Saturday, October 9, 2010

സി.പി.എം അറക്കല്‍ ബീവിക്കു പിന്നാലെ..സി.പി.എമ്മിന്റെ എന്നത്തേയും നിയോഗമാണത്‌. ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനടത്തം. ആദ്യം ശക്തമായി എതിര്‍ക്കുക. പിന്നീട്‌ പാമ്പിന്റെ നടുകഷ്ണം തന്നെ ഭക്ഷിച്ച്‌ പ്രായശ്ചിത്തം ചെയ്യുക. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ ഇതപര്യന്തമായ ചരിത്രം പരിശോധിച്ചാല്‍, പാര്‍ട്ടി രൂക്ഷമായ ഭാഷയില്‍ അക്രമിച്ചവരും,എതിര്‍ത്തവരുമൊക്കെ താമസിയാത പാര്‍ട്ടിയുടെ ചാര്‍ച്ചക്കാരായി മാറിയതായാണു കാണാന്‍ കഴിയുന്നത്‌. വന്‍കിടവ്യവസായങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്ന മാര്‍ക്കിസ്ട്ടു പാര്‍ട്ടി ഭരിക്കുന്ന ബംഗാളിലാണു ഇപ്പോള്‍ ആഗോള ഭീമന്മാരായ വ്യവാസായികള്‍ക്കു ചുവന്നപരവതാനി വിരിച്ചു പാര്‍ട്ടി കാതിരിക്കുന്നത്‌. ഇന്തോനേഷ്യന്‍ കമ്പനിയായ സലീംഗ്രൂപ്പും, ടാറ്റയും, ബിര്‍ലയുമൊക്കെ മാര്‍ക്കിസ്റ്റു സര്‍ക്കാരിന്റെ ഇഷ്ടകാരായി തീര്‍ന്നിരിക്കുന്നു. എന്നു മാത്രമല്ല പാര്‍ട്ടിയില്‍ വിശ്വസിച്ചിരുന്ന അടിസ്ഥാനവിഭാഗത്തിന്റെ തൊഴിലിടങ്ങളും, കൃഷിയിടങ്ങളുമൊക്കെ ആഗോള ഭീമന്മാര്‍ക്കു വേണ്ടി കയ്യേറി കുടിയൊഴിപ്പിക്കുന്നു. ദശാബ്ദങ്ങള്‍ക്കു മുന്നേ വ്യാവസായിക വികസനത്തിന്നത്യന്താപേക്ഷിതമായ അനിവാര്യ യന്ത്രവല്‍ക്കരണത്തിന്നു വ്യാവസായികളും, കര്‍ഷകരും തുനിഞ്ഞപ്പൊള്‍ അതിശക്തമായ എതിര്‍പ്പുമായാണു മാര്‍ക്കിസ്റ്റുപാര്‍ട്ടി രംഗത്തുവന്നത്‌. യന്ത്രവല്‍ക്കരണം തൊഴില്‍ ലഭ്യത ഇല്ലാതാക്കുമെന്ന കാരണം പറഞ്ഞ്‌ ഉല്‍പാദനത്തിന്നനിവാര്യമായ യന്ത്രവല്‍ക്കരണത്തിനെതിരെ പോലും സി.പി.എം തൊഴിലാളികളെ സംഘടിപ്പിച്ച്‌ സമരം ചെയ്തു. പിന്നീട്‌ ആഗോളവ്യാപകമായി കമ്പ്യൂട്ടര്‍ വല്‍ക്കരണം വ്യാപകമായപ്പോള്‍ അതിനെതിരെയും മാര്‍ക്കിസ്റ്റു പാര്‍ട്ടി കൊടിപിടിച്ചു. അക്രമ സമരത്തിന്റെ കാഠിന്യത്താല്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങളേറെയും അടച്ചുപൂട്ടി സ്ഥലം കാലിയേക്കേണ്ട അവസ്ഥ വന്നു. ഇന്ത്യയിലെ ഏറ്റവുമധികം വിദേശ നാണ്യലഭ്യതയുള്ള കേരളത്തില്‍ പല സ്ഥാപനങ്ങളും  സി.പി.എമ്മിന്റെ തൊഴിലാളി മുഷ്കിനെ ഭയന്നു സംസ്ഥനം വിട്ടു അന്യസംസ്ഥാനങ്ങളിലേക്ക്‌ കുടിയേറി.


