുസ്ലിം സമുദായത്തിന്റെ പ്രതിനിധികൾ വർഷത്തിലൊരിക്കൽ അവിടെ സമ്മേളിക്കുന്നത് പരിശുദ്ധ ഹജ്ജിന്റെ പ്രധാന കർമ്മങ്ങളിലൊന്നാണു. പ്രവാചക പ്രമ്പരയിലെ ആദ്യകണ്ണിയായ നോഹ തന്റെ സുദീർഘമായ ദൗത്യത്തിന്നൊടുവിൽ പ്രപഞ്ചനാതന്റെ ഏകത്വത്തിൽ വിശ്വസിച്ചുകൊണ്ടു പ്രവാചകനെ പിൻ പറ്റിയ ചുരുക്കം ആളുകളുമായി ദൈവീക ഇടപെടലിനെ തുടർന്നു രൂപന്തരപ്പെട്ട പ്രളയത്തിൽ നിന്നും  രക്ഷതേടി ദൈവത്തിന്റെ കല്പനപ്രകാരം പേടകത്തിൽ കയറി 'യാത്ര' പുറപ്പെട്ട സംഭവം പ്രസിദ്ധമാണു. പിന്നീടു വന്ന പ്രവാചകരായ ഇബ്രാഹീമും, മൂസയും, ഈസയുമെല്ലാം ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി സുദീർഘമായ 'യാത്ര'കൾ നടത്തിയവരാണു. ജന്മദേശമായ ഈറാഖിൽ നിന്ന് പ്രവാചകൻ ഇബ്രാഹീമിന്റെയും, പത്നി ഹാജറയുടെയും, മകൻ ഇസ്മായീലിന്റെയും ലക്ഷ്യപ്രാപ്തിയുടെ ഭാഗമായ 'യാത്ര'യുടെ ശുഭപര്യവസാനമാണു ഇന്നു അറേബയിൽ കാണുന്ന വിശുദ്ധ 'ക അബ'യും 'പരിശുദ്ധഹജ്ജു'മെല്ലാം.ഓരോ വർഷവും ലക്ഷക്കണക്കിനു ജനങ്ങളാണു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ഇബ്രാഹിമിന്റെ വിളിക്കുത്തരം നൽകിക്കൊണ്ട് വിശുദ്ധ ദേവാലയത്തിലേക്ക് ‘യാത്ര’ ചെയ്യുന്നത്. അന്ത്യപ്രവാചകൻ മുഹമ്മദും സുദീർഘമായ 'യാത്ര'കൾ നടത്തിയതായി ചരിത്രഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിം സമുഹത്തിന്റെ ചിഹനങ്ങൾ തന്ന് പ്രവാചകന്റെ യാത്രകളുമായി ബന്ധപ്പെട്ടുകൊണ്ടാണു രൂപാന്തരപ്പെടുന്നത്. ഇസ്ലാമിക കലണ്ടറിന്റെ തുടക്കമെന്നത് പ്രവാചകന്റെ മക്കയിൽ നിന്നു മദീനയിലേക്കുള്ള ‘ഹിജ്ര’ എന്ന യാത്രയുമായി ബന്ധപ്പെട്ടാണു. മുസ്ലിം ലോകം ഇന്നനുഷ്ഠിക്കുന്ന നമസ്ക്കാരക്രമം രൂപാന്തരപ്പെടുന്നത് പ്രവാചകന്റെ ‘ആകാശയാത്ര’യിലെ പ്രപഞ്ചനാഥനുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണു.
