Sunday, August 29, 2010

ഓര്‍മ്മകളില്‍.. വിടപറയുന്ന പുണ്യമാസം..

ഓര്‍മ്മകളില്‍... വിടപറയുന്ന പുണ്യമാസം..

പുണ്യങ്ങളുടെ പൂക്കാലമായ ഒരു റമദാൻ കൂടെ വിടപറയുന്നു. വിശ്വാസികളെ സമ്പന്ധിച്ചിടത്തൊളം പ്രാർത്ഥനകളുടെ സന്തോഷത്തിന്റെയും ദിനരാത്രങ്ങൾ. പൊതുവെ വിശ്വാസ്‌ ദാർഢ്യമില്ലാത്തവനും റമദാൻ മാസത്തെ ബഹുമാനത്തോടെയാണു സമീപിക്കാറു. മറ്റു മാസങ്ങളിൽ നമസ്ക്കാരിക്കാത്തവനും റമദാനിൽ നമസ്ക്കരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. പള്ളികൾ ജനബാഹുല്യമാകുന്നു. ദാന ധർമ്മങ്ങൾ വർദ്ധിപ്പിക്കുന്നു.വിശുദ്ധ ഖുർആന്റെ അവതരണമാണു റമദാൻ മാസം മഹത്വരമാകപ്പെടുന്നത്‌.. ഇസ്ലാമിനെ സമ്പന്ധിച്ചിടത്തോളം വിജയങ്ങളുടെ മാസമാണു വിശുദ്ധ റമദാൻ. സത്യാ അസത്യങ്ങളെ വ്യക്തമായി വേർത്തിരിച്ച യുദ്ധമെന്ന ബദർ യുദ്ധ വിജയം മുസ്ലിം സമൂഹത്തിന്ന് സമ്മാനിച്ചത്‌ വിശുദ്ധ റമദാനിലായിരുന്നു.

