Sunday, January 30, 2011

ഇസ്ലാമിക രാഷ്ട്രിയം- ചാർവാകനുമായുള്ള ചർച്ച..


മാനവിക നിലപാടുകൾ എന്ന ബ്ലോഗിലെ സത്യാന്വേഷിയുടെ ഹുസൈൻ ആഭാസങ്ങൾ എന്ന പോസ്റ്റുമായി ബന്ധപ്പെട്ട ഞാൻ എഴുതിയ ഒരു കുറിപ്പിന്ന് ചാർവാകൻ കൂടുതൽ വിശദീകരണം ചോദിച്ച് മറുപടി എഴുതിയിരുന്നു. മറുപടി അല്പം ദീർഘിച്ചത് കൊണ്ട് കമന്റ് ബോക്സിൽ ഉൾപ്പെടുത്താനാവില്ല എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു ചെറു പോസ്റ്റാക്കി മാറ്റിയിരിക്കുന്നു.
സഹകരിക്കുക


ചാർവാകന്റെ വാചകങ്ങളിലൂടെ

pulari പറഞ്ഞു...

അത് പോലെ തന്നെ ആത്മീയ ഇസ്ലാം, രാഷ്ട്രിയ ഇസ്ലാം എന്നാ വേര്‍തിരിവും ഇസ്ലാമിലില്ല...
പുലരി,ഇസ്ലാമിൽ ഇത്തരം വേർതിരുവുകൾ ഉണ്ടങ്കിലും ഇല്ലങ്കിലും,സാമൂഹ്യചിന്തയിലുണ്ട്.അത് പാശ്ചാത്യ വീക്ഷണമാണന്നു പറയുന്നതിനോട്,വിയോജിക്കട്ടേ,എന്റെ പൊസ്റ്റിലും ഒരു കമന്റിലും ഞാനത് സൂചിപ്പിച്ചിരുന്നു.മുഹമദ് അലി ജിന്ന മതവിശ്വാസിയായിരുന്നില്ല.മറിച്ചു മതവിരുദ്ധനുമായിരുന്നു.പന്നിയിറച്ചി,വിസ്ക്കി,വിലകൂടിയ ചുരുട്ട് ഇതായിരുന്നു രീതി.പ്ന്നെന്തുകൊണ്ട് ഇസ്ലാമിക രാജ്യത്തിനു വേണ്ടി വാദിച്ചു എന്ന തികച്ചും രാഷ്ട്രിയമായ വിഷയം പുലരിയൊന്നു വ്യക്തമാക്കാമോ.അതുപോലെ ദേശീയ കവിയായ ഇക്ബാൽ.(ഈ വിഷയത്തിൽ പണ്ടുഞാനൊരു പോസ്റ്റിട്ടിരുന്നു.http://sudhakaran0chaarvaakan.blogspot.com/2009/09/blog-post.html)വെറുതെ കാടടച്ചു വെടിവെക്കുന്നതല്ലന്നു ചുരുക്കം.
ദലിതുകളൂമായി ഐക്യപ്പെടുന്നതിന്റെ വിഷയം....
സചാർ കമിറ്റിയുടെ വിലയിരുത്തൽ ചില പ്രദേശങ്ങളീൽ,ദലിതുകൾക്കും പിന്നിലാണ് മുസ്ലീമുകൾ എന്നാണ്.എന്തായിരിക്കാം ഇതിനു കാരണം.?
പുലരിയുടെ അഭിപ്രായമറിഞ്ഞിട്ടുവേണം തുടരാൻ.
ഇരകളുടേ ഐക്യമെന്നത് പുതിയ വിഷയം തന്നെയാണോ..?
ഇസ്ലാമിലെ പൊളിറ്റിക്സ് കൂടുതൽ വ്യക്തമാക്കുമോ..?


ചാർവാകൻ
വളരെ ആഴമേറിയ ഒരു ചർച്ചക്കേതായലും ഞാനില്ല. എനിക്കതിനു മാത്രമുള്ള അറിവില്ല എന്നു പറയുന്നതാവും ശരി. സമൂഹത്തിന്റെ സത്വരശ്രദ്ധ പതിയേണ്ട ചില വിഷയങ്ങൾ എടുത്തിടാൻ ശ്രമിക്കുക എന്നത് മാത്രമാണ് എന്റെ പോസ്റ്റിൽ പോലും നാളിതുവരെ ചെയ്തു കൊണ്ടിരിക്കുന്നത്. അതിനപ്പുറം വളരെ ‘ഡീപ്പായ’ ചർച്ചകൾക്ക് ഞാൻ നിൽക്കാറില്ല.അതിനു മാത്രമുള്ള പാണ്ഠിത്യവും എനിക്കില്ല. ഇവിടെയും എന്റെ പരിമിതിക്കകത്തു നിന്നു കൊണ്ടു ചിലത് പറയുവാൻ ശ്രമിക്കാം.
ഒന്ന് ഇസ്ലാമിലെ രാഷ്ട്രിയം. ഇസ്ലാം ഒരാദർശ പ്രസ്ഥാനമാണ്. ആ ആദർശമെന്നത് ഏകദൈവ വിശ്വാസവുമാണ്. ഇസ്ലാമിന്റെ ഭരണഘടന എന്നത് വിശുദ്ധ ഖുർ ആനും, രേഖപ്പെടൂത്തപ്പെട്ട പ്രവാചകന്റെ ചര്യകളും, വചനങ്ങളുമാണ്. ഒരു വ്യക്തി എന്ന നിലക്കും, കുടുംബനാഥൻ എന്ന നിലക്കും, യോദ്ധാവ്, പരിഷ്കർത്താവ്, രാഷ്ട്രനേതാവ് എനീ നിലകളിലും പ്ര്വാചകന്റെ ജീവിതം തന്നെയാണ് ഇസ്ലാമിക സമൂഹത്തിന്റെ മാതൃക.

ഇവിടെ പ്രവാചക ജീവിതത്തിലൂടെ ഇസ്ലാമിന്റെ വ്യക്തി ജീവിതം കടന്നു വരുന്നു, ഇസ്ലാമിലെ കുടുംബ ജീവിതം കടന്നു വരുന്നു. ഒരു യോദ്ധാവിനു വേണ്ട മാതൃകകൾ അദ്ദേഹം നൽകുന്നു. ഒരു പരിഷ്കർത്തവ് എന്ന നിലക്കുള്ള അദ്ധ്യാപനങ്ങൾ പ്രവാചകൻ നൽകുന്നു. അതൊടൊപ്പം അന്തിമമായി ഇതിന്റെയെല്ലാം ആകെതുകയായ ഉത്തമ രാഷ്ട്രം എന്നതിനും അദ്ദേഹം മാതൃക കാണിച്ചു തരുന്നു. പറഞ്ഞു വരുന്നത് ഒന്ന് മറ്റൊന്നിനോട് ബന്ധിതമാണേന്നതാണ്. അല്ലെങ്കിൽ എല്ലാം പരസ്പര പൂരകമാണെന്നർത്ഥം. ഇതിൽ ഏതെങ്കിലുമൊന്നിനെ അവഗണിച്ചു കൊണ്ട് മറ്റൊന്നിനെ കണ്ടെടുക്കുവാൻ സാധ്യമല്ല തന്നെ. നല്ല വ്യക്തികളിൽ നിന്നാണ് നല്ല കുടുംബം രൂപപ്പെടുന്നത്, നല്ല കുടൂംബങ്ങളിൽ നിന്നാണ് നല്ല സമൂഹം പരിവർത്തിക്കപ്പെടുന്നത്.  ആരോഗ്യകരമായ സമൂഹങ്ങളിൽ മാത്രമാണ് മാതൃകാരാഷ്ട്രം രൂപപ്പടുന്നത്.

സാമൂഹിക നീതി  അതാണ് ഇസ്ല്ലമിക രാഷ്ട്രിയത്തിന്റെ സത്ത. ഇസ്ലാമിക സമൂഹങ്ങളുടെ സുവർണ്ണ കാലഘട്ടങ്ങളിൽ ഇസ്ലാമിക സാമ്രാജ്യത്തിന്നതീനപ്പെട്ട സമൂഹങ്ങൾ ഇതിന്റെ ഗുണഫലം അനുഭവിച്ചവരാണ്. അതെ സമയം പിൽകാലങ്ങളിൽ മുസ്ലിം വേഷം മാത്രം ധരിച്ചുകൊണ്ട് വിശ്വാസത്തിലോ, പ്രവൃത്തിയിലോ ഇസ്ലാമിക മൂല്യങ്ങളൊന്നു കാത്തു സൂക്ഷിക്കാത്ത ചക്രവർത്തിമാരും സുൽത്താൻ മാരും അധികാരത്തിന്റെ കടിഞ്ഞാൺ പിടിച്ചപ്പോൾ ഇസ്ലാം മുന്നോട്ടു വെക്കുന്ന സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തിന്നും സ്വാഭാവികമായ ക്ഷതം സംഭവിച്ചു എന്നു പറയാം. അതിന്റെ തിക്തഫലങ്ങൾ അമുസ്ലിം സമൂഹങ്ങൾ മാത്ര്മല്ല, മുസ്ലിം സമൂഹങ്ങളും അനുഭവിച്ചിട്ടുണ്ട്. അക്കാലങ്ങളിലെ ‘ഹുസ്നി മുബാറഖ്’ മാരുടെ കിരാതഭരണത്തിന്നനുകൂലമായ ‘മതവിഥി’കൾ നൽകിയില്ലെന്ന കാരണത്താൽ എത്രയെത്ര പണ്ടിതന്മാരെയാണ് ഏകാതിപതികൾ കൊലചെയ്യുകയോ, തടവറയിലടക്കപ്പെടുകയോ ചെയ്തിട്ടുള്ളത്.

ഇത്രയും പറഞ്ഞത് കേവല കക്ഷിരാഷ്ട്രീയമല്ല ഇസ്ലാമിലെ രാഷ്ട്രിയമെന്നത് എന്നു പറയുവാനാണ്. മറിച്ച് വിശ്വസികളും, അവിശ്വാസികളുമായ ഒരു ജനതയുടെ ‘സാമൂഹിക നീതി’ ഉറപ്പുവരുത്തുക എന്നതാണ് ഇസ്ലാമിലെ രാഷ്ട്രിയത്തിന്റെ ലക്ഷ്യം.