  ഒരു ആവാസവ്യവസ്ഥയിൽ നിന്നു അനുകൂല ജീവിതസാഹചര്യം തേടിയുള്ള 'യാത്ര' തന്നെയാണു മനുഷ്യ ജീവിതവും. ഇന്നു ലോകത്തു കാണുന്ന വിവിധ വർണ്ണ, ഭാഷാ, സംസ്കാരം പേറുന്ന ജനസമൂഹം രൂപന്തരപ്പെട്ടത്‌ വിവിധ സമൂഹങ്ങളുടെ യുഗങ്ങൾ നീണ്ട 'യാത്ര'ക്കൊടുവിലാണു. ലഭ്യമായ വിവരമനുസരിച്ച്‌ മനുഷ്യ ഉത്പത്തി രൂപാന്തരപ്പെട്ടത്‌ മദ്ധേഷ്യയിൽ നിന്നണെന്നു കരുതപ്പെടുന്നു. മദ്ധേഷ്യയിൽ രൂപപ്പെട്ട ചെറു ജനസഞ്ചയമാണു ഇന്നു ലോകത്തിന്റെ മുക്കിലും മൂലയിലും വാസമനുഷ്ഠിക്കുന്ന ആധുനിക ജനതയായി പരിവർത്തിപ്പിക്കപ്പെട്ടത്‌.. വിശുദ്ധ ഖുർ ആനിൽ ഇങ്ങിനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. " നിങ്ങളെ ഒരാണിൽ നിന്നും, പെണ്ണിൽ നിന്നുമാണു ശ്രിഷ്ടിച്ചിരിക്കുന്നത്‌. പരസ്പരം തിരിച്ചറിയുവാൻ വേണ്ടിയാണു നിങ്ങളിലെ വർണ്ണവും, ദേശവും, ഭാഷയും ശ്രിഷ്ടിക്കപ്പെട്ടത്‌" ഈയൊരു പരമാർത്ഥം മനസ്സിലാക്കത്തെയാണു വർഷങ്ങൾക്കു മുൻപെ ഇസ്രായേൽ തദ്ദേശിയരായ ഫലസ്ഥീനികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ജൈവായുധ പദ്ധതിക്കു രൂപം നൽകിയത്‌. ഫലസ്ഥീനിലെ അറബികളെ മാത്രം ബാധിക്കുന്ന ജൈവായുധം. അതായിരുന്നു ഇസ്രായേൽ ലക്ഷ്യം. എന്നാൽ പദ്ധതിയുമായി മുൻപോട്ടു പോയപ്പോളാണു ഫലസ്ഥീനിലെ അറബികളുടെയും പാശ്ചാത്യ ഇറക്കുമതികളായ ഇസ്രായേലിലെ ജൂതരുടെയും ജൈവ്ഘടനയിലെ സാമ്യം മനസ്സിലാക്കിയത്‌. അതുകൊണ്ടു തന്നെ ജൈവായുധ പദ്ധതിയുമായി മുൻപോട്ടുകുവാൻ ജൂതഭരണകൂടത്തിന്നു സാധിച്ചില്ല. നടന്നും മൃഗങ്ങളുടെ പുറത്തേറിയുമൊക്കെ ആദിമ ജനത പുതിയ മേച്ചിൽ പുറങ്ങൾ തേടിയപ്പോൾ പിൽകാലത്ത്‌ കടലിലൂടെയായി സഞ്ചാരം. സഹസ്രാബ്ദങ്ങൾക്കു മുൻപേ ഇന്ത്യയുമയി അറബ്‌ ജനത കടൽമാർഗ്ഗമുള്ള കച്ചവടബന്ധം പുലർത്തിയിരുന്നതായി ചരിത്രം പറയുന്നു. കച്ചവടത്തിനു വന്നവരിൽ കുറെപേർ ഇവിടേ താമസമുറപ്പിച്ചു, അവരിലൂടെ പുതിയ സംസ്ക്കാരവും ഭാഷയുമെല്ലാം ഇന്ത്യയുടെ ഭാഗമായി മറി. മദ്ധേഷ്യയിലെ ആദിമസമൂഹമായ ആര്യന്മാരാണു ഇന്ത്യയിൽ ബ്രാഹ്മണരുടെ പൂർവ്വികരെന്നതു അംഗീകരിക്കപ്പെട്ട വസ്തുതയാണു.