എന്നാല്‍ ഇതെ സി.പി.എം തന്നെ ഇന്നു സ്വയം യന്ത്രവല്‍ക്കരണത്തിന്നും ഫ്ലാറ്റ്‌ സംസ്ക്കരണത്തിന്നും മാതൃകയായി മറ്റുള്ളവരേക്കള്‍ മുന്നേ ഓടിനടക്കുന്ന കാഴ്ച കാണുന്നു. ശീതീകരിച്ചതും, കമ്പ്യൂട്ടര്‍ വല്‍ക്രിതവുമായ പാര്‍ട്ടി ഓഫിസുകള്‍. കോടികള്‍ മുടക്കിയുള്ള പാര്‍ട്ടി ചാനലുകള്‍. അമ്യൂസ്‌മന്റ്‌ പാര്‍ക്കുകളുടെ നടത്തിപ്പുകാരും സി.പി.എം തന്നെ. ഇതേ നിലക്കുള്ള എതിര്‍പ്പു തന്നെയായിരുന്നു അന്താരാഷ്ട്ര നാണയ നിധിയോടും, ഏ .ഡി.ബിയോടുമൊക്കെ സി.പി.എം ആദ്യഘട്ടത്തില്‍ പുലര്‍ത്തിയിരുന്നത്‌. കരി ഓയില്‍ അഭിഷേകവും, അക്രമ സമരങ്ങളുമായി മാര്‍ക്കിസ്റ്റു പാര്‍ട്ടിയും, യുവജന സംഘടനകളും കളം നിറഞ്ഞു കളിച്ചു. എന്നാല്‍ പിന്നീട്‌ കാണുന്നത്‌ ഇതേ സി.പി.എം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റുള്ളവരേക്കാള്‍ മുന്നേ ഭിക്ഷാപാത്രമെടുത്ത്‌, ജനങ്ങളെ ജാമ്യക്കാരാക്കികൊണ്ട്‌ അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക്‌ മുന്നില്‍ അവര്‍ പറയുന്ന ഏതു നിബന്ധനകളും അംഗീകരിച്ചുകൊണ്ടു തന്നെ അനിയന്ത്രിതമായ പണത്തിന്നു വേണ്ടി ക്യൂ നില്‍ക്കുന്ന കാഴ്ചയാണു.
സ്വാശ്രയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ നിലപാട്‌ മറ്റൊന്നായിരുന്നില്ല.അഞ്ചു  സഖാക്കളെ കുരുതിക്ക്‌ കൊടുത്ത്‌, അനേകം പേരെ മൃതപ്രായരാക്കിയ അക്രമസമരത്തിന്റെ പരമ്പരയാണു സ്വാശ്രയസ്ഥപനങ്ങള്‍ക്കെതിരെ പാര്‍ട്ടിയും യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും സ്വികരിച്ചത്‌. കേരളത്തിന്റെ തെരുവോരങ്ങളെ യുദ്ധക്കളമാക്കിയ രക്തരൂക്ഷിതമായ അക്രമങ്ങള്‍ക്കും, സമരങ്ങള്‍ക്കും മാര്‍ക്കിസ്റ്റു പാര്‍ട്ടിയും യുവജന പ്രസ്ഥാനങ്ങളും  നേതൃത്വം നല്‍കി. പൊതുമുതലുകള്‍ നശിപ്പിച്ചും, സര്‍ക്കാര്‍ ഓഫിസുകള്‍ കയ്യേറിയും സഖാകാള്‍ കെരളത്തെ സമരക്കളമാക്കിമാറ്റി. എന്നാല്‍ സി.പി.എം എന്നത്തെയും പോലെ ഇവിടെയും പതിവു തെറ്റിച്ചില്ല. പിന്നീട്‌ അധികാരത്തിലേറിയപ്പോള്‍ സ്വാശ്രയസ്ഥാപനങ്ങള്‍ക്കനുകൂലമായ നിലപാട്‌ സ്വീകരിച്ചു കൊണ്ട്‌ സി.പി.എം കളം മാറ്റി ചവിട്ടി. പാര്‍ട്ടിസെക്രട്ടറി തന്നെ സ്വന്തം  മക്കളെ ഏറ്റവും വലിയ സ്വാശ്രയ സ്ഥപനത്തില്‍ പറഞ്ഞയച്ച്‌ മറ്റുള്ളവര്‍ക്ക്‌ മാതൃകയായി ഒരു മുഴം മുന്നേ നടന്നു. ഇന്നിപ്പോള്‍ മാര്‍ക്കിസ്റ്റ്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ വരെ സ്വാശ്രയ സമരങ്ങളില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുന്നു. എന്നു മാത്രമല്ല സര്‍ക്കാര്‍ മുന്‍ കൈ എടുത്തു തന്നെ സ്വാശ്രയ സ്ഥാപനങ്ങളുമായി നിയമ വിരുദ്ധ കരാറുകളില്‍ ഏര്‍പ്പെടുന്നു. ഹൈകോടതി   ക്ക് ഗവന്മേന്ടു സ്വാശ്രയ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ നിയമ വിരുദ്ധ കരാരുകല്‍ക്കെതിരെ നിലപാട് സ്വികാരിക്കേണ്ടി  വരുന്നു.


