Wednesday, January 6, 2010

കുടുംബം-ചില കാലികചിന്തകള്‍


കുടുംബം-ചില കാലികചിന്തകള്‍

അണുകുടുംബങ്ങളുടെ വ്യാപനം ഏറെ നഷ്ടം വരുത്തിയത്‌ ഊഷ്മളമായ കുടുംബ ബന്ധങ്ങൾക്കാണു. മുൻ കാലങ്ങളിൽ നിലനിന്നിരുന്ന ഒന്നിച്ചു ചേർന്നുള്ള കുടുംബജീവിത ശൈലി ഇന്ന് വ്യത്യസ്ഥ ചെറുകുടുംബങ്ങളുടെ വികേന്ദ്രീകരണത്തിലേക്ക്‌ വഴിമാറിയിരിക്കുന്നു. ഞാനും എന്റെ ഭർത്താവും മക്കളും, അല്ലെങ്കിൽ ഞാനും എന്റെ ഭാര്യയും മക്കളും എന്ന പരിമിതിയിലേക്ക്‌ കുടുംബവ്യവസ്ഥ പരിവർത്തിക്കപ്പെടുന്നതോടെ നഷ്ടപ്പെടുന്നത്‌ പ്രായമായ മാതാപിതാക്കളുടെ സുരക്ഷിതത്വവും സംരക്ഷണവുമാണു. പ്രായമായ മാതാപിതാക്കളെ അവഗണിച്ചു സ്നേഹവും ലാളനയുമെല്ലാം മക്കൾക്കു മാത്രം വാരിവിതറുന്നറുന്ന പുത്തൻ ജീവിത വ്യവസ്ഥ യഥാർത്ഥത്തിൽ ഭാവിയിൽ സ്വന്തം മാതാപിതാക്കളോടുള്ള പെരുമാറ്റം ഏതുതരത്തിലാവണമെന്നത്‌ പ്രായോഗിക തരത്തിൽ സ്വന്തം മക്കൾക്ക്‌ കാണിച്ചു കൊടുക്കുക തന്നെയാണു. ഒരു കഥയുണ്ട്‌. ഒരു പിതാവും ചെറിയ മകനും കൂടെ പട്ടണത്തിൽ വീട്ടുസാധനങ്ങൾ വാങ്ങാനായി പോയി. പാത്രങ്ങൾ വിൽക്കുന്ന കടയിൽ കയറി ഭക്ഷണത്തിനുള്ള പാത്രങ്ങൾ തെരഞ്ഞെടുത്തതിനുശേഷം ഒരു തകരപ്പാത്രം വേറെയും വാങ്ങി. ഇതു കണ്ട ചെറിയ കുട്ടി പിതാവിനോട്‌ ചോദിച്ചു ആർക്കുള്ളതാണീ പാത്രമെന്ന്. പിതാവിന്റെ മറുപടി അതു നിന്റെ പ്രായമായ മുത്തച്ഛനു വേണ്ടിയാണെന്ന്. ഉടനെ കുട്ടിയുടെ മറുപടി വന്നു. "എന്നാൽ ഒരു തകരപാത്രം കൂടി വാങ്ങാമച്ഛാ" അതെന്തിനാണെന്ന് അച്ഛൻ ചോദിച്ചപ്പോൾ "പ്രായമാകുമ്പോൾ അച്ഛനുപയോഗിക്കാമല്ലോ" എന്നായിരുന്നു ആ കുഞ്ഞിന്റെ മറുപടി. മാതാപിതാക്കളെ എതു നിലക്ക്‌ പരിഗണിക്കണമെന്നത്‌ ആ ചെറിയ കുട്ടിക്ക്‌ സ്വന്തം പിതാവ്‌ അനുഭവത്തിലൂടെകാണിച്ചു കൊടുക്കുകയായിരുന്നു. ഭാവിയിൽ വളർന്നു വലുതാകുന്ന ഈ കുഞ്ഞ്‌ ഈ നിലക്കു തന്നെയല്ലേ അവന്റെ മാതാപിതാക്കളെയും പരിഗണിക്കുക. മാതാപിതാക്കളെ അവഗണിച്ച്‌ കുടുംബ ജീവിതം സ്വന്തം ഭാര്യയിലും മക്കളിലുമൊതുക്കുമ്പോൾ നഷ്ടപ്പെടുന്നത്‌ നാളത്തെ സ്വന്തം ഭാവി തന്നെയെന്നത്‌ എത്ര ദമ്പതികൾക്കറിയാം. മാതാപിതാക്കളെ അവഗണിക്കുക, പ്രയാധിക്യത്താൽ അവരിൽ രൂപപ്പെടുന്ന ചെറുചെറു വാശികളോടു നീരസവും, നിഷേധവും പ്രകടിപ്പിക്കുക. സമയക്കുറവും സൗകര്യക്കുറവും പറഞ്ഞ്‌ പ്രായമായ മക്കളുടെ സാമിപ്യവും ശുശ്രൂഷയും ആഗ്രഹിക്കുന്ന മാതാപിതാക്കളെ ഇതെല്ലാം നിഷെധിച്ച്‌ വൃദ്ധസധനങ്ങളിൽ നിർബന്ധപൂവ്വം പ്രവേശിപ്പിക്കുക. ഇത്യാധി കർമ്മങ്ങളിൽ എർപ്പെടുന്ന ദമ്പതികൾക്കും ഭാവിയിൽ കാത്തിരിക്കുന്നത്‌ സ്വന്തം മക്കളിൽ നിന്നുള്ള ഇതേ അവഗണനയും, നിഷേധാത്മകതയും, അവസാനം വൃദ്ധസധനങ്ങളിലേക്കുള്ള കാടുകടത്തലും തന്നെയാണു.

