Thursday, October 14, 2010

ഒടുവില്‍ അലിയും പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങി..

തേജസ്‌ ലേഖനം 14 ഒക്ടോബര്‍ 2010
ഒടുവില്‍ അലിയും പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങി..


 അങ്ങിനെ മാക്‌ അലിയും സി.പി.എമ്മിനോടു മൊഴിചൊല്ലി യാത്ര പറഞ്ഞിറങ്ങി. ഒരു ദശാബ്ദത്തോളമായി മങ്കടയിലൂടെ മലപ്പുറത്തെ ചുവപ്പിക്കുവാന്‍ നേതൃത്വം നല്‍കിയ മാക്‌ അലിക്കും സി.പി.എമ്മിനെ തള്ളിപറയേണ്ടി വന്നിരിക്കുന്നു. സി.പി.എം ബന്ധമുപേക്ഷിച്ചു തടിസലാമത്താക്കുന്ന ആദ്യ വ്യക്തിയല്ല അലി, സി.പി.എമ്മിന്റെ ഇന്നുള്ള നേതൃത്വ ഗുണം കണക്കിലെടുത്താല്‍ അവസാനത്തേതാകുവാനും വഴിയില്ല.  കണ്ണൂരിലെ അത്ഭുതകുട്ടി തൊടുത്തു വിട്ട അമ്പിനു ഇത്രമാത്രം വജ്രായുധശേഷിയുണ്ടാകുമെന്ന് സി.പി.എം ഒരിക്കലും നിനച്ചിരിക്കില്ല. സി.പി.എം ബന്ധം ഉപെക്ഷിച്ചവര്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും തെരുവു വേശ്യയുടെ ഗതി പോലും കിട്ടാതെ അലഞ്ഞു തിരിയേണ്ടി വരുമെന്ന് നാളിതുവരെ സി.പി.എം ബോധപൂര്‍വ്വം ശ്രിഷ്ടിച്ചെടുത്ത പൊതധാരണക്കു കടകവിരുദ്ധമായി, സി.പി.എമിന്റെ നെഞ്ചത്തു തന്നെ പരസ്യമായി ചവിട്ടിക്കൊണ്ടു, പാര്‍ട്ടി പാലുകൊടുത്തു വലുതാകിയെന്നു അവകാശപ്പെടുന്ന സഖാക്കള്‍ വര്‍ഗ്ഗ ശത്രുവിന്റെ പൂമുഖപ്പടിയിലെ ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു ഇരിക്കുന്ന കാഴ്ച ഏതൊരു സഖാവിനും അല്‍പം ഉള്‍ക്കിടിലത്തോടെ മാത്രമേ കാണുവാന്‍ സാധിക്കൂ. എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിഘടനയിലേക്കു വന്ന അബ്ദുല്ല കുട്ടിക്ക്‌ തൊട്ടു പിന്നാലെ ആലപ്പുഴയില്‍ വി.എം സുധീരനെന്ന യോദ്ധാവിനെ മലര്‍ത്തിയടിച്ച ഡോ:എസ്‌. മനോജ്കുമാറും സി.പി.എം ബന്ധമുപേക്ഷിച്ച്‌ ലക്ഷ്മണ രേഖ കടന്നു പുറത്തുകടന്നു. 

എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിയത്‌ ഇവരാരുമല്ല കെ.ആര്‍ നാരായണന്‍ എന്ന മഹാരഥനിലൂടെ സി.പി.എമ്മിനു എന്നേന്നെക്കുമായി നഷ്ടപ്പെട്ടു എന്നു കരുത്തിയ ഒറ്റപ്പാലം ലോകസഭാ മണ്ഢലത്തെ പിടിച്ചടക്കുവാന്‍ സി.പി.എം രംഗത്തിറക്കിയ ശിവരാമന്‍ എന്ന നാണംകുണുങ്ങി പയ്യനായിരുന്നു പുതിയ മേച്ചില്‍ പുറം തേടി സി.പി.എം ബന്ധമുപേക്ഷിച്ചുകൊണ്ട്‌ പുറത്തുകടന്നത്‌. യാദൃശ്ചികമാകാം ഇവര്‍ക്കെല്ലാം പറയുവാനുള്ളത്‌ സി.പി.എമ്മിന്റെ മുഷ്കിനെ കുറിച്ചും സഖാക്കളുടെ ഇടനാഴികളിലെ ഒളിയമ്പുകളെ കുറിച്ചുമായിപ്പോയത്‌. 