ചാർവാകൻ പറയുന്നു. പുലരി,ഇസ്ലാമിൽ ഇത്തരം വേർതിരുവുകൾ ഉണ്ടങ്കിലും ഇല്ലങ്കിലും,സാമൂഹ്യചിന്തയിലുണ്ട്.അത് പാശ്ചാത്യ വീക്ഷണമാണന്നു പറയുന്നതിനോട്,വിയോജിക്കട്ടേ,എന്റെ പൊസ്റ്റിലും ഒരു കമന്റിലും ഞാനത് സൂചിപ്പിച്ചിരുന്നു.മുഹമദ് അലി ജിന്ന മതവിശ്വാസിയായിരുന്നില്ല.മറിച്ചു മതവിരുദ്ധനുമായിരുന്നു.പന്നിയിറച്ചി,വിസ്ക്കി,വിലകൂടിയ ചുരുട്ട് ഇതായിരുന്നു രീതി.പ്ന്നെന്തുകൊണ്ട് ഇസ്ലാമിക രാജ്യത്തിനു വേണ്ടി വാദിച്ചു എന്ന തികച്ചും രാഷ്ട്രിയമായ വിഷയം പുലരിയൊന്നു വ്യക്തമാക്കാമോ


ചാർവാകൻ പറയുന്നതിൽ വസ്തുതയില്ലാതില്ല. അതായത് ഇസ്ലാമിൽ രാഷ്ട്രീയം- സാമ്പത്തികം എന്ന വകതിരിവീല്ലെങ്കിലും സാമൂഹ്യ ചിന്തയിൽ അതുണ്ട്. ഇതു വ്യക്തമാക്കുവാൻ ഒരുദാഹരണം പറയാം. ഇസ്ലാമിൽ ജാതി സമ്പ്രദായങ്ങളില്ല. അതെസമയം ഇന്ത്യയിലെ മുസ്ലിം സമൂഹങ്ങളിൽ ആഴത്തിൽ തന്നെ പലയിടങ്ങളിലും ജാതിസമ്പ്രദായം നിലനിൽക്കുന്നുണ്ട്.  കേരളത്തിൽ ‘ഓസാൻ’ എന്ന വിഭാഗം മുസ്ലിം സമൂഹത്തിന്നുള്ളിൽ ഇപ്പോഴും നിലവിലുണ്ട്.  അതായത് ഇസ്ല്ലമിലില്ലാത്ത സാമൂഹിക ദൂഷ്യങ്ങൾ മുസ്ലിം സമുദായം പലയിടങ്ങളിലും കൊണ്ടു നടക്കുന്നു. ചിലരെല്ലാം അത് മതത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ഇതിന്റെ ഇത് ഇസ്ലാമിന്റെ കുറ്റമാണോ? അല്ല എന്നു തന്നെ ഉറപ്പിച്ചു പറയാം, മറിച്ച് അതു കയ്യാളുന്നവരുടെ അറിവ്ക് കേടോ, പിടിപ്പുകേടോ മാത്രമാണ്. അതിനു ചാലകമായ ചില സാമൂഹിക പശ്ചാതലവുമുണ്ടാകാം. കാരണം ഇന്ത്യയിലെ മുസ്ലിം ജനവിഭാഗങ്ങളിൽ ഏറിയ കൂറും ഹൈന്ദവ സമൂഹങ്ങളിലെ പിന്നോക്കവിഭാഗങ്ങളിൽ നിന്നു മാറിവന്നവരാണ്. ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളേക്കാൾ അവരെ ഇസ്ലാമിലേക്കാകർശിച്ചത് മനുഷ്യരെ മനുഷ്യരായി മാത്രം കാണുന്ന പ്രത്യയശാസ്ത്രമാണ്.  പരിവർത്തിക്കപ്പെട്ടവരിൽ ഭൂരിഭാഗത്തിന്നും ഇസ്ലാം എന്താണെന്നോ, ഇസ്ലാമിക ആദർശം എന്താണെന്നോ ഭാഗികമായി പോലും അറിബുണ്ടായിരുന്നില്ല, അവരെ സമ്പന്ധിച്ചിടത്തോളം ഒരു മനുഷ്യൻ എന്ന നിലയിൽ അവർക്കംഗീകാരം ലഭിക്കുന്ന ഒരു ആദർശത്തിന്റെ ഭാഗമാകുക. അതുമാത്രമായിരുന്നു അവരുടെ  ലക്ഷ്യം.  

അതെ സമയം ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമായിട്ടൂം ഇത്തരം അറിവില്ലായ്മകൾ പഴയ ജാതിസമ്പ്രദായത്തെ പൂർണ്ണമായും കയ്യൊഴിയുവാൻ അവരെ അനുവധിച്ചില്ല. അങ്ങിനെയല്ല എന്നു തിരുത്തിക്കൊടുക്കുവാൻ അന്നത്തെ പണ്ടിതന്മാരും പരാചയപ്പെട്ടു. അങ്ങിനെയാണ് ഇന്ത്യയിലെ മുസ്ലിം ജനവിഭാഗങ്ങളിൽ മറ്റെവിടെയുമില്ലാത്ത ജാതി സമ്പ്രദായം രൂപപ്പെടുന്നത്. എന്നാൽ ഇസ്ലാമിക ജ്ഞാനം അവരിൽ വർദ്ധിക്കുന്നതിനനുസരിച്ച് ഇത്തരം ശിഥില സമ്പ്രദായങ്ങൾക്കെതിരെയുള്ള വികാരം ശക്തിപ്പെട്ടുവരുന്നുമുണ്ട്. കേരളത്തിലെ ഓസാൻ വിഭാഗം ഒരു തലമുറ മുൻപ് അനുഭവിച്ചിരുന്ന വിവഹ ബഹിഷ്കരണമൊന്നും ഇപ്പോൾ അനുഭവിക്കുന്നില്ല. സാധാരണ കുടുംബബങ്ങളുമായി ഇപ്പൊൾ ഇവർ വിവാഹബന്ധങളിൽ ഏർപ്പെടുന്നുണ്ട്.

പറഞ്ഞു വന്നത് സാമൂഹികമായ കാരണങ്ങളാൽ ഇസ്ലാമിലില്ലാത്ത പലതും മുസ്ലിം സമൂഹങ്ങളുടെ ഭാഗമായി വന്നിട്ടുണ്ട്. എന്നാൽ ഇസ്ലാമിക ആദ്ധ്യാപനങ്ങൾ മുറക്ക് ലഭിക്കുന്നതിനനുസരിച്ച് ഇത്തരം മൂല്യചുതിയിൽ നിന്നു അവർ പിൻ വാങ്ങുകയും ചെയ്യുന്നുണ്ട് എന്നു പറയുവാനാണ്. ഇതിന്റെ തുടർച്ച തന്നെയാണ് ചാർവാകൻ സൂചിപ്പിച്ച മേല്പറഞ്ഞ ഇസ്ലാമിലില്ലാത്ത സാമൂഹ്യ ചിന്ത. ഒരു കാര്യം വ്യക്തമക്കുവാൻ ആഗ്രഹിക്കുന്നു. ചാർവാകൻ അതു മറന്നതാണോ, അല്ലയോ എന്ന് എനിക്കറിയില്ല. അതായത് മുഹമ്മദാലി ജിന്ന ഒരിക്കലും ഒരിസ്ലാമിക രാഷ്ട്രത്തിന്നു വേണ്ടി വാദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ‘ഇസ്ലാമിക രാഷ്ട്രം’ അല്ല മറിച്ച് ‘പാശ്ചാത്യൻ മാതൃകയിലുള്ള മുസ്ലിം രാഷ്ട്ര’മായിരുന്നു. അതായത് ഇസ്ല്ലമല്ല ആദർശം, മറിച്ച മുസ്ലിം നാമദാരികൾ നേതൃത്വം നൽകുന്ന പാശ്ചാത്യൻ മോഡൽ രാഷ്ട്രം. ഇതു പറയുവാനാണ് ഞാൻ ഇത്രയും വിശദീകരിച്ചത്. ഇസ്ലാമിക ആദർശം വേറെ, മുസ്ലിം സമൂഹം വേറെ. വിശുദ്ധ ഖുർആനും, പ്രവാചക ചര്യകളും ആദ്യത്തെയും അവസാനത്തെയും ആദർശവും, വഴികാട്ടിയും, ഭരണഘടനയുമായി അംഗീകരിക്കുക എന്നത് മാത്രമാണ് ഇസ്ലാമിക രാഷ്ട്രത്തിന്റെ മിനിമം യോഗ്യത. അതു പ്രവൃത്തിയിൽ കൊണ്ടുവരിക എന്നത് തുടർന്നു വരേണ്ട പ്രകൃയയും. എന്നാൽ എല്ലാ മുസ്ലിം സമൂഹങ്ങളും ഈ നിലപാടുമായി യോചിപ്പുള്ളവരല്ല, അതിനവർക്ക് അവരുടേതായ കാരണങ്ങളുമുണ്ടാകാം. ഉദാഹരണത്തിന്ന് ഇസ്ലാമിക രാഷ്ട്രങ്ങൾ എന്നറിയപ്പെടുന്ന മിഡിൽ ഇസ്റ്റിലെ പല രാജ്യങ്ങളും മുസ്ലിം രാഷ്ട്രങ്ങൾ മാത്രമാണ്. കാരണം ഇസ്ലാമിലുള്ളത് ഖിലാഫത്താണ്, അതല്ലാതെ ‘മുലുകിയത് ‘ അഥവാ രാജഭരണമോ, ഏകാതിപത്യ ഭരണമോ അല്ല.  അതെപോലെ ഇസ്ലാം ഒരിക്കലും മദ്യത്തെ അനുകൂലിക്കുന്നില്ല, മദ്യപാനിയായ, പന്നിഭോജിയായ ജിന്ന പിന്നെയെങ്ങിനെ ഇസ്ലാമിക രാഷ്ട്രത്തിന്നു വേണ്ടി ശ്രമിക്കും? അദ്ദേഹം ആഗ്രഹിച്ചത് മുസ്ലിം ഭൂരിപക്ഷമുള്ള ഒരു രാജ്യം. അത്രമാത്രമേയുള്ളൂ.. വിഭജനം തന്നെ ജിന്നക്ക് ഏറ്റെടുക്കേണ്ടിവന്നത് സവർക്കാരിൽ നിന്നും, നെഹ്രുവിൽ നിന്നുമാണെന്നാണു. സംഘനേതാവായ അദ്വാനിയും, കോൺഗ്രസ് നേതാവായ ദിഗ് വിജയ സിംഗും, മാർക്കിസ്റ്റ് നേതാവായ യെച്ചൂരിയും പിന്നെ ചരിത്രമറിയുന്ന മറ്റെല്ലാവരും പറയുന്നത്. ആ വിവാദം അവിടെ നിൽക്കട്ടെ.

പിന്നെ ചാർവാകൻ പറയുന്നു ഇരകളുടെ ഐക്യത്തെ കുറിച്ച്..

ഇസ്ലാമിനെ സമ്പന്ധിച്ചിടത്തോളം പ്രയാസമനുഭവിക്കുന്ന വിഭാഗങ്ങളെ സമാശ്വാസിപ്പിക്കുക എന്നത് ആദർശത്തിന്റെ ഭാഗമാണ്. ഞാൻ മുൻപ് സൂചിപ്പിച്ച ഒരു വാക്യം വീണ്ടും എടുത്തിടുന്നു. “അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല” എന്ന പ്രവാചക വചനം വിരൽ ചൂണ്ടുന്നത് പ്രയാസമനുഭവിക്കുന്നവരെ ആദർശം നോക്കാതെ സഹായിക്കുക എന്നത് ഇസ്ലാമിക ചര്യയുടെ ഭാഗം തന്നെയാണ് എന്നതാണ്. ഇന്ത്യയിലാകട്ടെ  ദലിതുകൾക്കൊപ്പമോ അവരിലേറെയോ മുസ്ലിം സമുദായം സ്വയം തന്നെ പ്രയാസമനുഭവിക്കുന്നു. ആ നിലക്ക് ഇരകളുടെ ഐക്യമെന്നതിലുപരിയായ മാനങ്ങൾ ദലിതുകളുമായ സഹവർത്തിത്തത്തിന്ന് ഇസ്ലാമിക ചിന്താദാരയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ  ഈ വിഷയത്തിന്ന് നൽകൂന്നു. ഇതൊരു നാഠ്യമല്ല. മറിച്ച് ആദരശത്തിന്റെ ഭാഗം മാത്രമാണ്. എല്ലാവരും ഇതു മനസ്സിലാക്കിക്കൊള്ളണമെന്നില്ല. അങ്ങിനെ നിർബന്ധവുമില്ല. അതു മനസ്സിലാക്കിയവർ എത്ര്മാത്രം പ്രതിസന്ധി ഉണ്ടായാലും പരസ്പര ധാരണയോടു കൂടി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

Tuesday, January 25, 2011

പൂച്ചയെ സ്നേഹിച്ച ജൂലി മദാമ


                 ചെറുപ്പകാലത്ത് വീടിന്റെ പരിസരപ്രദേശത്ത് ചുറ്റിപ്പറ്റി ഒരു പൂച്ച ഉണ്ടായിരുന്നു. മഞ്ഞവരയുള്ള പുച്ച. അതുകൊണ്ടു തന്നെ ഞങ്ങളതിനെ ‘മഞ്ഞപ്പൂച്ച‘ എന്നാണു വിളിച്ചിരുന്നത്. ആ പരിസരത്ത് അടയിരുന്ന് വിരിഞ്ഞു വരുന്ന കോഴിക്കുഞ്ഞുങ്ങളായിരുന്ന് ആളുടെ ഇഷ്ഠ ഭോജ്യം. അക്കാലത്ത് ഏതാണ്ടെല്ലാ വീട്ടിലും കോഴിക്കുഞ്ഞുങ്ങളെ അടവിരിയിപ്പിക്കും. ഉടമസ്ഥർ എങ്ങിനെ കാത്തുസൂക്ഷിച്ചാലും അടവിരിഞ്ഞു വരുന്ന കോഴിക്കുഞ്ഞുങ്ങളിൽ ഭൂരിഭാഗത്തെയും ‘മഞ്ഞപ്പൂച്ച’ അകത്താക്കും. അതിനു പ്രത്യേക വിരുത് തന്നെ മഞ്ഞപ്പൂച്ചക്കുണ്ടായിരുന്നു. ഒരു സംഭവം പറയാം. മഞ്ഞപ്പൂച്ചയെ പേടിച്ച് അടവിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ പുറത്ത് കോഴിക്കൂട്ടിൽ അടക്കാതെ ഗ്രില്ലിട്ട വടക്കെ കോലായിലാണു എന്റെ ഉമ്മ സൂക്ഷിച്ചിരുന്നത്. കുറച്ചുദിവസമങ്ങിനെ കടന്നു പോയി. ഒരു ദിവസം പാലുകറക്കുവാൻ വരുന്ന കറവക്കാരനു പാൽ പാത്രം എടുത്തു കൊടുക്കുവാൻ വേണ്ടി പുലർച്ചെ ഉമ്മ ഗ്രില്ല് തുറന്നതേയുള്ളൂ പിന്നെ കേൾക്കുന്നത് കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചിലായിരുന്നു. ഉമ്മ വാതിൽ തുറന്ന ചെറിയ സമയം കൊണ്ട് നമ്മുടെ വില്ലൻ അകത്തുകയറി കുറെയെണ്ണത്തിനെ ‘പ്രാതലാ’ക്കി മാറ്റി. നാടൻ കോഴിയിറച്ചി തിന്ന് ആളങ്ങ് തടിച്ചു കൊഴുത്തു.ഏതാണ്ടെല്ലാ വീട്ടിലും മഞ്ഞപ്പൂച്ച വില്ലനായി അവതരിച്ചു. ശല്യം സഹിക്കവയ്യാതെ മഞ്ഞപ്പൂച്ചയെ തട്ടിക്കളയുവാൻ ‘നാട്ടുകൂട്ടം‘ തിരുമാനിച്ചു.  പാടത്ത് എരണ്ടയെ വെടിവെച്ചു വിഴ്ത്തുവാൻ വിദഗ്ദനായ ഖാദർക്ക ‘എയർ ഗൺ’ (ഏ.കെ 47 അല്ല ട്ടോ.. ഉറപ്പ്) ഉപയോഗിച്ച് പുച്ചയെ വെടി വെച്ചു. വെടികൊണ്ടത് ഒരു കണ്ണിന്.  എന്നാലതൊന്നും ‘മഞ്ഞപ്പുച്ചയുടെ ശൌര്യത്തിന്നു ഒട്ടും കോട്ടം തട്ടിച്ചില്ല. ഒറ്റകണ്ണും വെച്ച് ആൾ പിന്നെയും വേട്ടക്കിറങ്ങി. പല വീട്ടിലും വില്ലനായി വീണ്ടും അവതരിച്ചു, ദശക്കണക്കിന് കോഴിക്കുഞ്ഞുങ്ങളുടെ അന്തകനായി. പക്ഷെ ചാകാൻ യോഗമുണ്ടായത് പള്ളിക്കമ്മറ്റി സക്രട്ടറിയായിരുന്ന മുഹമ്മദുണ്ണിക്കാടെ കൈ കൊണ്ടായിരുന്നു. വെട്ടുകത്തി കൊണ്ടുള്ള ഒരു കിടിലൻ വെട്ടേറ്റ് അനേകം കോഴിക്കുഞ്ഞുങ്ങളുടെ ആത്മാവിനെയും വഹിച്ച് പുള്ളി ഇഹലോകവാസം വെടിഞ്ഞു

ഇതു പറയാൻ കാരണം

രാവിലെ ഓഫിസിൽ വന്നു സിസ്റ്റം ഓൺ ചെയ്തയുടൻ സായിപ്പിന്റെ മെയിൽ

Julie just called me and I have to inform you of the sad news that our cat (FIFA) is currently undergoing amputation of one of its legs further injuries he sustained this morning. He will survive and recover but on 3 legs“
         
 സംഭവിച്ചതെന്തന്നറിയാതെ ഇരിക്കുമ്പോഴാണു ഓഫിസ് സിക്രട്ടറി ‘ഫാത്തിമ ഹലീം‘ വിശദീകരണവുമായി വന്നത്. രാവിലെ സൈറ്റ് മാനെജർ  ‘ജാദ്’ പതിവുപോലെ കാർ സ്റ്റാർട്ട് ചെയ്തതാണ‌്. എന്തോ ശബ്ദം കേട്ടു തൊട്ടടുത്തു നിന്നിരുന്ന ഡ്രൈവർ ‘അഷ്കർ‘ നോക്കിയപ്പോൾ കണ്ടത് ബോണറ്റിൽ നിന്ന് പുറത്തേക്കു പറന്നുയരുന്ന രോമങ്ങളാണു. കൂടെ നിലവിളിയും. ഉടനെ തന്നെഎഞ്ചിൻ ഓഫ് ചെയ്ത് ബോണറ്റ് തുറന്നു, ഓഫീസ് അന്തെവാസിയായ പുച്ച (ഫിഫ) ഫാൻ ബെൽറ്റിൽ കുടുങ്ങി രക്തത്തിൽ കുളിച്ചു  പിടയുന്നു. എങ്ങിനെയാണ് പുച്ച അകത്തുകയറിപ്പറ്റിയതെന്ന് അറിയില്ല.   അഷ്കറും, ജാദ് ചേർന്ന് ഉടനെ തന്നെ പുച്ചയെ പുറത്തെടുത്തു. ‘ഫിഫ’യുടെ പിൻകാലിനു ഗുരുതരമായ പരിക്കു പറ്റിയിരിക്കുന്നു, മാത്രമല്ല ശരീരത്തിൽ നിന്ന് രോമങ്ങൾ കുറെ പൊഴിഞ്ഞിരുന്നു.