അതെ സമയം മാതാപിതാക്കളെ മാതൃകാപരമായി സംരക്ഷിക്കുന്നവരും വിരളമല്ല. പ്രവാസികളിൽ തന്നെ ഭാര്യയും മക്കളുമായി ജീവിക്കാൻ സാമ്പത്തീക ശേഷിയുള്ള ഒരു പാടു പേർ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രം ഭാര്യയെയും മക്കളെയും നാട്ടിലാക്കി പ്രവാസത്തിന്റെ എകാന്ത തയിൽ ജീവിതം തള്ളിനീക്കുക്കുന്നുണ്ടു. ഭ‍ാര്യയും, മക്കളെയുമൊത്തുള്ള ദീർഘമായ പ്രവാസ ജീവിതത്തിൽ നിന്ന് ഇവരെ വിലക്കുന്നത്‌ മാതാപിതാക്കളുടോടുള്ള കടപ്പാടും, കടമകളുമാണു.

പുരുഷനെയും സ്ത്രീയെയും ജൈവഘടനയിൽ തന്നെ ഒരു പാടു വ്യത്യാസങ്ങളോടെയാണു ദൈവം തമ്പുരാൻ ശ്രിഷ്ഠിച്ചിട്ടുള്ളത്‌. മാനസികമായും, ശാരീരികമായും തുലോം വ്യത്യസ്തമാണു സ്ത്രീ-പുരുഷ ഘടന. പുരുഷനെ ആരോഗ്യവാനും, പരുക്കനുമായി ശ്രിഷ്ടിച്ചപ്പോൾ സ്ത്രീയെ ലജ്ജയിലും, സൗന്ദര്യത്തിലും, കുലീനത്വത്തിലുമധിഷ്ടിതമായ ദുർബലതയോടെയാണു ശ്രിഷ്ഠിക്കപ്പെട്ടത്‌. അതോടൊപ്പം ചേർത്തുവായിക്കപ്പെടേണ്ടതാണു ഇരുവരുടെയും വ്യത്യസ്തങ്ങളായ മാനസിക ഘടന. പുരുഷൻ തന്നെക്കാളേറെ തനിക്ക്‌ ചുറ്റുമുള്ളവരെ കുറിച്ച്‌ ചിന്തിക്കുമ്പോൾ സ്ത്രികൾ കൂടുതലും ചിന്തിക്കുന്നത്‌ തന്നെകുറിച്ചും തന്റെ മക്കളെ കുറിച്ചും ഭർത്താവിനെ കുറിച്ചും മാത്രമാണു. സ്വന്തം സുരക്ഷിതത്വം ആരുടെ കയ്യിലാണോ, വിവാഹത്തിനു മുന്നേ അതു മാതപിതാക്കളോ, സഹോദരന്മാരോ ആകാം. വിവാഹ ശേഷം ഭർത്താവൊ മക്കളോ ആകാം. അവരിലേക്കു മാത്രം സ്വയം ഒതുങ്ങുവാനും, ഇവരിൽ സംതൃപ്തിയടയാനുമാണു സ്ത്രീകൾ ആഗ്രഹിക്കുന്നത്‌. ഏറ്റകുറച്ചിലുകൾ കാണാമെങ്കിലും, ഒരു സ്ത്രീ അവർ മതാവാകട്ടെ, ഭാര്യയാകട്ടെ, സഹോദരിയാകട്ടെ, മകളാകട്ടെ, പൊതുപ്രവർത്തകയാകട്ടെ ഏറെക്കുറെ ഈ മാനസീകാവസ്ഥ പങ്കിടുന്നവരാണു. അതു കൊണ്ടു തന്നെ വിവാഹത്തിന്റെ ആദ്യനാളുകളിലെ മാധുര്യങ്ങൾക്കു ശേഷം പലവിവാഹ ജീവിതത്തിലും കൈപ്പ്‌ നിറയുന്നു. ഭാര്യ ഭർത്താവേന്ന വ്യക്തിയെ ആദ്യമായും അവസാനമായും തന്റെ ഭർത്താവു മാത്രമായി തന്നിലേക്കു വലിച്ചടുപ്പിക്കാൻ ശ്രമിക്കുമ്പോൾ ഒരു മകൻ എന്ന നിലയിലോ, സഹോദരൻ എന്ന നിലയിലോ, സാമൂഹിക ജിവി എന്ന നിലയിലോ അതു വരെ അയാൾ ആടിയ വേഷങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും വെല്ലുവിളി ഉയരുകയായി. ചിലരെങ്കിലും ഈ 'ധൃതരാഷ്ട്രാലിങ്കനത്തിൽ' നിന്ന് വിമോചിതരാകാതെ ശിഷ്ടകാലം "ഉത്തമ ഭർത്താവായി" ജീവിതം തള്ളിനീക്കും. ചിലർ ഇതിൽ നിന്നു തന്ത്രപൂർവ്വം തെന്നിമാറി ചതുരംഗപ്പലയിലെ കരുക്കളെ പോലെ ആവശ്യാനുസാരം അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറി ഒരു പുരുഷൻ എന്ന നിലക്ക്‌ തന്നിലർപ്പിതമായ ഉത്തരവാദിത്വങ്ങളുമായി മുന്നോട്ടു പോകും. ഭാര്യ പർവ്വതീകരിച്ച്‌ പരാതി പറയുന്ന നിസ്സാര കാരണങ്ങൾക്കു സ്വന്തം വീടും,മാതാപിതാക്കളെയും വിട്ട്‌ യുവതിയായ തന്റെ ഭാര്യയുമൊത്ത്‌ സ്വസ്ത ജീവിതം കൊതിച്ച്‌ പുതിയ വീട്ടിലേക്കുകുടിയേറുന്ന പുരുഷൻ ആദ്യം നഷ്ടപ്പെടുത്തുന്നത്‌ സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും, പിന്നീട്‌ സ്വന്തം ഭാര്യയെ തന്നെയാണെന്നാണു അനുഭവങ്ങൾ പഠിപ്പിക്കുന്നത്‌.