ചുവപ്പന്‍ കൊടിക്കു പിടികൊടുക്കാതെ ബലികേറാമലയായി നില്‍ക്കുന്ന മണ്ഢലങ്ങളെ ചെഞ്ചായമണിയിക്കുവാന്‍ എക്കാലവും സി.പി.എം പയറ്റുന്ന തന്ത്രമാണു മണ്ഢലത്തില്‍ സുപരിചിതനായ വ്യക്തികളെ ഇടതുപക്ഷ സ്വതന്ത്രന്റെ വേഷമണിയിച്ചു മത്സരിപ്പിച്ചു മണ്ഢലം പിടിച്ചടക്കല്‍ . അതല്ലെങ്കില്‍ യുവജനപ്രസ്ഥാനങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ജനപ്രിയരായ യുവതുര്‍ക്കികളെ തന്നെ രംഗത്തിറക്കല്‍ . ജസ്റ്റിസ്‌ കൃഷ്ണയ്യര് മാതൃകയാക്കി കൊണ്ടു  ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറിലെ എറണാംകുളം ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതാവായിരുന്ന സേവ്യര്‍ അറക്കലിനെ ഇടതുപക്ഷ സ്വതന്ത്രനായി മത്സരരംഗത്തിറക്കിക്കൊണ്ട്‌ വി.വി. മേനോനു ശേഷം സി.പി.എം എറണാംകുളം ലോകസഭയില്‍ വേന്നിക്കൊടി പാറിച്ചു. പിന്നീട്‌ എറണംകുളത്തു തന്നെ ഡോ:സെബാസ്റ്റ്യന്‍ പോളിനെ ഇടതുപക്ഷ സ്വത്രന്ത്രന്റെ വേഷമണിയിച്ച്‌ രംഗത്തിറക്കി കോണ്‍ഗ്രസ്സിനു എറണംകുളം ലോകസഭ മണ്ഢലത്തിലുണ്ടായിരുന്നു കുത്തക ഇല്ലാതാക്കി. ബാബരീ മസ്ജിദിന്റെ തകര്‍ച്ചക്കു ശേഷം പൊതുബോധത്തില്‍ രൂപപ്പെട്ട കോണ്‍ഗ്രസ്‌ -ലീഗ്‌ വിരുദ്ധ തരംഗത്തെ മുതലെടുക്കുവാന്‍ ഒറ്റപ്പാലത്ത്‌ രംഗത്തിറക്കിയ യുവതുര്‍ക്കിയായിരുന്നു വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പോലും ഒരു കൈ നോക്കാത്ത എസ്‌.ശിവരാമന്‍. ഒറ്റപ്പാലത്തിന്റെ കോണ്‍ഗ്രസ്സ്‌ എം.പി കെ.ആര്‍.നാരായണന്‍ ഉപരാഷ്ട്രപതിയായ ഒഴിവില്‍ വന്ന ഉപതെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേതാവായ ബാലകൃഷ്ണനെ റെക്കോഡ്‌ ഭൂരിപക്ഷത്തിന്നു മലര്‍ത്തിയടിച്ചാണു ഒറ്റപ്പാലത്തെ സി.പി.എമിന്റെ പാര്‍ട്ടിഗ്രാമമാക്കി മാറ്റിയത്‌. 