       
ഓഫിസിലുണ്ടായിരുന്ന ലീഗൽ അഡ്വൈസർ ജൂലി  ‘മനേകാ ഗാന്ധി’ക്കു പഠിക്കുന്ന ആളാണ്. പരുക്കു പറ്റിയ പൂച്ചയെയും താങ്ങി ജൂലി ഉടനെതന്നെ ‘വെറ്റിനറി ഹോസ്പിറ്റലി‘ലേക്ക് തിരിച്ചു.  സ്വന്തം പോക്കറ്റിൽ നിന്ന് അപ്പോൾ തന്നെ ഏതാണ്ട് രണ്ടായിരം റിയാലോളം ആശുപത്രി ചെലവിനു നൽകുകയും ചെയ്തു. ഫിഫയെ പരിശോധിച്ച വെറ്റിനറി ഡോക്ടറ് നൽകിയ വിവരമാണ് ‘സായിപ്പിന്റെ’ മെയിലിനു കാരണം.
        മാസങ്ങൾക്കു മുന്നെ ഒഫിസിലേക്ക് വരുമ്പോൾ ആതിഥേയനായി ഞങ്ങളെ സ്വീകരിക്കുവാൻ ഈ പൂച്ച കുട്ടിയും ഉണ്ടായിരുന്നു. അന്ന് ആളാകെ മെലിഞ്ഞുണങ്ങി പഴയൊരു ‘ഇന്ദ്രൻസ്’ പരുവത്തിലായിരുന്നു. പക്ഷെ മാസം മൂന്നു തികയുമ്പോഴേക്ക് ആൾ, ശരിക്കും ഒരു ‘ടിപ്പിക്കൽ അറബി’ ആയി മാറിയിരുന്നു.. വളരെ ലഘുവായ ഭക്ഷണക്രമം.. ചോറ്, മീൻ എന്നിവ കഴിക്കില്ല. മിട്ടായി, ചോക്കലേറ്റ്, ചിക്കൻ, പിസ്സ, കെ.എഫ്.സി, ഇവയൊക്കെയാണ് ഇഷ്ഠ ഭോജ്യം. നമ്മുടെ നാടൻ ചോറ് മീൻ കറിയുമായി കഴിക്കുവാൻ തുടങ്ങിയാൽ ആളുടനെ മണപ്പിച്ച് എത്തും, പക്ഷെ ഒന്നു ടേസ്റ്റ് നോക്കി “ഇവനൊക്കെ ഇപ്പോഴും ഒരു പഴഞ്ചൻ തന്നെ” എന്ന് മനസ്സിൽ പറഞ്ഞ് തിരിഞ്ഞു നടക്കും. വിശ്രമം മിക്കവാറും  ചെയറിലോ  ‘ഫയൽ കാബിനു’ള്ളിലോ ആകും . പ്രാർത്ഥിക്കുവാനായി ‘പ്രെയർ റൂം‘ തുറന്നാൽ അകമ്പടി സേവിച്ചു കൊണ്ട് ആളുടനെ എത്തും. നമസ്ക്കരിക്കുവാൻ നിന്നാൽ പലപ്പോഴും കലിന്നിടയിലൊക്കെയാകും ‘ഫിഫ‘യുടെ ചുറ്റിക്കറക്കം. മലമൂത്ര വിസർജ്ജനത്തിന്ന് സമയമാകുമ്പോൾ ടോയിലറ്റിലെ പ്രത്യേകമായി ഒരുക്കിയ സൌകര്യം മാത്രം ഉപയോഗിച്ച് കർമ്മം നിർവഹിക്കും. എത്രത്തോളമെന്നാൽ സൈറ്റ് കോംബൌണ്ട് വിട്ട് ഫിഫ പുറത്ത് പോകില്ല. പെരുന്നാൾ അവധിക്ക് അഞ്ചുദിവസത്തോളം അവധിയായിരുന്നു ഓഫീസ്. അതിൽ രണ്ടു ദിവസം മാത്രമേ ജോലിക്കാർ സൈറ്റ് ഓഫിസിൽ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള മൂന്നു ദിവസവും പൂച്ച പട്ടിണിയായിരുന്നു. ആരുമത് ശ്രദ്ധിച്ചില്ല. അവധികഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് വിശന്നു തളർന്ന ഫിഫയെ കാണുന്നത്

        
       മൊത്തത്തിൽ ഓഫിസിലെ ‘ഓമന മകനായി‘ വിലസുമ്പോഴാണ് ആകസ്മികമായ ഈ അപകടം സംഭവിക്കുന്നത്. സംഭവത്തിൽ ഉത്തരവാദിയായ ‘ജാദ്' പിന്നെ ആ വാഹനം ഉപയോഗിച്ചില്ല. ‘റെന്റ് എ കാർ’ കമ്പനിക്ക് ആ കാർ തിരിച്ചുകൊടുത്ത് പകരം മറ്റൊന്ന് വാങ്ങി. തിരികെ ഓഫിസിൽ ‘‘ജാദ്' എതിരേറ്റത് ‘ജൂലി’യുടെ ശകാരമായിരുന്നു. അറിയാതെ സംഭവിച്ചതാണെങ്കിൽ കൂടി ‘ജാദ്’ കുറെ ശകാരം ഏറ്റുവാങ്ങേണ്ടതായി വന്നു.  മാനേജർ മറ്റു സൈറ്റുകളിലേക്കും, ഹെഡ് ഒഫിസിലേക്കുമൊക്കെ ‘ഫിഫ‘യുടെ തത്സ്ഥിതി വെച്ച് വിവരം അറിയിച്ചു. വളരെ പ്രൊത്സഹനജനകമായിരുന്നു അവിടെനിന്നൊക്കെയുള്ള പ്രതികരണം. പിറ്റേന്ന് ഒരു ‘ഏ-ത്രീ എൻവലപ്പ്‘ നിറയെ പിരിഞ്ഞു കിട്ടിയ കാശുമായി വന്ന അഷ്കർ പറഞ്ഞത് “ഒരു മനുഷ്യനു പോലും ഇത്ര വില ഉണ്ടാകില്ല’ എന്നാണ്.
   

 ദൈവകൃപയാൽ ഓപ്പറേഷൻ വളരെ വിജയകരമായിരുന്നു. . ഒരാഴ്ചത്തെ ആശുപത്രി വാസത്തിന്നൊടുവിൽ ‘ഫിഫ’ ഡിസ്ചാർജ്ജ് ചെയ്യപ്പെടുകയും വിശ്രമത്തിനായി ‘ജൂലി’ പൂച്ചയെ സ്വന്തം വീട്ടിലെക്ക് കൊണ്ടുപോകുകയും ചെയ്തു. ‘ഫിഫ’യുടെ വിവരമെന്താണെന്ന് ജുലിയോടെങ്ങാനും തിരക്കിയാൽ ആയിരം നാക്കാണ് ജൂലിക്ക്. വളരെ സന്തോഷത്തോടെ തന്നെ ‘ഫിഫ’യുടെ ദിനചര്യകളൊക്കെ പറഞ്ഞു തരും. ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് ഓഫീസിലേക്ക് കയറാനൊരുങ്ങവെ കാറിന്റെ ഡോർ തുറന്ന് ജൂലി വിളിക്കുന്നു. ഒരു കൂട്ടിനുള്ളിലാക്കി ‘ഫിഫ’യെയും കൊണ്ടാണ് ജൂലി വന്നിരിക്കുന്നത്. കൂട് ഓഫീസിലേക്ക് എടുത്തുകൊണ്ടു പോകുവാനാണ് എന്റെ സഹായം തേടിയത്. സന്തോഷപൂർവ്വം ഓഫീസിലെ ‘പെർമെനന്റ് സ്റ്റഫിനെ‘ ഞാൻ ഓഫിസിലേക്ക് ആനയിച്ചു കൊണ്ടുപോയി. അല്പം മുടന്തിയാണ് ഫിഫയുടെ ഇപ്പോഴത്തെ നടപ്പ്. പഴയ പ്രസരിപ്പിന് അല്പം ക്ഷതം സംഭവിച്ചത് പോലെ. തക്ക സമയത്ത് ജൂലിയും മാനെജ്മെന്റും  ഇടപ്പെട്ടതു കൊണ്ട് പഴയ ഓമനപൂച്ചയായി ഫിഫക്ക് ജിവിതത്തിലേക്ക് തിരികെ വരുവാൻ സാധിച്ചു.

          അനാവശ്യമായി മൃഗങ്ങളെ ഉപദ്രവിക്കുന്ന നമ്മുടെ നാട്ടിലെ സാഹചര്യവുമായി തുലനം ചെയ്താൽ നമുക്കിതൊക്കെ അത്ഭുതമാണ്. സായിപ്പന്മാർ അങ്ങിനെയാണ്. മനുഷ്യർക്ക് നൽകുന്നതിലും പരിഗണന മൃഗങ്ങൾക്ക് നൽകും. 
       

     
ഫിഫയുടെ ഓപ്പറേഷന്‍ കഴിഞ്ഞതിനു ശേഷമുള്ള ചില ഫോട്ടോസ്.. 

 ചെറിയൊരു വിഡിയോ...

Wednesday, January 19, 2011

സർക്കാർ മാധ്യമ വിലാസം അന്ധവിശ്വാസങ്ങൾ..

           


  ദശാബ്ദങ്ങൾക്ക് മുൻപെ സവർണ്ണ ജാതികോമരങ്ങളുടെ  തൊട്ടുകൂടായ്മയും, തീണ്ടികൂടായ്മയും കണ്ടു സ്വാമി വിവേകാനന്ദൻ പറഞ്ഞു പോയ ‘ഭ്രാന്താലയമാകുകയാണോ‘ വീണ്ടും കേരളം?  മലയാളി എന്നും മേനിനടിച്ചിരുന്ന പുരോഗമനപരതയും, സാംസ്ക്കാരിക ഔന്നത്യവുമെല്ലാം വഴിയിൽ തള്ളി ‘അന്ധവിശ്വാസ’ങ്ങളുടെ പുറകെയാണ് കേരളജനതയുടെ ഇന്നത്തെ സഞ്ചാരം. അന്ധവിശ്വാസങ്ങൾക്ക് നേതൃത്വം നൽകുന്നതാകട്ടെ കേരളത്തിലെ മതേതര സർക്കാരും, പിന്നെ ‘ഇക്കിളി മാധ്യമ‘ങ്ങളുമാണ്. നാലു കാശ് കിട്ടുന്ന ഏതു വളഞ്ഞ വഴിയിലൂടെയും സഞ്ചരിക്കുവാൻ മടിയില്ലാത്ത സർക്കാരിന്റെ നയങ്ങൾക്ക് ബലിയാടാകുന്നതോ വിവരമില്ലാത്ത സാധാരണക്കാരായ ജനങ്ങളും.