നോമ്പെടുക്കുക കുട്ടിക്കാലത്തെ വലിയൊരാഗ്രഹ്മായിരുന്നു. ഉപ്പയും ഉമ്മയും സഹോദരിമാരുമൊക്കെ നോമ്പെടുക്കുന്നതും സന്ധ്യാ നമസ്ക്കാര സമയത്ത്‌ നോമ്പുതുറക്കുന്നതുമൊക്കെ കണുമ്പോൾ അവരെ പോലെ വ്രതമനുസുഷ്ടിച്ച്‌ നോമ്പു തുറയിൽ പങ്കെടുക്കുവാൻ വെല്ലാത്തൊരാഗ്രഹം ചെറുപ്പത്തിൽ തന്നെ ഉണ്ടായിരുന്നു. വാസ്തവത്തിൽ നോമ്പു തുറയുടെ സന്തോഷവും വിഭവ സമൃദ്ധിയും തന്നെയായിരുന്നു അക്കാലത്ത്‌ വ്രതമനുഷ്ടിക്കുവാൻ പ്രേരിപ്പിച്ചിരുന്ന മുഖ്യ ഘടകം. ഏതാണ്ട്‌ അഞ്ചാം ക്ലാസിൽ പടിക്കുമ്പോൾ മാത്രമാണു നോമ്പ്‌ നോൽകുന്നതിനുള്ള അനുമതി പത്രം ഉമ്മ നൽകിയത്‌. അതും പത്തിൽ കുറവു നോമ്പുകൾ മാത്രം.നോമ്പു നോൽക്കണമെങ്കിൽ 'അത്താഴം' കഴിക്കണമെന്ന നിർബന്ധ ചര്യ ഉണ്ടെന്ന ധാരണയായിരുന്നു അന്നുണ്ടായിരുന്നത്‌. ഉമ്മയാകട്ടെ ചുരുങ്ങിയ ദിവസങ്ങളെ അത്താഴത്തിനു വിളിക്കുകയുള്ളൂ.അത്താഴം കഴിച്ചില്ലെങ്കിൽ നോമ്പില്ല എന്നാണു ഉമ്മയും സഹോദരിമാരും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്‌. നീയൊന്നും നോമ്പെടുക്കുവാൻ ആയിട്ടില്ല എന്നായിരുന്നു ഉമ്മയുടെ നിലപാട്‌..അന്നൊക്കെ ഉമ്മമാരുടെ പൊതു നിലപാടു ഈ തരത്തിലായിരുന്നെങ്കിൽ ഇന്നു തീർത്തും വ്യത്യസ്ഥമാണു മാതപിതാക്കളുടെ നിലപാടുകൾ. വ്രതമെടുക്കുവാൻ താൽപര്യപ്പെടുന്ന മക്കളെ പ്രോത്സാഹിപ്പിക്കുന്ന നയമാണു ഇന്നു പൊതുവെ കണ്ടുവരുന്നത്‌. ദൊഹയിലുള്ള ജ്യേഷ്ഠന്റെ പതിനൊന്നു വയസ്സുള്ള മകൾ 'സന' കഴിഞ്ഞ തവണ ഇരുപതിൽ കൂടുതൽ നോംബെടുത്തതിനു ജ്യേഷ്ഠൻ സമ്മാനിച്ചതു അവൾക്കിഷ്ടമുള്ള ഒരു കൈചെയ്യ നായിരുന്നു. എന്റെ ആറുവയസ്സുള്ള മകളോടു ഇത്തവണ ഞാൻ ചോദിച്ചു "ഹനാ നിനക്ക്‌ ഇത്തവണ നോംബെടുക്കേണ്ടേ എന്നു"? അവളുടെ മറുപടി രസകരമായിരുന്നു. ഏതോ ഒരു മധുരപലഹാരം വായിൽ വെച്ചിട്ടു പറയുകയാണു "എനിക്കു നോംബാണു. ഞാൻ നോംബെടുത്തു കൊണ്ടിരിക്കുകയാണെന്നു".
അത്താഴത്തിന്റെ പ്രത്യേകഥ ഉമ്മാടെ 'ചക്കരപ്പാൽ' ആയിരുന്നു. . പിന്നെ 'കിച്ചടി'യും. ഉമ്മാടെ 'കൈമുദ്ര' പ്രത്യേകം പതിഞ്ഞ ചില വിഭവങ്ങളാണിതെല്ലാം. മറ്റാരുണ്ടാക്കിയാലും ഉമ്മ ഉണ്ടാക്കിയ രുചി കിട്ടുമായിരുന്നില്ല. ഈ റമദാനിലെ ആദ്യ വാരത്തിൽ പോലും ഉമ്മാടെ 'ചക്കരപ്പാലിന്റെയും; കിച്ചടി'യുടെയും കൈപുണ്യം രുചിച്ചറിയുവാനുള്ള ഭാഗ്യം ഉണ്ടായി. ഭക്ഷണ പ്രിയരെ സൽക്കരിക്കൽ ഉമ്മാക്കിഷ്ടവുമായിരുന്നു.പിന്നീട്‌ ഓരോ വർഷങ്ങൾ കഴിയുമ്പോഴും നോമ്പിന്റെ എണ്ണത്തിൽ സ്വാഭാവികമായ വർദ്ധനവുണ്ടായി. ഏതാണ്ട്‌ റമദാൻ മുഴുവൻ നോമ്പെടുക്കുന്നത്‌ പത്താം ക്ലാസ്‌ കഴിഞ്ഞപ്പോഴാണു.

