Tuesday, March 24, 2015

ഗോവധനിരോധന നിയമത്തിന്റെ വരും‌വരായ്കകൾ


മഹാരാഷ്ട്രാ സർക്കാരിന്റെ ഗോവധ നിരോധനത്തിന്റെ ചുവടുപിടിച്ച് രാജ്യത്താകമാനം ഗോവധനിരോധന നിയമം കൊണ്ടൂവരാൻ കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചതായി വാർത്തകൾ പുറത്തുവരുന്നു.  ഇന്ത്യയൊട്ടാകെ ഗോവധനിരോധന നിയമം നടപ്പിലാക്കണമെന്നത് സംഘപരിവാർ സംഘടനകളുടെ ഏറെകാലത്തെ ആവശ്യമാണു. മോഡിസർക്കാർ അധികാരത്തിലിരിക്കുന്നതുകൊണ്ടു തന്നെ ഗോവധനിരോധനം കർശനമായി നടപ്പിലാക്കുവാൻ സാധിക്കുമെന്നു സംഘപരിവാര സംഘടനകൾ കണക്കുകൂട്ടുന്നു.

അതെ സമയം കേന്ദ്രസർക്കാരിനെ സമ്പന്ധിച്ചിടത്തോളം ഗോവധനിരോധനം പൊലുള്ള നടപടികൾ അനിവാര്യമാകുന്നത് ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കുവാനുള്ള ആത്മാർത്ഥമായ ശ്രമമെന്നതിനേക്കാളുപരി മോഡിസർക്കാരിന്റെ എട്ടുമാസത്തെ ഭരണത്തെ കുറിച്ച് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നുയർന്നുവരുന്ന അസന്തുഷ്ടി നിറഞ്ഞ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണു എന്ന് വിലയിരുത്തേണ്ടിവരും. കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ട് സംഘപരിവാർ തൊഴിലാളി സംഘടനയായ ബി‌എം‌എസ് കഴിഞ്ഞ ദിവസങ്ങളിലാണു രംഗത്തുവന്നത്. മോഡി സർക്കാർ പാവപ്പെട്ട ജനങ്ങളെ മറന്നും അവഗണിച്ചുകൊണ്ട് വിദേശ-സ്വദേശ കുത്തകപ്രീണനനയമാണു നടപ്പിലാക്കുന്നതെന്ന് ബി‌എം‌എസ് തുറന്നടിച്ചത് മോഡിസർക്കാരിനു തെല്ലൊന്നുമല്ല ക്ഷീണം ഉണ്ടാക്കിയിരിക്കുന്നത്. മൻ‌മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ തുടർച്ചമാത്രമാണു മോഡിസർക്കാരെന്ന വിലയിരുത്തൽ രാജ്യത്ത് ശക്തിപ്പെട്ടുവരുന്നുണ്ട്. പ്രതിപക്ഷത്തിരുന്നുകൊണ്ട നാളിതുവരെ വിമർശിച്ചിരുന്ന നയങ്ങളും നടപടികളും തന്നെയാണു മോഡി സർക്കാരും പിന്തുടരുന്നത്. എന്നുമാത്രമല്ല മൻ‌മോഹൻ സിംഗ് സർക്കാർ തുറക്കാൻ മടിച്ചിരുന്ന പ്രതിരോധമേഖലയ്ടക്കമുള്ള വാതിലുകൾ വിദേശകുത്തകകൾക്ക് മുന്നിൽ മലർക്കെ തുറന്നിട്ടുകൊണ്ട് സംഘപരിവാരസംഘടനകളുടെ അടിസ്ഥാനനയങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണു മോഡിഭരണകൂടം.