ഗവണ്മെന്റിന്റെ റവന്യൂ വരുമാനത്തിന്റെ വലിയൊരു ശതമാനവും ലഭിക്കുന്നത് സർക്കാർ വിലാസം മദ്യഷാപ്പുകൾ വഴിയാണ്. ആരൊഗ്യമുള്ള വ്യക്തികളിൽ നിന്നും കുടുംബങ്ങളിൽ നിന്നുമണ് ആരൊഗ്യമുള്ള സമൂഹം രൂപാന്തരപ്പെടുന്നത്. ആരോഗ്യമുള്ള സമൂഹത്തിൽ നിന്നു മാത്രമേ സുദൃഢമായ രാഷ്ട്രം രൂപാന്തരപ്പെടുകയുള്ളൂ. എന്നാൽ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ പ്രതിജ്ഞാബദ്ധരായ നമ്മുടെ ഭരണകൂടത്തിന്റെ നയം എന്താണു? പൌരന്മാരെ രോഗികളും, പരമദരിദ്രരുമാക്കുന്ന, കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്ന ‘മാരകവിഷമായ’ മദ്യം സർക്കാർ ചിലവിൽ പരസ്യമായി വില്പന നടത്തിക്കൊണ്ട് മദ്യത്തിന്ന് പൊതുജനസ്വീകാര്യത നൽകുന്നു. കുടിയന്മാരിൽ നിന്നും സർക്കാരിലേക്ക് വൻ വരുമാനം ഇതുവഴി ലഭിക്കുമെന്നതാണു ഗവണ്മെന്റ് ലക്ഷ്യം വെക്കുന്നത്. വെറും പത്തോ ഇരുപതോ വിലയുള്ള  
സ്പിർറ്റിൽ കളറു ചേർത്തിക്കൊണ്ട് ആയിരവമല്ല, പതിനായിരം വിലയിട്ടാലും  മദ്യാസകതിയുള്ളവർ അതുവാങ്ങി, വയറു നിറയെ കുടിച്ച് നിർവൃതി അടയുമെന്ന് സർക്കാരിനറിയാം. അതുകൊണ്ടു തന്നെ പൊന്മുട്ടയിടുന്ന താറാവിനെ എന്തു വിലനൽകിയും സംരക്ഷിക്കുകയെന്നതാകുന്നു ഗവണ്മെന്റ് സമീപാനം. മാത്രമല്ല റേഷൻ ഷാപ്പ് പോലെ കവലകൾ തോറും ബീവറേജ് കോറ്പ്പറേഷൻ സ്റ്റാളുകൾ തുറന്നുകൊണ്ട് സർക്കാർ ‘ജനങ്ങളിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയുമാണു’. ഇവിടെ പ്രസക്തമായ ഒരു വിഷയം ജനങ്ങളുടെ മദ്യാസക്തിയെ പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ഗവണ്മൈന്റിനു കൂട്ടായി മാധ്യമങ്ങൾ നിലകൊള്ളുന്നു എന്നതാണു. വർഷാവർഷം ഓണത്തിന്നും, കൃസ്തുമസിനും, പുതുവർഷത്തിനുമെല്ലാം മലയാളി കുടിച്ചു വറ്റിച്ചു കളയുന്ന മദ്യത്തിന്റെയും കോടികളുടെയും കണക്ക് ജനങ്ങളിൽ ആവേശമുളവാക്കുമാറ്, ഏരുവും പുളിയും ചേർത്തു അവതരിപ്പിച്ചുകൊണ്ട് മാധ്യമങ്ങളും ഒരു സമൂഹത്തിന്റെ മദ്യാസക്തിക്ക് കൂട്ട് നിൽക്കുന്നു. മദ്യോപയോഗത്തിൽ  കുപ്രസിദ്ധി നേടിയ കേരളത്തിലെ ചില പ്രത്യേക പ്രദേശങ്ങൾ നിലവിൽ മാധ്യമങ്ങൾ ചാർത്തിതന്നെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്താതെ വർഷാവർഷം ‘കനത്ത ജാഗ്രത’ പാലിക്കുന്നു. ഇവിടെ പ്രസക്തമാകുന്നത് ഒരു സമുഹത്തിന്ന് ദിശാബോധം നൽകി മുന്നോട്ടു നയിക്കുവാൻ ബാധ്യതയുള്ള സർക്കാരും, മാധ്യമങ്ങളും തന്നെയാണു സമൂഹത്തിന്ന് നാശത്തിന്റെ പാഥയിലൂടെ സഞ്ചരിക്കുവാനുള്ള സൌകര്യങ്ങൾ ചെയ്തു കൊടുക്കുന്നത്. രണ്ട് പേർക്കും താല്പര്യം കച്ചവടത്തിൽ മാത്രം. ഇത് കേവലം മദ്യവില്പനയുടെ വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമല്ല. മദ്യാസക്തിക്കൊപ്പം അന്ധവിശ്വാസവും പ്രോത്സാഹിപ്പിച്ചുകൊണ്ട് കേരള ജനതയുടെ പ്രതികരണശേഷിയെ ഇല്ലാതാക്കി, നൂറ്റാണ്ട് പിറകിലേക്ക് തള്ളിയിടുവാനാണു ഗവണ്മെന്റും, സംഘടിത മാധ്യമങ്ങളും കൂടെ ചേർന്നുകൊണ്ട് ശ്രമിക്കുന്നത്.
          

    എതൊരു സമൂഹത്തിന്റെയും നിലനില്പ് ആ സമൂഹത്തിന്റെ വിശ്വാസത്തിലതിഷ്ടിതമായ ആചാരങ്ങളുമായും, അനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ടാണു നിലകൊള്ളുന്നത്. എന്നാൽ വിശ്വാസം അന്ധവിശ്വാസമായും, ആചാരങ്ങൾ അനാചാരങ്ങളായും അനാചാരങ്ങൾ സമൂഹത്തിന്റ്റെ നിലനില്പിന്ന് തന്നെ ഭീഷണമാകുകയും ചെയ്താൽ ജനങ്ങൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകേണ്ട കടമ ഭരണകൂടത്തിന്റ്റേതാണു. മതാചാരങ്ങളിലോ, വിശ്വസകാര്യങ്ങളിലോ ഭരണകൂടം ഇടപെടില്ല എന്ന നയസമീപനമാണെങ്കിൽ നന്നെ ചുരുങ്ങിയത് ഇത്തരം വിഷയങ്ങളിൽ നിശ്പക്ഷതയെങ്കിലും സർക്കാർ സ്വീകരിക്കണം. എന്നാൽ ഇത്തരം വിഷയങ്ങളിൽ ഗവണ്മെന്റ് സ്വീകരിക്കുന്ന നിലപാടുകൾ എന്താണ്? ശരിയായ മാർഗ്ഗനിർദ്ദേശം നൽകുന്നത് പോകട്ടെ, വിഷയം വിശ്വാസികൾക്ക് വിട്ടുകൊടുത്ത് മാറിനിൽക്കുക പോലും ചെയ്യാതെ ചിദ്രശക്തികൾക്ക് കൂട്ടുനിന്നുകൊണ്ട് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുകയാണു ഭരണകൂടം ചെയ്യുന്നത്. അതിന് വേണ്ടി ഗവണ്മെന്റ് സംവിധാനങ്ങൾ വരെ ദുരുപയോഗം ചെയ്യുന്നു. ഒരു ഉദാഹരണം പറയാം. ഇസ്ലാമിക ആരാധനക്രമത്തിന്റെയോ, അനുഷ്ടാനങ്ങളുടെയോ ഭാഗമല്ല കേരളത്തിൽ ചില മുസ്ലിം ആരാധനാലയങ്ങളിൽ കാണപ്പെടുന്ന ‘ചന്ദനക്കുടം നെർച്ച’.  ക്ഷേത്രോത്സവങ്ങളിൽ നിന്നാണു ലോകത്ത് എവിടെയും കാണാത്ത മുസ്ലിം ആഘോഷമായി ചിലർ ‘ചന്ദനക്കുടം  നേർച്ചകളെ’ മുസ്ലിം സമുദായത്തിലെക്ക് ആദ്യകാലത്ത് പറിച്ചു നട്ടത്. മതപരമായി വേണ്ടത്ര വിവരമില്ലാതിരുന്ന ആദ്യകാല മുസ്ലിം സമൂഹം ‘ചന്ദനക്കുടം നേർച്ചകൾ’ മുസ്ലിം അനുഷ്ടാനങ്ങളുടെ ഭാഗമായി കണ്ട് ആഘോഷിച്ച് വരികയും ചെയ്തു. എന്നാൽ കാലാന്തരത്തിൽ  കേരളത്തിലെ മുസ്ലിം സമൂഹം മതവിദ്യാഭ്യാസത്തിൽ കൂടുതൽ തല്പരരാകുകയും മതത്തെ ശരിയായ നിലക്ക് പഠിക്കുവാനും ശ്രമിച്ചപ്പോൾ ദശാബ്ദങ്ങളായി തങ്ങൾ അത്യന്തം ഭക്തിയാദരവുകളോടെ ആഘോഷിക്കുന്ന ‘ചന്ദനക്കുടം നേർച്ചകൾ’ക്ക് ഇസ്ലാമികമായി യാതൊരു അടിത്തറയുമില്ല എന്നും, മാത്രമല്ല ഇത്തരം ആഘോഷങ്ങൾ ഹൈന്ദവ ആചാരങ്ങളുമായാണു നേർക്കുനേരെ അടുത്തു നിൽക്കുന്നത് എന്നും വലിയൊരു വിഭാഗം മനസ്സിലാക്കി. അതിന്റെ അടിസ്ഥാനത്തിൽ ‘ചന്ദനക്കുടം നേർച്ചകൾ’ക്കെതിരെയുള്ള ബോധവൽക്കരണം സമൂഹത്തിൽ ശക്തമായി. ചെയ്തുപോയ പിഴവു മനസ്സിലാക്കി പല നേർച്ചകളും കാലക്രമത്തിൽ ഇല്ലാതായി വന്നു. എന്നാൽ ചിലയിടങ്ങളിൽ ഇതിനെതിരെ തല്പര കക്ഷികളുടെ ഭാഗത്തു നിന്നു ശക്തമായ എതിർപ്പ് ഉയർന്നു വന്നു. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്ന കച്ചവട, മദ്യലോബികളുടെ ഭാഗത്ത് നിന്നാണു എതിർപ്പ് ഉയർന്നുവന്നത്. മാത്രമല്ല ഇത്തരം നേർച്ചകളുമയി ബന്ധപ്പെട്ട് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവരും ഇവർക്കൊപ്പം ചേർന്നു. അതെസമയം ഗവണ്മെന്റ് ഇവിടെ എന്തു നിലപാട് സ്വീകരിക്കുന്നു എന്നത് പ്രസക്തമാണു.വിശ്വാസികളുടെ പൊതുവായ തിരുമാനമെന്ന നിലക്ക്, ബന്ധപ്പെട്ട ആരാധാനലയങ്ങളുടെ ഉത്തരവാദിത്തപ്പെട്ട കമ്മറ്റി എടുത്ത തിരുമാനത്തിന്ന് നിയമപരിരക്ഷ നൽകുകയാണു വാസ്തവത്തിൽ ഭരണകൂടം ചെയ്യേണ്ടത്. എന്നാൽ ചെയ്തത് മറിച്ചാണെന്ന് മാത്രം. അതായത് തല്പര കഷികളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നു കൊണ്ട് പള്ളിഭരണാധികാരികളുടെ തിരുമാനം കാറ്റിൽ പറത്തി ‘ചന്ദനക്കുടം നേർച്ച‘ നടത്തുന്നതിന്ന് സാമൂഹ്യദ്രോഹികൾക്ക് സായുധ പോലീസ് പ്രൊട്ടക്ഷൻ നൽകുകയാണു ഗവണ്മെന്റ് ചെയ്തത്. അതായത് സർക്കാർ ഈ വിഷയത്തിൽ വ്യക്തമായ പക്ഷം പിടിച്ചു, ആ പക്ഷം അന്ധവിശ്വാസത്തിന്റെയും, സാമൂഹ്യവിരുദ്ധരുടെയും കരങ്ങൾക്ക് ശക്തിപകരുന്നതാകുകയും ചെയ്തു. കേരളത്തിലെ പൊതു മാധ്യമങ്ങളും ഗവണ്മെന്റ് സമീപനങ്ങൾക്കനുസരിച്ച് തന്നെയാണു ഈ വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയത്. ‘മതേതര ഉത്സവം’ മതമൌലീക വാദികൾ ആസൂതൃതമായി ഇല്ലാതാക്കുന്നു എന്ന നിലക്കായിരുന്നു മാധ്യമങ്ങൾ പ്രചാരണം നടത്തിയത്.
    