ഓർമ്മവെക്കുപോൾ ഞങ്ങളുടെ പ്രദേശത്ത്‌ നമസ്ക്കരിക്കുവാൻ പള്ളി ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ബാങ്കു വിളി കേൾക്കുവാൻ വിടിന്റെ പടിക്കൽ ഞാനും ജ്യേഷ്ടനും ചെന്നു നിൽക്കും. സന്ധ്യാ സമയമായതു കൊണ്ടു തന്നെ കൂട്ടിന്ന്‌ മൂളിപ്പാടും പാടി ധാരാളം കൊതുകും ഉണ്ടാകും അവിടെ. "മമ്മുണ്ണ്യാജിയുടെ പള്ളി' യിൽ നിന്ന്‌ 'ബാങ്ക്‌ വിളി' കേൾക്കേണ്ട താമസം അറിയിപ്പുമായി വീട്ടിലേക്കോടിക്കയറും. നോമ്പു തുറ കഴിഞ്ഞാൽ പ്രധാന പരിപാടി 'തറാവിഹ്‌' നമസ്ക്കാരമായിരുന്നു. പള്ളി ഇല്ലാതിരുന്നതിനാൽ 'മദ്രസ'യിലാണു അന്ന്‌ തറാവീഹ്‌ നമസ്ക്കാരം നടന്നിരുന്നത്‌. കാരണവന്മാരൊക്കെ മുന്നിൽ നിൽക്കും. ഞങ്ങൾ കുട്ടികൾ പിന്നിലും. നമസ്ക്കാരത്തിന്നിടയിലെ പ്രധാന കലാപരിപാടി 'സുജൂദ്'' ചെയ്യുന്നവന്മാരുടെ കാലു പിടിച്ച്‌ വലിക്കുക എന്നതായിരുന്നു. പിന്നെ 'ചിരിയും'. വായ കൊണ്ടും 'മറ്റു ചില ഭാഗം' കൊണ്ടുമുള്ള 'അപശബ്ദങ്ങൾ' പുറപ്പെടുവിക്കലും. ഇതിന്റെയെല്ലാം നേതൃസ്ഥാനത്തുണ്ടാകുക ജ്യേഷ്ഠനും കൂട്ടുകാരുമാകും. ഇവരെ സപ്പോർട്ട്‌ ചെയ്യലാണു എന്റെയും എന്റെ പ്രായമുള്ളവർഉടെയും ജോലി.. സഹികെടുംബൊൾ ഇമാം നിൽക്കുന്ന 'സദർ ഉസ്താദ്‌' ചൂരലെടുത്ത്‌ തൊടക്കിട്ട്‌ നല്ല ചൂടുള്ള അടി തന്നാണു ഇത്തരം കലാപരിപാടികൾക്ക്‌ മറുപടി തരിക.(ഇതേ സദർ ഉസ്താദ്‌ തന്നെയാണു ഇന്നെന്റെ മകൾ 'ഹന'യെ പടിപ്പിക്കുന്നത്‌. സദർ ഉസ്താദിന്റെ മുന്നിൽ നിൽക്കുവാൻ ഇന്നും അൽപം ഭയമാണു. ഏതാണ്ട്‌ മുപ്പത്‌ വർഷമായി ഉസ്താദിന്റെ സേവനം ഞങ്ങളുടെ നാട്ടിൽ) തറാവീഹ്‌ നമസ്ക്കാരത്തിന്റെ മറ്റൊരു ആകർഷണം നമസ്ക്കാരം കഴിഞ്ഞുള്ള 'തരിക്കഞ്ഞി'യാണു. കുട്ടികൾ എന്ന നിലക്ക്‌ വിതരണം ചെയ്യേണ്ട ചുമതലയൊക്കെ അന്നു ജ്യേഷ്ടന്റെയും എന്റെയും പ്രായക്കാർക്കാണു. അണ്ടിപ്പരിപ്പും, മുന്തിരിയുമൊക്കെയുള്ള തരിക്കഞ്ഞിയുടെ അടിഭാഗം ഇളക്കാതെ കോരിയെടുത്ത്‌ മാറ്റിവെച്ചതിനു ശേഷമാകും വിതരണം ആരംഭിക്കുക. വെള്ളം മാത്രമുള്ള മുകൾഭാഗം വിതരനത്തിനു. അടിഭാഗം വിതരണ കമ്മറ്റിക്കും.
റമദാൻ അവസാനമാകുമ്പോഴേക്ക്‌ പെരുന്നാളിനുള്ള ഡ്രസ്‌ തൈപ്പിക്കുവാൻ കൊടുക്കുന്ന തിരക്കാകും. അന്നൊക്കെ പെരുന്നാളിനും നബിദിനത്തിനുമായിരുന്നു പുത്തൻ കളർ ഡ്രസ്‌ കിട്ടിയിരുന്നത്‌. പിന്നെ നോമ്പ്‌ ഇരുപത്തിയാറിനു ഇരുപത്തിയേഴാം രാവേന്ന ചടങ്ങാണു മനസ്സിൽ ഉണ്ടാകുക. ഒരുപാടു പേർ വീട്ടി വരും. ഉമ്മ ആളുകളെയൊക്കെ നോക്കി കാശു കൊടുക്കും, പണക്കാരുടെ വീ‍ട്ടിലെ കുട്ടികളുമുണ്ടാകും കൂട്ടത്തിൽ, പടക്കം വാങ്ങുവാനുള്ള കാശ്‌ സംഘടിപ്പിക്കുവാൻ. പെരുന്നാൾ തലേന്ന് രണ്ടു ഡ്യൂട്ടിയാണു. ഒന്നു തലേ ദിവസം തന്നെ "ലളിതേച്ചിയുടെയോ" "മോമ്മുണ്ണിക്കാടെയോ" വീട്ടിൽ നിന്നു മയിലാഞ്ചി പൊട്ടിച്ചു കൊണ്ടുവരണം.പെരുന്നാള്‍ രാത്രി സഹോദരിമാരോക്കെ വരും അവരുടെ വിടുകളില്‍ നിന്ന്. അവര്‍ക്കാണ് മയിലാഞ്ചി.. ഇന്നിപ്പോൾ ഇതേ മയിലാഞ്ചിക്കു വേണ്ടി ആളുകൽ വരുന്നത്‌ എന്റെ വീട്ടിലേക്കാണു. എന്റെ മകൾ ഹനാ ക്ക്‌ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും മയിലാഞ്ചി മാറിമാറി ഇടണം. അതുകൊണ്ട്‌ മയിലാഞ്ചി കൃഷിസ്വന്തം തന്നെ തുടങ്ങി. പെരുന്നാൾ പിറന്ന അറിഞ്ഞാൽ തുടങ്ങു അരി വാങ്ങുവാനുള്ള ആളുകളുടെ വരവുകൾ. ഇതിൽ എന്റെയും ജ്യേഷ്ഠന്റെയും ജോലി എന്തെന്നു വെച്ചാൽ എത്തികേണ്ട വിടുകളിൽ (ഫിതർ സകാത്‌) പുലർച്ചയോടു കൂടി എത്തിക്കുക എന്നതായിരുന്നു. അതിനു ശേഷമാണു പെരുന്നാൾ കുളിയും നോമ്പു അവ്സാനിപ്പിച്ചുള്ള വിസ്തരിച്ചുള്ള പ്രഭാത ഭക്ഷണവുമൊക്കെ.