സാമ്രാജ്യത്വ വിരുദ്ധത മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ രക്തത്തില്‍ അലിഞ്ഞ മുദ്രാവാക്യമാണു. പാര്‍ട്ടിയില്‍ യുവജന്ങ്ങളെ  പിടിച്ചു നിര്‍ത്തുന്ന അടിസ്ഥാന മുദ്രാവാക്യം. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നിരവധി സമരങ്ങള്‍ക്ക്‌ മാര്‍ക്കിസ്റ്റു പാര്‍ട്ടിയും യുവജന പ്രസ്ഥാനങ്ങളും നേതൃത്വം നല്‍കി. സാമ്രാജ്യത രാജ്യങ്ങളുടെ പതാകകള്‍ തെരുവില്‍ കിടന്നു കത്തിച്ചാമ്പലായി. ആണ്ട്‌ തോറും സ്വാതന്ത്ര്യ ദിനത്തില്‍ ചങ്ങലയും, മതിലുമൊക്കെ പണിതു അനേകം സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞകള്‍ അണികളും, നേതാക്കളും ഒറ്റ ശ്വാസത്തിലും ഏറ്റു ചൊല്ലി. തെരുവുകളായ തെരുവുകളൊക്കെ സാമ്രാജ്യത്വ വിരുദ്ധ നേതാക്കളുടെ കട്ടൗട്ടുകള്‍ കൊണ്ടു നിറഞ്ഞു. ചേഗ്വേരയും, യാസര്‍ അറഫാതുമൊക്കെ സഖാക്കളുടെ ആരാധനാ പുരുഷന്മാരായി. എന്നാല്‍ ഇതേ സാമ്രാജ്യത്വ സര്‍ക്കാരുകളുമായി ഏറ്റവുമധികം വ്യാവസായിക വാണിജ്യ ബന്ധങ്ങള്‍ ദൃഡപ്പെടുത്തുന്നത്‌ മാര്‍ക്ക്സ്റ്റു പാര്‍ട്ടിയുടെ ബംഗാള്‍ സര്‍ക്കാര്‍ തന്നെ. പശ്ചിമേഷ്യയിലെ അധിനിവേശരാജ്യമായ ഇസ്രായേലുമായി ഇന്നു ഏറ്റവുമധികം വാണിജ്യബന്ധമുള്ള സംസ്ഥാനങ്ങളിലൊന്നു മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ ബംഗാള്‍ സര്‍ക്കാരാണെന്നുള്ളതാണു വാസ്തവം.
മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ സുദൃഢമായ വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകളും ഇപ്പോള്‍ ഇതെ നിലക്കു ചോദ്യം ചെയ്യപ്പെടുന്നു. മതനിരപേക്ഷതയെന്ന സി.പി.എം എക്കാലത്തും മുന്നോട്ടു വെച്ചിരുന്ന മുദ്രാവാക്യത്തില്‍ സമീപകാലത്ത്‌ ഇളക്കം തട്ടിതുടങ്ങിയിരിക്കുന്നു. ഇരയും വേട്ടക്കാരുമെന്ന വര്‍ത്തമാനകാല ഇന്ത്യാ സാഹചര്യത്തില്‍ ഇരകളുടെ മേല്‍ ചാടിവിഴുന്ന വേട്ടക്കാരനു കൂട്ടായി മാറുന്നു പലപ്പൊഴും മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ നിലപാടുകളും മൗനവും. ന്യൂനപക്ഷ-ദലിത്‌ രാഷ്ട്രീയ ശാക്തീകരണത്തെ എതിര്‍ക്കൂവാന്‍ സംഘപരിവാറിനു ശക്തമായ കൂട്ടായി മാര്‍ക്കിസ്റ്റു പാര്‍ട്ടിയും അരയും തലയും മുറുക്കി രംഗത്തുണ്ടു. മുസ്ലിം പ്രദേശങ്ങളും, യൌവനവും  കാവി ഗവണ്‍മന്റുകളെ വെല്ലുന്ന നിലക്കുള്ള അടിച്ചമര്‍ത്തലുകള്‍ നേരിടുന്നു.