പിന്നീട്‌ ഗുരുവായൂര്‍ നിയമസഭയിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിലും സി.പി.എം പൊതുസമ്മതനായ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി മണ്ഢലം പിടിച്ചടക്കുക എന്ന തന്ത്രം തന്നെയാണു പയറ്റിയത്‌. ഗുരുവായൂര്‍ക്ക്‌ സുപരിചിതനും സിനിമാ സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെയാണു ലീഗിന്റെ എക്കാലത്തെയും ഉറച്ച കോട്ടയായ ഗുരുവായൂര്‍ പിടിച്ചടക്കുവാന്‍ നിയോഗിച്ചത്‌. ലീഗിന്റെ മത പന്ധിതനും പ്രാസംഗികനായ നേതാവ്‌ അബ്ദുസ്സമദ്‌ സമദാനിയെ രണ്ടായിരത്തില്‍ പരം വൊട്ടുകള്‍ക്കു പരാചയപ്പെടുത്തിക്കൊണ്ടാണു ചരിത്രത്തിലാദ്യമായി ഗുരുവായൂരില്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി ചെങ്കൊടി പാറിപ്പിച്ചത്‌. പിന്നീട്‌ ആലപ്പുഴയില്‍ ഡോ:മനോജ്‌ കുരുശിങ്കലിനെ രംഗത്തിറക്കിയത്‌ വി.എം.സുധീരനെന്ന യാഗ്വേഷത്തെ പിടിച്ചു കെട്ടാനായിരുന്നു. ഡോ:മനോജ്‌ ആ ഉത്തരവാദിതം പാര്‍ട്ടി ആഗ്രഹിക്കും പോലെ നിറവെറ്റി. ഏതാണ്ടീ സമയത്തു തന്നെയാണു സി.പി.എമ്മിന്റെ ചരിത്രപ്രസിദ്ധമായ മലപ്പ്‌റം കുന്നുകയറ്റം നടക്കുന്നത്‌. 
ബാബരീ മസ്ജിദിന്റെ തകര്‍ച്ചയോടെ ലിഗിനെതിരെ മുസ്ലിം സമൂഹത്തില്‍ രൂപം കൊണ്ട ലീഗ്‌ വിരുദ്ധ മനോഭാവവും ലീഗിന്റെ അഹങ്കാരത്തിലും മുഷ്കിലു മനം മടുത്ത വലിയൊരു വിഭാഗം ജനങ്ങളും ഒരവസരം കിട്ടാന്‍ കാത്തുനില്‍ക്കുകയായിരുന്നു മലപ്പുറത്ത്‌. വീണുകിട്ടിയ അവസരം സി.പി.എം ശരിക്കുമുപയോഗപ്പെടുത്തി. ലീഗിന്റെ കുത്തകമണ്ഢലമായ മങ്കട പിടിച്ചടക്കുവാന്‍ സി.പി.എം കണ്ടെത്തിയത്‌ പൊതുസമ്മതനും, കച്ചവടവും, അല്‍പസ്വല്‍പം സിനിമാ നിര്‍മ്മാണവും, വിതരണവുമൊക്കെയായി കഴിഞ്ഞു കൂടിയിരുന്ന മാക്‌ അലി എന്ന മഞ്ഞളാംകുഴി അലിയെയായിരുന്നു. അലിയുടെ കച്ചവടവും പൊതുജനസമ്മതിയുമൊക്കെ സി.പി.എം മണ്ഢലം ചുവപ്പിക്കുവാന്‍ ആവൊളം ഉപയോഗപ്പെടുത്തി. കച്ചവടകാരനെന്നത്‌ അലിയുടെ കോട്ടാമായി പാര്‍ട്ടി ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ നല്ലപിള്ളയായി കഴിയുമ്പോള്‍ ഇതൊക്കെ നേട്ടമായി പാര്‍ട്ടി കണ്ടിരുന്നു. ഏറ്റവുമവസാനം സ്വതന്ത്ര വേഷമണിയിച്ചു മണ്ഢലം പിടിച്ചടക്കുവാന്‍ പാര്‍ട്ടി രംഗത്തിറക്കിയ സ്വതന്ത്രനാണു ലിഗില്‍ നിന്നു പുറത്താക്കപ്പെട്ടു രക്തസാക്ഷിത പരിവേഷമണിഞ്ഞ കെ.ടി ജലീല്‍. കുറ്റിപ്പുറമെന്ന ലീഗിന്റെ കുത്തക മണ്ഢലത്തില്‍ ലീഗിന്റെ മിശിഹയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ചു തലയില്‍ മുണ്ടീടിപ്പിച്ചാണു ജലീല്‍ ഇടതുപക്ഷത്തിന്നു വേണ്ടി കുറ്റിപ്പുറത്ത്‌ ചരിത്രമെഴുതിയത്‌. 
സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായി പെരുമ ഉണ്ടെങ്കിലും ലോകസഭയില്‍ ഒരു എം.പി യെ സംഭാവന ചെയ്യുവാന്‍ പലവട്ടം ശ്രമിച്ചിട്ടും സാധിക്കാതിരുന്ന മാര്‍ക്കിസ്റ്റു പാര്‍ട്ടിക്ക് വേണ്ടി കണ്ണൂരില്‍ ചെങ്കൊടി പാരിച്ചത് അബ്ദുള്ളകുട്ടി എന്നാ അത്ഭുതകുട്ടി ആയിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടക്കുന്നത്‌ ചരിത്രത്തിന്റെ തിരിഞ്ഞുനടത്തമാണോ? സി.പി.എമ്മില്‍ വിശ്വസിച്ച്‌ സി.പി.എം സഹയാത്രികരും പ്രവര്‍ത്തകരുമൊക്കെയായ വലിയൊരു വിഭാഗം മാറിയ സാഹചര്യത്തില്‍ മാര്‍ക്കിസ്റ്റ്‌ ബാന്ധവം ഉപെക്ഷിച്ച്കൊണ്ട്‌ പുറത്തുകടന്നുകൊണ്ടിരിക്കുകയാണെന്നു പറയാം. സി.പി.എമ്മിനു അഭിമതരാകുമ്പോള്‍ അടയാഭരണങ്ങളായി പാര്‍ട്ടി കൊണ്ടുനടന്നിരുന്ന പലതും പിന്നീട്‌ പര്‍ട്ടിയുടെ ഗുഡ്ബുക്കില്‍ നിന്നും മാറ്റപ്പെടുമ്പ്പോള്‍ മുള്‍കിരീടമായി മാറുന്ന അവസ്ഥയുണ്ട്‌. കച്ചവടക്കാരനും, സിനിമാക്കാരനുമായ അലിയുടെ പേരും, സമ്പത്തും, പ്രശസ്തിയുമൊക്കെ ആവൊളമുപയോഗപ്പെടുത്തിയ പാര്‍ട്ടി തന്നെ ഒരവസരത്തില്‍ കച്ചവടക്കാരനായ അലിയെ ഇകഴ്ത്തി സംസാരിക്കുന്നത്‌ യാദൃശ്ചികമാകാം. ആലപ്പുഴയില്‍ പാര്‍ട്ടി വളര്‍ത്തികൊണ്ടുവന്ന യുവനേതാവ്‌ ടി.ജെ ആഞ്ചലോസ്‌ പിന്നീട്‌ പാര്‍ട്ടിക്ക്‌ അനഭിമതനായപ്പോള്‍ "പാര്‍ട്ടി ഓഫിസ്‌ തിണ്ണയില്‍ ഉറങ്ങിയിരുന്ന വെറുമൊരു മീന്‍ പെറുക്കി"യായി മാറിയത്‌ ഇവിടെ ചേര്‍ത്തുവായിക്കാം. അബ്ദുല്ലകുട്ടിയുടെ കച്ചവടമൊക്കെ സി.പി.എമ്മിലെ അവസാനഘട്ടത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഗള്‍ഫ്‌ നാടുകളില്‍ സ്വന്തം പേരിലും, ബിനാമി പേരിലും ബിസിനസ്‌ സാമ്രാജ്യങ്ങല്‍ കെട്ടിപൊക്കിയ സെക്രട്ടറിയേറ്റ്‌-പോളിറ്റ്‌ ബ്യൂറോ നേതാക്കള്‍ തന്നെയാണു ഏതെങ്കിലും പെട്ടിക്കടയിലോ, സ്റ്റേഷനറിക്കടയിലോ നിത്യവൃത്തിക്കുവേണ്ടി ഷെയര്‍ ചേരുന്നതിനെ വര്‍ഗ്ഗവഞ്ചനായി ചിത്രികരിക്കുന്നത്‌. ഇതിനപ്പുറം ശൃദ്ധയാകര്‍ഷിക്കുന്ന ഒരു വസ്തുത പുറത്തുപോയ വലിയൊരു വിഭാഗം നേതാക്കളും പറഞ്ഞത്‌ തങ്ങളൊക്കെ സി.പി.എം ഗ്രൂപ്പിസത്തിന്റെ ഇരകളാണെന്നാണു. സി.പി.എമ്മില്‍ നിലനില്‍ക്കുന്ന അധികാരവടംവലിയില്‍ നേതൃത്വത്തിന്ന് അനഭിമതരായവരുടെ പക്ഷം ചേരാന്‍ ശ്രമിച്ചു എന്നതാണു അബ്ദുല്ലകുട്ടി മുതല്‍ അലിവരെയുള്ള നേതാക്കള്‍ ചെയ്ത വന്‍പാപം. പാര്‍ട്ടിയിലെ ഇപ്പോഴത്തെ കണ്ണൂര്‍ നേതൃത്വത്തിന്നു അനഭിമതനായ മുഖ്യമന്ത്രി മലപ്പുറത്തു വരുമ്പോഴൊക്കെ താമസിച്ചിരുന്നത്‌ മാക്‌ അലിയുടെ വീട്ടിലായിരുന്നു എന്നത്‌ ഇവിടെ ശ്രദ്ധേയമാണു. ദശാബ്ദത്തൊളമായി സി.പി.എമ്മിന്റെ ലോകസഭാ നേതാവായിരുന്ന ലോകസഭാ സ്പീക്കറായിരുന്ന സോമനാഥ ചാറ്റര്‍ജി പാര്‍ട്ടിയുമായുള്ള ബന്ധമുപേക്ഷിക്കപ്പെട്ടതിനു ശേഷം പറഞ്ഞത്‌ "വര്‍ഷങ്ങള്‍ക്കു ശേഷം മനസമാധാനത്തോടെയും, പാര്‍ട്ടിയുടെ തിട്ടൂരം ഭയപ്പെടാതെയും' സിനിമ കണ്ടു, കിടന്നുറങ്ങി എന്നാണു. സി.പി.എമ്മില്‍ നിന്നു പുറത്തുപോകുന്നവരൊക്കെ പിന്നീറ്റ്‌ അവരനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ കുറിച്ചാണു കൂടുതലും സം സാരിക്കുന്നതെന്നാണു സോമനാഥ ചാറ്റര്‍ജിയുടെ ഈ പ്രസ്ഥവന സൂചിപ്പിക്കുന്നത്‌. 