മതം അന്നൊക്കെ വെറുമൊരു ആചാരം മാത്രമായിരുന്നു. ആ നിലക്ക്‌ തന്നെയാണു പഠനവും നടന്നിരുന്നത്‌. പിന്നീട്‌ കോളേജ്‌ പഠന കാലയളവിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്വാധീനത്തിൽ മേമ്പൊടിക്കു നിലനിർത്തിയിരുന്ന ആചാരങ്ങളിൽ വരെ ഇടിവു സംഭവിച്ചിരുന്നു. പിന്നീടുണ്ടായ വായനയിലൂടെയാണു വെറുമൊരു മതാചാരമെന്ന നിലയിൽ നിന്ന്‌ ആദർശമെന്ന നിലയിലേക്ക്‌ ഇസ്ലാം വ്യക്തി ജിവിതത്തില്‍ രൂപാന്തരപ്പെടുന്നത്‌. സി.പി.എം സഹയാത്രീകനായിരുന്ന ഉപ്പയുമായുള്ള നിരന്തര ചർച്ചകൾ വായിക്കുവാനും പഠിക്കുവാനുമുള്ള പ്രചോദനമായിരുന്നു. ഈ ചർച്ചയും, വായനയും വളർന്നാണു സുവ്യക്തമായ ഒരു പൊതുനിലപാടു എന്നിൽ രൂപപ്പെടുന്നത്‌.