ജനങ്ങൾക്കും സംഘപരിവാര അനുയായികൾക്കുമിടയിൽ രൂപപ്പെട്ട അസംതൃപ്തി മറനീക്കി പുറത്തുവന്നതാണു ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഡെൽഹി നിയമസഭതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ വലിയ തിരിച്ചടി. മോഡി ഭരണത്തിന്റെ നേട്ടങ്ങൾ എടുത്തുകാട്ടി ഡെൽഹിയിലെ ജനങ്ങളെ സമീപിക്കാം എന്ന വിലയിരുത്തലിന്റെയടിസ്ഥാനത്തിലാണു ഡെൽഹി തെരഞ്ഞെടുപ്പ് ഇത്രയും നീട്ടിക്കൊണ്ടുപോയത്. പക്ഷെ ഈ നടപടി വിപരീതഫലമാണു ഉണ്ടാക്കിയതെന്നു ഡെൽഹി തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
ഈ പശ്ചാത്തലത്തിലാണു സംഘപരിവാര മേഖലയെ സർക്കാരിനനുകൂലമായി ഉറപ്പിച്ചുർനിർത്തുകയെന്ന ലക്ഷ്യത്തോടെ ‘ജനപ്രിയ’ ഹിന്ദുത്വ അജണ്ടകളുമായി രംഗത്തുവരുവാൻ മോഡി സർക്കാർ തയ്യാറാകേണ്ടിവരുന്നത്. ഗോവധനിരോധനം പോലുള്ള വിഷയങ്ങൾ പ്രധാനചർച്ചയാകുമ്പോൾ രാജ്യത്ത് വർഗ്ഗീയമായ ചേരിതിരിവ് രൂപപ്പെടുകയും സ്വാഭാവികമായും മോഡിസർക്കാരിന്റെ കുത്തകപ്രീണന ജനവിരുദ്ധനയങ്ങൾ വിസ്മൃതിയിലാകുമെന്നും മോഡിസർക്കാരിനു ഉത്തമബോധ്യം ഉണ്ട്. മാത്രമല്ല ഗർ‌വാപസി പോലുള്ള സംഘപരിവാർ പരിപാടികളുമായി ഹിന്ദുത്വ സംഘടനകളും പ്രകോപനകരമായ പ്രസ്ഥാവനകളുമായി സുബ്രഹ്മണ്യസ്വാമിയടക്കമുള്ള ബിജെപി ജനപ്രതിനിധികളും സജീവമായി രംഗത്തുണ്ട്. ഭരണവൈകല്യങ്ങൾ മറച്ചുപിടിക്കാനും ഹിന്ദുത്വവ്വൊട്ടുബാങ്ക് ഉറപ്പിച്ചുനിർത്താൻ ഇതൊക്കെ ധാരാളം.

ഗോവധനിരോധനം എന്തുകൊണ്ടാണു ഹിന്ദുത്വ സംഘടനകളുടെ പ്രധാന വിഷയമായി മാറുന്നത് എന്ന ചോദ്യം പ്രസക്തമാണു. സംഘപരിവാരം ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന പശുവിന്റെ മതപരമായ പ്രാധാന്യത്തിന്റെ പൊള്ളത്തരം ഹൈന്ദവ വേദപണ്ഡിതർ തന്നെ പൊളിച്ചെഴുതിയിട്ടും ഗോവധനിരോധനത്തിനു വേണ്ടി ഹിന്ദുത്വർ മുറവിളികൂട്ടുന്നതെന്തുകൊണ്ട്?. സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവ സമൂഹത്തിനു എന്തെങ്കിലും നിലക്കുള്ള ഗുണങ്ങൾ ഗോവധനിരോധനം കൊണ്ട് ലഭിക്കുമൊ? ഗോവധനിരോധനം കൊണ്ട് ഹൈന്ദവ സമൂഹത്തിനു ഒരു ഗുണവുമില്ല, എന്നുമാത്രമല്ല ദോശവുമുണ്ട് എന്നതാണു വസ്തുത. പിന്നെ എന്തുകൊണ്ടാണു ഗോവധനിരോധനത്തിനു വെണ്ടി ഹിന്ദുത്വ മുറവിളികൂട്ടുന്നതെന്ന ലളിതമായ ചോദ്യത്തിനുത്തരം സംഘപരിവാരം ശത്രുപക്ഷത്തു നിർത്തുന്ന മതവിഭാഗങ്ങളുടെ ജീവിതവുമായി ഗോവധനിരോധനം നേരിട്ടും അല്ലാതെയും ഏറെ ബാധിക്കുമെന്നതാണു.