 
ആദിമ ജനത കാലക്രമേണ ഓരോരോ സമൂഹമായി പരിവർത്തിക്കപ്പെടുകയും ഓരോ ജനതക്കും സ്വന്തമായ അതിർത്തികളും ഭരണകർത്താക്കളും, മത-സംസ്ക്കാരങ്ങളും രൂപപ്പെടുകയും ചെയ്തപ്പോൾ രാജ്യ വിസ്തൃതിയുടെ ഭാഗമായും, മതപ്രചരണത്തിന്റെ ഭാഗമായും ഭരണകർത്താക്കളുടെ കീഴിൽ സൈനീകമായ സഘാടനത്തോടെ പുതിയ പ്രദേശങ്ങൾ വെട്ടിപ്പിടിക്കുവാനുള്ള 'യാത്രകൾ' ആരംഭിച്ചു. മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ സൈന്യം നടത്തിയെ ലോകയാത്ര ചരിത്രത്തിൽ ഇടം പിടിച്ച പ്രധാന സംഭവവികാസങ്ങളിലൊന്നാണു. പിന്നീട്‌ റോമാ സാമ്രാജ്യത്തിന്റെ വ്യാപനം, തുടർന്നു മദ്ധ്യകാലം വരെ നീണ്ട ഇസ്ലാമിക സാമ്രാജ്യത്തിന്റെ ജൈതയാത്രകൾ, ശേഷം മുഗളന്മാരുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ്‌, പിന്നീട്‌ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി മാറിയ യൂറൂപ്യൻ രാജ്യങ്ങളുടെ പടയോട്ടങ്ങൾ ഇതെല്ലാം പുതിയ ജീവിതസാഹചര്യം തേടിയുള്ള മനുഷ്യന്റെ ജൈവപ്രകൃതമായ യാത്രയുടെ ഭാഗമായിരുന്നു. രാജ്യവിസ്തൃതി വർദ്ധിപ്പിക്കൽ,സാമ്പത്തിക ലക്ഷ്യങ്ങൾ, മതപ്രചരണം എന്നിവയൊക്കെ പുതിയ ഭൂമികയിലേക്കുള്ള മനുഷ്യന്റെ കാലാകാലങ്ങളിലുള്ള യാത്രകൾക്കു കാരണമായി മാറി.
ആദിമമനുഷ്യർ നിലനില്പിന്നു വേണ്ടിമാത്രം പുതിയ സഞ്ചാരമേഘല തുറന്നപ്പോൾ പിന്നീട് രൂപാന്തരപ്പെട്ട സംഘടിത സമൂഹം രാജ്യവിസ്തൃതിക്കും, അധികവിഭവ സമാഹാരണത്തിന്നും, ആദർശപ്രചരണത്തിന്നും വേണ്ടി പുതിയ പരിതസ്ഥിതിയിലേക്ക് യാത്ര പുറപ്പെട്ടു. എന്നാൽ ആധുനിക സമൂഹം ജീവിതവൃത്തിക്കും, സാമ്രാജ്യവിസ്തൃതിക്കുമൊപ്പം വിനോദത്തിന്നു വേണ്ടിയും ധാരാളമായി യാത്രകൾ നടത്തുന്നു. പലർക്കും യാത്രകൾ അനുഭൂതിയാണു സമ്മാനിക്കുന്നത്. മനസ്സിനും ശരീരത്തിനും വിശ്രമം തേടുവാൻ വലിയൊരു വിഭാഗം ജനങ്ങളും തെരഞ്ഞെടുക്കുന്നത് ഇഷ്ടപ്പെട്ട പ്രദേശത്തേക്കുള്ള യാത്രയാണു.