    ഇതൊരു ഒറ്റപ്പെട്ട വിഷയമല്ല. ഗവണ്മെന്റും, മാധ്യമങ്ങളും ചേർന്നുകൊണ്ട് സംഘടിതമായി ഇത്തരം ആചാരങ്ങളുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നതിൻ ഒരുദാഹരണം കൂടെ. വർഷങ്ങൾക്കു മുൻപെ കാര്യമായ ബഹളമില്ലാതെ തലസ്ഥാന നഗരിയായ തിരുവന്തപുരത്ത് നടന്നുവന്നിരുന്ന ഹൈന്ദവ ആചാരമായിരുന്നു സ്ത്രീകളുടെ ‘പൊങ്കാലയിടൽ’ ചടങ്ങ്. എന്നാൽ ഈ വിഷയത്തിന്റെ കച്ചവട താല്പര്യം കണ്ടറിഞ്ഞ മാധ്യമങ്ങൾ പ്രത്യേകിച്ച് ചാനലുകൾ ‘പൊങ്കാലയിടൽ’ ചടങ്ങ് അമിതപ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്യുവാൻ തുടങ്ങി. ചാനലുകളിലെ സ്ഥിരം അഭിനേതാക്കളായ സ്ത്രീകൾ പൊങ്കാലയിടുന്നത് വർഷാവർഷം വൻ പ്രാധാന്യത്തോടു കൂടി പ്രചരിപ്പിച്ച് കൊണ്ട് പൊങ്കാലയിടലിനെ ജനകീയവൽകരിക്കുന്നതിന്ന് ആസൂതൃതമായ ശ്രമം തന്നെ നടത്തി. സ്വന്തം സ്വീകരണമുറിയിലെ ‘മാതൃകാവനിതകൾ’ പങ്കാളികളാകുന്ന ‘പൊങ്കാലയിടലിൽ’ ഭാഗവാക്കാവാനായി കേരളത്തിലെ സ്ത്രീകളുടെ പിന്നത്തെ ശ്രമം. പിന്നീട് ‘പൊങ്കാലയിടാൻ’ ചടങ്ങിൽ കാണുന്നത് അഭൂതപൂർവമായ തിരക്കാണു. ആയിരങ്ങൾ പതിനായിരങ്ങളിലേക്കും പതിനായിരങ്ങൾ  ലക്ഷങ്ങളിലേക്കും, വഴിമാറി. ‘സ്ത്രീകളുടെ ശബരിമല’ എന്ന പേരും ‘പൊങ്കാലയിടലിനു’ ചാനലുകൾ പതിച്ചു നൽകി. സർക്കാരും മാറിനിന്നില്ല. ലഭ്യമാക്കവുന്ന എല്ലാ സഹായവും നൽകിക്കൊണ്ട് ഈ ‘ചാനൽ സ്പോൺസേഡ്’ ചടങ്ങിന്ന് ഭരണകൂടവും കൊഴുപ്പേകി. കേരളത്തിലെ നവോത്ഥാന നായകരെന്ന് സ്വയം പുകഴ്ത്തുന്നവർ നടത്തുന്ന ‘ജനതയുടെ ആത്മാവിഷ്കാരമായ’ ചാനലുകൾ ഇന്ന് പൊങ്കാല ഉത്സവത്തിന്റ്റെ തത്സമയ സം പ്രേക്ഷണമാണു നൽകുന്നത് എന്ന് വരുമ്പോൾ ഗവണ്മെന്റും,മാധ്യമങ്ങളെല്ലാം കൂടെ ചേർന്ന് ഒരു സമൂഹത്തെ ഏതു ദിശയിലേക്കാണു വഴിനടത്തുന്നതെന്നറിയുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. വെറും കച്ചവടകണ്ണോട് കൂടി ഒരു സമുദായത്തിന്റെ ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും യഥേഷ്ഠം കടന്നുകയറി ഹൈജാക് ചെയ്യുന്ന സംഘടിത മാധ്യമങ്ങളുടെ ശ്രമങ്ങൾക്കെതിരെ ബന്ധപ്പെട്ടവർ തന്നെയാണു ജാഗ്രത പാലിക്കേണ്ടത്.


  ഇതുമായി ചേർത്തുവായിക്കാവുന്ന ഒന്നാണു ശബരിമലയിലെ ‘മകരജ്യോതി’ യുമായി ബന്ധപ്പെട്ട കൊടും വഞ്ചന.  ‘ദൈവീക വെളിച്ചം’ എന്ന സങ്കല്പത്തിൽ ലക്ഷങ്ങളാണു അന്യസംസ്ഥാനങ്ങളിൽ നിന്ന് ;മകര ജ്യോതി’ കൺകുളിർക്കെ കണ്ട് നിർവൃതിയടയുവാനായി ശബരിമലയിലെക്ക് ഒഴുകുന്നത്. ‘മകരജ്യോതി’ എന്നത് ദൈവിക പ്രകാശമല്ലെന്നും, മറിച്ച് മനുഷ്യർ ബോധപുർവം പരത്തുന്ന പ്രകാശമാണെന്നും അറിയാത്തവരല്ല ഇവിടത്തെ മാധ്യമങ്ങൾ. എന്നാൽ സ്വന്തം കച്ചവട താല്പര്യത്തിന്ന് മുന്നിൽ ഇതെല്ലാം മറന്നുകൊണ്ട് അന്ധവിശ്വാസം സമൂഹത്തിലെക്ക് വീണ്ടും വീണ്ടും അടിച്ചേൽ‌പ്പിക്കുവാൻ കൂട്ടു നിൽകുകയാണു കേരളത്തിലെ മാധ്യമങ്ങൾ. ശബരിമലയിൽ പോയി തിക്കും തിരക്കിലും പെട്ട്, പലരുടെയും ചവിട്ടും തൊഴിയുമേറ്റ്, ദിവസങ്ങളോളം ടെന്റെടിച്ച് താമസിച്ച് ജനലക്ഷങ്ങൾ കാണുന്ന അതേ ‘മകരജ്യോതി’ തന്നെ ഇന്ന് ചാനലുകൾ ലൈവായി ഭക്തരുടെ സ്വീകരണ മുറിയിലെക്ക് സൌജന്യമായി പ്രക്ഷേപണം ചെയ്തുകൊണ്ട് ‘ദൈവീക വെളിച്ചത്തിന്റെ’ പ്രഭ ‘ചാനൽ പ്രേക്ഷകർക്കും‘ നൽകുന്നു. ദൈവീക സാമിപ്യത്തിന്ന് ഇതിൽ പരം എന്തു വേണം? അറേബ്യൻ രാവുകളെ വെല്ലുന്ന ‘ദേവീകഥകൾ’ സപ്രേക്ഷണം ചെയ്ത് ഭക്തരെ ആനന്ദലഹരിയിൽ ആഴ്ത്തുന്നതിന്റെ തുടർച്ച തന്നെയാണ് അറിഞ്ഞു കൊണ്ടുള്ള ഈ കൊടും വഞ്ചനക്കുള്ള ചാനലുകളുടെ പിന്തുണ. ഇവിടെ ചാനലുകൾ കൂട്ടികൊടുപ്പുകാരുടെ അവസ്ഥയേക്കാൾ തരം താഴുകയാണു വാസ്തവത്തിൽ.

അതെ സമയം ‘മകരജ്യോതി’യുമയി ബന്ധപ്പെട്ട കേരള സർക്കാരിന്റെ സമീപനം എന്താണു? വിശ്വാസികളും, നസ്തികരും മാറിമാറി ഭരിക്കുന്ന കേരളത്തിൽ പക്ഷെ ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ട് നാലുകാശ് സമ്പാദിക്കുന്ന വിഷയത്തിൽ ഇവരെല്ലാം തുല്യരും, ഏകാഭിപ്രായക്കാരുമാണെന്നതാണു വാസ്തം. ‘ദൈവീക പ്രഭ‘യാണെന്ന വിശ്വാസത്തിൽ  ‘മകരജ്യോതി’ കാണുവാൻ അതിർത്തി കടന്നെത്തുന്ന ലക്ഷങ്ങളുടെ പണക്കിലുക്കത്തിന്ന് മുന്നിൽ ഭരണകൂടം ഉത്തരവാദിത്വം മറന്നുകൊണ്ട് അന്ധവിശ്വാസത്തിന്നും, വഞ്ചനക്കും നേതൃത്വം നൽകുകയാണു വാസ്തവത്തിൽ ചെയ്യുന്നത്. തദ്ദേശീയരായ ആദിവാസികൾ, കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ഇവയെല്ലാം ചേർന്നു കൊണ്ടുള്ള ‘ഏകദിന നാടമ’മാണു വാസ്തവത്തിൽ ‘മകരജ്യോതി’ എന്നത് ഇന്ന് പലർക്കുമറിയാവുന്ന ദുഖസത്യമാണു. മുൻ കാലങ്ങളിൽ വെറുമൊരു പ്രാദേശിക ആചാരത്തിന്റെ ഭഗമായി നടത്തപ്പെട്ടിരുന്ന കർപ്പൂരം കത്തിക്കൽ വളരെ പെട്ടെന്ന് വളർന്ന് ‘ദൈവീക പ്രഭ’യായി മാറുകയായിരുന്നു. ഗുരുവായൂർ അമ്പലനടയിൽ സ്ഥിതിചെയ്യുന്ന കേരളീയ വാസ്തുശില്പമാതൃകയിലുള്ള ‘പോസ്റ്റ് ഓഫിസിനു’ മുന്നിൽ പോലും ക്ഷേത്രമാണെന്ന ധാരണയിൽ കാണിക്കയിടുന്ന സാധാരണക്കാരും, പാമരന്മാരുമായ അന്യസംസ്ഥാന വിശ്വാസികൾ ഈ പ്രചരണത്തിൽ പെട്ട് ‘മകരജ്യോതി’ കണ്ട് ദൈവപ്രീതി പിടിച്ചു പറ്റുവാൻ വർഷാവർഷം അതിർത്തി കടന്നെത്തുകയും ചെയ്യുന്നു.