വ്യക്തമായി പറഞ്ഞാൽ മുസ്ലിം ക്രൈസ്തവ സമൂഹങ്ങളുടെ പ്രധാനഭക്ഷണമെന്നതിലുപരി ലക്ഷക്കണക്കിനു പേരാണു ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. നിരോധനം നിയമമാക്കിയ മഹാരാഷ്ട്രയിൽ തന്നെ ലക്ഷക്കണക്കിനു പേർ മാട്ടിറച്ചി വില്പന നടത്തിയും മാട്ട്തോൽ സംസ്ക്കരിച്ചും ഉപജീവനം നടത്തുന്നുണ്ട്. പ്രധാനമായും ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ഈ മേഖല  ഇല്ലാതാക്കുക എന്നത് സംഘപരിവാര സംഘടനകളുടെ പ്രധാനലക്ഷ്യമാണു. ഈ ദൌത്യമാണു ഗോവധനിരോധനത്തിലൂടെ ഹിന്ദുത്വഭരണകൂടം സമർത്ഥമായി പൂർത്തീകരിക്കുവാൻ ശ്രമിക്കുന്നത്.

അതെസമയം മഹാരാഷ്ട്രയിൽ ഇപ്പോൾ നടപ്പിലാക്കിയ നിരോധനത്തിനു മറ്റൊരു മാനം ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ചതു പോലെ മാട്ടിറച്ച് വിപണനവുമയി ബന്ധപ്പെട്ടു ചെറുകിട മേഖലയിൽ ന്യൂനപക്ഷങ്ങളും ദലിതരുമാണു തൊഴിലെടുക്കുന്നത് എങ്കിൽ രാജ്യത്തെ ഏറ്റവും വലിയ മാട്ടിറച്ചി കയറ്റുമതിക്കാർ അൽ‌കബീർ പോലെ പ്രശസ്തരായ ബ്രാൻഡുകളിൽ അറിയപ്പെടുന്ന ഹൈന്ദവരാണു. വിദേശരാജ്യങ്ങളിൽ ഏറെ പ്രശസ്തമായ നാലു ബ്രാൻഡുകളും ഹൈന്ദവ ഉടമസ്ഥതയിലുള്ളതാണു എന്നാണു വാർത്തകളിൽ നിന്നു വ്യക്തമാകുന്നത്. ഗോവധ നിരോധനത്തിന്റെ പേരിൽ ഇത്തരം വൻ‌കിട കയറ്റുമതിക്കാരെ പിണക്കാൻ സംഘപരിവാർ സർക്കാർ തയ്യാറാകുമെന്നു തോന്നുന്നില്ല. ഇവിടെയാണു ഈ നിരോധനത്തിനു മറ്റുലക്ഷ്യങ്ങളിലേക്ക് വിരൽ ചൂണ്ടപ്പെടുന്നത്. മാട്ടിറച്ചി നിരോധനം കർശനമാക്കുകയും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിനു പേർ നിരോധനം ഭയന്നു മാട്ടിറച്ചി വില്പനയിൽ നിന്നു പൂർണ്ണമായും മാറിയെന്നു ഉറപ്പുവരുത്തുകയും ചെയ്താൽ കയറ്റുമതിയുടെ പേരു പരഞ്ഞുകൊണ്ട് ഗോവധനിരോധനത്തിൽ ഇളവു നൽകുകയും അതിന്റെ ഗുണം പൂർണ്ണമായും സംഘപരിവാര ബന്ധമുള്ള വൻ‌കിട സ്ഥാപനങ്ങൾക്ക് മാത്രം ലഭ്യമാക്കുക  നിലയിലേക്ക് ഗോവധനിരോധനം വഴിതിരിച്ചുവിട്ടാൽ അത്ഭുതപ്പെടേണ്ടതില്ല.

ചുരുക്കിപ്പറഞ്ഞാൽ ഒരേ സമയം ന്യൂനപക്ഷങ്ങളുടെ പ്രധാന ഭക്ഷണം നിഷേധിക്കൽ. മാട്ടിറച്ചി വില്പനയുമായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ നിന്നു ന്യൂനപക്ഷ ദലിതരെ അകറ്റുക. പകരം സംഘപരിവാര തല്പര്യക്കാരായ കുത്തകകളെ കുടിയിരുത്തുക എന്നിങ്ങനെയുള്ള ബഹുമുഖലക്ഷ്യം ഗോവധനിരോധനത്തിനു പിന്നിൽ ഉണ്ടെന്നു ന്യായമായും സംശയിക്കാം.