പൊതു പ്രവർത്തകർ പരസ്പരം പങ്കു വെക്കുന്ന ചില അനുഭവങ്ങളിൽ, പൊതുപ്രവർത്തകനെന്ന നിലക്ക്‌ ഏറ്റവുമധികം വെല്ലുവിളി നേരിടുക സ്വന്തം മാതാവും ഭാര്യയുമുൾക്കൊള്ളുന്ന സ്വന്തം കുടുമ്പത്തിൽ നിന്നു തന്നെയാണെന്നു പറയാറുണ്ടു. പുരുഷൻ ആദ്യമായും അവസാനമായും ഒരു സാമൂഹിക ജീവിയാണെന്നും, ഒരു ഭർത്താവു അല്ലെങ്കിൽ ഒരു മകൻ എന്ന നിലക്കുള്ള കടമക്കും കടപ്പാടിനുമൊപ്പം താൻ അധിവസിക്കുന്ന സമൂഹത്തിലും തനിക്കു ചില ഉത്തരവാദിത്വമുണ്ടെന്നും അതു താൻ തന്നെ നിറെവെറ്റേണ്ടതാണെന്നുമുള്ള ഉത്തമ ബോധം ഒരോ പുരുഷനും സ്വയം ഉണ്ടാകേണ്ടതും സ്വന്തം കുടുംബത്തിൽ നിരന്തരമായി പങ്കു വെക്കേണ്ടതുമാകുന്നു. "എല്ലാം ശരി തന്നെ, അതൊക്കെ മറ്റുള്ളവർ ചെയ്തു കൊള്ളട്ടെ, എന്നാൽ എന്റെ മകൻ അല്ലെങ്കിൽ എന്റെ ഭർത്താവു മാത്രം ഈ പണിക്കൊന്നും പോവേണ്ട", എന്ന മനോഭാവമാണു ഒട്ടുമിക്ക സ്ത്രീകൾക്കും. സ്ത്രികൾ വരച്ച ലക്ഷ്മണ രേഖ മറികടന്നില്ലായിരുന്നെങ്കിൽ ഇന്നു നാമനുഭവികുന്ന പല സ്വാതന്ത്ര്യവും നമുക്കു ലഭ്യമാകുമായിരുന്നോ എന്നു ചിന്തിക്കണം. അതേ സമയം ദാമ്പത്യ ജീവിതം പരസ്പരം പങ്കു വെക്കലിന്റേതാകുന്നു. ഭാര്യ ഭർത്താവിനും ഭർത്താവു ഭാര്യക്കും ഉത്തമ സുഹൃത്തായി പരസ്പരം മാറേണ്ടതുണ്ടു. ഒരേ സമയം ഒരു ഉത്തമ സുഹൃത്തിന്റെ വിശ്വസ്ഥതയും അതെ സമയം പരസ്പര ബഹുമാനവും ഇവർക്കിടയിൽ രൂപപ്പെടണം. പരസ്പരം തുറന്നു പറയുവാനുള്ള സമീപനത്തിന്റെ അഭാവമാണു പല ദാമ്പത്യ തകർച്ചക്കും പിന്നിലെ പ്രധാന വില്ലൻ. കേരളത്തിലെ സാമൂഹികാവസ്ഥ പ്രവാസവുമായി കൂടുതൽ ബന്ധപ്പെട്ടതിനാൽ പരസ്പരം അകന്നു നിന്നുള്ള ദാമ്പത്യമാണു കൂടുതലായും സമൂഹത്തിൽ കണ്ടുവരുന്നത്‌. ഇതു കൊണ്ടു തന്നെ ദമ്പതികൾ തമ്മിലുള്ള പരസ്പര വിശ്വാസം ദൃഢവും ആഴമേറിയതാകണം. ശാരിരികവും, മാനസികവുമായ തിന്മകൾക്കു സാധ്യത ഏറെയുള്ളതിനാൽ ഇക്കാര്യത്തിൽ കർശനമായ ജാഗ്രത ഇരുവരും കൈകൊള്ളേണ്ടിയിരിക്കുന്നു. നിർഭാഗ്യവശാൽ തുലോം വ്യത്യസ്തങ്ങളായ സംഭവപരമ്പരകളാണു ഈ മേഘലയിൽ നിന്നും നിരന്തരം ഉയർന്നു വരുന്നത്‌. പ്രവാസികളായി അകലെ കഴിയുന്ന ഭർത്താക്കന്മാർ കുടുംബങ്ങളുടെ ഭൗതികാവശ്യങ്ങൾ നിറവെറ്റുന്നതോടൊപ്പം തന്നെ ധാർമ്മികത സ്വയം ജീവിതത്തിൽ പകർത്തുകയും കുടുംബത്തിന്ന് പകർന്നു നൽകുകയും വേണം. അതൊടൊപ്പം മാതാപിതാക്കളിൽ നിന്നകലെ ഒറ്റക്കു മാറിതാമസിക്കുന്ന അവസ്ഥക്കും മാറ്റം വരേണ്ടതുണ്ടു.


