Wednesday, November 3, 2010

ഭാര്യയെ പൊക്കുന്നതില്‍ ആര്‍ക്കാണു ചൊറിച്ചില്‍ ?

 തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയെ സ്വന്തം ഭര്‍ത്താവ്‌ ആഹ്ലാദസുചകമായി പൊക്കിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ അവരവര്‍ക്കു ഇഷ്ടമുള്ള അടിക്കുറിപ്പുമായി വ്യാപകമായി ഫോര്‍വേഡ്‌ ചെയ്യപ്പെടുന്നു. ചിലരെങ്കിലും വാസ്തവമറിയാതെ ഊഹങ്ങളുടെ പുറത്താണു ഇതിനു മുതിര്‍ന്നത്തെങ്കില്‍ "ക്ഷീരമുള്ളകടിലും ചോര  തന്നെ കൊതുകിനു കൗതുകം"  എന്ന ചൊല്ലു അനര്‍ത്ഥമാക്കി കൊണ്ടു മറ്റുചിലര്‍  ദുരുദ്ദേശത്തോടു കൂടി സ്വന്തം അശ്ലീല അടിക്കുറിപ്പു സഹിതം പ്രചരിപ്പിക്കയാണു. ഇത്തരം പ്രചാരണങ്ങള്‍ക്ക്‌ അറിഞ്ഞോ അറിയാതെയോ ഒരു കൂട്ടം ഓശാന പാടുകയും ചെയ്യുന്നു. 

വാസ്തവത്തില്‍ ആരുടെ ഫോട്ടോ ആണത്‌? 
ചിത്രം കാണുക.. 

'മനോരമ" ദിനപത്രത്തില്‍ അടിക്കുറിപ്പോടുകൂടി അച്ചടിച്ചു വന്ന ഒരു ചിത്രമാണു, പത്രത്തിന്റെ അടിക്കുറിപ്പ്‌ അടിച്ചുമാറ്റി സ്വന്തം അടിക്കുറിപ്പോടു കൂടെ പ്രചരിപ്പിക്കുന്നത്‌. 

കാസര്‍ക്കോഡ്‌ നഗരസഭയിലെ ചാലക്കുന്നില്‍ നിന്നു യ്യു.ഡി.എഫ്‌- ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച നജ്മുന്നീസയെ ഭര്‍ത്താവും മുന്‍ കൗന്‍സിലറുമായ മമ്മുചാല  ഉയര്‍ത്തിപ്പിടിക്കുന്നതാണു ഫോട്ടോ. സംശയമുള്ളവര്‍ക്ക്‌ യഥാര്‍ത്ഥ അടിക്കുറിപ്പു വായിച്ചു സംശയം തീര്‍ക്കാം.. 


   എക്കാലത്തെയും തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനേക്കാള്‍ വീറും വാശിയും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. അതിനു പ്രധാന കാരണങ്ങളിലൊന്ന് അന്‍പത്‌ ശതമാനം വനിതാ സംവരണമായിരുന്നു. നിര്‍ബന്ധിതാവസ്ഥയിലാണെങ്കിലും യഥാസ്ഥിതിക പാര്‍ട്ടികള്‍ പോലും വനിതകള്‍ക്കു വന്‍ തൊതില്‍ അവസരം നല്‍കി. അവരില്‍ ഭൂരിഭാഗവും വിജയക്കൊടി നാട്ടുകയും ചെയ്തു. ആകാംക്ഷ ആവേശത്തിന്ന് വഴിമാറിയപ്പോള്‍ ഉണ്ടായ ആവേശപ്രകടനമാണു മുകളില്‍ കണ്ട ഫോട്ടോ.. 
'അവേശം അല്‍പം അമിതമായെങ്കില്‍ ' തന്നെ അതിനെ കവച്ചുവെക്കുന്ന അപരാധമാണു ഇതു ഫോര്‍വ്വേഡ്‌ ചെയ്യുന്നവര്‍ ചെയ്യുന്നത്‌. സ്വന്തം മാതാവിന്റെയോ, സഹോദരിയുടെയോ ഫോട്ടോ ആയിരുന്നു ഇതെങ്കില്‍ ഇതിനു മുതിര്‍ന്നവര്‍ എങ്ങിനെ പ്രതികരിക്കുമായിരുന്നു എന്നു ചിന്തിക്കേണ്ടതുണ്ട്‌. 

സ്ത്രീകളെ, പ്രത്യേകിച്ച്‌ മുസ്ലിം സ്ത്രീകളെ എന്നും തങ്ങളുദ്ദേശിക്കുന്ന അടിമത്തത്തില്‍ തന്നെ നിലനിറുത്തണമെന്നാഗ്രഹിക്കുന്ന ചെറുതല്ലാത്ത ശതമാനം ഇപ്പോഴും സമുദായത്തിന്റെ നിലനിക്കുന്നുണ്ട്‌. ഒരവസരം കിട്ടുവാന്‍ വേണ്ടി കാത്തുനില്‍ക്കുന്നതുപോലെ കിട്ടിയ അവസരം പലരും ദുഷ്ടബുദ്ധ്യാ മുതലെടുക്കുന്നു. ചിലര്‍ അറിയാതെ ഇത്തരം അപവാദപ്രചരണത്തിന്റെ ഭാഗമാകുന്നു. എന്തു ഉദ്ദേശ്യത്തോടു കൂടിയായാലും തീര്‍ത്തും അപലപനീയമാണു ഫോട്ടോയില്‍ അവനവനു ഇഷ്ടമുള്ള അടിക്കുറിപ്പ്‌ ചേര്‍ത്തുള്ള ഈ പ്രചാരണം.... പ്രചരിപ്പിക്കുന്നതിന്ന് മുന്നേ സ്വന്തം കുടുമ്പത്തിലേക്കു ഒന്നു തിരിഞ്ഞ്‌ നോക്കുന്നത്‌ നന്നായിരിക്കും...