നാട്ടിലെ നോമ്പുകാലം അന്നൊക്കെ പൊതുവെ 'വരണ്ട' അന്തരീക്ഷത്തിലായിരുന്നു. ഇന്ന്‌ നല്ല മഴക്കാലവും. പിന്നീട്‌ ഖത്തറിൽ എത്തിയപ്പൊഴാണു പ്രവാസ നോമ്പിന്റെ ഭാഗവാക്കവുന്നത്‌. പൊതുവെയുള്ള വിലയിരുത്തലിൽ നോമ്പുകാലം ചിലവഴിക്കുവാൻ ഏറ്റവും നല്ലത്‌ ഗൾഫിൽ ആണെന്നാണു പറയാറുണ്ടായിരുന്നു.. ജോലി സമയത്തിലെ ഇളവുകൾ, ബാച്ചിലർ റൂമുകളിലെ കൂട്ടം ചെർന്നുള്ള നോമ്പുതുറകൾ, അറബിഭവനങ്ങളിൽ നിന്നും കൊണ്ടു വരുന്ന മജ്ബുസ്‌, അലീസ്‌ എന്നിങ്ങനെയുള്ള പ്രതേക വിഭവങ്ങൾ,സമൂഹ നോമ്പ്‌ തുറകൾ, പിന്നെയുള്ള നമസ്കാര സൗകര്യങ്ങൾ എന്നിവയൊക്കെ ഗൽഫിൽ എവിടെയും ലഭ്യമായ സൗകര്യങ്ങളാണല്ലോ. റമദാൻ പിറന്നാൽ ഗൾഫി ലെ നഗരങ്ങൾക്കു പോലും പ്രത്യേകഥ ഉള്ളതു പോലെയാണു അനുഭവപ്പെടുക, പ്രകൃതിയും റമദാനെ വരവേൽക്കുന്ന അനുഭവം. എന്നാൽ ഇതേ അനുഭൂതി ഇന്നു നാടിലും ഉണ്ടെനാണു വസ്തുത. മുസ്ലിം കേന്ദ്രങ്ങൾ റമദാനെ വരവേൽക്കുന്നത്‌ ഗൾഫിലെ അതേ നിലക്കു തന്നെയാണു. പള്ളികൾ കേന്ദ്രീകരിച്ചുള്ള നോമ്പുതുറകളിലും, പ്രാർത്ഥനാ സൗകര്യങ്ങളിലും,വിഭവങ്ങളുടെ സമൃദ്ധിയിലുമെല്ലാം നാട്‌ ഒരുപാടു മുന്നോട്ടു പോയിരിക്കുന്നു. തറാവീഹ്‌ നമസ്ക്കാരത്തോടൊപ്പം തന്നെ രാത്രിയിലെ പ്രത്യേക നമസ്ക്കാരത്തിനു വരെ ഇന്നു നാട്ടിലെ പല പള്ളികളിലും സൗകര്യമുണ്ട്‌. റമദാൻ അവസാന പത്തിലെ പള്ളിയിലെ ഭജനമിരുപ്പിനും ഉന്ന് ആളുകൾ ഏറെ.
ഖത്തറിൽ വന്നതു മുതൽ അടുത്തകാലം വരെ തറാവിഹ്‌ നമസ്കാരത്തിനു പോയിരുന്നത്‌ 'വലിയ പള്ളി'യെന്നറിയപ്പെടുന്ന ദീവാനി അമീറിക്കടുത്തുള്ള ഗ്രാൻഡ്‌ മോസ്ക്കിലായിരുന്നു. ലോകപ്രശസ്ത പണ്ഢിതൻ ഷെയ്ഖ്‌ യൂസഫ്‌ ഖർദ്ദാവിയുടെ സാനിദ്ധ്യമായിരുന്നു 'വലിയ പള്ളിയെ' ദൂരദിക്കിൽ നിന്നുള്ളവരെ പോലും ആകർഷിച്ചിരുന്നത്‌. രണ്ടായിരാമാണ്ടിലെ റമദാനിലായിർന്നു വിശുദ്ധ ഉമ്ര നിർവ്വഹിക്കുവാൻ കൂട്ടുകാരൻ മൊയ്തുണ്ണിയുമൊത്ത്‌ യാത്രയാകുന്നത്‌. വിശുദ്ധ ഖുർആൻ സൂക്തങ്ങൾ നെരിട്ടിറങ്ങിയ പ്രദേശങ്ങളിലൂടെയുള്ള യാത്രകളും രാപാർക്കലുമൊക്കെ ഏതൊരു വിശ്വസിയിലും ഉണ്ടാകുന്ന വികാരം പറഞ്ഞറിയക്കത്തത്താണു. ഭൂമിയിൽ അല്ലാഹുവിന്റെ പ്രഥമ ഭവനമെന്ന വിശുദ്ധ കഅബ. അല്ലാഹുവിന്റെ നിർദ്ദേശത്താൽ പ്രവാചകൻ ഇബ്രാഹീമും മകൻ ഇസ്മായീലും ലോക സമൂഹത്തിന്നായി പുനർന്നിർമ്മിച്ച, മുസല്ലയിലും ചിത്രങ്ങളിലും മാത്രം കണാൻ വിധിക്കപ്പെട്ടിരുന്ന അല്ലാഹുവിന്റെ ഭവനം. ലോകത്തെ മുഴുവൻ മുസ്ലിംകളും അഞ്ചു സമയവും തിരിഞ്ഞു നിക്കുന്ന ദിശ തൊട്ടു മുന്നിൽ കണ്ടപ്പോൾ ഉണ്ടായ അമ്പര പ്പും ആഹ്ലാദവും ഇന്നും മനസ്സിൽ നിന്നും മയഞ്ഞിട്ടില്ല. ഇബ്രാഹീം നബിയുടെ പുത്രൻ ഇസ്മായീലിന്റെ ദാഹമകറ്റിയ സംസം എന്ന നിലക്കാത്ത ഉറവ ഇന്നുമൊരു ശാസ്ത്ര ആശ്ചര്യമായി കോടിക്കണക്കിനു വിശ്വാസികളുടെ ആത്മീയ-ശരീരിക ദാഹമകറ്റി അല്ലാഹുവിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായി നിലനിൽക്കുന്നു.. ഈ കൊടിയ വേനലിൽ പോലും സംസം നീരുറവയിൽ നിന്നു പതിവിൽ കൂടുതൽ ജലം പ്രവഹിക്കുന്നതായി വാർത്തകൾ വന്നിരുന്നു. മുസ്ലിം ലോകത്തിന്റെ പരിച്ചെദം തന്നെയാണു മക്കയും മദീനയും, വിവിധ ദേശക്കാരും ഭാഷക്കാരും ഒരേയൊരും ലക്ഷ്യത്തോടെ ചുണ്ടിൽ ഒരെയൊരും മന്ത്ര ധ്വനികളോടെ നടന്നു നീങ്ങുന്നു. ഞാൻ സുഹൃത്ത്‌ മൊയ്തുണ്ണിയോടു പറഞ്ഞു. "മുസ്ലിം ലോകത്തിന്റെ ശക്തിയും ദൗർഭല്യവും യഥാർത്ഥത്തിൽ ഇവിടെ കാണാൻ സാധിക്കുന്നു" എന്ന്.