അതെ സമയം ആഗോളതലത്തിൽ തന്നെ സാമൂഹിക വെലുവിളിയായി ഉയർന്നു വരുന്നത്‌ പുതിയ തലമുറയുടെ ജീവിത ശൈലിയാണു. പാരമ്പര്യ സ്വഭാവ സവിശേഷതകൾ ഒഴിച്ചു നിറുത്തിയാൽ ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടൂന്നത്‌ ശൈശവ ഘട്ടത്തിലാണെന്നാണു പൊതുധാരണ. ശൈശവ ഘട്ടത്തിൽ മാതാപിതാക്കളിൽ നിന്നു സ്വായത്തമാക്കുന്ന ചെറുചെറു ധാരണകളാണു തുടർന്നങ്ങോട്ടുള്ള ഒരു വ്യക്തിയുടെ ജീവിതത്തിന്റെ താളം കണ്ടെത്തുന്നതിൽ നിർണ്ണായകമാകുക. ഭക്ഷണം കഴിപ്പിക്കാനും, കുളിപ്പിക്കാനുമൊക്കെ നിർദ്ദോശകരമായി നാം പറയുന്ന ചെറിയ ചെറിയ നുണകൾ കുഞ്ഞുനാളിലേ കളവു പറയുവാനുള്ള മാനസികാവസ്ഥയാണു കുഞ്ഞുങ്ങളിൽ വളർത്തപ്പെടുന്നതെന്ന് എത്ര മാതാപിതാക്കൾ ഓർക്കുന്നുണ്ടാകും?
താലോടിയും ശിക്ഷണം നൽകിയും വേണം കുഞ്ഞുങ്ങളെ വളർത്തുവാൻ. അമിതമായ വാത്സല്യം കൊണ്ടു കുഞ്ഞിനു ആവശ്യമുള്ള ശിക്ഷണം നൽകാതിരിക്കുന്നതും, സ്നേഹം പ്രകടിപ്പിക്കത്തെ ശിക്ഷണം മാത്രം നൽകുന്നതും ദോഷം മാത്രമേ വരുത്തൂ. പ്രവാസ ജീവിതക്രമത്തിനു സ്വാധീനമുള്ള നമ്മുടെ സാമൂഹിക ചുറ്റുപാടിൽ പിതാവിന്റെ അസാന്നിദ്ധ്യം മക്കളിൽ ശ്രിഷ്ഠിക്കുന്ന ദു:സ്വാധീനം ചെറുതല്ല. പലപ്പോഴും വീട്ടിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത്‌ പക്വതയെത്താത്ത കുട്ടികളായിരിക്കും. മക്കളെ സ്നേഹിക്കുക എന്നതിനർത്ഥം അവർ ആവശ്യപ്പെടുന്നതൊക്കെയും നൽകുക എന്ന ധാരണയിൽ മക്കളുടെ സകല ആവശ്യങ്ങളും എതിർപ്പെതുമില്ലാതെ സമ്മതം മൂളുന്ന മാതാവു യഥാർത്ഥത്തിൽ മക്കളുടെ നാശത്തിനു വഴിയൊരുക്കുകയാണു ചെയ്യുന്നത്‌. കാലീക സംഭവവികാസങ്ങൾ ഇത്തരം ഭീഷണമായ അവസ്ഥയിലേക്കാണു വിരൽ ചൂണ്ടുന്നത്‌. ഗൾഫ്‌ പശ്ചാതാലമുള്ള കുടുംബങ്ങളുമായി ബന്ധപ്പെട്ട കുട്ടികളിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെയും അധാർമ്മികതയുടെയും തോത്‌ ഭയാനകമാണു. ഇത്തരമൊരവസ്ഥയിൽ ഭർത്താവിന്റെ അസാന്നിദ്ധ്യത്തിൽ കുട്ടികളെ വളർത്തുന്ന മാതാവു കൂടുതൽ പക്വതയും, ജാഗ്രതയും പാലിച്ചേ മതിയാകൂ. മക്കളുടെ കൂട്ടുകെട്ടുകൾ,വീടുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകൾ, ധാർമ്മികമായ അച്ചടക്കം എന്നിവയിലെല്ലാം മാതാവിന്റെ പക്വതയുള്ള ഇടപെടൽ അത്യന്താപേക്ഷിതമാണു.