‘സഞ്ചാരസാഹിത്യ‘മെന്നത് ഇന്ന് ലോകത്തെ അറിയപ്പെട്ട സാഹിത്യമേഘലയാണു. കേരളത്തിൽ നിന്നു ട്രെയിൻ വഴി ഡൽഹിയിലേക്കൊരു യാത്ര. വഴിയിലുടനീളം എത്രയെത്ര ജനസമൂഹങ്ങളെയാണു നാം പരിചയപ്പെടുക. പച്ചപുതച്ച പുല്പാടങ്ങളിൽ നിന്നു മണിക്കൂറുകളോളം സഞ്ചരിച്ചാലും അവസാനിക്കാത്ത പരുത്തികൃഷിയും, മലയാളികൾ ഒരിക്കലും കാണാത്ത മറ്റു കൃഷിയിടങ്ങളും, പിന്നിട് ഫുലൻ ദേവിയുടെ സാമ്രാജ്യമായ ചമ്പൽ കാടുകളും താണ്ടിയുള്ള ആ യാത്ര ജിവിതത്തിൽ ഒരിക്കലെങ്കിലു നടത്തിയവർക്ക് അവിസ്മരണീയമായ അനുഭുതിയായി ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നത് സംശയമില്ല.  ഭൂമിയിലെ മനുഷ്യരുടെ ജീവിതഘടന തന്നെ നോക്കൂ.. ഇന്ത്യയിലെ ജനങ്ങൾ ഉപജീവനത്തിന്നു വേണ്ടി യൂറോപ്പിലേക്കും, അമേരിക്കയിലേക്കും,ഗൾഫ് രാഷ്ട്രങ്ങളിലേക്കും കുടിയേറ്റം നടത്തുന്നു. അതേ സമയം തന്നെ അന്നാടിലെ ജനങ്ങൾ വിനോദസഞ്ചാരത്തിന്റെ ഭാഗമായി നമ്മുടെ നാടുകളിലേക്കും ധാരാളമായി യാത്ര ചെയ്യുന്നു..മാത്രമല്ല സമുദ്രത്തിന്നടിയിലൂടെയും  സമുദ്രത്തിന്ന് മുകളിലൂടെയും കരയിലൂടെയും, ആകാശമാർഗ്ഗവും ഇന്ന് മനുഷ്യൻ യാത്രചെയ്യുന്നു.  ഭൂമിയിലെ ലക്ഷ്യങ്ങളിൽ യാത്രകൾ പരിമിതപ്പെടുത്താതെ തലക്കുമുകളിൽ എന്നും കാവലായി വെളിച്ചം വിതരി കൂടെ നടക്കുന്ന ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും വരെ മനുഷ്യർ ഇന്നു യാത്രപുറപ്പെടുവാൻ തുടങ്ങിയിരിക്കുന്നു.  ബഹിരാകാശത്തേക്കുള്ള മനുഷ്യരുടെ യാത്ര ഇന്നൊരു വാർത്തപോലുമാകുന്നില്ല. വർഷങ്ങളോളം ഭൂമിക്കും മറ്റുഗ്രഹങ്ങൾക്കുമിടയിൽ യാത്രചെയ്ത് ജീവിക്കുവാൻ ഇന്നു മനുഷ്യൻ പ്രാപ്തനായിരിക്കുന്നു. 

നടന്നും, മൃഗങ്ങളുടെ പുറത്തേറിയും തുടക്കമിട്ട  വാഹനവ്യവസായം ഇന്നു ലോകത്ത് മറ്റു മേഘലകളെ പിന്നിലാക്കിക്കൊണ്ടു ദ്രുതഗതിയിൽ കുതിച്ചുകയറുകയാണു. സൈക്കിൾ മുതൽ വിമാനം വരെ നീണ്ടു നിൽക്കുന്ന വൻ വ്യവസായം. എത്രെയെത്ര ബ്രാൻഡുകളാണു വിവിധ കമ്പനികൾ ഓരൊ വർഷവും വിപണിയിൽ ഇറക്കുന്നത്. ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുകയെന്നത് യാത്രക്കെന്നതിലുപരി അഭിമാനത്തിന്റെ കൂടി പ്രതീകമാണു. ലക്ഷക്കണക്കിനു ജനങ്ങൾ വാഹനങ്ങളുമായി ബന്ധപ്പെട്ടെ അനുബന്ധമേഘലകളിൽ ജോലിചെയ്തു കൊണ്ടു ഉപജീവനം കരുപിടിപ്പിക്കുന്നു. ഒരു നാടിന്റെ  അടിസ്ഥാനവികസനം തന്നെ നിലകൊള്ളുന്നത് യാത്രാസൌകര്യവുമായി ബന്ധപെട്ടുകൊണ്ടാണു. ഗ്രാമീണ പാഥകൾ മുതകൾ രാജകീയ പാഥകൾ വരെ ഓരോ രാജ്യങ്ങളും ഇതിന്നായി തരപ്പെടുത്തുന്നു. വൃത്തിയും,  സൌകര്യങ്ങളുമുള്ള രാജപാഥകൾ ഓരോ നാടിന്റെയും അഭിമാനമായിമാറുന്നു.  