ഇതിനേക്കാൾ പ്രധാനമാണു ഗോവധനിരോധനം മൂലം കർഷകര് നേരിടാൻ പോകുന്ന പ്രതിസന്ധിയും പരിസ്ഥിതി ജൈവ ഭീഷണികളും. ഇന്ത്യയിൽ മാട്ടിറച്ചിക്കായി ഉപയോഗിക്കുന്ന മാടുകൾ വ്യാവസായിക ലക്ഷ്യത്തോടെ പ്രത്യേകം വളർത്തി സംസ്ക്കരിക്കുന്നവയല്ല. ഇന്ത്യയിലെ കോടിക്കണക്കിനു കർഷകരുടെ കറവ വറ്റിയതും പ്രായാധിക്യം കൊണ്ട് ഉപയോഗക്ഷമത നഷ്ടപ്പെട്ട കാലികൾ ആണു മാട്ടിറച്ചി വിപണിയിലേക്ക് ദിനേന എത്തുന്നത്. ഈ വില്പന  കർഷകരുടെ പ്രധാന വരുമാനമാർഗ്ഗവുമാണു. ഗോവധം നിരോധിക്കുന്നതിലൂടെ ഈ വിപണനം ആണു ഇല്ലാതാകുക. അത് കർഷകരുടെ വരുമനത്തെ ഇല്ലാതാക്കുന്നു എന്നു മാത്രമല്ല ഉദ്പാദനക്ഷമതയില്ലാത്ത കറവവറ്റിയ കാലികൾ വാങ്ങുവാനാളില്ലാത വരുന്ന സാഹചര്യത്തിൽ അനിവാര്യമായും ഇവയെ സംരക്ഷിക്കേണ്ട അതികബാധ്യത കർഷകർക്കുണ്ടാകുന്നു. ഉത്തരേന്ത്യയിൽ നിന്നു നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കാർഷികമേഖലയുടെ തകർച്ചക്കും ആക്കം കൂട്ടുവാനും കർഷക‌ആത്മഹത്യയിലേക്കുമായിരിക്കും ഈ സാഹചര്യം കൊണ്ടുചെന്നെത്തിക്കുക.