വിവാഹം ഉറപ്പിച്ചിട്ടിരുന്ന സമയവുമായിരുന്നു അന്നു. ഗൾഫിൽ വന്ന അന്നു മുതലെ റമദാൻ മാസകാലം കഴിഞ്ഞു പോയിരുന്നത്‌ ഗൾഫിൽ വെച്ചു തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബം ഖത്തറിൽ ഉള്ള സമയത്താണു "പ്രവാസിയെന്ന നിലക്കു ഒരു റമദാൻ നാട്ടിൽ കൂടണമെന്ന ആഗ്രഹം ഉണ്ടായത്‌. അങ്ങിനെ കുടുംബവുമൊത്ത്‌ രണ്ടായിരത്തി നാല് റമദാൻ പതിനഞ്ചിനു റമദാൻ മാസം ചിലവഴിക്കുവാൻ നാട്ടിലേക്ക്‌ പോയി. വീട്‌ നിലനിൽക്കുന്നത്‌ ഒറ്റപ്പെട്ട ഒരു സ്ഥലത്തായിരുന്നു. പിന്നിൽ അൻപതു മീറ്റർ കഴിഞ്ഞാൽ പുഴ, മുന്നിൽ വിജനതയും. ഇരുട്ടിനു വന്യമായ സൗന്ദര്യം. ഇടക്കിടെയുള്ള കുറുക്കന്മാര്ടെ ഓരിയിടലും.ഇപ്പോഴാണു ഒന്നു രണ്ടു വീടുകൾ അവിടെ വന്നത്‌.അത്താഴം കഴിഞ്ഞാൽ അലപ സമയം മുൻ വശത്ത്‌ വന്നിരിക്കും. പുഴക്കപ്പുറത്തു നിന്നുള്ള അമ്പലത്തിൽ നിന്നു ഭക്തിഗാനം ഇങ്ങിനെ ഒഴുകിയെത്തും. നല്ല കാറ്റും. കൂടെ വന്നിരിക്കുവാൻ ഭാര്യയെ വിളിക്കുമ്പോൾ ഭാര്യയുടെ മറുപടി ഇങ്ങിനെയായിരിക്കും"നോസ്റ്റാൽജിയ വന്ന് നിങ്ങൾ അങ്ങിനെ ഇരിക്കം, പിന്നെ പത്തുമണിക്ക്‌ എഴുനേറ്റാൽ മതി. എന്റെ കാര്യം അങ്ങിനെയല്ലല്ലോ" എന്ന്.ഇന്നും നാട്ടിലെ റമദാൻ ഓർക്കുപോൾ ആദ്യം ഒടിയെത്തുക അന്നത്തെ പതിനഞ്ച്‌ ദിവസത്തെ റമദാൻ കാലമാണു. ആ വർഷത്തിനു ശേഷം ഏതാണ്ടെല്ലാ കൊല്ലത്തെ റമദാനിലും ഒന്നോ രണ്ടോ ദിവസത്തെ നോമ്പിന്ന് നാട്ടിൽ കൂടുക പതിവാണു.
ഇതിപ്പോള്‍ എന്റെ മുപ്പത്തിനാലാം റമദാനാണു കടന്നു പോകുന്നത്‌. ഇനിയൊരു റമദാനെ വരവേൽക്കുവാൻ ജീവിച്ചിരിക്കുമോ എന്ന് എനിക്കെന്നല്ല ആർക്കുമില്ല ഒരുറപ്പും. കഴിഞ്ഞ റമദാനില്‍ ആരോഗ്യത്തോടെയും അല്ലാതെയും ജീവിച്ചിരുന്ന പലരും ഇന്ന് നമ്മോടൊപ്പമില്ല.