ഇന്ത്യൻ റെയിൽ വെ ഒരു മാസം ജീവനക്കാർക്കു നൽകുന്ന ശമ്പളം മാത്രമാണു സമ്പന്നരായ ചിലഗൾഫ് രാജ്യങ്ങളുടെയും മാസവരുമാനമെന്നത് അതിശയോക്തിയല്ല. യാത്ര നിലക്കുക എന്നാൽ ജീവിതം നിലക്കുക എന്നർത്ഥം. രാഷ്ട്രീയ പാർട്ടികളുടെ ഹർത്താലുകളൂം, ബന്ദുകളും വിജയിപ്പിക്കുവാൻ പാർട്ടിക്കാർ ആദ്യം ലക്ഷ്യം വെക്കുന്നത് യാത്ര തടസ്സ്പ്പെടുത്തുകയെന്നതാണു. യാത്ര തടസ്സപ്പെട്ടാൽ ജനജീവിതം സ്തംഭിച്ചു എന്നു സാരം. ചുരുക്കത്തിൽ സഞ്ചാരമെന്നത് ജിവന്റെ നിലനില്പുതന്നെയാണു.

എന്നാൽ ഇതിന്റെ മറുപുറവും കാണാതിരുന്നു കൂടാ. യാത്രകൾ സന്തൊഷവും, അനുഭുതിയും, അറിവുമെല്ലാം പകരുമെങ്കിലും ദുരന്തങ്ങളും സമ്മാനിക്കുന്നുണ്ടു. ലോകത്ത് സ്വാഭാവികമരണങ്ങളെ കടത്തിവെട്ടിക്കൊണ്ടാണു യാത്രയിലുടനീളമുണ്ടാകുന്ന  അപകടങ്ങളിൽ പെട്ടുണ്ടാകുന്ന മരണങ്ങൾ മുന്നേറുന്നത്. മാരകമായി പരിക്കുപറ്റി ശിഷ്ടജിവിതം തള്ളിനീക്കുന്നവരും അനവധി. ഓരോ ദിവസവും എത്രയെത്രപേരാണു വാഹനാപടങ്ങളിൽ മരണമടയുന്നത്. ദുരന്തങ്ങൾ ആഘോഷമാകുന്ന ഇക്കാലത്ത്  ട്രെയിൻ ദുരന്തങ്ങളും, ബോട്ടപകടങ്ങളും, വിമാനദുരന്തങ്ങളും, റോഡപകടങ്ങളും അതുമായി ബന്ധപ്പെട്ടവർക്കു സമ്മാനിക്കുന്നത് കൊടിയ ദുരന്തം മാത്രം.  ഇഷ്ടവാഹനം നൽകി മകനെ സന്തോഷത്തോടെ യാത്രയക്കുന്ന മാതാപിതാക്കൾ പിന്നെ കാണുന്നത് മകന്റെ ചേതനയറ്റ ശരീരം മാത്രമാണു. പിഞ്ചുകുഞ്ഞുങ്ങളുമായി ഉല്ലാസയാത്രക്കു പോയ ബോട്ടു മറിഞ്ഞ് ബോട്ടിൽ ഉണ്ടായിരുന്ന കുഞ്ഞുങ്ങൾ മുങ്ങിമരിച്ച തട്ടേകാട് ബോട്ട് ദുരന്തം ഒരു നാടിന്റെ രൊദനമായി മാറിയത് കഴിഞ്ഞ വർഷങ്ങളിലാണു. ഇവിടെ പ്രസക്തമായ ഒരു വസ്തുത, യാത്രയിലുടനീളം പാലിക്കേണ്ട ഗതാഗത നിയമങ്ങൾ ലംഘിക്കുമ്പോഴാണു അപകടങ്ങൾ സംഭവിക്കുന്നത് എന്നതാണു.  