ഭരണകൂട ഭീകരതയും കരിനിയമവുമൊക്കെ ന്യൂനപക്ഷ-ദലിത്‌ രാഷ്ട്രീയത്തിനെതിരെ നിരന്തരം പ്രയോഗിക്കപ്പെടുന്നു. വര്‍ക്കലയില്‍ നടന്ന ഒരു കൊലപാതകത്തിന്റെ പേരുപറഞ്ഞു ദലിത്‌ സംഘടനയായ ഡി.എച്‌.ആര്‍.എമ്മിനെ ഉന്മൂലനം ചെയ്യുവാനുള്ള ശ്രമത്തില്‍ ഗവണ്‍മന്റിനു രാഷ്ട്രീയ പിന്തുണ നല്‍കിയത്‌ ആര്‍.എസ്‌.എസ്സും, ശിവസേനയുമായിരുന്നു. എന്നു മാത്രമല്ല കാവിരാഷ്ട്രീയത്തെ പ്രീതിപ്പെടുത്തുവാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ബില്‍ വരെ പിന്‍ വലിക്കപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ മെയറായിരുന്ന എം. പത്മലോചന്‍ ആര്‍.എസ്‌.എസ്‌ പരിപാടിയി പങ്കെടുത്തത്‌ ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണു. സംഭവം വിവാദമായപ്പോള്‍ കുറചുകാലത്തേക്ക്‌ പത്മലോചനെ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിറുത്തിയിരുന്നെങ്കിലും ഇപ്പോള്‍ പാര്‍ട്ടിയില്‍ തന്നെ തിരിച്ചെടുത്തിരിക്കുന്നു. മേയറായിരുന്ന കാലത്ത്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ കൊല്ലം കോര്‍പ്പറേഷന്‍ ഓഫിസില്‍ അതിക്രമിച്ച്‌ കയറി മേയര്‍ പത്മലോചനെ അപായപ്പെടുത്തിയ കേസ്‌, ഇക്കാലയളവില്‍ പത്മലോചന്‍ ആര്‍.എസ്‌.എസ്‌ അനുകൂലമായി കൂറുമാറി മൊഴിനല്‍കിയത്‌ മുലം കോടതിയില്‍ തള്ളപ്പെട്ടിരുന്നതും വാര്‍ത്തയില്‍ വന്നിരുന്നു. മതനിരപെക്ഷതയുടെ പ്രചാരണത്തില്‍ സി.പി.എം നാളിതുവരെ നടത്തിയിരുന്ന പ്രചാരണമായിരുന്നു കാവി രാഷ്ട്രീയവുമായി കോണ്‍ഗ്രസ്സിനുള്ള രാഷ്ട്രീയ അവിശുദ്ധകൂട്ടുകെട്ട്‌. ന്യൂനപക്ഷങ്ങളുടെ വര്‍ദ്ധിച്ച തോതിലുള്ള വോട്ട്‌ സി.പി.എമ്മിനു ലഭിക്കുവാന്‍ ഈ പ്രചരണം കാരണമായി മാറി. എന്നാല്‍ ഇതെ ആരോപണം ഇന്നു സി.പി.എമ്മിനെതിരെ തിരിഞ്ഞു കുത്തിതുടങ്ങിയിരിക്കുന്നു. ക്രൈസ്തവ സഭകളുമായി നിലനില്‍ക്കുന്ന പിണക്കം തീര്‍ക്കുവാന്‍ ഒരു പിടിവള്ളി എന്ന നിലക്കായിരുന്നു വെറുമൊരു പ്രാദേശിക വിഷയമായിരുന്ന മുവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അദ്ധ്യാപകനെതിരെയുള്ള അക്രമണത്തെ അന്താരാഷ്ട്രവല്‍ക്കരിച്ചും, തീവ്രവാദ ബന്ധം ആരോപിച്ചും പരിധി വിട്ടു ഭരണകൂടനടപടികള്‍ക്ക്‌ മാര്‍ക്കിസ്റ്റ്‌ ഭരണകൂടം തയ്യാറായത്‌. എന്നാല്‍ ഇ കെണിയില്‍ വിഴാതെ ക്രൈസ്തവ സഭകള്‍ ഒന്നാകെ പ്രവാചക നിന്ദ നടത്തിയ അദ്ധ്യാപകനെ തള്ളിപ്പറഞ്ഞതൊടു കൂടി ക്രൈസ്തവ സഭകളുടെ പിന്തുണ ചുളുവില്‍ അടിച്ചെടുക്കാമെന്ന പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റി. 


ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇനി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന വിലയിരുത്തലിലാവാം സാക്ഷാല്‍ കാവിരാഷ്ട്രീയത്തോടു അടുക്കുവാനുള്ള ശ്രമം നടക്കുന്നത്‌. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്നിടക്ക്  പശ്ചിമബംഗാളിലെ മുഖ്യമന്ത്രി ബുദ്ധദേവ ഭട്ടാജാര്യ പരസ്യമായി തന്നെ ബി.ജെ.പി വോട്ടിനു വേണ്ടിയുള്ള അഭ്യര്‍ത്ഥന നടത്തിയത്‌ വിവാദമായിരുന്നു. ഈ നിലക്കുള്ള നീക്കം കേരളത്തിലും നടക്കുന്നുണ്ടെന്ന സുചനയാണു പുറത്തുവരുന്നത്‌. കാസര്‍ക്കോഡ്‌ ജില്ലയിലെ പല പഞ്ചായത്തുകളിലും മാര്‍ക്കിസ്റ്റു പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ സഖ്യത്തിലാണു. ഇതെ നിലക്കുള്ള ഒരു രാഷ്ട്രീയ ബാന്ധവത്തിന്നാണു തൃശൂര്‍ കോര്‍പ്പറേഷനിലും തുടക്കം കുറിച്ചിരിക്കുന്നതെന്ന് വാര്‍ത്തകളില്‍ കാണുന്നു. മുന്‍പൊക്കെ മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ  പേര്  ശത്രുതാപരമായി മാത്രം പറഞ്ഞിരുന്ന കാവിരാഷ്ട്രീയക്കാര്‍ മാറിയ സാഹചര്യത്തില്‍ മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടിക്ക്‌ പിന്തുണ നല്‍കുന്നതിനെ കുറിച്ചു സം സാരിക്കുവാന്‍ ധൈര്യം കാണിക്കുന്നു. വാര്‍ത്ത വിവാദമായപ്പോള്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി നിഷേധകുറിപ്പുമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും സംശയത്തിന്റെ നിഴല്‍ പുതിയ രാഷ്ട്രീയ ബാന്ധവത്തിന്നു പിന്നാലെ തന്നെയാണു. മാര്‍ക്കിസ്റ്റ്‌-സംഘപരിവാര്‍ സംഘര്‍ഷം പഴങ്കതയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ന്യൂനപക്ഷ-ദലിത്‌ മുന്നേറ്റങ്ങളെ ചെറുത്തു തോല്‍പ്പിക്കുവാന്‍ മാര്‍ക്കിസ്റ്റ്‌ പാര്‍ട്ടി സംഘരാഷ്ട്രീയത്തോടു അടുക്കുന്നതില്‍ തെറ്റില്ലെന്നു വിലയിരുത്തുന്ന ഇടതുപക്ഷ ബുദ്ധിജിവികളുടെ ശബ്ദം നാള്‍ക്കുനാള്‍ ഉയര്‍ന്നുവരുകയുമാണു. ബാബരി മസ്ജിദിന്മെലുള്ള സംഘരാഷ്ട്രീയത്തിന്റെ കടന്നുകയറ്റത്തെ അനുകൂലിക്കുന്ന നിലക്കുള്ള അലഹബാദ്‌ ഹൈകോടതിയുടെ വിധിയെ വിലയിരുത്തിയ സി.പി.എം നടപടിയും ഈ വിഷയത്തില്‍ മുന്‍പ്‌ സഖാവ്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടെടുത്ത വിചിത്ര  പരിഹാരക്രമവുമൊക്കെ മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ ആത്യന്തികമായ നിലപാടിന്റെ സൂചനകളാണു തരുന്നത്‌. കോ.ലീ.ബി. മുന്നണിയെ ചെറുത്തു തോല്‍പ്പിച്ച ചരിത്രമുള്ള കെരളത്തിന്റെ മതനിരപെക്ഷ സമൂഹം മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ അറക്കല്‍ ബീവിക്കു പിന്നാലെ നടന്നുള്ള  ശ്രിംഗാരത്തോടും കാവിക്കൊടിയുമായുള്ള അനുരാഗതോടും   ഏതുനിലക്കാവും മറുപടി നല്‍കുക എന്നു കാത്തിരുന്നു കാണാം.