റമദാന്‍ ചിലർക്ക്‌ പുതു നന്മയിലേക്കുള്ള കാൽ വെപ്പുകളാണെങ്കിൽ മറ്റു ചിലർക്ക്‌ തിരിച്ചു വരവുകളുടെ കാലമാണു. വ്യതിചലനത്തിൽ നിന്നു യഥാർത്ഥ പാഥയിലേക്കുള്ള തിരിച്ചുവരവിന്റെയും പശ്ചാതാപത്തിന്റെയും അവസരം. എന്നെ വ്യക്തിപരമായി സമ്പന്ധിച്ചിടത്തോളം ഒരെ സമയം മുന്നേറ്റത്തിന്റെയും തിരിച്ചു വരവിന്റെയും സമയമാണു റമദാൻ. ബോധപൂർവ്വമോ അല്ലാതെയോ ജീവിത യാത്രയിലെ വന്ന പിഴവുകളിൽ നിന്നുള്ള തിരിച്ചു പോക്കും അതെ സമയം പുതിയതെന്തെങ്കിലും നന്മകൾ ജിവിതത്തിലേക്ക്‌ പകർത്തുന്നതിനുള്ള അവസരവും.
"സത്യവിശ്വാസികളെ നിങ്ങൾ മുൻപുള്ള ജനതക്ക്‌ നിർബന്ധമാക്കപ്പെട്ടതു പോലെ നോമ്പ്‌ നിങ്ങൾക്കും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷമതയുള്ളവരാകുവാൻ വേണ്ടിയത്രെയത്‌." (വിശുദ്ധ ഖുർആൻ-അൽ ബഖറ)