സ്വയം മറന്നുകൊണ്ടുള്ള അമിത വേഗത, നിയമ ലംഘനം,മദ്യപാനം ,അശ്രദ്ധ എന്നിവയൊക്കെയാണു അപകടങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങൾ. നിയമങ്ങൾ പാലിച്ചുകൊണ്ട് യാത്ര ചെയ്യുമ്പോൾ യാത്ര സുരക്ഷിതമാകുന്നു, ആസ്വാദകരമാകുന്നു, ലക്ഷ്യസ്ഥാനത്തേക്ക് എത്തുകയും ചെയ്യുന്നു. ലക്ഷ്യം മറന്നുകൊണ്ട് തന്നിഷ്ടത്തിന്നി യാത്ര ചെയ്യുന്നവരാകട്ടെ പലപ്പോഴും അപകടത്തിൽ പെടുന്നു എന്നു മാത്രമല്ല മറ്റുള്ളവരെയും അപകടത്തിൽ പെടുത്തുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത ഭൂമിയിലെ മനുഷ്യരുടെ ജിവിതത്തെയും ദൈവം ഉപമിച്ചിരിക്കുന്നത് ഒരു യാത്രയോടാണു. മുൻപെ സുചിപ്പിച്ച നശ്വരതയിൽ നിന്നു അനശ്വരതയിലേക്കുള്ള യാത്ര. പ്രപഞ്ചനാഥൻ നിശ്ചയിച്ച നിയമങ്ങളും, നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ശ്രദ്ധയൊടെ യാത്ര ചെയ്താൽ ദൈവം വാഗ്ദാനം നൽകിയ സുരക്ഷിത ലക്ഷ്യത്തിലേക്കെത്തിച്ചേരാം. അതല്ല ഇ ലോകത്തിന്റെ ആഡംഭരത്തിൽ മതിമറന്നു കൊണ്ട് അമിത വേഗതയിൽ, അശ്രദ്ധമായി, ലക്ഷ്യത്തെ വിസ്മരിച്ച് യാത്രചെയ്യുന്നവർ എത്തിപ്പെടുക സ്ഥിരമായ ദുരന്തപരിണിതിയിലേക്കാണു. എത്ര മനോഹരമായ സാദൃശ്യം അല്ലേ?. ദൈവം ഭൂമിയിലെ ജിവിതത്തെ ഒരു യാത്രയൊടുപമിച്ചത് വെറുതെയല്ല. 

അതുകൊണ്ടു സുരക്ഷിത യാത്ര..അതുമാത്രമാണു ലക്ഷ്യത്തിലേക്കുള്ള യാത്ര.

പി.കെ.നൌഫൽ


2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഭൂമിയിലെ മനുഷ്യരുടെ ജിവിതത്തെയും ദൈവം ഉപമിച്ചിരിക്കുന്നത് ഒരു യാത്രയോടാണു. മുൻപെ സുചിപ്പിച്ച നശ്വരതയിൽ നിന്നു അനശ്വരതയിലേക്കുള്ള യാത്ര. പ്രപഞ്ചനാഥൻ നിശ്ചയിച്ച നിയമങ്ങളും, നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ശ്രദ്ധയൊടെ യാത്ര ചെയ്താൽ ദൈവം വാഗ്ദാനം നൽകിയ സുരക്ഷിത ലക്ഷ്യത്തിലേക്കെത്തിച്ചേരാം. അതല്ല ഇ ലോകത്തിന്റെ ആഡംഭരത്തിൽ മതിമറന്നു കൊണ്ട് അമിത വേഗതയിൽ, അശ്രദ്ധമായി, ലക്ഷ്യത്തെ വിസ്മരിച്ച് യാത്രചെയ്യുന്നവർ എത്തിപ്പെടുക സ്ഥിരമായ ദുരന്തപരിണിതിയിലേക്കാണു. എത്ര മനോഹരമായ സാദൃശ്യം അല്ലേ?. ദൈവം ഭൂമിയിലെ ജിവിതത്തെ ഒരു യാത്രയൊടുപമിച്ചത് വെറുതെയല്ല.

    ReplyDelete