ഇക്കാലത്ത്‌ ഒരാളുടെ വരുമാനം കൊണ്ടു മാത്രം കുടുംബവുമായി ജീവിക്കുവാൻ പ്രയാസമാണു. അതുകൊണ്ടു തന്നെ ഭർത്താവിനൊപ്പം ഭാര്യയും ജോലി ചെയ്യുന്ന അവസ്ഥ സമൂഹത്തിൽ നിലവിലുണ്ടു. എന്നാൽ തീരെ ചെറിയ കുഞ്ഞുങ്ങളുള്ള ജോലിക്ക്‌ പോകുന്ന മാതാവ്‌ ഈ വിഷയങ്ങളിലനുഭവിക്കുന്ന സമ്മർദ്ദം ചെറുതല്ല. പ്രസവിച്ച്‌ നാൽപ്തു ദിനം തികയുന്നതിനു മുന്നേ കുഞ്ഞിനെ നേഴ്സറിയിൽ എൽപ്പിച്ച്‌ ജോലിസ്ഥലത്തേക്ക്‌ പാഞ്ഞെത്തുന്ന മാതാപിതാക്കൾക്ക്‌ നഷ്ടപ്പെടുന്നത്‌ സ്വന്തം കുഞ്ഞിനെ തന്നെയല്ലേ? ഈയടുത്ത്‌ ജോലിചെയ്യുന്ന സ്ഥാപനത്തിലുണ്ടായ സംഭവം ഇങ്ങിനെ വിവരിക്കാം. പ്രസവിച്ചു നാൽപതു കഴിഞ്ഞപ്പോഴേ കുഞ്ഞിനെ ബേബി സിറ്റിങ്ങിലാക്കി ഓഫിസിൽ തിരിച്ചെത്തിയ ഒരു സ്ത്രി, കുഞ്ഞിന്റെ വലിയ ചിത്രം സ്വന്തം കമ്പ്യൂട്ടറിന്റെ മുകളിൽ വെച്ച്‌ ഇടക്കിടെ നെടുവിർപ്പിടുന്നതു കാണാം. ഭർത്താവിന്നും മോശമല്ലാത്ത ജോലിയും ശമ്പളവുമൊക്കെയുണ്ടു. ഒരു താൽപര്യത്തിനു ചോദിച്ചു, "ഇത്രയും വിഷമമുണ്ടെങ്കിൽ കുറച്ചു കാലം കൂടെ നിങ്ങൾക്കു സ്വന്തം കുഞ്ഞുമായി കഴിയാമായിരുന്നില്ലേ? ഈ നെടുവീർപ്പിടലെങ്കിലും ഒഴിവാക്കാമായിരുന്നില്ലേ എന്നു". അപ്പോൾ അവർ പറഞ്ഞ മറുപടി "ആഗ്രഹമില്ലാതെയാല്ല. ഇന്നത്തെ കാലത്ത്‌ ഒരു ജോലി കിട്ടുക എന്നതു തന്നെ പ്രയാസമാണു. ആ നിലക്കു ഉള്ള ജോലി നഷ്ഠപ്പെടുത്തുന്ന നിലയിൽ കുഞ്ഞിനെ നോക്കാൻ വേണ്ടി ലീവ്‌ എടുക്കുന്നത്‌ വിഡ്ഡിത്തമല്ലേ? മാത്രമല്ല ഇവിടത്തെ ഏറ്റവും പ്രശസ്തമായ ബേബി സിറ്റിങ്ങിലാണു കുഞ്ഞിനെ അയച്ചിരിക്കുന്നത്‌ എന്ന്." അൽപ നേരത്തെ ഇടവേളക്കു ശേഷം കൂട്ടുകാരൻ ചോദിച്ചു "നിങ്ങൾ ഇന്നീ പറയുന്ന അതേ കാരണങ്ങൾ നാളെ നിങ്ങളുടെ മക്കളും പറഞ്ഞാൽ. അതായത്‌ പ്രായമായ നിങ്ങളുടെ കാലത്ത്‌ അവരുടെ സാമ്പത്തിക ഭദ്രതക്കു വേണ്ടി നിങ്ങളെ പരിരക്ഷിക്കുവാൻ സമയം തികയാതെ വരികയും നിങ്ങളെ പട്ടണത്തിലെ ഏറ്റവും പ്രശസ്തമായ വൃദ്ധ സതനത്തിൽ പ്രവേശിക്കുകയും ചെയ്താൽ നിങ്ങളുടെ മാനസീകാവസ്ഥ എങ്ങിനെയായിരിക്കും എന്ന്?" കുറെ സമയം ആ സ്ത്രീക്ക്‌ ഒന്നും പറയാൻ കഴിഞ്ഞില്ല. ഒരു നിമിഷമെങ്കിലും ഭാവിയെ പറ്റി ആ ചിന്തിച്ചിരിക്കാം. വിവർണ്ണമായ മുഖത്തോടെ ആ സ്ത്രി പറഞ്ഞതിങ്ങനെ. "അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല എന്നു".