ഇതിനെ മറികടക്കാൻ കർഷകർക്ക് ഒരേയൊരു പോംവഴിമാത്രമാണുള്ളത്. കാലികളെ തെരുവിൽ ഉപേക്ഷിക്കുക. ഇപ്പോൾ തന്നെ ഉത്തരേന്ത്യൻ റോഡൂകളിൽ കാലികൾ കൂട്ടം‌കൂട്ടമായി അലഞ്ഞുതിരിയുന്നത് നിത്യകാഴ്ചയാണു. ഗോവധനിരോധന നിയമം കർശനമാകുമ്പോൾ ഈ തെരുവിലേക്ക് തന്നെയാണു ഉദ്പാദനക്ഷമതയില്ലാത്ത കാലികൾ കൂടുതലായും ഉപേക്ഷിക്കപ്പെടുന്നത്. തെരുവുകൾ പൂർണ്ണമായും കാലികൾ കയ്യടക്കുന്ന സ്ഥിതിവീശേഷത്തിലേക്കാണു ഇത് ചെന്നെത്തുക.  ഇപ്പോൾ തന്നെ റോഡുകളിൽ കൂട്ടം‌കൂട്ടമായി നടക്കുന്ന കാലികൾ ഉണ്ടാക്കുന്ന ഗതാഗതസ്തംഭനം ചെറുതല്ല. മാത്രമല്ല അവരുടെ വിസ്സർജ്യങ്ങളും റോഡിൽ തന്നെയാണു അടിഞ്ഞുകൂടുന്നത്. ചുരുക്കത്തിൽ മനുഷ്യരുടെ ഗതാഗതത്തിനു വേണ്ടി നിർമ്മിച്ച പൊതുനിരത്തുകളിൽ നിന്നു മനുഷ്യൻ അകറ്റപ്പെടുകയും പകരം നാൽകാലികൾ മേയുകയും ചെയ്യുന്ന അവസ്ഥയാണു ഉണ്ടാകാൻ പോകുന്നത്.
ഇതിനേക്കാൾ അപകടകരമായതാണു ഗോവധനിരോധനത്തിലൂടെ രൂപപ്പെടുന്ന ജൈവപരമായ വെല്ലുവിളി. പത്തൊൻപതാം നൂട്ടാണ്ടിലും ഇരുപതാം നൊട്ടാണ്ടിന്റെ ആദ്യ ദശകത്തിലും കാട്ടുമുയലുകളുടെ ആധിക്യം കൊണ്ട് ആസ്ത്രേലിയ അഭിമുഖീകരിച്ച പാരിസ്ഥിതിക ദുരന്തം ആധുനികലോകത്തെ തന്നെ വലിയ ഉദാഹരണമായി മുന്നിൽ ഉണ്ട്. ആസ്ത്രേലിയയുടെ വലിയൊരു ഭാഗം പച്ചപ്പാണു യൂറൊപ്പിൽ നിന്നു കൊണ്ടുവന്നു പെട്ടുന്നു പെറ്റുപെരുകിയ കാട്ടുമുയലുകൾ തിന്നുനശിപ്പിച്ചത്. കാട്ടുമുയലുകളുടെ ഈ കടന്നാക്രമണത്തിൽ ആസ്ത്രേലിയയുടെ ജൈവവൈവിദ്ധ്യം തന്നെ തകിടം മറിയുകയുണ്ടായി. പുതിയ പ്രദേശങ്ങൾ മുയലുകളുടെ കൂട്ടത്തോടെയുള്ള കടന്നാക്രമണത്തിൽ നിന്നു സംരക്ഷിക്കാൻ ആസ്ത്രേലിയൻ ഭൂഖണ്ഡത്തെ കീറീമുറിച്ചുകൊണ്ട് ആയിരക്കണക്കിനു കിലോമീറ്റർ നീളത്തിലാണു മുയൽ കടക്കാത്ത മതിൽ നിർമ്മിച്ചതു. അവസാനം തെക്കെ അമേരിക്കയിൽ നിന്നു കൊണ്ടുവന്ന പ്രത്യേക വൈറസ് ഉപയോഗിച്ച് മുയലുകളെ കൂട്ടക്കൊല ചെയ്തുകൊണ്ടാണു മുയൽ ഭീഷണിയിൽ നിന്നു ആസ്ത്രെലിയ കരകയരിയത്.

ഇത്തരം സ്ഥിതിവിശേഷത്തിലേക്ക് തന്നെയാണു രാജ്യത്തെ ഗോവധനിരോധനം കൊണ്ടുചെന്നെത്തിക്കുക എന്ന ആ‍ശങ്ക പലകോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഭക്ഷണാവശ്യങ്ങൾക്ക് വേണ്ടി മാടുകളെ ഉപയോഗിക്കാത്ത പക്ഷം കാലികളുടെ നിലനില്പിനു പ്രക്രിതി വലിയ വിലകൊടുക്കേണ്ടിവരും.  ഭൂമിയുടെ പച്ചപ്പ് മാറി ഊഷരമേഖലയായി രാജ്യത്തിന്റെ വലിയൊരുവാഭവും മാറുവാൻ അധികംകാലം കാത്തിരിക്കേണ്ടിവരില്ല എന്നു ചുരുക്കം.


ചുരുക്കത്തിൽ തീർത്തും വർഗ്ഗീയലക്ഷ്യത്തോടെ രാജ്യത്ത് സംഘപരിവാര സർക്കാർ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഗോവധനിരോധന നിയമം ന്യൂനപക്ഷങ്ങളുടെ ഭക്ഷണത്തെയും തൊഴിൽ മേഖലയെ മാത്രമല്ല തകിടം മറിക്കുക, ആത്യന്തികമായി കർഷകർക്കും ഭൂമിക്കുമാണു നാശം വരുത്തുവാൻ പോകുന്നത്. ഇതിനിടയിൽ ബിജെപി നേതൃത്വം നൽകുന്ന ഗോവ സർക്കാർ ഗോവധനിരോധനത്തെ തള്ളിപ്പറഞ്ഞുകൊണ്ട് രംഗത്തെത്തിയതും ശ്രദ്ധിക്കപ്പെടാതെ പോകരുത്.