ഗവണ്മെന്റിന്റെ ഈ കൊടും വഞ്ചനയിൽ നഷ്ടപ്പെട്ടത് നൂറില്പരം ജീവനുകളാണു.  ‘മകരജ്യോതി’ കാണുവാൻ വെള്ളവും വെളിച്ചവുമില്ലാതെ ദിവസങ്ങളോളം ഒറ്റപ്പെട്ട പ്രദേശത്ത് ടെന്റടിച്ച് കഴിയുകയായിരുന്ന വിശ്വാസികളാണു ദുരന്തത്തിൽ പെട്ടത്. പലർക്കും നഷ്ടമായത് സ്വന്തത്തേക്കളെറെ സ്നേഹിക്കുന്ന ഉറ്റവരെയും, ഉടയവരെയും. വിശ്വാസികളുടെ മടിശീലയിലെക്ക് മാത്രം നോക്കുന്ന ഭരണകൂടം കാണാൻ മടിക്കുന്നത് ഈ നേർകാഴ്ച തന്നെ. ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഗവണ്മെന്റിനു സാധിക്കയില്ല. ‘മകരജ്യോതി’ വെറുമൊരു ‘മനുഷ്യജ്യോതി‘യോ ‘ഗവണ്മെന്റ്ജ്യോതി’ യോ മാത്രമാണെന്നും മറിച്ചുള്ള പ്രചരണങ്ങൾ അവാസ്തവമാണെന്നും ഈ ദുരന്തത്തിന്റെ പശ്ചാതലത്തിലെങ്കിലും സർക്കാർ തുറന്നു പറയണം. ഈ വാസ്തവം വിശ്വസിച്ചു വരുന്ന വിശ്വാസികൾ മാത്രം മതി ശബരിമലക്ക്. ജനങ്ങളുടെ ജീവനും സ്വത്തിന്നും സംരക്ഷണം നൽകുവാൻ ബാധ്യത്യയുള്ള സർക്കാർ തന്നെ ബോധപൂർവം നുണപ്രചരണത്തിലൂടെ വിശ്വാസ ദൌർഭല്യം മുതലെടുക്കുവാനുള്ള ശ്രമങ്ങളിൽ നിന്ന് പിന്മാറണം. കൊടും നുണ ബോധപൂർവം പ്രചരിപ്പിച്ച് കൊണ്ട് വളർത്തിയെടുക്കേണ്ടതല്ല ദൈവീക വിശ്വസം. സർക്കാരും, മാധ്യമങ്ങളും ഈ വിഷയത്തിൽ പുലർത്തുന്ന തികച്ചും വഞ്ചനാത്മക നിലപാട് പുനപരിശോധികേണ്ടത് ആവശ്യമത്രെ.

Sunday, January 16, 2011

ശബരിമല-വീണ്ടുമൊരു ദുരന്തപാഥയിൽ


ശരണമന്ത്രങ്ങൾ ഉയരുന്ന കാനനപാഥയിൽ നിന്ന് ഇത്തവണ കേട്ടത് കൂട്ട നിലവിളി..  അപകടങ്ങളും, ദുരന്തങ്ങളും ആഘോഷമയമാകുന്ന കേരളത്തിലെ ചാനൽ നിയന്ത്രിത സംസ്ക്കാരത്തിലേക്ക് മാധ്യമങ്ങൾക്ക് ആർത്തുവിളിക്കുവാൻ ഒരു മനുഷ്യക്കുരുതി കൂടി. ശബരിമലയിലെ പ്രധാന ചടങ്ങായമകരജ്യോതിദർശന പുണ്യം തേടിപുൽമേട്എന്ന  ഒറ്റപ്പെട്ട പ്രദേശത്ത് തമ്പടിച്ച അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്ന അയ്യപ്പന്മാരാണു അപകടത്തിന്നിരയായവരിൽ ഭൂരിഭാഗവും. വൈകുന്നേരം അപകടം കഴിഞ്ഞ് മണികൂറുകൾക്ക് ശേഷമാണു ദുരന്തവിവരം പുറം ലോകം അറിഞ്ഞത്. അതുകൊണ്ടു തന്നെ  അതികൃതർക്ക്   പ്രദേശത്ത് എത്തിപ്പെടുവാനും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുവാനും നിർണ്ണായകമായ സമയം നഷ്ടപ്പെട്ടു എന്നു ചുരുക്കം. മാത്രമല്ല ഒറ്റപ്പെട്ടെ പ്രദേശത്തെ ഇരുട്ടും രക്ഷാപ്രവർത്തനത്തിന്ന് വികാതം ശ്രിഷ്ഠിച്ചു. മരണസംഖ്യ വർദ്ധിക്കുവാൻ ഇതും കാരണമായി. പരികേറ്റവരുടെ പലരുടെയും നില ഗുരുതരമാണു. അതുകൊണ്ടു തന്നെ മരണസംഖ്യ കൂടുവാൻ സാധ്യത ഏറെയാണു. വൈകിയാണെലും അതികൃതരുടെയും നാട്ടുകാരുടെയും ഭാഗത്തു നിന്നുണ്ടായ രക്ഷാപ്രവർത്തനം പലർക്കും ജീവിതത്തിലെക്കുള്ള തിരിച്ചുവരവായി എന്നു തന്നെ പറയാം. മന്ത്രിമാരടക്കമുള്ള ഗവണ്മെന്റ് മിഷനറി പൂർണ്ണമായും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിക്കൊണ്ട് കേരളം അടുത്ത കാലത്ത് കണ്ട എറ്റവും വലിയ ദുരന്തത്തിന്റെ തീവ്രത കുറച്ചെങ്കിലും കുറച്ചു എന്നു പറയാം. എന്നാൽ തന്നെ സർക്കാരിന്റെ സത്വസിദ്ധമായ അലംഭാവവും, ജാഗ്രതയില്ലായ്മയുമെല്ലാം മനുഷ്യക്കുരുതിക്ക് കാരണമായി എന്ന് പരയേണ്ടിവരും.


ഒരോ ദുരന്തങ്ങൾ കഴിയുമ്പോഴും ഭരണകൂടംപ്രകടിപ്പിക്കുന്ന അമിത ജാഗ്രതയുടെ നൂറിലൊരംശം മുൻ കരുതലെന്ന നിലയിൽ എടുക്കുകയാണെങ്കിൽ തന്നെ പല മനുഷ്യക്കുരുതിയും ഒഴിവാക്കാവുന്നതെയുള്ളൂ. ദുരന്തങ്ങൾ കഴിഞ്ഞതിനു ശേഷം മൃതദേഹം വീട്ടിലെത്തിക്കുവാനും, നഷ്ടപരിഹാരം നൽകുവാനും, അന്വേഷണം പ്രഖ്യാപിക്കുവാനും സർക്കാർ നൽകുന്ന പ്രാധാന്യം പക്ഷെ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുവാൻ കാണിക്കുന്നില്ല. തട്ടേക്കാട് ദുരന്തം കഴിഞ്ഞ് വർഷങ്ങൾ കഴിയുന്നു. തട്ടേക്കാടു ദുരന്തത്തിനു ശേഷം ഗവണ്മെന്റ് പ്രഖ്യാപിച്ച സുരക്ഷാ നടപടികൾ ഒക്കെ ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നത് കൌതുകകരമാണു. ജുഡീഷ്യൻ അന്വേഷണത്തിന്ന് ജഡ്ജിമാരെ വിട്ടുതരാതിരിക്കുവാൻ ഹൈക്കോടതി പറഞ്ഞ പ്രധാന കാരണം ജൂഡിഷ്യൽ അന്വേഷണം വെറും പ്രഹസനമാണെന്നാണു. നാളിതുവരെ ഒരു തുടർ നടപടിയും കമ്മീഷന്റെ കണ്ടെത്തലിന്റെ വെളിച്ചത്തിൽ മാറിമാറിവരുന്ന സർക്കാരുകൾ കൈകൊണ്ടിട്ടില്ല എന്നു ഹൈക്കോടതി തന്നെ പറയുന്നു. അത്കൊണ്ടു തന്നെ ഇപ്പോൾ തിരക്കിട്ടു പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വെഷണവും പതിവ് വഴിവാടായി മാറുവാനാണു സാധ്യത ഏറെയും.
പ്രധാനമായും കേരളത്തിന്ന് പുറത്തുള്ള ഭക്തരാണു പുണ്യം തേടിക്കൊണ്ട്, ഇരുമുടിക്കെട്ടും തലയിലേറ്റി അയ്യപ്പദർഷനത്തിനായി ശബരിമല കയറുന്നത്. വർഷം തോറും മൂന്നു കോടിയോളം അയ്യപ്പന്മാർ ദർശന പുണ്യം തേടി എത്തുന്നുവെന്നാണു ചില കണക്കുകൾ പരയുന്നത്. അതിൽ ഭൂരിഭാഗവും കേരളത്തിന്നു പുറത്തുനിന്നുള്ളവർ തന്നെ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഒഴിച്ചുകൂടാനാവത്ത യാത്രയായിരിക്കുന്നു ശബരിമലയിലേക്കുള്ള തീർത്ഥയാത്ര. ഒരു പക്ഷെ കേരളീയരായ ഹൈന്ദവരേക്കാൾ ശബരിമലയോടുള്ള വൈകാരികത കാത്തുസൂക്ഷിക്കുന്നത് കേരളത്തിന്ന് പുറത്തു നിന്നു വരുന്ന തീർത്ഥാടകർ തന്നെയാവാനാണു സാധ്യത.ഇവിടെ പ്രസക്തമായ ഒരു വിഷയം ഗവണ്മെന്റിനും, ദേവസ്വം ബോർഡുകൾക്കു കോടിക്കണക്കിനു രൂപ റവന്യു വരുമാനമായി ലഭിക്കുന്ന തീർത്ഥാടകർക്കു വേണ്ടി എത്രമാത്രം സൌകര്യമാണ് സർക്കാരും, ദേവസ്വം ബോറ്ഡും ഒരുക്കിയിരിക്കുന്നതെന്നാണു. കാനനമദ്ധ്യത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന തീർത്ഥ കേന്ദ്രത്തിന്ന് ഇത്രമാത്രം ഭക്തരെ ഉൾകൊള്ളുവാൻ സാധ്യമാണോ എന്ന ചോദ്യവും പ്രസക്തമാണു. ഗവണ്മെന്റിന്റെ ജാഗ്രതയേക്കാൾ അനിഷ്ട സംഭവങ്ങൾ കാര്യമായി ഉണ്ടാകുന്നില്ല എന്നത് മാത്രമാണു ആശ്വാസകരമായ വസ്തുത. ഭീതി ജനിപ്പിച്ച് മുതലെടുക്കുവാൻ ഭക്തവേഷം ധരിച്ച അഭിനവ രാജ്യസ്നേഹികൾ കാലാകാലങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും, ഇതൊന്നും മുഖവിലക്കെടുക്കാതെ തീർത്തും സമാധാനപരമായാണു വർഷാവർഷം മണ്ഢല കാലം അവസാനിക്കുന്നത്. എന്നാൽ പോലും ലക്ഷങ്ങൾ സംഘടിക്കുന്ന, തീർത്തും ഒറ്റപ്പെട്ട ഒരു പ്രദേശത്ത് അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഇടപെടുവാനുള്ള വിഭവശേഷി ദേവസ്വം ബൊറ്ഡിനു ഉണ്ടോ എന്നത് സംശയമാണു. ശബരിമല ദേവസ്വം ബോർഡുകൾ സാധാരണ വാർത്തകളിൽ നിറയുന്നത് അരവണപായസത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടോ, ദേവസ്വം മെമ്പർമാർ തമ്മിൽ പരസ്പരമുള്ള രാഷ്ട്രിയ വിഴുപ്പലക്കുകളിലൂടെയോ ഒക്കെയണു. ചെറിയ ഒരു ശ്രദ്ധകുറവോ, അബദ്ധമോ പോലും വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്നതാണു പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. അത്തരം ദുരന്തങ്ങളുടെ തിവ്രത കുറക്കുവാനെങ്കിലും ദേവസ്വം ബൊർഡ് മുൻ കൈ എടുക്കേണ്ടതല്ലേ?