സ്ത്രീകൾ ജോലിക്ക്‌ പോകേണ്ടതു തന്നെയാണു. അതേ സമയം സാമ്പത്തിക ഭദ്രത വേണ്ടുവോളമുള്ള ഭർത്താക്കന്മാരുള്ള സ്ത്രീകൾ തന്നെ വിദ്യ അഭ്യസിച്ചു എന്ന ഒറ്റ കാരണം പറഞ്ഞോ, ജോലി നഷ്ഠപ്പെടുമെന്ന കാരണം പറഞ്ഞോ പറക്കമുറ്റാത്ത സ്വന്തം കുഞ്ഞുങ്ങളെ ഒരിക്കലും പരിചയമില്ലാത്ത ആയമാരെ എൽപ്പിച്ച്‌ ജോലിസ്ഥലത്തേക്ക്‌ പാഞ്ഞെത്തുമ്പോൾ വാസ്തവത്തിൽ നഷ്ടപ്പെടുത്തുന്നത്‌ സ്വന്തം കുഞ്ഞുങ്ങളെ തന്നെയാണു. സ്വന്തം ഭാവി തന്നെയാണു..

വാസ്തവത്തില്‍ കുടുംബം എന്ന് പറയുന്നത് പരസ്പര ബന്ധമാണ്.ഉത്തരവാദിത്വമാണ്. സ്വന്തം നിലക്കും മാതാപിതാക്കളോടും സന്താനങ്ങളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം. ഇതിൽ ഏതെങ്കിലുമൊരു വശം അവഗണിക്കുകയോ, പക്ഷപാതിത്വം കാണിക്കുകയോ ചെയ്താൽ നഷ്ടപ്പെടുന്നത്‌ സ്വന്തം വ്യക്തിത്വമാണു. കുടുംബബദ്രതയാണു, സാമൂഹിക ബന്ധമാണു.

3 comments:

 1. വാസ്തവത്തില്‍ കുടുംബം എന്ന് പറയുന്നത് പരസ്പര ബന്ധമാണ്.ഉത്തരവാദിത്വമാണ്. സ്വന്തം നിലക്കും മാതാപിതാക്കളോടും സന്താനങ്ങളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം. ഇതിൽ ഏതെങ്കിലുമൊരു വശം അവഗണിക്കുകയോ, പക്ഷപാതിത്വം കാണിക്കുകയോ ചെയ്താൽ നഷ്ടപ്പെടുന്നത്‌ സ്വന്തം വ്യക്തിത്വമാണു. കുടുംബബദ്രതയാണു, സാമൂഹിക ബന്ധമാണു.

  ReplyDelete
 2. നല്ല ആഴമുള്ള ചിന്തകളും കാഴ്ചപ്പാടും. അഭിനന്ദനങള്‍.

  പക്ഷെ, ഇന്നു മാ‍താപിതാക്കളെ വൃദ്ധസദനങ്ങളിലേക്കയച്ചവരെല്ലാം മാതാപിതാക്കളുടെ സ്നേഹവും ശിക്ഷണവും കിട്ടാത്തവരായിരിക്കില്ല. മകനെ മുന്തിയ സ്കൂളില്‍ പഠിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കു കിട്ടുന്ന സംതൃപ്തി പോലൊന്നു അവനും ചിലതു നേടുന്നതാവും. ആകാശവും ഭൂമിയും സ്വന്തമല്ലാത്ത ഫ്ലാറ്റുകള്‍, സ്റ്റാറ്റസ് സിംബലുകളാകുന്നതു പോലൊരു മനശ്ശാസ്ത്രം. പല നല്ലതും നഷ്ടപ്പെടുത്തിക്കൊണ്ട്, മോശമായതിനെ നല്ലതെന്ന വിചാരത്തില്‍ കൈക്കൊള്ളുന്നതാണ് ഇന്നത്തെ നമ്മുടെ സംസ്കാരം. ഇന്നിതു മോശമെന്നു തോന്നിയാലും നാളെത്തെ സംസ്കാരത്തിന്റെ ഭാഗമായേക്കും. അനിവാര്യമാകുന്ന ഒരു മൂല്യച്ഛ്യുതി. കൂണുകള്‍ പോലെ കിളിര്‍ക്കുന്ന വൃദ്ധ സദനങള്‍ നല്‍കുന്ന സന്ദേശം അതല്ലേ?

  ReplyDelete
 3. പലപ്പോഴും മനസ്സിൽ തോന്നുന്ന ചില ശകലങ്ങളാണ​‍്‌ ഇതൊക്കെ ...നല്ല ലേഖനം

  ReplyDelete