അതെ സമയം മുന്‍പ്‌ സൂചിപ്പിക്കപ്പെട്ടപോലെ സി.പി.എമ്മിനാല്‍ നിശ്കാസിതനാക്കപ്പെട്ടാല്‍ ഒരിടത്തും ഗതികിട്ടുകയില്ല എന്ന ആപ്തവാക്യം ഇപ്പോള്‍ തിരുത്തപ്പെടുകയാണു. സ്വതന്ത്രവേഷമണിയിച്ച്‌ മറ്റുപാര്‍ട്ടി പ്രവര്‍ത്തകരെ സി.പി.എം സഹയാത്രികരും പിന്നീട്‌ പാര്‍ട്ടിക്കാരുമാക്കുന്ന സി.പി.എം തന്ത്രം ഇപ്പോള്‍ അതേ നാണയത്തില്‍ സി.പി.എമ്മിനു എതിരായി വന്നുകൊണ്ടിരിക്കുന്നു. യാചകാരായല്ല രാജകീയമായി തന്നെ ഇതില്‍ പലരും വര്‍ഗ്ഗവഞ്ചകരുടെ കൂടാരത്തിലേക്ക്‌ ആനയിക്കപ്പെടുന്നത്‌ സി.പി.എമ്മിന്റെ ഇത്രയും നാളത്തെ ഫാഷിസ്റ്റ്‌ അക്രമ മുഷ്കിനുള്ള മറുപടി കൂടിയാണു. അബ്ദുല്ല കുട്ടിക്കും, മനോജിനും, ശിവരാമനും, ആഞ്ചലോസിനും ശേഷം പാര്‍ട്ടിയുടെ മലപ്പുറം ചുണ്ടന്‍ അമരക്കാരന്‍ മഞ്ഞളാംകുഴി അലി കൂടി പടി ഇറങ്ങുമ്പോള്‍ ഡോ:സെബാസ്റ്റ്യന്‍ പോളിനെ പോലുള്ളവര്‍ പാര്‍ട്ടിയുമായി ഇണങ്ങിയും പിണങ്ങിയും തട്ടിമുട്ടി മുന്നോട്ടു പോകുന്നു. പിണറായി വിജയന്റെ ഇടതുവശം ചേര്‍ന്നു എല്ലായ്പ്പോഴും നടക്കുവാന്‍ ശ്രമിക്കുന്ന കുറ്റിപുറതെ അവസാന എം.എല്‍.എ ഡോ"കെ.ടി.ജലീലിന്റെ ഊഴം ഇനിയെപ്പോഴാണെന്ന ചോദ്യം കൂടെ സ്വാഭാവികമായും ഉയര്‍ന്നു വരാം. 
by
Noufal.P.K

1 comment:

  1. THURSDAY, OCTOBER 14, 2010

    ഒടുവില്‍ അലിയും പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങി..
    തേജസ്‌ ലേഖനം 14 ഒക്ടോബര്‍ 2010

    ReplyDelete