9 comments:

 1. നന്നായി പറഞ്ഞു.
  ആശംസകള്‍

  ReplyDelete
 2. ചെറുവാടി..
  നന്ദി.

  ReplyDelete
 3. മനസ്സില്‍ തട്ടി പറഞ്ഞു..
  അല്പം നീണ്ടെങ്കിലും
  റമദാനെക്കുറിച്ചായതിനാല്‍ ഒറ്റയടിക്ക് മുഴുവന്‍ വായിച്ചു തീര്‍ന്നതറിഞ്ഞില്ല.

  നന്ദി ഈ മനോഹര എഴുത്തിനു..
  റമദാന്‍ മുബാറക്ക്!


  (( റമദാന്‍ ..
  നീ പടിയിറങ്ങുമ്പോള്‍
  പ്രിയപ്പെട്ടവനു യാത്രമൊഴി നല്‍കുമ്പോലെ
  എന്റെ തൊണ്‍ടയിടറുന്നതെന്ത്..? ))

  ReplyDelete
 4. എന്നെ സംബന്ധിച്ചും മുന്നേറ്റത്തിന്റെയും തിരിച്ചു വരവിന്റെയും സമയമാണു ഈ റമദാന്‍. ബോധപൂര്‍വ്വമോ അല്ലാതെയോ ജീവിത യാത്രയില്‍ വന്ന പിഴവുകളില്‍ നിന്നുള്ള തിരിച്ചു പോക്കും അതെ സമയം പുതിയതെന്തെങ്കിലും നന്മകള്‍ ജിവിതത്തിലേക്ക്‌ പകര്‍ത്തുന്നതിനുള്ള അവസരവും.

  ലളിതവും സുന്ദരവുമായ പോസ്റ്റ്.റമളാന്‍ അനുകൂലമായി സാക്ഷി നില്‍ക്കുന്നവരില്‍ നാഥന്‍ നമ്മെ ഏവരേയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ.ആമീന്‍

  ReplyDelete
 5. ഈ മനോഹര എഴുത്തിനു നന്ദി

  ReplyDelete
 6. വളരെ നന്നായിരിക്കുന്നു.ഇത് വായിക്കുന്നവര്‍ക്ക് ഉത്ബോധനമാകട്ടെ ഈ ബ്ലോഗ്‌.അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.താങ്കളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ കൂടി ഉള്‍പെടുത്തുക.

  ReplyDelete
 7. നൌഷാദ്,
  ജിപ്പുസ്,
  ജിഷാദ്,
  ഷെഫിര്‍

  നന്ദി അഭിപ്രായം രേഖപ്പെടുതിയതിന്നു

  ReplyDelete
 8. നന്നായി എഴുതി.

  ReplyDelete
 9. ഗതകാല റമദാൻ സ്മരണകൾ നന്നായി അവതരിപ്പിച്ചു

  >മതം അന്നൊക്കെ വെറുമൊരു ആചാരം മാത്രമായിരുന്നു < എന്നത് ചിലരെ സംബന്ധിച്ച് അന്നും ഇന്നും അങ്ങീനെ തന്നെ.

  തന്റെ വിശ്വാസത്തിൽ അടിയുറച്ചവർക്ക് പക്ഷെ അതായിരുന്നു എല്ലാം ഇന്നും.

  ReplyDelete