4 comments:

 1. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ സുദൃഢമായ വര്‍ഗ്ഗീയ വിരുദ്ധ നിലപാടുകളും ഇപ്പോള്‍ ഇതെ നിലക്കു ചോദ്യം ചെയ്യപ്പെടുന്നു. മതനിരപേക്ഷതയെന്ന സി.പി.എം എക്കാലത്തും മുന്നോട്ടു വെച്ചിരുന്ന മുദ്രാവാക്യത്തില്‍ സമീപകാലത്ത്‌ ഇളക്കം തട്ടിതുടങ്ങിയിരിക്കുന്നു. ഇരയും വേട്ടക്കാരുമെന്ന വര്‍ത്തമാനകാല ഇന്ത്യാ സാഹചര്യത്തില്‍ ഇരകളുടെ മേല്‍ ചാടിവിഴുന്ന വേട്ടക്കാരനു കൂട്ടായി മാറുന്നു പലപ്പൊഴും മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ നിലപാടുകളും മൗനവും. ന്യൂനപക്ഷ-ദലിത്‌ രാഷ്ട്രീയ ശാക്തീകരണത്തെ എതിര്‍ക്കൂവാന്‍ സംഘപരിവാറിനു ശക്തമായ കൂട്ടായി മാര്‍ക്കിസ്റ്റു പാര്‍ട്ടിയും അരയും തലയും മുറുക്കി രംഗത്തുണ്ടു

  ReplyDelete
 2. cherane thinnunna naattil pOyaal nadukkashNam thinnaNamennalle?.thinnattEnney.

  ReplyDelete
 3. ചര്‍ദ്ദിച്ച മാലിന്യം പിന്നിട് വാരി തിന്നുന്നത് സി.പി.എമ്മിന്റെ എക്കാലത്തെയും നിലപാട് തന്നെയാണ്.
  ന്യുനപക്ഷങ്ങല്‍ക്കെതിരെ ആത്യന്തികമായ ഒരു നിലപാട് സി.പി.എമ്മിന്റെ ഭാഗത്ത്‌ നിന്ന് ഉയര്‍ന്നു വന്നാല്‍ അത്ഭുതപ്പെടാനില്ല.
  ഒരിടവേളയില്‍ ചുവന്നു തുടങ്ങിയ മലപ്പുറം ജില്ല തന്നെ സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ് തിരിച്ചറിഞ്ഞു പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്.

  ReplyDelete
 4. എന്തൊക്കെ പറഞ്ഞാലും, ഇന്ന് നിലവിലുള്ള ഏതു രാഷ്ട്രീയപാര്ടിയെക്കളും സി പി എം തന്നെയാണ് മെച്ചം.
  ഒരു പാട് ഉപദ്രവം ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ ചെയ്യുന്നുണ്ടെങ്കിലും, യു ഡി എഫ് നെ അപേക്ഷിച്ച് പല കാര്യങ്ങളിലും ന്യൂന പക്ശങ്ങളെ സഹായിക്കുന്നുമുണ്ട്.
  (അച്ചുമാമ ഒരു അപവാദമാണെങ്കിലും)

  ReplyDelete