ഒന്നുകിൽ ഭക്തരുടെ വരവിനനുസരിച്ചുള്ള സുരക്ഷാനടപടികൾ കൈകൊള്ളുക, അതിനി സാധിച്ചില്ലെങ്കിൽ ശബരിമലക്ക് ഉൾകൊള്ളുവാൻ പാകത്തിനുള്ള ഭക്തരെ മാത്രം സ്വികരിക്കുവാൻ നടപടി സ്വികരിക്കുക. അനിയന്ത്രിതമായ ഭക്തജന തിരക്ക്, ഒരു നിലക്കും നിയന്ത്രിക്കുവാൻ സാധിക്കാതെ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കുമ്പോൾ ഏതെങ്കിലുമൊരു നടപടി ദേവസ്വം ബോർഡിന്റെ ഭാഗത്തു നിന്നു ഉണ്ടാകേണ്ടതാണു. മാത്രമല്ല ലക്ഷങ്ങൾ വന്നു പോകുന്ന ശബരിമലയിൽ ഏറ്റവും വലിയ ദുരന്തമായി പലരും ചൂണ്ടിക്കാണിക്കുന്നത് പ്രാഥമിക കർമ്മങ്ങൾക്കുള്ള ലഭ്യതക്കുറവാണു. ഒരു ചാനൽ ചർച്ചയിൽ ശബരിമലയിലെ സ്പെഷ്യൽ ഉദ്യോഗസ്ഥനായി നിയമിതനായിരുന്ന ഒരു ..എസ് ഉദ്യൊഗസ്ഥൻ പരഞ്ഞത് മണ്ഡലകാലം കഴിഞ്ഞാൽ പിന്നെ ശബരിമലയിൽ അവേശേഷിക്കുന്നത് അയ്യപ്പനും, പിന്നെ അയ്യപ്പന്മാരുടെ മാലിന്യവുമാണെന്നാണു. അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന ഭക്തർ സ്വതവെ കേരളീയരുടെ ചിട്ടവട്ടങ്ങൾ പാലിക്കുന്നവരല്ല. ‘ഇരിക്കാൻ ഒരിടം കിട്ടിയാൽഅവിടെയിരുന്ന് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കുന്നതിൽ ഒരു വൈക്ലഭ്യവും ഇവർക്കില്ല.റൊഡ് വക്കാണോ, അഴുക്ക് ചാലാണോ എന്നതൊന്നും  അവർക്കൊരു  പ്രശ്നമേയല്ല. മണ്ഡലകാലമായാൽ പ്രസിദ്ധമായ ഗുരുവായൂർ അമ്പലത്തിന്ന് ചുറ്റുപ്രദേശങ്ങളും മാലിന്യത്തിന്റെ കൂമ്പാരമായിരിക്കും. പ്രധാനമായും അന്യസംസ്ഥാന അയ്യപ്പന്മാരുടെ സംഭാവന തന്നെ. ആ നടിന്റെ ജല ലഭ്യതയുമായി ബന്ധപ്പെട്ടു വളർന്നുവന്ന സംസ്ക്കാരമാണത്. മുഖം കഴുകുവാൻ മാത്രം ഒരു ബക്കറ്റ് വെള്ളം ഉപയോഗിക്കുന്ന മലയാളിക്ക് അത് പക്ഷെ ഉൾകൊള്ളാനാവുകയില്ല എന്നു മാത്രം.


മറ്റൊന്ന് ശബരിമലയിലെപുണ്യദിനമായ മകര ജ്യോതിയുമയി ബന്ധപ്പെട്ടാണു. കാലാകാലങ്ങളായിമകജ്യോതിഎന്നത് ഒരു ദൈവികപ്രതിഭാസമായി പലരും കരുതുകയും, വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിലരെങ്കിലും ഒരു സവിശേഷ ദിനത്തിൽ, ഒരു പ്രത്യ്യേക പ്രദേശത്ത് മാത്രം കാണുന്നജ്യോതിക്കു പിന്നിലെ ശക്തിയിൽ സംശയം പ്രകടിപ്പിച്ചു. മാത്രമല്ല അവരുടേതായ അന്വെഷണവും നടത്തി. ലക്ഷങ്ങൾ വരുന്ന അയ്യപ്പന്മാർക്ക് നിർവൃതിയായി കാലാകാലങ്ങളായി പ്രത്യക്ഷപ്പെടുന്നമകരജ്യോതിക്കു പിന്നിൽകേരള സംസ്ഥാന ഇലക്ട്രിസ്റ്റി ബൊർഡാണെന്നാണുഅവർ കണ്ടെത്തിയത്. അതുസമ്പന്ധമായ ഒരു ഹർജിയും ഹൈക്കോടതിയിൽ യുക്തിവാദിസംഘം സമർപ്പിച്ചു. ഹർജിക്ക് എന്തു സംഭവിച്ചു എന്നത് ഇനിയും അറിയില്ല. എന്നാൽ പോലും പല കോണുകളിൽ നിന്നുംമകരജ്യോതിയെ കുറിച്ചുള്ള സന്ദേഹം ഉയർന്നു വന്നു. അവസാനം വിശദീകരണവുമായി സാക്ഷാൽ ദേവസ്വം മന്ത്രിയായിരുന്ന ജി.സുധാകരൻ തന്നെ രംഗത്തുവന്നു. ആദിവാസികളുടെ പ്രാദേശിക ഉത്സവത്തിനന്റെ ഭാഗമായി കത്തിക്കുന്ന പ്രകാശമാണുദൈവീക പ്രതിഭാസമെന്നനിലക്ക് പലരുംമകരജ്യോതിയായിദർശിച്ചിരുന്നത് എന്ന് ദേവസ്വം മന്ത്രി സുധാകരൻ തന്നെ പ്രസ്ഥവിച്ചു. എന്നാൽ പോലുംമകരജ്യോതികൺകുളിർക്കെ കണ്ടു സായൂജ്യമടയുവാൻ ലക്ഷങ്ങളും, ചാനലുകളും പിന്നെയും വന്നുകൊണ്ടിരിക്കുന്നു.   
വിശ്വാസം അതല്ലേ എല്ലാം


മറ്റൊന്നു ദുരന്തങ്ങൾക്കിടയാക്കുന്ന ഊഹോപാഹങ്ങളാാണു. വളരെ ചെറിയ അശ്രദ്ധയാണു വൻ ദുരന്തത്തിൽ കലാശിച്ചത്. ഇരുട്ടും, കാട്ടാനകൂട്ടമിറങ്ങിയെന്ന ഭീതിയും, ‘ഭീകരാക്രമണമാണെന്നകുപ്രചാരണവുമാണു ഇത്രമാത്രം മനുഷ്യജീവൻ നഷ്ടപ്പെടുവാൻ ഇടയാക്കിയതെന്ന് പരയപ്പെടുന്നു. ദൈവീക പ്രീതിക്കായി  യാത്ര പുറപ്പെടുന്നവർ പലപ്പോഴും ചെറിയ പ്രകോപനത്തിൽ പോലും അടിമപ്പെട്ട് സ്വയം മറന്ന് ജീവനും കൊണ്ട് നെട്ടോട്ടമോടുന്നത് പുതിയ സംഭവമല്ല. ‘വിശുദ്ധ ഹജ്ജ്’ കർമ്മങ്ങൾക്കിടയിൽ ഉണ്ടാകുന്ന അനിഷ്ഠ സംഭവങ്ങൾക്ക് പ്രധാന കാരണമായി കണ്ടുവരാറുള്ളത് തീർത്ഥാടകാരായി വരുന്നവരുടെ ഇത്തരം ക്രമം വിട്ടുള്ള വികാരപ്രകടനങ്ങളാണു. മനുഷ്യരുടെ ചവിട്ടേറ്റ് ആന്തരീക അവയവങ്ങൾക്ക് കേടുപാട് സംഭവിച്ചാണു പലരും കൊലചെയ്യപ്പെട്ടതെന്നാണു പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഏതായാലും പുണ്യം തേടി വരുന്നവർ മറ്റുള്ളവരുടെ ജിവന് നഷ്ടപ്പെടുവാൻ കാരണമാകുന്നത് ഒരിക്കലും ന്യായീകരിക്കത്തകതല്ല.


ഏതായാലും ഗവണ്മെന്റിനും, ദേവസ്വം ബോറ്ഡിനും കോടികൾ വരുമാനം തരുന്ന തീർത്ഥാടകരുടെ സുരക്ഷിതത്വം ദേവസ്വം ബോർദിന്റെയും, ഗവണ്മെന്റിയും ബാധ്യത തന്നെയാണ്. ഈ ഉത്തരവാദിത്വത്തിൽ നിന്നു ഒഴിഞ്ഞു നിൽക്കുവാൻ അതുകൊണ്ടു തന്നെ ഇവർക്കു സാധ്യവുമല്ല. ജനങ്ങളുടെ ഭക്തിയെ വെറുമൊരു വരുമാനമാർഗ്ഗവും, ടൂറിസവുമായി കണ്ട് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിൽ രണ്ടു കൂട്ടർക്കും വിഴ്ച പറ്റിയതായി തന്നെ പറയേണ്ടിവരും.. ഗവണ്മെന്റിന്റെയും, ദേവസ്വം ബോർഡിന്റെയും ചെറിയ പിഴവുകൾക്കും, അശ്രദ്ധക്കും വില നൽകുന്നത് അനേകം മനുഷ്യ ജീവനുകളാണെന്നത് ഇതിന്റ്യെ ഗൌരവം വർദ്ധിപ്പിക്കുന്നു. കൊലചെയ്യപ്പെട്ടതിനു ശേഷം പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരത്തേക്കാൾ തീർത്ഥാടകർ ആഗ്രഹിക്കുന്നത് സുരക്ഷിതമായി കർമ്മം നിർവഹിച്ച് ഉറ്റവരുടെ അരികിലേക്ക് മടങ്ങുക എന്നതാണു. അത് നിറവേറ്റുക എന്നത് ദേവസ്വം ബോർഡിന്റെയും, ഗവണ്മെന്റിന്റെയും കടമയുമാണു. അത്തരം കടമകൾ നിറവേറ്റുന്നതിൽ പറ്റുന്ന വിഴ്ച ആകട്ടെ നഷ്ടപ്പെടുന്നത് അനേകം മനുഷ്യ ജീവനും..